'ലൈംഗിക അതിക്രമ'വും മാറേണ്ട നിര്‍വ്വചനങ്ങളും

ബലപ്രയോ​ഗത്തിലൂടെ മാത്രമല്ല ലൈം​ഗിക അതിക്രമങ്ങൾ ഉണ്ടാകുന്നത്. അശ്ലീല പരാമർശം മുതൽ ബലാത്സം​ഗം വരെ നീളുന്ന ഒരു പട്ടികയുണ്ട്.
'ലൈംഗിക അതിക്രമ'വും  മാറേണ്ട നിര്‍വ്വചനങ്ങളും

ലൈംഗിക അതിക്രമം എന്നതിനെ എങ്ങനെയാണ് നിർവ്വചിക്കേണ്ടത്? നിലവിൽ സമൂഹം അതിനെ നോക്കിക്കാണുന്നത് പല വിധത്തിലാണ്. സ്ത്രീക്ക്/ പെൺകുട്ടിക്ക് എതിരായ ശാരീരിക അതിക്രമങ്ങൾ മാത്രമാണോ ഇതിന്റെ പരിധിയിൽ വരേണ്ടത്? വാക്കു കൊണ്ടോ നോക്കു കൊണ്ടോ പോലും സ്ത്രീത്വത്തെ മുറിവേൽപ്പിക്കാനും മാനസിക പീഡനമേൽപ്പിക്കാനും കഴിയും എന്നിരിക്കെ അത്തരം സംഭവങ്ങളും ലൈം​ഗിക അതിക്രമത്തിന്റെ പരിധിയിൽ വരേണ്ടതല്ലേ? കാലത്തിനൊപ്പം മാറ്റം വരേണ്ട ഒന്നാണ് ഈ നിര്‍വ്വചനമെന്ന് സമൂഹം തിരിച്ചറിയേണ്ടതുണ്ട്.

ബലപ്രയോ​ഗത്തിലൂടെ മാത്രമല്ല ലൈം​ഗിക അതിക്രമങ്ങൾ ഉണ്ടാകുന്നത്. അശ്ലീല പരാമർശം മുതൽ ബലാത്സം​ഗം വരെ നീളുന്ന ഒരു പട്ടികയുണ്ട്. പൊതു ഇടങ്ങളിലും വീടുകൾ പോലെയുള്ള സ്വകാര്യ ഇടങ്ങളിലും എന്നുവേണ്ട സൈബറിടങ്ങൾ വരെ വ്യാപിച്ചുകിടക്കുന്നു ലൈംഗിക അതിക്രമം നടക്കാൻ സാധ്യതയുള്ള സാഹചര്യം. അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്താലും മതിയായ തെളിവുകളുടെ അഭാവത്തിലോ സാഹചര്യങ്ങൾ അനുകൂലമാകുന്നതിനാലോ ഒക്കെ ശിക്ഷിക്കപ്പെടാതെ പോകുന്ന പ്രതികളെയും നാം കാണാറുണ്ട്. ശിക്ഷ നൽകാൻ തയ്യാറാക്കിയ നിയമം തന്നെ പഴുതുകളിലൂടെ രക്ഷ നേടിക്കൊടുക്കുന്ന അവസ്ഥ അപൂർവ്വമല്ല. 'ഞാൻ ലൈം​ഗിക അതിക്രമത്തിനിരയായി' എന്നൊരു സ്ത്രീ പറഞ്ഞാൽ നീതി ഉറപ്പാക്കാനല്ല, അതിന്റെ പിന്നാമ്പുറ കഥ തിരയാനും പുതിയ കഥ മെനയാനുമാണ് പലപ്പോഴും ഭൂരിപക്ഷവും തയ്യാറാകാറുള്ളത്. 'ബലാത്സം​ഗം ചെയ്തൊന്നുമില്ലല്ലോ, ഒന്നു തൊട്ടതല്ലേയുള്ളു, നോക്കിയതല്ലേയുള്ളു' എന്ന തരത്തിലുള്ള മനോഭാവമാണ് മാറേണ്ടത്. അവിടെയാണ് ലൈംഗിക അതിക്രമം എന്നതിന്റെ നിർവ്വചനം മാറേണ്ടത് അനിവാര്യമാണെന്ന ചർച്ച ഉയരുന്നത്. പല രാജ്യങ്ങളും മാറ്റത്തിന്റെ പാതയിലേക്ക് നടത്തം തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞയിടയ്ക്കാണ് ജപ്പാൻ ബലാത്സംഗം എന്ന വാക്കിനെ പുനർ‌നിർവ്വചിച്ചത്. ഇക്കാലമത്രയും ബലാത്സംഗം എന്നാൽ ജപ്പാനിലെ നിയമപരമായ നിർവ്വചനം ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധം എന്നതു മാത്രമായിരുന്നു. ഇപ്പോഴത് സ്ത്രീയുടെ സമ്മതമില്ലാതെ നടക്കുന്ന ഏതുതരം ലൈംഗികബന്ധവും എന്ന് മാറ്റിയെഴുതപ്പെട്ടു. ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള നിർവ്വചനങ്ങളിൽ മാറിച്ചിന്തിക്കാൻ ജപ്പാനെ പ്രേരിപ്പിച്ചതെന്താണ്? പുതിയ കാലത്ത് ആ വാക്ക് പുനർനിർവ്വചിക്കപ്പെടേണ്ടതിന്റെ ആവശ്യകത എത്രത്തോളമാണ്?

