കാന്‍സറിനെ സമയബന്ധിതമായി ചെറുക്കാം; ഇന്ന് ദേശീയ കാന്‍സര്‍ ബോധവത്കരണ ദിനം

തെറ്റിദ്ധാരണകൾ മാറ്റിവച്ചുകൊണ്ട് കാന്‍സറിനെപ്പറ്റി വ്യക്തവും കൃത്യവുമായ അറിവുണ്ടാവുക എന്നത് ദേശീയ കാന്‍സര്‍ അവബോധ ദിനത്തിന്റെ അനിവാര്യതയാണ്
കാന്‍സറിനെ സമയബന്ധിതമായി ചെറുക്കാം; ഇന്ന് ദേശീയ കാന്‍സര്‍ ബോധവത്കരണ ദിനം

യാതൊരു നിയന്ത്രണവുമില്ലാതെ ശരീര കോശങ്ങള്‍ ക്രമാതീതമായി ഇരട്ടിക്കുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് കാന്‍സര്‍ അഥവാ അർബുദം. കാന്‍സര്‍ വന്നാൽ മരണം ഉറപ്പാണ്, ചി​കി​ത്സി​ച്ചു മാ​റ്റാ​നാ​വില്ല, പ​ക​രു​ന്ന രോ​ഗ​മാ​ണ് എന്ന് തുടങ്ങി നിരവധി മിഥ്യാ ധാരണകൾ പലർക്കുമുണ്ട്. ഇത്തരം തെറ്റിദ്ധാരണകൾ മാറ്റിവച്ചുകൊണ്ട് കാന്‍സറിനെപ്പറ്റി വ്യക്തവും കൃത്യവുമായ അറിവുണ്ടാവുക എന്നത് ദേശീയ കാന്‍സര്‍ അവബോധ ദിനത്തിന്റെ അനിവാര്യതയാണ്. കാന്‍സറിനെ സമയബന്ധിതമായി ചെറുക്കുന്നതിനായി നേരത്തെയുള്ള രോഗനിർണയത്തിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വർഷവും നവംബർ 7-ന് ദേശീയ കാൻസർ ബോധവത്കരണ ദിനം ആചരിക്കുന്നത്.

കാൻസറിന്റെ ഒരു പ്രധാന പ്രശ്നമെന്നത് വൈകിയുള്ള രോഗനിർണയവും ശരിയായ ചികിത്സ നൽകാത്തതുമാണ്. കാൻസർ സൂചനകളെപ്പറ്റിയുള്ള അറിവ് നമുക്കുണ്ടാവണം. പ്രധാനമായും ശരീരത്തിലുള്ള മുഴകളും തടിപ്പുകളും ശ്രദ്ധിക്കണം. വായിൽ കാണപ്പെടുന്ന വെളുത്തപാടുകൾ, പുകവലിക്കുന്നവരിൽ കാണുന്ന ഒച്ചയടപ്പും തുടർച്ചയായ വരണ്ട ചുമയും, അസാധാരണമായ രക്തസ്രാവം എന്നിവ സംശയിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് 50 വയസിനു മുകളിലുള്ളവരാണെങ്കിൽ ഉറപ്പായും ചികിത്സ തേടണം. ആഹാരം കഴിക്കാനുള്ള ബുദ്ധിമുട്ടുണ്ടെങ്കിലും ഉണങ്ങാത്ത മുറിവുകൾ വലുതായി വരുന്നുവെങ്കിലും ശ്രദ്ധിക്കണം. സ്തനങ്ങളിൽ വരുന്ന തടിപ്പുകൾ, നിപ്പിളിലൂടെയുള്ള ഡിസ്ചാർജ്, കക്ഷത്തു കാണുന്ന കഴലകൾ എന്നിവ സ്ത്രീകളും ശ്രദ്ധിക്കണം.

കാൻസറിന്റെ പ്രധാന കാരണം ജനിതകമാണ്. ജീനുകളിൽ വരുന്ന മാറ്റങ്ങളാണ് അടിസ്‌ഥാനപരമായ കാരണം. എന്നാലത് വരാനുള്ള ഓരോ ഘടകങ്ങളുണ്ട്. ഭക്ഷണശീലം, മദ്യപാനം, പുകവലി എന്നിവയൊക്കെ ഇതിന് കാരണമാകാം. കോശങ്ങളിലെ ജീനുകളിലാണ് മാറ്റങ്ങളുണ്ടാവുന്നത്. അന്തരീക്ഷ മലിനീകരണമുൾപ്പടെയുള്ള നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും പല രീതിയിൽ ബാധിക്കാന്‍ സാധ്യതയുണ്ട്. വ്യായാമ രഹിതമായ ജീവിതവും മറ്റൊരു ഘടകമാണ്.

പല കാൻസർ രോഗികളും മരണത്തിന് കീഴടങ്ങുന്നത് രോഗം നേരത്തെ തിരിച്ചറിയാത്തതുകൊണ്ടാണ്. നമ്മൾ കേൾക്കുന്നത് മുഴുവൻ രോഗം വന്നു മരിച്ചവരുടെ വിവരമാണ്. അതിജീവിച്ചവരുടെ വാർത്ത പലരും അറിയാറില്ല. അതിജീവിക്കുന്ന ഒട്ടേറെപ്പേരുണ്ട്. കാൻസർ വന്നാൽ മരിക്കുമെന്നുള്ള കാഴ്ചപ്പാട് ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പക്ഷെ അത് തെറ്റാണ്. നേരത്തെ കണ്ടുപിടിക്കുകയും നല്ല ചികിത്സ കൃത്യമായ സമയത്ത്‌ നൽകുകയും ചെയ്താൽ രോഗിയെ നമുക്ക് രക്ഷിക്കാനാവും. രോഗലക്ഷണങ്ങളെപ്പറ്റിയുള്ള അവബോധം ഉണ്ടാകണമെന്നതാണ് മറ്റൊരു പ്രധാന കാര്യം.
ഡോ. മോഹനൻ നായർ, കാൻസർ രോഗ വിദഗ്ധൻ

