അരങ്ങ് തകർത്താടി, ചരിത്രമെഴുതി എന്നിട്ടും കാഴ്ചക്കാർ കൈവിട്ട മലയാള നാടകലോകം

ലഘുലേഖകള്‍ക്കും പ്രസംഗങ്ങള്‍ക്കും നിര്‍വ്വഹിക്കാന്‍ കഴിയുന്നതിലും ആഴത്തില്‍ രാഷ്ട്രീയ ദര്‍ശനങ്ങള്‍ ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കാന്‍ നാടകങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
അരങ്ങ് തകർത്താടി, ചരിത്രമെഴുതി
എന്നിട്ടും കാഴ്ചക്കാർ കൈവിട്ട മലയാള നാടകലോകം

കേരളത്തിന്റെ സാമൂഹിക പ്രബുദ്ധതയെ രൂപപ്പെടുത്തുന്നതില്‍ നാടകങ്ങള്‍ നടത്തിയ പുരോഗമന രാഷ്ട്രീയ ഇടപെടലുകള്‍ സാംസ്കാരിക ചരിത്രത്തിന്റെ കൂടി ഭാഗമാണ്. കേരളത്തിലെ കവലകളിലും മൈതാനങ്ങളിലും രാഷ്ട്രീയം ജനകീയമായി ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ നാടകങ്ങള്‍ വഹിച്ച പങ്ക് എല്ലാക്കാലത്തും അടയാളപ്പെടുത്തപ്പെടും. സാധാരണക്കാരന്റെ രാഷ്ട്രീയബോധ്യം രൂപപ്പെട്ടു വന്ന ചരിത്രത്തിന്റെ അത്രതന്നെ പഴക്കമുണ്ട് മലയാള നാടകവേദിക്ക്. കലാസ്വാദനത്തിന്റെ ദൃശ്യാവിഷ്‌കാരം രാഷ്ട്രീയ അവബോധമായി പരിണമിപ്പിക്കുക എന്ന ദൗത്യം ആദ്യകാല മലയാള നാടകങ്ങള്‍ ഏറ്റെടുത്തിരുന്നു. 'ആ കൊടിയിങ്ങു താ മക്കളേ... ഞാനതൊന്ന് പൊക്കിപ്പൊക്കി പിടിക്കട്ടെ'യെന്ന് വേദിയില്‍ പരമുപിള്ള മാലയോടാണ് പറഞ്ഞതെങ്കിലും അത് ചെന്നു പതിച്ചത് സാധാരണക്കാരായ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതപരിസരത്തായിരുന്നു. നാടകങ്ങളിലേയ്ക്ക് ഓര്‍ക്കസ്ട്രയുടെ സാധ്യതകൂടി കടന്നുവന്നതോടെ നാടകഗാനമെന്ന ശാഖതന്നെ രൂപപ്പെട്ടു. നാടകങ്ങളെ ജനകീയമാക്കിയതില്‍ നാടകഗാനങ്ങളുടെ സ്വാധീനവും എടുത്തു പറയേണ്ടതാണ്.

ലഘുലേഖകള്‍ക്കും പ്രസംഗങ്ങള്‍ക്കും നിര്‍വ്വഹിക്കാന്‍ കഴിയുന്നതിലും ആഴത്തില്‍ രാഷ്ട്രീയ ദര്‍ശനങ്ങള്‍ ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കാന്‍ നാടകങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. പുരോഗമന ആശയങ്ങളും കമ്യൂണിസ്റ്റ് സ്വാധീനവും കേരളത്തില്‍ വേരുപിടിപ്പിക്കുന്നതില്‍ നാടകങ്ങളുടെ പങ്ക് ചെറുതല്ല. മണ്ണിന്റെ, വിശപ്പിന്റെ, സ്വാതന്ത്ര്യ പോരാട്ടത്തിന്റെ രാഷ്ട്രീയം പറഞ്ഞ നാടകവേദികളില്‍ ഒരുകാലത്ത് സൂചികുത്താന്‍ ഇടമുണ്ടായിരുന്നില്ല. ചരിത്രം ഇത്തരത്തില്‍ കലയുടെ സാമൂഹ്യ വിപ്ലവത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും വര്‍ത്തമാനകാലം നാടകങ്ങളെ സംബന്ധിച്ച് അത്ര ശുഭകരമല്ല. പുതിയ കാലത്ത് പ്രൊഫഷണല്‍ നാടകങ്ങള്‍ ഉത്സവപ്പറമ്പുകളിലും മത്സര വേദികളിലുമായി ചുരുങ്ങിയിരിക്കുകയാണ്.

