കുന്നുകൂടുന്ന മാലിന്യങ്ങൾക്ക് മുന്നിൽ നമ്മുടെ ഭാവിയെന്ത്?

ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തത്തിന് ശേഷം വീടുകളിലെ ജൈവ മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും നീക്കം ചെയ്യാനാവാതെ പ്രദേശവാസികൾ ബുദ്ധിമുട്ടുകയാണ്.
കുന്നുകൂടുന്ന മാലിന്യങ്ങൾക്ക് മുന്നിൽ നമ്മുടെ ഭാവിയെന്ത്?

പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗങ്ങളന്വേഷിക്കാനുള്ള ആഹ്വാനമാണ് ഐക്യരാഷ്ട്ര സഭയുടെ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. കേരളം പോലുള്ള ജനസാന്ദ്രതയേറിയ സംസ്ഥാനത്തെ സംബന്ധിച്ച പ്രധാന പ്രശ്നങ്ങളിലൊന്നാണ് മാലിന്യം. രണ്ട് പതിറ്റാണ്ടിന് മുമ്പ് കേരളത്തിൽ മാലിന്യ പ്രതിസന്ധി ഒരു ചർച്ചാ വിഷയമായിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയല്ല. ദിനംപ്രതി പ്രശ്നം വഷളായിക്കൊണ്ടിരിക്കുകയാണ്. സർക്കാരുകൾ പല തരം പദ്ധതികളിലൂടെയും സംവിധാനങ്ങളിലൂടെയും പരിഹാരങ്ങൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഒന്നും പൂർണമായി വിജയിച്ചു എന്നും പറയാൻ സാധിക്കില്ല. ഇനിയും എത്ര കാലം കൊണ്ട് പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നുളളതും വ്യക്തമല്ല. രൂക്ഷമാകുന്ന മാലിന്യ പ്രശ്നം പരിഹരിക്കാൻ ജനകീയ ഇടപെടലുകളിലൂടെ മാത്രമേ സാധിക്കൂ എന്ന് പരിസ്ഥിതി ദിന സന്ദേശമായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പ്രകൃതിയെ കൂടുതൽ മെച്ചപ്പെട്ട നിലയിൽ ഭാവി തലമുറയ്ക്ക് കൈമാറാൻ സാധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാലിന്യ സംസ്കരണം എങ്ങനെ എന്നുള്ളതാണ് പ്രധാന പ്രശ്നം. ഇത് കൂടുതൽ ബാധിക്കുന്നത് നഗരവാസികളെയാണ്. ഉറവിട മാലിന്യ സംസ്കരണ പദ്ധതികൾ സർക്കാർ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും എത്രത്തോളം ജനങ്ങളിലേക്ക് അത് എത്തുന്നുണ്ടെന്നും എത്ര പേർ അത് പ്രാവർത്തികമാക്കുന്നുണ്ടെന്നുള്ളതും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. കേന്ദ്രീകൃത മാലിന്യ സംസ്കരണം കേരളത്തിൽ പൂർണമായി നടപ്പാക്കപ്പെടുന്നുണ്ടോ? കാലവർഷം വന്നെത്തിയ സാഹചര്യത്തിൽ മാലിന്യപ്രശ്നം അതി രൂക്ഷമായി മാറിയിരിക്കുകയാണ്. കാലവർഷം കനക്കുംതോറും വെളളക്കെട്ട് ഉണ്ടാവാൻ സാധ്യതയുളള പ്രദേശങ്ങളിൽ സ്ഥിതി വഷളാവുകയാണ്. പ്രത്യേകിച്ച് കൊച്ചി പോലുള്ള നഗര പ്രദേശങ്ങളിൽ. ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തത്തിന് ശേഷം വീടുകളിലെ ജൈവ മാലിന്യവും പ്ലാസ്റ്റിക് മാലിന്യവും നീക്കം ചെയ്യാനാവാതെ പ്രദേശവാസികൾ ബുദ്ധിമുട്ടുകയാണ്.

വർഷം തോറും വർധിച്ച തോതിലുണ്ടാകുന്ന പകർച്ചവ്യാധികളുടെ പുനരാവിർഭാവവും പുതിയ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നതും മഴക്കാലമാരംഭിക്കുന്നതോടെ ഏറെ ജാഗ്രതയോടെ കാണേണ്ട വിഷയമാണ്. ഖരമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ ഫലപ്രദമായ സംവിധാനങ്ങൾ ഇല്ലാത്തതും സാമൂഹിക ശുചിത്വത്തിന് കാണിക്കുന്ന അലംഭാവവും പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാകാം.

