ലിംഗസമത്വത്തിന് ലോകം ഇനിയും കാത്തിരിക്കണം; 131 വര്‍ഷം

ജീവിതശൈലിയായി മാറിയ ലിംഗനീതികേടുകളെ വളരെ സാവധാനം മാത്രമേ മറികടക്കാനാവൂ എന്ന സൂചനയാണ് നല്‍കുന്നത്
ലിംഗസമത്വത്തിന് ലോകം ഇനിയും കാത്തിരിക്കണം; 131 വര്‍ഷം

സമ്പൂര്‍ണ ലിംഗസമത്വം യാഥാര്‍ഥ്യമാകാന്‍ ലോകം ഇനിയും ഒരു നൂറ്റാണ്ടിലധികം കാത്തിരിക്കേണ്ടി വരുമെന്ന് പഠന റിപ്പോര്‍ട്ട്. കാലങ്ങളായി തുടര്‍ന്നു വരുന്ന, കാലക്രമത്തില്‍ ഒരു ജീവിതശൈലിയായി മാറിയ ലിംഗനീതികേടുകളെ വളരെ സാവധാനം മാത്രമേ മറികടക്കാനാവൂ എന്ന സൂചനയാണ് വേള്‍ഡ് എക്കണോമിക് ഫോറം പുറത്തുവിട്ട ആഗോള ലിംഗവ്യത്യാസ റിപ്പോര്‍ട്ട് (Global Gender Gap Report 2023) നല്‍കുന്നത്.

ലിംഗസമത്വ സുന്ദരലോകം സാധ്യമാകണമെങ്കില്‍ ഇപ്പോഴത്തെ കണക്കുകളനുസരിച്ച് 131 വര്‍ഷം കൂടി ലോകം കാത്തിരിക്കേണ്ടി വരും. 146 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 127-ാമതാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും തുല്യനീതിക്കായി ഇനിയും ഏറെ ദൂരം ഓടി തീര്‍ക്കേണ്ടതുണ്ട് ഇന്ത്യയ്ക്ക്. 2022 ലെ റിപ്പോര്‍ട്ട് അനുസരിച്ച് 147 രാജ്യങ്ങളില്‍ 135 -ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം.

ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് ഇന്‍ഡക്സ് എന്ത്? എന്തിന്?

ലിംഗസമത്വത്തെക്കുറിച്ച് വാര്‍ഷിക പഠനം നടത്തുകയും ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലിംഗതുല്യതയില്‍ ലോകം എവിടെ എത്തി നില്‍ക്കുന്നു എന്ന് വിശകലനം ചെയ്യുകയും ചെയ്യുന്ന റിപ്പോര്‍ട്ടാണ് ഗ്ലോബല്‍ ജെന്‍ഡര്‍ ഗാപ് റിപ്പോര്‍ട്ട്. സാമ്പത്തിക പങ്കാളിത്തവും അതിനുള്ള അവസരങ്ങളും, ആരോഗ്യവും അതിജീവനവും, വിദ്യാഭ്യാസ നേട്ടങ്ങള്‍, രാഷ്ട്രീയ പങ്കാളിത്തം എന്നീ നാലു ഘടകങ്ങളെ മുന്‍ നിര്‍ത്തിയാണ് പഠനം നടത്തുന്നത്. ആഗോളതലത്തില്‍ 2006 മുതല്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് തയാറാക്കുകയും പ്രതിവര്‍ഷം ഓരോ രാജ്യങ്ങളിലും ലിംഗസമത്വത്തില്‍ ഉണ്ടായ പുരോഗതി വിലയിരുത്തുകയും ചെയ്തു വരുന്നു.

ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് ഇന്‍ഡക്സിന്റെ 17-ാം പതിപ്പാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 0 മുതല്‍ 100 വരെയുള്ള സ്‌കെയിലിലാണ് ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് ഇന്‍ഡക്സ് സ്‌കോറുകള്‍ കണക്കാക്കുന്നത്, ഈ സ്‌കോറുകളെ തുല്യതയിലേക്കുള്ള ദൂരമായി വ്യാഖ്യാനിക്കാം, അതായത് ഇല്ലാതാക്കിയ ലിംഗ വിടവിന്റെ ശതമാനം. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള താരതമ്യ പഠനത്തിലൂടെ ലിംഗ വിവേചനങ്ങള്‍ കുറവുള്ള രാജ്യങ്ങളെ കണ്ടെത്തുക, അവര്‍ പിന്‍തുടരുന്ന രീതികള്‍ മറ്റു രാജ്യങ്ങളില്‍ എത്രത്തോളം പ്രായോഗികമാണെന്ന് വിശകലനം ചെയ്യുക, ഇങ്ങനെ സമത്വത്തിലേയ്ക്കുള്ള ഏറ്റവും ഫലപ്രദമായ നയങ്ങള്‍ തിരിച്ചറിഞ്ഞ് അവ പ്രാവര്‍ത്തികമാക്കുക തുടങ്ങിയവയാണ് ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് ഇന്‍ഡക്‌സിന്റെ ലക്ഷ്യങ്ങള്‍.