ലക്ഷണങ്ങൾ ഇവ

ശരീരത്തില്‍ ഉണ്ടാകുന്ന മുഴകളും തടിപ്പും

ഉണങ്ങാത്ത മുറിവുകൾ

അസാധാരണവും ആവര്‍ത്തിച്ചുമുള്ള രക്തസ്രാവം

തുടരെത്തുടരെയുള്ള ദഹനക്കേട്, വയറു വേദന

നിർത്താതെയുള്ള ചുമ

ആഹാരം ഇറക്കാനുള്ള പ്രയാസം

സ്തനങ്ങളിൽ കാണുന്ന കഴല, നിപ്പിളിലെ ഡിസ്ചാർജ്

കാന്‍സര്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​രി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ നേ​ര​ത്തെ പ​രി​ശോ​ധി​ച്ച് ക​ണ്ടു​പി​ടി​ക്കാ​​നു​ള്ള പ​രി​ശോ​ധ​ന​ക​ളാ​ണ് കാന്‍സര്‍ ‍സ്‌​ക്രീ​നി​ങ്. രോ​ഗം തു​ട​ക്കത്തി​ലേ ക​ണ്ടെ​ത്തി​യാ​ല്‍ ചി​കി​ത്സി​ച്ചു മാ​റ്റാ​വു​ന്ന​തേ​യു​ള്ളൂ. കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും സാ​ധാ​ര​ണ​മാ​യ സ്ത​നാ​ര്‍ബു​ദം, വാ​യി​ലെ കാന്‍സ​ർ, കുടലിലെ കാൻസർ എന്നിവ വ​ള​രെ നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കാം. മാമോഗ്രാഫിയിലൂടെ രോഗലക്ഷങ്ങൾക്കു മുമ്പേ തന്നെ രോഗം തിരിച്ചറിയാൻ കഴിയും. 35 വയസുകഴിഞ്ഞ സ്ത്രീകൾ രണ്ടു വർഷത്തിലൊരിക്കലെങ്കിലും ഇത് ചെയ്യണം. കുടലിലുണ്ടാകുന്ന ക്യാൻസർ തിരിച്ചറിയാൻ കൊളണോസ്‌കോപ്പി ചെയ്യാം. കൊളണോസ്‌കോപ്പി പരിശോധനയിലൂടെ ഡോക്ടര്‍ക്ക് കുടലിന്റെയും മലദ്വാരത്തിന്റെയും അകവശത്ത് മുഴകളുണ്ടോ എന്നറിയാം. മലദ്വാരത്തിലൂടെ കാമറ ഘടിപ്പിച്ച പ്രത്യേക ട്യൂബ് കടത്തിയുള്ള പരിശോധനയാണിത്.

ശരീര കോശങ്ങളെടുത്ത് മൈക്രോസ്‌കോപ്പിലൂടെ പരിശോധിക്കുകയാണ് ബയോപ്‌സിയിലൂടെ ചെയ്യുക. ഇത് രോഗനിര്‍ണയത്തിന് മാത്രമല്ല ചികിത്സാരീതി തീരുമാനിക്കാനും വിജയ സാധ്യതകള്‍ പ്രവചിക്കാനും സഹായകരമാകുന്നു. ഗര്‍ഭാശയത്തില്‍ നിന്ന് കൊഴിഞ്ഞു വീഴുന്ന കോശങ്ങള്‍ സ്പാച്ചുല എന്നൊരു ഉപകരണം കൊണ്ട് ശേഖരിച്ച് ഒരു ഗ്ലാസ് സ്ലൈഡില്‍ പരത്തി കെമിക്കല്‍ റീ ഏജന്റുകള്‍ കൊണ്ട് നിറം നല്‍കി മൈക്രോസ്‌കോപ്പിലൂടെ പരിശോധിച്ച് മാറ്റങ്ങള്‍ കണ്ടു പിടിക്കുന്ന രീതിയാണ് പാപ് സ്മിയര്‍ ടെസ്റ്റ്. 10 വര്‍ഷം കഴിഞ്ഞ് ക്യാന്‍സറായി മാറാന്‍ സാധ്യതയുണ്ടെങ്കില്‍ ഇതിലൂടെ മനസിലാക്കി ചികിത്സ ലഭ്യമാക്കാം. എ​ക്‌​സ്‌​റേ, അ​ള്‍ട്രാ​സൗ​ണ്ട് സ്‌​കാ​ന്‍, എംആ​ര്‍ഐ സ്‌​കാ​ന്‍, സി ടി സ്റ്റാ​ന്‍, പെ​റ്റ് സ്‌​കാ​ന്‍ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ പ​ല കാ​ന്‍സ​റു​ക​ളും ക​ണ്ടെ​ത്താം. ഏ​തു ത​രം ക്യാന്‍സറാ​യാ​ലും രോ​ഗം സ്ഥി​രീ​ക​രി​ക്കാ​ന്‍ കോ​ശ പ​രി​ശോ​ധ​ന ത​ന്നെ വേ​ണം.

കൃത്യമായ ജീവിത ശൈലിയിലൂടെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെയും ഒരു പരിധി വരെ നമുക്ക് കാന്‍സറിനെ ചെറുത്തുതോൽപ്പിക്കാം. തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ കാന്‍സര്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്ന തലത്തിലേക്ക് നമ്മുടെ ആരോഗ്യ രംഗവും വളര്‍ന്ന് കഴിഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com