മാലിന്യങ്ങൾ സംസ്കരിക്കാൻ കേരളത്തിൽ നിലവിൽ പര്യാപ്തമായ സംവിധാനങ്ങളില്ല. രാസ ജൈവ മാലിന്യങ്ങൾ മണ്ണിലേക്ക് വലിച്ചെറിയപ്പെടുകയും മണ്ണിന്റെ സ്വാഭാവിക ഗുണത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നതിൽ ഇത്തരം മാലിന്യങ്ങൾ വരുത്തുന്ന പങ്ക് വളരെ വലുതാണ്. ഗ്രാമപ്രദേശങ്ങളെ സംബന്ധിച്ചിടത്തോളം മാലിന്യം സംസ്കരിക്കാൻ വീടുകളിൽ തന്നെ ഒരു പരിധി വരെ സൗകര്യങ്ങളുണ്ട്. അപ്പോഴും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രശ്നം തന്നെയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കാൻ ഹരിതകർമ്മ സേന പോലെയുള്ള സന്നദ്ധപ്രവർത്തകരുടെ സഹായവും ലഭ്യമാണ്. എങ്കിലും അത് എത്രത്തോളം ആളുകളിലേക്ക് എത്തുമെന്നുള്ളതും ഒരു ആശങ്കയായി നിലനിൽക്കുന്നു.

മാലിന്യ സംസ്കരണത്തിന് വേണ്ട വിധത്തിൽ പ്രാധാന്യം നൽകാത്തതിന്റെ ഫലമാണ് കൊച്ചി നഗരസഭയുടെ കീഴിൽ വരുന്ന ബ്രഹ്മപുരം പ്ലാന്റിൽ സംഭവിച്ച ഗുരുതരമായ വീഴ്ച്ച എന്നാണ് പൊതുവിൽ ഉള്ള ആരോപണം. നഗരസഭയുടെ കീഴിൽ വരുന്ന 110 ഏക്കറോളം ഭൂമി വരുന്ന മാലിന്യപ്ലാന്റിനാണ് അഗ്നിബാധ ഉണ്ടായത്. അതിൽ നിന്ന് ഉയർന്ന പുക ശ്വസിച്ച് സമീപ പ്രദേശങ്ങളിൽ താമസിച്ചിരുന്ന നിരവധി ജനങ്ങൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായി. കൃതൃമായ ആസൂത്രണമോ സൗകര്യങ്ങളോ ഇല്ലാതെ ഏക്കറു കണക്കിന് ഭൂമിയിൽ വർഷങ്ങളായി സംഭരിച്ചു വരുന്ന പലതരം നഗരമാലിന്യങ്ങൾ ലക്ഷക്കണക്കിന് ജീവനുകൾക്ക് ഭീഷണിയായി നിലവിൽ മാറിയിരിക്കുകയാണ്. നഗരം ഗ്യാസ് ചേംബറായി മാറി എന്ന് പറയാൻ ഹൈക്കോടതി നിർബന്ധിതമായി. തീയണക്കാൻ കഴിഞ്ഞെങ്കിലും ടൺ കണക്കിന് മാലിന്യങ്ങൾ പരിസ്ഥിതിക്കും നഗരവാസികൾക്കും ഭീഷണിയായി അവിടെ തന്നെ കിടക്കുകയാണ്. കൊച്ചി നഗരസഭ മാലിന്യ സംസ്കരണത്തിൽ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ് എന്നാണ് കൊച്ചി കോർപ്പറേഷൻ കൗൺസിലർ എം ജി അരിസ്റ്റോട്ടിൽ റിപ്പോർട്ടർ ടിവി യോട് പറഞ്ഞത്.

