ഇന്ത്യന്‍ ഫുട്ബോളില്‍ പ്രതീക്ഷയുടെ തിളക്കം; മുന്നില്‍ വലിയ സ്വപ്നങ്ങള്‍

ഇൻ്റർകോണ്ടിനൻ്റൽ കപ്പിലെയും സാഫ് കപ്പിലെയും ത്രിരാഷ്ട്ര ടൂർണ്ണമെൻ്റിലെയും വിജയങ്ങൾ വലിയ പ്രതീക്ഷയാണ് ഇന്ത്യൻ ഫുട്ബോളിന് നൽകുന്നത്
ഇന്ത്യന്‍ ഫുട്ബോളില്‍ പ്രതീക്ഷയുടെ തിളക്കം; മുന്നില്‍ വലിയ സ്വപ്നങ്ങള്‍

ഇന്റര്‍ കോണ്ടിനെന്റല്‍ കിരീട നേട്ടത്തിന് ശേഷം സാഫ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ജയം. ആറ് ടീമുകള്‍, ഒമ്പത് മത്സരങ്ങള്‍, തോല്‍വി അറിഞ്ഞില്ല. സാഫ് ഗെയിംസിന്റെ ഗ്രൂപ്പ് ഘട്ടത്തിലും ഫൈനലിലും കുവൈറ്റിനോട് ഗോള്‍ വഴങ്ങിയതൊഴിച്ചാല്‍ ബാക്കി മത്സരങ്ങളിലെല്ലാം ക്ലീന്‍ഷീറ്റ്. സാഫിലും ഇന്റര്‍കോണ്ടിനന്റലിനും ഇന്ത്യ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് കപ്പുയര്‍ത്തിയത്. ഇന്ത്യയുടെ കഴിഞ്ഞ 14 മത്സരങ്ങളില്‍ 12 ലും ജയം. പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിര്‍ക്കുന്നതിലും എതിര്‍ ടീമിനേക്കാള്‍ ഏറെ മുന്നില്‍.

പ്രതിരോധത്തിന് പിന്തുണ നല്‍കുന്ന മധ്യനിര. മുന്‍നിരയിലേക്ക് പന്തെത്തിക്കുന്നതിലെ കൂട്ടായ പ്രവര്‍ത്തനം. സന്ദേശ് ജിങ്കാന്‍, സഹല്‍ അബ്ദുള്‍ സമദ്, ലാലിയന്‍ സ്വാല ചാങ്തെ, അന്‍വര്‍ അലി, മുഹമ്മദ് യാസിര്‍, നായകന്‍ സുനില്‍ ഛേത്രി തുടങ്ങിയ പ്രതിഭകളുടെ നിര വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്ത്യയുടെ ഈ ചരിത്ര മുന്നേറ്റം ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല. 2015 മുതല്‍ 2019 വരെ ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലകനായി സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈയിന്‍ എത്തിയപ്പോള്‍ മുതലാണ് ഈ മാറ്റത്തിന് തുടക്കം. ഒരു ദശാബ്ദമായി ദേശീയ ടീമിന്റെ നെടുംതൂണായി സുനില്‍ ഛേത്രി, ആഭ്യന്തര താരങ്ങളുടെ കളിത്തൊട്ടിലായി ഐഎസ്എല്‍ പതിപ്പുകള്‍. അണ്ടര്‍ 17 ലോകകപ്പുകളുടെ ആതിഥേയത്വം തുടങ്ങിയവ ഇന്ത്യന്‍ ഫുട്ബോളിനെ മാറ്റത്തിന്റെ വഴിയിലെത്തിച്ചു.

അടിത്തറിയിട്ടത് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍

ഇന്ത്യയുടെ ഫുട്ബോള്‍ മത്സരങ്ങള്‍ക്കായി കാത്തിരിക്കുകയും വിജയപരാജയങ്ങള്‍ വിലയിരുത്താനുള്ള ആവേശം ഉയര്‍ത്തുകയും ചെയ്തതാണ് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ വിജയം. ഇന്ത്യ ജയിച്ചാലും തോറ്റാലും തല ഉയര്‍ത്തി മടങ്ങുന്ന ടീം കോണ്‍സ്റ്റന്‍ന്റൈന്റെ കാലത്താണ് ഉണ്ടായത്. 2014 ഡിസംബറിലാണ് കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ പരിശീലകനായി രണ്ടാം വട്ടം ചുമതല ഏല്‍ക്കുന്നത്. 1474 ദിവസങ്ങള്‍, 43 മത്സരങ്ങള്‍, 24 ജയം, ആറ് സമനില, 13 തോല്‍വി, ഏഷ്യന്‍ കപ്പ് യോഗ്യത, ഇന്റര്‍നാഷണല്‍ കപ്പിലെയും സാഫ് കപ്പിലെയും വിജയങ്ങള്‍, എല്ലാത്തിലും വലുതായി 173 ല്‍ നിന്നും 96ലേക്കുള്ള റാങ്കിങ്ങിലെ കുതിച്ചു ചാട്ടം തുടങ്ങിയ നേട്ടങ്ങള്‍ എല്ലാം കോണ്‍സ്റ്റന്റൈന്‍ന്റേതാണ്.