ബലപ്രയോഗത്തിലൂടെ മാത്രമാണോ ബലാത്സംഗം സാധ്യമാകുക? അല്ല എന്നാണ് ഉത്തരം! ബ്ലാക്മെയിൽ ചെയ്തോ അധികാരമുപയോഗിച്ചോ ലഹരിവസ്തുക്കൾ നൽകിയ ശേഷമോ ഒക്കെ ലൈംഗികബന്ധത്തിനു വിധേയമാക്കുന്നത് ബലാത്സംഗം തന്നെയാണ്. ഇവിടെ കൺസന്റ് അഥവാ അനുമതി തേടേണ്ട സാഹചര്യം പോലും ഉണ്ടാവുന്നില്ല. ഭീഷണിപ്പെടുത്തലിന് വഴങ്ങേണ്ടിവരുന്നത്, അധികാരത്തിലിരിക്കുന്ന/ഉന്നത പദവിയിലുള്ള ഒരാളുടെ ഇംഗിതത്തിന് സാഹചര്യവശാൽ നിർബന്ധിതമാകുന്നത്, ലഹരിവസ്തുക്കൾ നിർബന്ധപൂർവ്വമോ അല്ലാതെയോ ഉപയോഗിച്ച ശേഷമുള്ള അവസ്ഥയിൽ കീഴടങ്ങേണ്ടിവരുന്നത് ഒക്കെ ലൈംഗികഅതിക്രമത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. എതിർപ്പ് പ്രകടിപ്പിക്കാൻ പോലുമാകാതെ നിസ്സഹായ അവസ്ഥയിലായിരിക്കും ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾ/പെൺകുട്ടികൾ. ജപ്പാൻ ഇതൊക്കെ തിരിച്ചറിഞ്ഞു. പിന്നാലെ നിയമപരമായ തിരുത്തിയെഴുതലുകളും ഉണ്ടായി.

മൂന്ന് കാര്യങ്ങളിലാണ് ജപ്പാൻ മാറ്റം വരുത്തിയത്.