കണക്കുകള്‍ പറയുന്നു, പതിയെ എങ്കിലും മാറ്റമുണ്ട്

2023-ലെ റിപ്പോര്‍ട്ടില്‍ പങ്കെടുത്ത 146 രാജ്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള ആഗോള ലിംഗസമത്വത്തിലേയ്ക്കുള്ള പുരോഗതിയുടെ തോത് 68.4% ആണ്. അതായത് 68.4 ശതമാനം സമത്വം കൈവരിക്കാനാണ് ലോകത്തിന് ഇതുവരെ കഴിഞ്ഞത്. 2022, 2023 പതിപ്പുകളില്‍ ഉള്‍പ്പെട്ട 145 രാജ്യങ്ങളുടെ സ്ഥിരമായ സാമ്പിള്‍ കണക്കിലെടുക്കുമ്പോള്‍, മൊത്തത്തിലുള്ള സ്‌കോര്‍ 68.1% ല്‍ നിന്ന് 68.4% ആയി മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്കിനെ അപേക്ഷിച്ച് അപേക്ഷിച്ച് 0.3 ശതമാനം പുരോഗതി. 2006 മുതല്‍ സര്‍വേയില്‍ പങ്കെടുക്കുന്ന 102 രാജ്യങ്ങളുടെ പുരോഗതി വിലയിരുത്തിയാല്‍ 2002 ല്‍ നിന്ന് 2023 ല്‍ എത്തുമ്പോള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞ ജന്‍ഡര്‍ ഗ്യാപിന്റെ ശതമാനം 68.6 ആണ്. പക്ഷേ ഇതേ നിരക്കിലാണ് സ്ത്രീപുരുഷ സമത്വത്തിലേയ്ക്കുള്ള ലോകത്തിന്റെ യാത്രയെങ്കില്‍ ലോകം സമ്പൂര്‍ണ ലിംഗ സമത്വത്തിലേയ്‌ക്കെത്താന്‍ 131 വര്‍ഷം വേണ്ടി വരും.

ആര്‍ക്കുമില്ല നൂറില്‍ നൂറ്

ഒരു ലോകരാജ്യവും ഇതുവരെ സമ്പൂര്‍ണ ലിംഗസമത്വത്തിലേയ്ക്ക് എത്തിയിട്ടില്ല. 90 ശതമാനത്തിലധികം ലിംഗതുല്യത കൈവരിച്ച ഐസ്‌ലാന്‍ഡ് തുടര്‍ച്ചയായ 14 -ാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തി. 87.9 ശതമാനം തുല്യതാനിരക്കുമായി നോര്‍വേയാണ് രണ്ടാം സ്ഥാനത്ത്. 86.3 ശതമാനം തുല്യതാനിരക്കുമായി ഫിന്‍ലന്‍ഡ് ആണ് മൂന്നാമത്. ന്യൂസിലാന്‍ഡ്, സ്വീഡന്‍, ജര്‍മ്മനി, നിക്കരാഗ്വ, നമീബിയ, ലിത്വാനിയ എന്നീ രാജ്യങ്ങളും ആദ്യ ഒമ്പതിനുള്ളില്‍ ഇടം കണ്ടെത്തി.

ആഗോളതലത്തില്‍ ആരോഗ്യം അതിജീവനം എന്ന മേഖലയിലെ ലിംഗ വ്യത്യാസങ്ങള്‍ ഏറെക്കുറെ 96 ശതമാനത്തോളം പരിഹരിച്ചു കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ ലിംഗ അസമത്വങ്ങള്‍ 95.2 ശതമാനവും സമ്പത്തിക പങ്കാളിത്തത്തിലുള്ള അസമത്വം 60.1 ശതമാനവും പരിഹരിച്ചു. എന്നാല്‍ രാഷ്ട്രീയ പങ്കാളിത്തത്തില്‍ ആഗോള തലത്തില്‍ ഇനിയും അസമത്വം തുടരുന്നു. 22.1 ശതമാനം മാത്രമാണ് ഈ മേഖലയില്‍ ലോകത്തിന് മുന്നോട്ട് പോകാനായത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളാണ് സ്ത്രീ സമത്വത്തില്‍ ഏറ്റവും പിന്നില്‍.