ഇംഗ്ലീഷ് ഫുട്ബോള്‍ മാതൃകയാണ് കോണ്‍സ്റ്റന്റൈന്‍ ഇന്ത്യയില്‍ നടപ്പാക്കിയത്. 4-4-2 ശൈലിയില്‍ ലോങ്ബോള്‍ കളിച്ചായിരുന്നു ഇന്ത്യന്‍ മുന്നേറ്റം. എന്നാല്‍ പന്ത് കൈവശം വെച്ചുള്ള നീക്കങ്ങള്‍ വേണ്ടെന്ന തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇത് ഐഎസ്എല്ലിന്റെ സാധ്യതകള്‍ ദേശീയ ടീമിന് ആദ്യ കാലത്ത് ഉപയോഗപ്പെടുത്തുന്നതിന് തടസമായി. പിന്നാലെ 2019ല്‍ ഏഷ്യാ കപ്പ് യോഗ്യത നേടാനാകാതെ ഇന്ത്യ പുറത്തായി. തുടര്‍ന്ന് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പരിശീലക സ്ഥാനം രാജിവെച്ചു.

വന്‍മതിലായി പ്രതിരോധം

കോണ്‍സ്റ്റന്റൈന് പിന്‍ഗാമിയായി ഇഗോര്‍ സ്റ്റീമാക്കാണ് ഇന്ത്യയുടെ പരിശീലകനായത്. കിങ്ങ്സ് കപ്പില്‍ വെങ്കല മെഡല്‍ നേടി തുടങ്ങിയ സ്റ്റീമാക്കിന് പിന്നീട് പ്രതിസന്ധിയുടെ കാലമായിരുന്നു. ഇന്റര്‍കോന്റിനല്‍ കപ്പിലെ തോല്‍വി. ലോകകപ്പ് യോഗ്യതാ റൗണ്ടിലേക്കുള്ള മത്സരങ്ങളില്‍ തുടര്‍പരാജയങ്ങള്‍. സ്റ്റീമാക്കിന്റെ കീഴില്‍ ആദ്യ 15 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇന്ത്യക്ക് നേടാനായത് രണ്ട് വിജയങ്ങള്‍ മാത്രം. അതിനുശേഷം പ്രതിരോധത്തിന് പ്രാധാന്യം നല്‍കിയുള്ള ഇന്ത്യന്‍ ടീമിനെ രൂപപ്പെടുത്തി. സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ ക്ലീന്‍ ഷീറ്റുകള്‍ സ്റ്റീമാകിന്റെ മികവിലാണ്.

നിറഞ്ഞാടുന്ന ഛേത്രി

ദേശീയ ഫുട്ബോളിന്റെ മുഖമായ ഛേത്രിയിലൂടെയാണ് ഇന്ത്യ നേടിയ 90 ശതമാനം വിജയങ്ങളും. വലിയ പാരമ്പര്യം പറയാനില്ലാത്ത ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ ഛേത്രിയുടെ പേര് ഒഴിവാക്കാന്‍ കഴിയില്ല. ഛേത്രിയോളം മികവ് പുറത്തെടുത്ത മറ്റൊരു താരവും ഇന്ത്യന്‍ ഫുട്ബോളില്‍ ഇല്ല. അന്താരാഷ്ട്ര ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോയ്ക്ക് പിന്നിലും മെസിക്ക് മുന്നിലുമായി രണ്ടാം സ്ഥാനത്താണ് സുനില്‍ ഛേത്രി. ഇതുവരെ 137 മത്സരങ്ങളില്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ ഛേത്രി 87 ഗോളുകള്‍ നേടിക്കഴിഞ്ഞു. 38 കാരനായ ഛേത്രി ആരോഗ്യം അനുവദിക്കുന്ന കാലം വരെ കളിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഛേത്രി വിരമിച്ചാല്‍ ഇന്ത്യയ്ക്ക് മറ്റൊരു സൂപ്പര്‍ സ്ട്രൈക്കറും സൂപ്പര്‍ നായകനുമായി ആരുണ്ടാകും എന്നതും ആശങ്കപ്പെടുത്തുന്നു.