1. ബലാത്സംഗം എന്നതിന്റെ പരിധിയിൽ ഉൾപ്പെടുന്ന കാര്യങ്ങൾ വിപുലപ്പെടുത്തി

2. കൺസന്റ് തേടാനുള്ള പ്രായപരിധി 13ൽ നിന്ന് 16 ആക്കി ഉയർത്തി

3. നിസ്സഹായരോ ഭയന്നവരോ ആയി പരാതിപ്പെടാൻ പോലും കഴിയാത്ത സ്ത്രീകളെ/പെൺകുട്ടികളെ സഹായിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടാക്കി

ജപ്പാനിലെ സ്ത്രീസംഘടനകളും മനുഷ്യാവകാശപ്രവർത്തകരും 2019 മുതൽ തുടങ്ങിയ പോരാട്ടമാണ് ഒടുവിൽ വിജയം കണ്ടത്. 2021ലെ റിപ്പോർട്ട് പ്രകാരം ജപ്പാനിൽ ലൈംഗിക അതിക്രമത്തിന് ഇരകളാകുന്നവരിൽ ആറ് ശതമാനം മാത്രമാണ് പരാതി നൽകാറുള്ളത്. 50 ശതമാനം പേരെയും പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത് നാണക്കേട് ഉണ്ടാകുമെന്ന ഭയമാണ്. ജപ്പാനിൽ ജനപ്രതിനിധികൾ സ്വീകരിച്ച ശക്തമായ നിലപാടാണ് നിയമപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രധാന ഘടകമായത്. അതേസമയം, പാർലമെന്റിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലാത്ത നിരവധി രാജ്യങ്ങൾ ലോകത്തുണ്ട് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

ഏറ്റവും വലിയ ഉദാഹരണം ഓസ്ട്രേലിയ ആണ്. 2021ലെ റിപ്പോർട്ട് പറയുന്നത് ഓസ്ട്രേലിയൻ പാർലമെന്റിൽ മൂന്നിലൊരാൾ അതിക്രമത്തിന് ഇരയാകുന്നുണ്ടെന്നാണ്. ലിഡിയ തോർപ് എന്ന സെനറ്റർ നേരിടേണ്ടി വന്നത് ഇത്തരമൊരു ദുരവസ്ഥയാണ്. സഹസെനറ്റർക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച ലിഡിയ കരഞ്ഞുകൊണ്ടാണ് പാർലമെന്റിൽ തന്റെ അവസ്ഥ വിവരിച്ചത്. പ്രതിക്കെതിരെ നടപടി വേണമെന്നും സെനറ്റിൽ നിന്ന് പുറത്താക്കണമെന്നും ലിഡിയ ആവശ്യപ്പെട്ടു. ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും അയാൾ സെനറ്റിൽ തുടരുന്നതും തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നതും രാജ്യത്തിന് തന്നെ അപമാനമാണെന്ന് ലിഡിയ അഭിപ്രായപ്പെട്ടു. ആരോപണവിധേയനായ സെനറ്ററെ പാർട്ടി പുറത്താക്കിയെങ്കിലും ലിഡിയയുടെ പോരാട്ടം തുടരുകയാണ്.

അബദ്ധധാരണകളും ഭർതൃബലാത്സം​ഗവും

ലൈംഗിക അതിക്രമം എന്ന വാക്കിനെക്കുറിച്ച് പല അബദ്ധധാരണകളും നിലനിൽക്കുന്നുണ്ട്. നിർബന്ധപൂർവ്വം ലൈംഗികവേഴ്ച ഉണ്ടായാൽ മാത്രമേ അത് ബലാത്സംഗം ആകൂ എന്നത് അത്തരത്തിൽ ഒരു തെറ്റിദ്ധാരണയാണ്. ഇന്ത്യയിൽ ഇതു സംബന്ധിച്ച ഏറ്റവും വലിയ തെറ്റിദ്ധാരണ നിലനിൽക്കുന്നത് വിവാഹബന്ധത്തിലെ ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ചാണ്. ഇന്ത്യ ഉൾപ്പടെ 32 രാജ്യങ്ങളിൽ ഭർതൃബലാത്സംഗം ഇപ്പോഴും ക്രിമിനൽകുറ്റമല്ല. ഇന്ത്യയിൽ ഇതുസംബന്ധിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളത്.