നിലവിൽ ബ്രഹ്മപുരത്തേക്ക് വളരെ കുറച്ച് പ്രദേശങ്ങളിൽ നിന്ന് മാത്രമേ മാലിന്യം എത്തിക്കുന്നുള്ളൂ. മറ്റുള്ള പ്രദേശങ്ങളിലെ ജനങ്ങൾ മാലിന്യ സംസ്കരണത്തിന് വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ്. സ്വകാര്യ ഏജൻസികളെ മാലിന്യ നിർമാർജനത്തിനായി ഏൽപ്പിച്ചിരുന്നെങ്കിലും 10 മുതൽ 15 ടൺ വരെയൊക്കെയേ അവർക്ക് ശേഖരിക്കാൻ കഴിഞ്ഞിരുന്നുള്ളു. നിർമാർജനം ചെയ്യാൻ കഴിയാതെ മാലിന്യ ശേഖരണത്തിൽ നിന്നും സ്വകാര്യ ഏജൻസികൾ പിൻവാങ്ങുകയായിരുന്നു എന്ന് അരിസ്റ്റോട്ടിൽ ആരോപിച്ചു. മാലിന്യ സംസ്കരണത്തിന് സർക്കാർ തന്നെ മുൻകൈയെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രഹ്മപുര മാലിന്യ പ്ലാന്റിന്റെ തീപിടുത്തത്തിന് ശേഷം സമീപത്തെ പുഴകൾ മലിനമാകുകയും മത്സ്യങ്ങൾ ചത്തുപൊങ്ങുകയും ചെയ്യുകയാണ്. മഴക്കാലത്ത് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ സാംക്രമിക രോഗങ്ങളുൾപ്പടെ പടർന്ന് പിടിക്കും. ഹ്രസ്വകാല അടിസ്ഥാനത്തിൽ മാലിന്യ സംസ്കരണത്തിന് പ്രതിവിധി കണ്ടെത്തണമെന്നും ജനങ്ങളിൽ കൂടുതൽ ബോധവൽക്കരണ പദ്ധതികൾ ഏർപ്പെടുത്തണമെന്നും അരിസ്റ്റോട്ടിൽ അഭിപ്രായപ്പെട്ടു.

മാലിന്യസംസ്കരണം എന്ന ബോധത്തെ ശീലമാക്കി മാറ്റുക എന്ന കാര്യമാണ് പരിസ്ഥിതി സംരക്ഷണത്തിൽ അനിവാര്യമായി ഇനി ചെയ്യേണ്ട കാര്യം. പ്രതിഫലം നൽകി മാലിന്യം സംസ്കരിക്കാൻ ഒട്ടുമിക്ക ആളുകളും തയ്യാറാണ്. എന്നാൽ കേന്ദ്രീകൃതമായി മാലിന്യ സംസ്കരണം എത്രത്തോളം പൂർണമാക്കാൻ സാധിക്കുന്നുണ്ട് എന്ന കാര്യത്തിലും സംശയമാണ്. ഇത്തരം സാഹചര്യത്തിലാണ് ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുക എന്നതിന്റെ ആവശ്യം കൂടുതൽ ചർച്ചയാകുന്നത്.

ഉറവിട മാലിന്യ സംസ്കരണം കേരളത്തിൽ

ഉറവിട മാലിന്യ സംസ്കരണം എന്ന രീതി നടപ്പാക്കിക്കൊണ്ട് പരിസ്ഥിതി സൗഹാർദ്ദപരമായ ഒരു മാലിന്യ നിർമാർജ്ജന പദ്ധതിയാണ് മാലിന്യ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന നിലയിൽ സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്നത്. ഹരിതകർമ്മസേനയുടേയും ശുചിത്വമിഷന്റെയും ഭാഗത്ത് നിന്നുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നുണ്ട്. അതിൽ പ്രധാനമാണ് ശുചിത്വ മിഷന്റെ കീഴിലുളള ഉറവിട മാലിന്യ സംസ്കരണം. എന്നാൽ അത് എല്ലാവരിലേക്കുമെത്തിക്കാൻ കാലതാമസമെടുക്കുമെന്നുള്ളതും വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. മാലിന്യമുക്തം നവകേരളം എന്ന പദ്ധതിയുടെ കീഴിലാണ് ഉറവിട മാലിന്യ സംസ്കരണ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ശുചിത്വമിഷന്റെ കീഴിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണമാണ് നടപ്പാക്കുന്നത്. ജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കുന്ന പദ്ധതിയാണിത്. നിലവിലെ സാഹചര്യത്തിൽ ഉറവിട മാലിന്യ സംസ്കാരം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ജനങ്ങളിലേക്ക് പദ്ധതിയെക്കുറിച്ച് കൂടുതൽ എത്തിക്കുന്നതിനായി നഗരസഭകളിൽ പ്രദർശന ശാലകൾ സംഘടിപ്പിക്കുകയും അത് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പത്രങ്ങളിലൂടേയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടേയും പ്രചരിപ്പിച്ചിരുന്നതായും ശുചിത്വ മിഷന്റെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ എബ്രഹാം തോമസ് രഞ്ജിത്ത് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്നതിനായി ഡോർ ടു ഡോർ കളക്ഷൻ സംവിധാനം ഹരിതകർമ്മ സേനയുടെ ഭാഗമായി നിലവിലുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഉറവിട മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ സംസ്ഥാനത്താകമാനം എത്തിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സബ്സിഡി നിരക്കിൽ ഉപകരണങ്ങൾ ലഭ്യമാണ്. ശുചിത്വമിഷന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ക്യാമ്പയിനിന്റെ ഭാഗമായി എല്ലാവീടുകളിലും ഉറവിട മാലിന്യ സംസ്കരണ രീതി ഉറപ്പാക്കുമെന്നും ര‍‍ഞ്ജിത്ത് പറഞ്ഞു. വലിച്ചെറിയപ്പെട്ട മാലിന്യക്കൂമ്പാരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതിന്റെ ചിത്രം പകർത്തി അപ് ലോഡ് ചെയ്യാനായി പ്രത്യേക പോർട്ടൽ സംവിധാനവും ശുചിത്വമിഷൻ ഒരുക്കിയിട്ടുണ്ട്. warroom.lsgkerala.gov.in/garbage എന്ന പോർട്ടൽ സംവിധാനം ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. നിരവധി ചിത്രങ്ങൾ ദിനംപ്രതി ഇതിലൂടെ ലഭിക്കുന്നുണ്ടെന്നും പരമാവധി അത് പരിഹരിക്കപ്പെടുന്നുണ്ടെന്നും ശുചിത്വമിഷൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ര‍ഞ്ജിത്ത് കൂട്ടിച്ചേർത്തു.