മൈലേജ് ഉയര്‍ത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ്

ഇന്ത്യന്‍ ഫുട്ബോളിന്റെ മുന്നേറ്റത്തില്‍ ഒമ്പത് പതിപ്പ് പിന്നിട്ട ഐഎസ്എല്‍ വഹിച്ച പങ്കും നിര്‍ണായകമാണ്. രാജ്യത്തെ കായിക രംഗത്ത് വലിയ ഉണര്‍വാണ് ഐഎസ്എല്‍ സൃഷ്ടിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, എണ്ണമറ്റ കഴിവുള്ള താരങ്ങളുടെ വിളനിലമാണ് ഐഎസ്എല്‍. വന്‍കിട കോര്‍പ്പറേറ്റുകളുടെ പിന്തുണ നേടിയെടുത്താണ് ഐഎസ്എല്ലിന്റെ മറ്റൊരു വിജയം. ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളുടെ പിന്തുണ സൂപ്പര്‍ ലീഗിന് വലിയ നേട്ടമായി. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ് വര്‍ക്കിലും ഹോട്ട്സ്റ്റാറിലും ഉള്ള തത്സമയ സംപ്രേക്ഷണം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്തും ഐഎസ്എല്ലിന് പ്രേക്ഷക പിന്തുണ നല്‍കി.

ജര്‍മ്മന്‍ ഫുട്ബോള്‍ മാധ്യമ കമ്പനിക്കും വണ്‍ഫുട്ബോളിനും സംപ്രേക്ഷണാവകാശം നല്‍കിയതോടെ 200 ലധികം രാജ്യങ്ങളില്‍ ഐഎസ്എല്ലിന് പ്രേക്ഷകരുണ്ടായി. ഐഎസ്എല്‍ ഒമ്പത് പതിപ്പുകള്‍ കഴിയുമ്പോള്‍ ഫുട്ബോള്‍ ഒരു ജീവിതമായി സ്വീകരിച്ച നിരവധി പേരാണ് രാജ്യത്തുള്ളത്. 90 ശതമാനം താരങ്ങള്‍ക്കും ഒരു ലക്ഷത്തിന് മുകളില്‍ വരുമാനം ഉണ്ട്. ക്ലബുകള്‍ സ്ട്രൈക്കര്‍മാരായി വിദേശ താരങ്ങളെ ഉപയോഗിക്കുന്നുവെന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന വിമര്‍ശനം. എന്നാല്‍ 30 അംഗ ടീമില്‍ 6 വിദേശ താരങ്ങളെ മാത്രമാണ് ഉള്‍പ്പെടുത്താന്‍ സാധിക്കുക. ഐഎസ്എല്ലിന്റെ വാണിജ്യമൂല്യം വിദേശതാരങ്ങളെ ആശ്രയിച്ചാണെന്നതും യാഥാര്‍ഥ്യം. 2007 ല്‍ ആരംഭിച്ച ഐലീഗിന് ലഭിക്കാതിരുന്ന പ്രധാന്യം ഐഎസ്എല്ലിന് ലഭിച്ചെന്നതും പ്രധാനമാണ്.

ഇന്ത്യ നടത്തട്ടെ!

2017 ലാണ് ആദ്യമായി ഇന്ത്യയ്ക്ക് ഒരു ലോകമാമാങ്കത്തിന് വേദിയൊരുക്കാന്‍ അവസരം ലഭിച്ചത്. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കാണികളുടെ പങ്കാളിത്തത്തില്‍ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചു ഇന്ത്യ. പ്രാദേശിക സംഘടനകളുമായി ചേര്‍ന്നുള്ള ഏകോപനം, പഴുതടച്ചുള്ള സുരക്ഷ, എല്ലാത്തിലും വലുതായി ഇന്ത്യ ഒരു ഫുട്ബോള്‍ ലോകകപ്പില്‍ കളിച്ചെന്നതും അഭിമാനകരമായ നേട്ടമാണ്. 2022 ല്‍ അണ്ടര്‍ 17 വനിതാ ലോകകപ്പിനും ഇന്ത്യ വേദിയൊരുക്കി.

വീഴ്ത്തേണ്ടത് വമ്പന്മാരെ

1950 ല്‍ ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടും പിന്മാറേണ്ടി വന്നത് ഇന്നും ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരെ കുത്തിനോവിക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട്, ബൂട്ടിട്ട് കളിക്കണമെന്ന ഫിഫയുടെ നിയമം തുടങ്ങി പിന്മാറ്റത്തിന്റെ പിന്നിലുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടുമില്ല. 1948 ലെ ലണ്ടന്‍ ഒളുംപിക്സിലും 1951 ലെ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ടീം നടത്തിയ പ്രകടനങ്ങള്‍ ലോകകപ്പിലും ഉണ്ടാകുമായിരുന്നു. 1956 ലെ മെല്‍ബണ്‍ ഒളുംപിക്സില്‍ ഓസ്ട്രേലിയയെ ഇന്ത്യ 4-2 ന് തകര്‍ത്ത് ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. 1962 ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യ 1970 ല്‍ വെങ്കലവും സ്വന്തമാക്കി.