ഇന്ത്യൻ നിയമപ്രകാരം, വിവാഹിതയായ സ്ത്രീയുടെ പ്രായം 18നു മുകളിലാണെങ്കിൽ ഭർതൃബലാത്സംഗം ബലാത്സംഗക്കുറ്റത്തിന്റെ പരിധിയിൽ വരില്ല. ഭാര്യ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വസ്തുവാണ് എന്ന കാഴ്ച്ചപ്പാടിലാണ് ഈ നിയമവ്യവസ്ഥ അധിഷ്ഠിതമായിരിക്കുന്നത്. ഭർത്താവിന്റെ താല്പര്യത്തിനനുസരിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള ആജീവനാന്ത അനുമതിയാണ് വിവാഹത്തിലൂടെ സ്ത്രീ പുരുഷന് നൽകുന്നതെന്ന മിഥ്യാധാരണ ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നു. അതിനാൽത്തന്നെ നിർബന്ധപൂർവ്വമോ ബലംപ്രയോഗിച്ചോ ഒക്കെ സ്ത്രീയുടെ സമ്മതമില്ലാതെ നടക്കുന്ന ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽ വരുന്നതേയില്ല. നിയമപരമായ പരിരക്ഷ ഇല്ലാത്തതിനാൽ ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് പരാതിപ്പെടാൻ പോലും സ്ത്രീക്ക് കഴിയാതെ വരുന്നു.

......................................................................................................................

ഇന്ത്യൻ ശിക്ഷാ നിയമം 1860ലെ സെക്ഷൻ 375 പറയുന്നത് ഒരു സ്ത്രീയുടെ താല്പര്യത്തിനെതിരായോ അനുമതിയില്ലാതെയോ പുരുഷൻ ലൈംഗികമായി പെരുമാറുന്നത് ബലാത്സംഗമായി കണക്കാക്കുമെന്നാണ്. അതേസമയം, ഇതിന് രണ്ട് സാഹചര്യങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്.

1. മെഡിക്കൽ നടപടിക്രമങ്ങളുടെ ഭാഗമായുള്ള പ്രവർത്തികൾ

2. 18 വയസ്സിന് മുകളിൽ പ്രായമുള്ള ഭാര്യയുമായി ഭർത്താവ് നടത്തുന്ന ലൈംഗികപ്രവർത്തികൾ

ഈ വ്യവസ്ഥയാണ് തിരുത്തണമെന്ന് ആവശ്യമുയർന്നിരിക്കുന്നത്. വിവാഹിതരായ സ്ത്രീകളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണ് ഈ ഇളവ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് റദ്ദ് ചെയ്യണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

........................................................................................................................

ഭർതൃബലാത്സംഗം എന്ന വാക്കിന്റെ നിർവ്വചനം ബലംപ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ ശാരീരികവും മാനസികവുമായ ഉപദ്രവത്തിലൂടെയോ അനുമതി തേടുകപോലും ചെയ്യാതെയോ ഉള്ള ലൈംഗികവേഴ്ച എന്നാണ്. സ്ത്രീയുടെ താല്പര്യത്തോടെയല്ലാത്ത ഏതു തരം ലൈംഗികനടപടിയും ഇതിന്റെ പരിധിയിൽ വരും. ഭർത്തൃബലാത്സംഗങ്ങൾ തിരിച്ചറിയപ്പെടാതെ പോകുന്നത് സ്ത്രീയെ/അതിജീവിതയെ അതികഠിനമായ ട്രോമയിലേക്ക് തള്ളിവിടാം. ശാരീരികവും മാനസികവും ലൈംഗികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. പ്രത്യുല്പാദനം സംബന്ധിച്ചും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം.