മലയാളി കണ്ട നാടകം

മലയാളത്തില്‍ ആദ്യമായി പ്രസിദ്ധപ്പെടുത്തിയ നാടകകൃതിയാണ് 'ആള്‍മാറാട്ടം'. 1866 ലാണ് കല്ലൂര്‍ ഉമ്മന്‍ പീലിപ്പോസ്, ഷേക്സ്പിയറിന്റെ 'കോമഡി ഓഫ് എറേഴ്സ്' എന്ന ശുഭാന്തനാടകം പരിഭാഷപ്പെടുത്തുന്നത്. എന്നാല്‍, 1882ല്‍ കാളിദാസന്റെ 'അഭിജ്ഞാനശാകുന്തളം' തര്‍ജ്ജുമ ചെയ്‌തെഴുതിയ കേരളവര്‍മ്മ വലിയകോയിത്തമ്പുരാനാണ് കാലങ്ങളായി ആദ്യ നാടകകൃത്തെന്ന ബഹുമതി. പിന്നീടിങ്ങോട്ട് നാടകങ്ങളുടെയും നാടക സംഘങ്ങളുടെയും കുതിപ്പ് തന്നെയായിരുന്നു.

1930ല്‍ വി ടി ഭട്ടതിരിപ്പാടിന്റെ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്', എം ആര്‍ ഭട്ടതിരിപ്പാടിന്റെ' മറ്ക്കുടയ്ക്കുള്ളിലെ മഹാനരകം', എം പി ഭട്ടതിരിപ്പാടിന്റെ 'ഋതുമതി' (1944) എന്നീ നാടകങ്ങള്‍ അക്കാലത്തെ നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളെ രൂക്ഷമായി വിമര്‍ശിച്ചവയാണ്. തോപ്പില്‍ ഭാസിയുടെ 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന കെപിഎസി ചരിത്ര നാടകത്തിലൂടെ 1950കളിലെ കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം എല്ലാ ഗ്രാമങ്ങളിലും അലയടിച്ചു.

കാലം മുന്നോട്ട് പോകുന്നതനുസരിച്ച് കേരളത്തിലെ നാടകമേഖലയും നാടക പ്രവര്‍ത്തകരും മാറിക്കൊണ്ടേയിരുന്നു. ദൃശ്യമാധ്യമത്തിന്റെ വളര്‍ച്ച നാടകമെന്ന കലയെ പിന്നോട്ടു വലിച്ചെങ്കിലും സാങ്കേതികമായി മുന്നേറാന്‍ ഒരുപരിധിവരെ നാടകത്തിനായിട്ടുണ്ട്. സാഹിത്യ ചരിത്രത്തോളം പഴക്കമുള്ള നാടകത്തിന്, വേണ്ട പരിഗണനയും പരിരക്ഷയും കേരളത്തില്‍ ലഭിക്കുന്നുണ്ടോ എന്നത് ചോദ്യമാണ്. 26 വര്‍ഷക്കാലം നാടകത്തില്‍ സജീവ സാന്നിധ്യമായ, സിനിമ മേഖലയില്‍ സ്ഥാനമുറപ്പിച്ച നടന്‍ പ്രമോദ് വെളിയനാട് പറയുന്നതിങ്ങനെ;