എന്നാല്‍ 1980 കളില്‍ ഇന്ത്യന്‍ ഫുട്ബോളിന് വേണ്ടത്ര പരിഗണന ലഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഇന്ത്യ ഇന്ന് ഒരു ഏഷ്യന്‍ ശക്തിയായി മാറുമായിരുന്നു. ഇപ്പോള്‍ ലെബനോനെയും ഹോംഗ്കോങ്ങിനെയും അഫ്ഗാനിസ്ഥാനെയും തോല്‍പ്പിക്കുന്ന ഇന്ത്യ ഇനി മത്സരിക്കേണ്ടത് കൂടുതല്‍ ശക്തമായ ടീമുകളുമായാണ്. ഓസ്ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഖത്തര്‍, സൗദി അറേബ്യ, ഇറാന്‍, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളുമായി സൗഹൃദ മത്സരങ്ങള്‍ കളിച്ചാല്‍ തന്നെ ഇന്ത്യന്‍ ടീം ഏറെ മുന്നേറും.

ഔദാര്യമല്ല, ആവശ്യമാണ്

2017 ല്‍ അണ്ടര്‍ 17 ലോകകപ്പിനായി ഫിഫ ഒരുക്കി തന്ന സ്റ്റേഡിയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ സൂക്ഷിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യ - അര്‍ജന്റീന മത്സരം കളിക്കാന്‍ അവസരം ലഭിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് പിന്മാറേണ്ടി വന്നു. വിദേശ രാജ്യങ്ങളില്‍ 8 വയസ് മുതലാണ് ഫുട്ബോള്‍ പരിശീലനം ആരംഭിക്കുന്നത്. ഇന്ത്യയില്‍ അണ്ടര്‍ 17 നും 20 നും ഇടയ്ക്ക് വരുന്ന അകലം ഓരോ താരങ്ങളുടെയും കഴിവിനെയും ബാധിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യുവ ഫുട്ബോളര്‍മാരുടെ വളര്‍ച്ചയ്ക്ക് പദ്ധതികള്‍ ഒരുക്കിയാല്‍ ലോകകപ്പിലേക്കുള്ള ദൂരം കുറഞ്ഞുവരുമെന്ന് ഉറപ്പാണ്.

ഏറ്റവും ഒടുവിൽ ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ ഏഷ്യൻ ഗെയിംസിലെ സാന്നിധ്യം പോലും ഇല്ലാതാക്കുന്ന വിധത്തിലാണ് കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ. നിലവിൽ ഏഷ്യൻ ഗെയിംസിൽ ടീമിനത്തിൽ പങ്കെടുക്കുന്നതിന് കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡമാണ് ഇന്ത്യൻ ഫുട്ബോൾ ടീമിന് വിനയായിരിക്കുന്നത്. ഈ വിഷയത്തിൽ അപ്പീൽ നൽകാനുള്ള തീരുമാനത്തിലാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാത വരുന്ന സാഹചര്യത്തിൽ ഇഗോര്‍ സ്റ്റീമാക്ക് രൂപപ്പെടുത്തിയ പദ്ധതികൾക്ക് തിരിച്ചടി നേരിടും. ഏഷ്യൻ ഗെയിംസിൽ യുവനിരയ്ക്കൊപ്പം മൂന്ന് സീനിയർ താരങ്ങളെ ഉൾപ്പെടുത്തിയുള്ള പദ്ധതിയാണ് ഇഗോര്‍ സ്റ്റീമാക്ക് തയ്യാറാക്കിയിരുന്നു. യുവനിരയ്ക്ക് കൂടുതൽ മത്സരപരിചയത്തിനുള്ള അവസരം കൂടിയാണ് ഏഷ്യൻ ഗെയിംസിലെ മത്സരപ്രാധിനിത്യം നഷ്ടപ്പെടുത്തിയാൽ ഇന്ത്യൻ യുവനിരയ്ക്ക് നഷ്ടാമാകുന്നത്. ഇത്തരം വിഷയങ്ങളിൽ ക്രിയാത്മകമായ ആലോചനകളും നടപടികളും കേന്ദ്രസർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നതും ഇന്ത്യൻ ഫുട്ബോളിൻ്റെ വളർച്ചയിൽ നിർണ്ണായകമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com