ഞെട്ടിക്കുന്ന കണക്കുകള്‍, തുടരുന്ന പീഡനം

രാജ്യത്ത് വിവാഹിതരായ 5.6 ശതമാനം സ്ത്രീകളും നിർബന്ധിത ലൈംഗികവേഴ്ചയ്ക്ക് വിധേയരാവുന്നു എന്നാണ് കണക്ക്. 2.7 ശതമാനം സ്ത്രീകൾ തങ്ങൾക്ക് താല്പര്യമില്ലാത്ത രീതിയിലുള്ള ലൈംഗികനടപടികൾക്ക് വിധേയരാവുന്നവരാണ്. ശാരീരിക ഉപദ്രവും അതികഠിനമായി നേരിട്ടും ഭീഷണിപ്പെടുത്തലുകൾക്ക് വഴങ്ങിയും ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പടേണ്ടി വരുന്നവരാണ് 3.7 ശതമാനം സ്ത്രീകൾ. ഇവരെല്ലാം ഏതെങ്കിലും തരത്തിലുള്ള ശാരീരിക, മാനസിക അതിക്രമങ്ങൾക്ക് ഇരകളാകുന്നുണ്ട്. നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ശാരീരികവും ലൈംഗികവുമായ അതിക്രമങ്ങൾ തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നാണ് സർവ്വേറിപ്പോർട്ടിലെ കണ്ടെത്തൽ. 2019-2020ൽ നടത്തിയ സർവ്വേ പറയുന്നത് 18നും 49നുമിടയിൽ പ്രായമുള്ള സ്ത്രീകൾ മൂന്നിലൊരാൾ എന്ന തോതിൽ ലൈംഗികഅതിക്രമത്തിന് വിധേയയാകുന്നുണ്ട് എന്നാണ്.

പത്തിൽ ഒമ്പത് സ്ത്രീകളും ഭർത്താവിൽ നിന്ന് നേരിടുന്ന ലൈംഗികഅതിക്രമം പുറത്തുപറയാൻ മടിക്കുന്നവരാണ്. അതുകൊണ്ടുതന്നെ യഥാർത്ഥ കണക്ക് ഇതിലും ഒരുപാട് അധികമായിരിക്കുമെന്ന് സർവ്വേ റിപ്പോർട്ട് പറയുന്നു. പേടിമൂലം പുറത്തുപറയാത്തവരുണ്ട്, പ്രത്യാഘാതങ്ങളും കുട്ടികളുടെ ഭാവിയും ഓർത്ത് എല്ലാം സഹിക്കുന്നവരുണ്ട്, ഭർത്താവിനെ ആശ്രയിച്ചുജീവിക്കുന്നതിനാൽ അതിക്രമം സഹിക്കുന്നവരുണ്ട്. 82 ശതമാനം പുരുഷന്മാരും ഭാര്യയെ/ പങ്കാളിയെ അതിക്രമത്തിന് വിധേയരാക്കുന്നവരാണ് എന്ന് 2021ലെ സർവ്വേറിപ്പോർട്ട് പറയുന്നു. ഭർത്തൃബലാത്സംഗങ്ങളെ നിലവിൽ ഗാർഹികപീഡനമായാണ് കണക്കാക്കുന്നത്. അതിനാൽ പ്രശ്നപരിഹാരം ആ സ്വഭാവത്തിലുള്ളതാണ്. പങ്കാളിയിൽ നിന്ന് ഉപദ്രവം നേരിടാതിരിക്കാനുള്ള പരിരക്ഷ, നിയമപരമായ ബന്ധം വേർപെടുത്തൽ, സാമ്പത്തികസഹായം എന്നിവയൊക്കെയാണ് മിക്ക കേസുകളിലും പരിഹാരമായി കണക്കാക്കാറുള്ളത്. 2005ലെ The Protection of Women from Domestic Violence Actന്റെ പരിധിയിലാണ് ഇത്തരം കേസുകൾ പരിഗണിക്കപ്പെടുക.

..........................................................................................................................

