കോവിഡ് വന്നുപോയിട്ടും തുടരുന്ന ക്ഷീണം, അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍

കൊവിഡ് ബാധിച്ചവരില്‍ പലരും അതിന്‍റെ അനന്തരഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്
കോവിഡ് വന്നുപോയിട്ടും തുടരുന്ന ക്ഷീണം, അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍

ലോകത്തെയാകമാനം പിടിച്ചുലച്ച മഹാമാരിയാണ് കൊവിഡ്. ഹസ്തദാനം പോലും വിലക്കി രണ്ട് വര്‍ഷക്കാലമാണ് ഇത്തിരിക്കുഞ്ഞനായ ഒരു വൈറസ് മനുഷ്യരെ വീട്ടിലിരുത്തിയത്. ഭീതിയൊഴിഞ്ഞ ഒരു വര്‍ഷത്തിനിപ്പുറവും പുതിയ വകഭേദങ്ങളുമായി കൊവിഡ് ഇപ്പോഴും നമുക്കിടയിലുണ്ട്. ലോങ് കൊവിഡ് എന്ന അവസ്ഥയാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. കൊവിഡ് ബാധിച്ചവരില്‍ പലരും അതിന്‍റെ അനന്തരഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

അതിജീവിതരായ ചിലരില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ദീര്‍ഘകാല അനുബന്ധ പ്രശ്‌നങ്ങളാണ് 'ലോങ് കൊവിഡ്' എന്നറിയപ്പെടുന്നത്. പോസ്റ്റ് കൊവിഡ്, പോസ്റ്റ് അക്യൂട്ട് കൊവിഡ്, ലോങ് ടെയില്‍ കൊവിഡ്, ലോങ് ഹോള്‍ കൊവിഡ് എന്നീ പേരുകളിലും ലോങ് കൊവിഡ് അറിയപ്പെടുന്നു.

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ (എഎംഎ) കണക്ക് പ്രകാരം ലോകമെമ്പാടുമുള്ള 65 മില്ല്യണില്‍ കൂടുതല്‍ ആളുകളെ ഇപ്പോഴും ലോങ് കൊവിഡ് ബാധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് മുക്തമായാലും കടുത്ത ക്ഷീണവും ശ്വാസകോശ-മസ്തിഷ്‌ക സംബന്ധമായ പ്രയാസങ്ങളുമായിരിക്കും ലോങ് കൊവിഡ് ബാധിതര്‍ അനുഭവിക്കുന്നത്. രോഗബാധ ആരംഭിച്ച് 12 ആഴ്ചയെങ്കിലും ലോങ് കൊവിഡിന്റെ ലക്ഷണങ്ങള്‍ നിലനില്‍ക്കും. അതുകൊണ്ട് കൊവിഡ് പോലെത്തന്നെ ലോങ് കൊവിഡിനെയും വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.

ലോങ് കൊവിഡ് ബാധിതരുടെ ജീവിതം ക്യാന്‍സര്‍ ബാധിതരുടെ ജീവിതത്തേക്കാള്‍ ദുരിതപൂര്‍ണമാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടന്‍, യൂണിവേഴ്‌സിറ്റി ഓഫ് എക്‌സറ്റര്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. ലോങ് കൊവിഡ് ബാധിതര്‍ മറ്റ് ഗുരുതര രോഗബാധിതരെ അപേക്ഷിച്ച് കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ ജീവിതമാണ് നയിക്കുന്നത്. പക്ഷാഘാതം, ഇന്‍ഫ്‌ളമേറ്ററി ബോവല്‍ ഡിസീസ് (ഐബിഡി), കിഡ്‌നി സംബന്ധ രോഗങ്ങളുടെ അവസാന ഘട്ടം, അനീമിയയോട് കൂടിയ ക്യാന്‍സര്‍ എന്നീ രോഗബാധിതരേക്കാള്‍ മോശം ജീവിതാവസ്ഥയിലൂടെയാണ് ലോങ് കൊവിഡ് രോഗികള്‍ കടന്നുപോകുന്നത്.

ലോങ് കൊവിഡ് ആരിലൊക്കെ?

ലോങ് കൊവിഡ് ബാധിതരില്‍ കഠിനമായ ക്ഷീണം അനുഭവിക്കുന്നത് കാരണമുണ്ടാകുന്ന പ്രവര്‍ത്തന വൈകല്യങ്ങള്‍ പക്ഷാഘാത രോഗികളേക്കാള്‍ മോശമാണെന്നും പാര്‍ക്കിന്‍സണ്‍ രോഗ ബാധിതരുടേതിന് തുല്യമാണെന്നുമാണ് പഠനം തെളിയിക്കുന്നത്. എന്നാല്‍ എല്ലാ ലോങ് കൊവിഡ് ബാധിതരും ഇത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നില്ല.

കൊവിഡ് അതിജീവിതരില്‍ വെറും 17 ശതമാനം പേരില്‍ മാത്രമേ ലോങ് കൊവിഡ് ബാധിക്കുന്നുള്ളൂ. അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ശ്വാസകോശരോഗങ്ങള്‍, വിഷാദരോഗം എന്നിവയുള്ളവരിലാണ് ലോങ് കൊവിഡ് കൂടുതലായി ബാധിക്കുന്നതെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. 40 വയസ്സിന് മുകളിലുള്ളവര്‍, സ്ത്രീകള്‍, പുകവലിക്കുന്നവര്‍, അമിതവണ്ണം ഉള്ളവര്‍ എന്നിവരിലും ലോങ് കൊവിഡ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും മറ്റൊരു പഠനം കണ്ടെത്തിയിട്ടുണ്ട്.

ലോങ് കൊവിഡിന്റെ ലക്ഷണങ്ങള്‍

1. ക്ഷീണം

2. ശ്വാസതടസ്സം

3. കഫക്കെട്ട്

4. സന്ധിവേദന

5. നെഞ്ച് വേദന

6. ഓര്‍മ്മക്കുറവ്

7. വിഷാദരോഗം

8. പേശീവേദന

9. തലവേദന

10. ഇടവിട്ടുള്ള പനി

11. ഹൃദയമിടിപ്പ് കൂടുക

മണവും സ്വാദും അറിയുന്നതില്‍ പ്രശ്‌നം, മുടി കൊഴിച്ചില്‍, കൃത്യമല്ലാത്ത ശ്വാസകോശ പ്രവര്‍ത്തനം, ഉറക്കമില്ലായ്മ, ഉത്ക്കണ്ഠ എന്നിവയും ലോങ് കൊവിഡിന്റെ ലക്ഷണങ്ങളാണ്. ആരോഗ്യകരമായ ഭക്ഷണക്രമം, ആവശ്യത്തിന് വിശ്രമം, മിതമായ വ്യായാമം എന്നിവ പാലിക്കുന്നതിലൂടെ ലോങ് കൊവിഡിനെ നിയന്ത്രിക്കാം. ലോങ് കൊവിഡ് ബാധിതര്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറെ സമീപിക്കണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com