-പണ്ട് നാടകങ്ങളും പ്രസംഗങ്ങളും കാണാന്‍ ആളുകള്‍ കൂടിയിരുന്നതിന്റെ പ്രധാന കാരണം, നാട്ടിന്‍പറുങ്ങളിലെ ഒത്തുകൂടലുകള്‍ക്ക് മറ്റ് സാധ്യതകളില്ല എന്നതുകൊണ്ടാണ്. എവിടെയെങ്കിലും നാടകമുണ്ടെന്ന് അറിയുമ്പോള്‍ അത് കാണാന്‍ വീട്ടുകാരെല്ലാം ഒരുമിച്ചുപോകുന്ന കാലഘട്ടം നമുക്കുണ്ടായിരുന്നു. നവമാധ്യമങ്ങളുടെയും കലാരൂപങ്ങളുടെയും വരവോടെയാണ് നാടകങ്ങള്‍ ഉള്‍വലിഞ്ഞ് പോയത്. അതല്ലാതെ, നാടകം എന്ന കലയ്ക്ക് ഇതുവരെയും അപചയം സംഭവിച്ചിട്ടില്ല. കാലത്തിനൊപ്പം നാടകങ്ങള്‍ സഞ്ചരിച്ചിട്ടുണ്ട്. ഭാഷയിലുണ്ടായ മാറ്റങ്ങള്‍, രംഗപടത്തിലെ വ്യത്യാസങ്ങള്‍, ശബ്ദത്തിലെ പ്രത്യേകതകള്‍, അഭിനയത്തിലെ വൈവിധ്യങ്ങള്‍ എന്നിങ്ങനെ. നാടകീയത ഒഴിവാക്കി യാഥാര്‍ത്ഥ്യത്തെ എടുത്തുകാണിക്കാനാണ് പല കലാകാരന്മാരും ശ്രമിക്കുന്നത്. അതില്‍ വിജയിച്ചിട്ടുമുണ്ട്. പണ്ട് ഒന്നോ രണ്ടോ സെറ്റില്‍ (രംഗപടം) നാടകം ഒതുങ്ങിയിടത്ത് ഇന്ന് ഒന്‍പത് സെറ്റ് വരെ ഉപയോഗിക്കുന്നുണ്ട്. പ്രേക്ഷകര്‍ക്ക് പുതിയ കാഴ്ച്ചകളും മികച്ച അനുഭവവും നല്‍കാനും സാങ്കേതികമായ മാറ്റങ്ങള്‍ കൊണ്ടുവരാനും പുതിയ കലാകാരന്മാര്‍ പ്രൊഫഷണല്‍ നാടകങ്ങളിലൂടെ ശ്രമിച്ചിട്ടുണ്ടെന്ന് പുതിയകാല നാടകങ്ങള്‍ സാക്ഷ്യം പറയുന്നു.

നാടകങ്ങള്‍ തളര്‍ന്നു പോകുന്നതിവിടെ

ഉത്സവകാലങ്ങളിലെ രാത്രികളില്‍ നാടകങ്ങള്‍ക്ക് വലിയപ്രാധാന്യമുണ്ടായിരുന്നു. അര്‍ധരാത്രി രണ്ട് മണിക്ക് നാടകം സംഘടിപ്പിച്ചാലും കാണാന്‍ ആയിരങ്ങളുണ്ടായിരുന്നു. ഒരുപക്ഷെ ഇന്നത്തെ മള്‍ട്ടിപ്ലക്സ് തിയേറ്ററിലെത്തുന്നവരേക്കാള്‍ ഇരട്ടി. ഇന്ന് സാഹചര്യം വ്യത്യസ്തമാണ്. നാടകമെന്ന കല പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ സാമൂഹ്യ മുന്നേറ്റങ്ങള്‍ക്ക് വഴിവെട്ടുന്നതില്‍ പ്രധാനപങ്കുവഹിച്ച നാടകങ്ങള്‍ അന്യം നിന്നുപോകാതിരിക്കാന്‍ സാമൂഹിക ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. മാധ്യമങ്ങളും അതില്‍ പ്രധാന പങ്കുവഹിക്കേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ഷവും നാടക അവാര്‍ഡുകള്‍ നല്‍കുന്നു. എന്നാല്‍ ഈ വാര്‍ത്ത നമ്മുടെ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പരിഗണിക്കാറില്ല. നാടകങ്ങളോട് കാണിക്കുന്ന അവഗണനയ്ക്ക് ഏറ്റവും പ്രകടമായ ഉദാഹരണമായി ഇതിനെ വിലയിരുത്താം. നാടകത്തിന്റെ ദൃശ്യഭാഷ കടംകൊണ്ട പ്രദേശിക കലാരൂപങ്ങള്‍ പലതും കേരളത്തില്‍ അന്യം നിന്നു കഴിഞ്ഞു. നാടകവും വരും തലമുറയ്ക്ക് അന്യമായി പോയേക്കാമെന്ന സാഹചര്യം മുന്നിലുണ്ട്. കലയെന്ന നിലയില്‍ നാടകവും കാലത്തിനനുസരിച്ച് മാറുന്നുണ്ട്. പിന്തുണയ്ക്കാന്‍ ആരുമില്ലെങ്കില്‍ മാറ്റങ്ങളും പുതുമയുമൊന്നും നാടകത്തെ രക്ഷപെടുത്തില്ല എന്ന ആശങ്കയും പങ്കുവയ്ക്കട്ടെ.