ഡൽഹി ഹൈക്കോടതിയുടെ ഭിന്നവിധി

വിവാഹബന്ധത്തിലെ ബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരർജിയിൽ ഡൽഹി ഹൈക്കോടതി കഴിഞ്ഞവർഷം ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് രാജീവ് ശക്ധർ, ജസ്റ്റിസ് ഹരിശങ്കർ എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് നീണ്ടവാദങ്ങൾ കേട്ട ശേഷം ഹർജിയിൽ ഭിന്നവിധി പുറപ്പെടുവിച്ചത്. തുടർന്ന് ഹർജി സുപ്രീംകോടതിയുടെ പരിഗണനക്ക് വിട്ടു. ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് ലഭിക്കുന്ന നിയമ പരിരക്ഷ ഭരണഘടനാ ലംഘനമാണെന്നും അത് റദ്ദാക്കുന്നതായും ജസ്റ്റിസ് രാജീവ് ശക്ധർ വിധിന്യായത്തിൽ വ്യക്തമാക്കി. ജസ്റ്റിസ് ഹരിശങ്കർ ഇതിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. കേസിൽ ഭർത്താവിന് ഇളവ് നൽകുന്ന നിയമ പരിരക്ഷ ആർട്ടിക്കിൾ 14, 19, 21എന്നിവ ലംഘിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ നിയമപ്രശ്‌നങ്ങൾ ഉൾപ്പെട്ടതിനാൽ കേസ്‌ സുപ്രീംകോടതിയ്ക്ക് വിടാൻ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.

..........................................................................................................................

പ്രശ്നപരിഹാരത്തിന് ഈ മാർഗം അപര്യാപ്തമാണെന്ന് അഭിപ്രായങ്ങളുയരുമ്പോഴും ഭർതൃബലാത്സംഗം എന്നത് കുറ്റകൃത്യമല്ലാതാകുന്നതിന് പല കാരണങ്ങളും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹേലിന്റെ സിദ്ധാന്തം (Hale's Doctrine) ആണ് ഇതിലൊന്ന്. 1670കളിൽ ഇംഗ്ലണ്ടിലെ കോർട്ട് ഓഫ് കിംഗ്സ് ബെഞ്ചിലെ ചീഫ് ജസ്റ്റിസായിരുന്ന മാത്യു ഹെയ്ൽ, 1736ൽ പ്രസിദ്ധീകരിച്ച ക്രിമിനൽ നിയമ പുസ്തകത്തിൽ പറയുന്നത് 'ഭർത്താവ് നിയമാനുസൃതമായി തന്റെ ഭാര്യയായവളെ ബലാത്സംഗം ചെയ്താൽ കുറ്റക്കാരനാകില്ല. വിവാഹസമ്മതവും കരാറും അനുസരിച്ച് ഭാര്യ തന്റെ ഭർത്താവിന് അതിനുള്ള അനുവാദം നൽകുന്നുണ്ട്, അത് അവൾക്ക് പിൻവലിക്കാൻ കഴിയുന്ന ഒന്നല്ല' എന്നാണ്. ബ്രിട്ടീഷ് ഇന്ത്യയിൽ ഇന്ത്യൻ പീനൽ കോഡ് തയ്യാറാക്കുമ്പോൾ, ഇതുപോലുള്ള ആശയങ്ങൾ കാരണമാണ് വൈവാഹിക ബലാൽസംഗം കുറ്റകരമാകാതിരുന്നത് എന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഇന്ത്യൻ നിയമ കമ്മീഷൻ 2000ൽ ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ നിയമങ്ങൾ പരിഷ്‌കരിക്കുന്നതിനുള്ള നിരവധി നിർദ്ദേശങ്ങൾ പരിഗണിച്ചപ്പോൾ അതിലൊന്ന് ഭർതൃബലാത്സംഗം സംബന്ധിച്ചതായിരുന്നു. എന്നാൽ, ഭർതൃബലാത്സംഗത്തിന് നിയമപരിരക്ഷ നൽകുന്ന സെക്ഷൻ 375 ഒഴിവാക്കണമെന്ന ശുപാർശ ഇന്ത്യൻ നിയമ കമ്മീഷൻ നിരസിച്ചിരുന്നു. 'സെക്ഷൻ 375 ഒഴിവാക്കുന്നതിനോട് ഭൂരിപക്ഷത്തിന് യോജിപ്പില്ല. ഇത് വിവാഹ ബന്ധത്തിലെ സ്വകാര്യതകളിലേക്ക് ജുഡീഷ്യറി അമിതമായി കടന്നു ചെല്ലുന്നതിന് തുല്യമാണ് എന്നതാണ് കാരണം' എന്നായിരുന്നു അന്ന് കമ്മീഷൻ പറഞ്ഞത്. നിർഭയ സംഭവത്തിനു ശേഷം, ഇന്ത്യയിലെ ബലാത്സംഗ നിയമങ്ങളിൽ ഭേദഗതികൾ നിർദ്ദേശിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ജെ എസ് വർമ്മ കമ്മിറ്റി, വിവാഹബന്ധത്തിലെ ബലാത്സംഗത്തിനുള്ള ഇളവ് ഒഴിവാക്കുന്നത് തങ്ങളുടെ ശുപാർശകളിലൊന്നായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, 2013ലെ പാർലമെന്ററി സമിതി ഈ ഭേദഗതി അംഗീകരിച്ചില്ല.