സ്ഥലപരിമിതികളുള്ള വീടുകളിലും ഫ്ലാറ്റ് സമുച്ചയങ്ങളിലും ഉറവിട സംസ്കരണ പദ്ധതി വളരെയധികം പ്രയോജനകരവുമാണ്. അതേസമയം ഉറവിട മാലിന്യ സംസ്കരണം ഏർപ്പെടുത്തിയെങ്കിലും അത് ഫ്ലാറ്റുകളിലും വീടുകളിലും കച്ചവടസ്ഥാപനങ്ങളിലെയുമെല്ലാം മാലിന്യം നീക്കം ചെയ്യാൻ പൂർണമായും സഹായിച്ചിട്ടില്ല എന്ന് കൊച്ചി കോർപ്പറേഷൻ കൗൺസിലർ എം ജി അരിസ്റ്റോട്ടിൽ പറയുന്നു. ഇത്തരത്തിലുളള സംവിധാനം സാവധാനം മാത്രം കൈകാര്യം ചെയ്യുന്ന കാര്യമാണ്. അതിനാൽ തന്നെ അത് എത്രമാത്രം പ്രായോഗികമായി നടപ്പാക്കാൻ സാധിക്കുമെന്നുള്ള കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1000 വീടുകൾ മാത്രമുള്ള ഏലൂർ മുൻസിപ്പാലിറ്റിയിൽ നാല് വർഷം കൊണ്ടാണ് ഉറവിട മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കാൻ സാധിച്ചത്. ഈ സാഹചര്യത്തിൽ രണ്ട് ലക്ഷത്തോളം വരുന്ന വീടുകളുള്ള വാർഡുകളിൽ എങ്ങനെ ദ്രുതഗതിയിൽ ഇത് പ്രാവർത്തികമാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു.

നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ മാലിന്യ പ്രശ്ന പരിഹാരത്തിന് സർക്കാരും ജനങ്ങും ഒരുപോലെ പ്രവർത്തിക്കണം. ഉറവിട മാലിന്യ സംസ്കരണം ഒരു പരിധി വരെ പരിഹാരമായി കാണാൻ സാധിക്കും. എങ്കിലും നഗരപ്രദേശങ്ങളിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന് പൂർണമായി നടപ്പാക്കാൻ സാധിക്കുന്നുണ്ടോ എന്നുള്ളത് പരിശോധിക്കേണ്ട കാര്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വം ജനകീയ ഓഡിറ്റിലൂടെ വിലയിരുത്താനുളള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. മാലിന്യമുക്തം നവകേരളമെന്ന ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് കാര്യക്ഷമമായി പ്രതിഫലിച്ചിട്ടുണ്ടോ എന്നായിരിക്കും ഓഡിറ്റിൽ വിലയിരുത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണ രംഗത്തും ശുചിത്വ രംഗത്തും മാലിന്യമുക്തം നവകേരളമെന്ന ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ടോ എന്നായിരിക്കും പരിശോധിക്കുക. സംസ്ഥാനത്തെ മാലിന്യസംസ്കരണ പദ്ധതികൾ എത്രത്തോളം ഫലവത്തായി എന്നുള്ള കാര്യത്തിൽ ഒരു പരിധി വരെ വ്യക്തത വരുത്തുന്നതിനും ഇത്തരത്തിലുളള ജനകീയ ഹരിത ഓഡിറ്റുകൾ സഹായകമാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com