ഇന്ത്യ എവിടെ?

146 രാജ്യങ്ങളില്‍ 127-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം 135-ാം സ്ഥാനത്തായിരുന്നു രാജ്യത്തിന്റെ സ്ഥാനം. കഴിഞ്ഞ പതിപ്പിന് ശേഷം ഇന്ത്യ 1.4 ശതമാനം പോയിന്റുകളും എട്ട് സ്ഥാനങ്ങളും മെച്ചപ്പെടുത്തി. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ രാജ്യം ഏറെക്കുറെ തുല്യത കൈവരിച്ചു കഴിഞ്ഞു. സാമ്പത്തിക മേഖലയില്‍ 36.7 ശതമാനം മാത്രം തുല്യത കൈവരിക്കാനാണ് രാജ്യത്തിന് ഇതുവരെ കഴിഞ്ഞത്. തൊഴിലിന്‍റെയും വരുമാനത്തിന്റെയും കാര്യത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയെങ്കിലും ഉന്നതസ്ഥാനങ്ങളില്‍ എത്തുന്ന സ്ത്രീകളുടെ അനുപാതത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യത്തിലും അതിജീവനത്തിലും വിദ്യാഭ്യാസത്തിലും ഏറെക്കുറെ തുല്യതയിലെത്തിയെങ്കിലും ആഗോളതലത്തില്‍ ഇനിയും പരിഹാരം കാണേണ്ട ഇടങ്ങള്‍ അവശേഷിക്കുന്നു.

തൊഴിലിടത്തെ വിവേചനങ്ങള്‍

തൊഴിലിടങ്ങളിലെ ലിംഗവിവേചനങ്ങള്‍ ആഗോള തലത്തില്‍ പരിഹരിക്കപ്പെടേണ്ട വിഷയമായി ഇപ്പോഴും തുടരുന്നു. അടുത്തകാലത്തായി സ്ത്രീജീവനക്കാര്‍ കൂടുതലായി ജോലി ഉപേക്ഷിക്കുന്നു എന്ന കണക്കുകള്‍ പുറത്തു വരുന്നുണ്ട്. സാമ്പത്തിക അവസരങ്ങളില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ വിവേചനം നേടുന്നുണ്ട് എന്നു തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിംഗ്, മാത്‌സ് തുടങ്ങി ഉയര്‍ന്ന ശമ്പളമുള്ള തൊഴില്‍ മേഖലകളില്‍ സ്ത്രീകളുടെ സാന്നിധ്യം കുറവാണ്. തങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠിക്കുവാനും കരിയറില്‍ വളരുവാനും ലഭിക്കുന്ന അവസരങ്ങള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കുറവാണ്.

നേതൃനിരയിലെ ലിംഗസമത്വം

രാഷ്ട്രീയ നേതൃനിരയിലേയ്ക്കും ലോകരാജ്യങ്ങളുടെ ഭരണസിരാകേന്ദ്രങ്ങളിലേയ്ക്കും എത്തിച്ചേരുന്ന സ്ത്രീകളുടെ എണ്ണം ക്രമേണ കൂടുന്നുണ്ടെങ്കിലും ആഗോളതലത്തില്‍ വലിയതോതില്‍ ഇന്നും അസമത്വം തുടരുന്ന മേഖലയാണ് രാഷ്ട്രീയം. 2022 ഡിസംബര്‍ 31-ലെ കണക്കനുസരിച്ച്, ആഗോള ജനസംഖ്യയുടെ ഏകദേശം 27.9 ശതമാനം ആളുകളുടെ രാഷ്ട്രനേതൃത്വത്തില്‍ സ്ത്രീകളുണ്ട് എന്നത് ഒരു ശുഭ സൂചനയാണ്. പാര്‍ലമെന്റിലെത്തുന്ന വനിതകളുടെ എണ്ണവും ചെറിയ തോതില്‍ കൂടുന്നുണ്ട് എന്നതും പ്രതീക്ഷ നല്‍കുന്നുണ്ട്. 2013 ല്‍ 18.7 ശതമാനം മാത്രമായിരുന്നു ആഗോള തലത്തില്‍ പാര്‍ലമെന്റില്‍ സ്ത്രീ സാന്നിധ്യമെങ്കില്‍ 2022 ആകുമ്പോഴേയ്ക്കും 22.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

പരസ്പരബഹുമാനത്തോടെ എല്ലാ ലിംഗത്തില്‍പെട്ടവരെയും പരിഗണിക്കുന്നതിലേയ്ക്ക് ലോകം വളരണമെങ്കില്‍ ഇനിയും കാലം കുറെ കാത്തിരിക്കേണ്ടി വരുമെന്ന് സാരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com