വിവാഹബന്ധം എന്നത് ഇന്ത്യൻ സമൂഹത്തിന് പവിത്രമായ ഒന്നാണ്. അതുകൊണ്ടുതന്നെ വിവാഹബന്ധത്തിലെ ബലാത്സംഗം എന്നത് രാജ്യത്ത് ക്രിമിനൽ കുറ്റമാക്കാൻ കഴിയുന്ന ഒന്നല്ല എന്നാണ് 2015ൽ അന്നത്തെ ആഭ്യന്തര സഹമന്ത്രി ഹരിഭായ് പരതിഭായ് ചൗധരി പറഞ്ഞത്. കേന്ദ്രസർക്കാരിന്റെ നിലപാടിനെ പാർലമെന്റിൽ ചോദ്യം ചെയ്തപ്പോഴായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഭർതൃബലാത്സംഗം ക്രിമിനൽക്കുറ്റമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളെ 2017ൽ കേന്ദ്രസർക്കാർ എതിർത്തിരുന്നു. വിവാഹബന്ധത്തിലുണ്ടാകുന്ന ബലാത്സംഗം ക്രിമിനൽക്കുറ്റമാക്കാൻ കഴിയില്ല. അങ്ങനെ ചെയ്താൽ അത് വിവാഹമെന്ന പവിത്രമായ സങ്കല്പത്തെ അസ്ഥിരപ്പെടുത്തുന്ന പ്രശ്നമായി മാറും. ഭർത്താക്കന്മാർക്കെതിരെ പ്രയോഗിക്കാനുള്ള ആയുധമായി ഇത് മാറുകയും ചെയ്യും. കേന്ദ്രം സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. 'രാജ്യത്തെ എല്ലാ വിവാഹങ്ങളും അക്രമാസക്തമെന്ന് പറയുന്നതും എല്ലാ പുരുഷൻമാരെയും ബലാൽസംഗം ചെയ്യുന്നവരായി ചിത്രീകരിക്കുന്നതും ശരിയല്ല' എന്നാണ് അന്ന് വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്ന സ്മൃതി ഇറാനി പറഞ്ഞത്.

ലൈംഗിക അതിക്രമം സംബന്ധിച്ചും ഭർതൃബലാത്സംഗം സംബന്ധിച്ചും നിർവചനങ്ങളിലും നിയമങ്ങളിലും മാറ്റം വരേണ്ടത് കാലത്തിന്റെ ആവശ്യമാണ്. സ്ത്രീസുരക്ഷയെക്കുറിച്ച് വാചാടോപം നടത്തിയാൽ മാത്രം കാര്യങ്ങളിൽ‌ മാറ്റം വരില്ല. സ്ത്രീകൾക്ക് കൂടുതൽ പരിരക്ഷ നൽകുന്ന തരത്തിൽ പുനർനിർവചനങ്ങൾ ഉണ്ടാകുമെന്നും നിയമഭേദഗതികൾ വരുമെന്നും പ്രത്യാശിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com