നാടകത്തിനായി ജീവിതം സമര്‍പ്പിച്ചവരെ പരിഗണിക്കണം

സിനിമയുടെ താരതിളക്കത്തില്‍ നാടകകലാകാരന്മാര്‍ പതിയെ അവഗണനയിലേക്ക് പോയതിന്റെ ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. അവഗണനയുടെ ആഴം മനസ്സിലാക്കാന്‍ ഏറ്റവും മികച്ച അഭിനേതാവിനുള്ള സിനിമ പുരസ്‌കാരവും നാടക പുരസ്‌കാരവും സംബന്ധിച്ച വാര്‍ത്തകള്‍ എങ്ങനെ പരിഗണിക്കപ്പെടുന്നു എന്ന് മാത്രം പരിശോധിച്ചാല്‍ മതി. 19 തവണ മികച്ച രംഗപടത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ ആര്‍ട്ടിസ്റ്റ് സുജാതനേയും 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകത്തിന് രംഗപടമൊരുക്കിയ അദ്ദേഹത്തിന്റെ പിതാവ് ആര്‍ട്ടിസ്റ്റ് കേശവനെയും പോലെ നാടകത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് സിനിമ മേഖലയിലുള്ളവരെ പോലെ തന്നെ പരിഗണന ലഭിക്കണം.

ഉത്സവപ്പറമ്പുകളില്‍ ഒതുങ്ങി പോകരുത്

'കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സര്‍ക്കാരിന്റെ നിരവധി ഓഡിറ്റോറിയങ്ങളും കള്‍ച്ചറല്‍ സെന്ററുകളുമുണ്ട്. ഇവിടങ്ങളില്‍ ആഴ്ച്ചയില്‍ ഒരു ദിവസമെങ്കിലും നാടകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ പദ്ധതികള്‍ ഒരുക്കാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ വര്‍ഷത്തിലൊരിക്കല്‍ തരുന്ന പുരസ്‌കാരം കൊണ്ട് ഒരു കലാകാരന്റെ ജീവിതം മെച്ചപ്പെടുമോ? ഒരു നാടകസമിതിയില്‍ കുറഞ്ഞത് 15 പേരെങ്കിലും ഉണ്ടാകും. 15 പേരല്ല, 15 കുടുംബങ്ങളാണ് ഒരു നാടക സമിതി കൊണ്ട് ജീവിച്ചുപോകുന്നത്. അത്തരത്തില്‍ കേരളത്തില്‍ ഇരുപത്തിരണ്ടിലധികം നാടക സമിതികളുണ്ട്. ഇവരുടെ നിലനില്‍പ്പും പ്രധാനമാണ്. ഇത്രയും പഴക്കമുള്ള ഒരു കലയ്ക്ക് കൊടുക്കേണ്ട പരിഗണന ഇതല്ല', പ്രമോദ് വെളിയനാട് കൂട്ടിച്ചേര്‍ക്കുന്നു.

'ഇപ്പോഴത്തെ നാടകങ്ങള്‍ സിനിമയെ വെല്ലുന്നതരത്തിലാണ് വേദിയില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. നാടക വേദികള്‍ ഊര്‍ജ്ജസ്വലമാകണം. പുതുതലമുറ നാടകത്തെ ഏറ്റെടുക്കുന്ന രീതി തന്നെ വ്യത്യസ്തമാണ്. സമൂഹവുമായി ചേര്‍ന്നു നിന്നുകൊണ്ട് നാടകവുമായി തെരുവിലേക്കിറങ്ങാന്‍ കണിക്കുന്ന സന്നദ്ധത പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്', പ്രമോദ് പറഞ്ഞവസാനിപ്പിച്ചു.

കാലഘട്ടം മാറുന്നതനുസരിച്ച് നാടകവും നാടകാസ്വാദകരും മാറുകയാണ്. സര്‍ഗ്ഗാത്മകതയുടെയും ഭാഷാ ശേഷിയുടെയും ലൈവ് ആക്ഷന്‍ പെര്‍ഫോമന്‍സിന്റെയും തുറന്നയിടമാണ് നാടകം. അത് സംരക്ഷിക്കപ്പെടേണ്ടതും 'പോപ്പുലര്‍ ആര്‍ട്ടി'ന് കൊടുക്കുന്ന പരിഗണന ലഭിക്കേണ്ടതുമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com