മാനസിക സമ്മര്‍ദ്ദവും കംഫര്‍ട്ട് ഫുഡും

തങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന സമ്മര്‍ദ്ദം കുറക്കുന്നതിന് വേണ്ടിയാണ് കംഫര്‍ട്ട് ഫുഡുകള്‍ കഴിക്കുന്നത്
മാനസിക സമ്മര്‍ദ്ദവും കംഫര്‍ട്ട് ഫുഡും

'ടെന്‍ഷന്‍ വന്നാല്‍ ഞാന്‍ നല്ലോണം ഭക്ഷണം കഴിക്കും', 'ഒരുപാട് ഭക്ഷണം കഴിച്ചാല്‍ എന്റെ ടെന്‍ഷനും സ്‌ട്രെസ്സുമെല്ലാം മാറും', നമ്മള്‍ മിക്കവരും ഇങ്ങനെയാണ്. മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്നതിന് പലപ്പോഴും ഭക്ഷണത്തെ അവലംബിക്കുന്നവരാണ് പുതിയ തലമുറയില്‍ പലരും. 'സ്‌ട്രെസ്സ് ഈറ്റിംഗ്' എന്ന പദം തന്നെ ഇംഗ്ലീഷിലുണ്ട്. ഈ സമയങ്ങളില്‍ നമ്മള്‍ 'കംഫര്‍ട്ട് ഫുഡ്' കഴിക്കാനായിരിക്കും ആഗ്രഹിക്കുക. എന്നാല്‍ ഇത്തരത്തില്‍ കംഫര്‍ട്ട് ഫുഡ് കഴിക്കുന്നതിലൂടെ പല ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ഗര്‍വാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകരാണ് പഠനം നടത്തിയത്. സമ്മര്‍ദ്ദം ഉണ്ടാകുന്ന സമയം കംഫര്‍ട്ട് ഫുഡ് കഴിക്കുമ്പോള്‍ ആവശ്യത്തിനുള്ള ഭക്ഷണം കഴിച്ചെന്ന് അറിയുന്നതിനുള്ള തലച്ചോറിലെ സംവിധാനം സ്വിച്ച് ഓഫ് ചെയ്യപ്പെടുന്നുവെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഇത് കാരണം അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നു. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നത് പോലുള്ള പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

എന്താണ് കംഫര്‍ട്ട് ഫുഡ്?

മാനസികപിരിമുറുക്കവും സമ്മര്‍ദ്ദവും അനുഭവപ്പെടുമ്പോള്‍ നമ്മള്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളെയാണ് കംഫര്‍ട്ട് ഫുഡുകള്‍ എന്ന് പറയുന്നത്. തങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന സമ്മര്‍ദ്ദം കുറക്കുന്നതിന് വേണ്ടിയാണ് കംഫര്‍ട്ട് ഫുഡുകള്‍ കഴിക്കുന്നത്. ഇത്തരം ഭക്ഷണങ്ങള്‍ പൊതുവെ സ്വാദിഷ്ടമായിരുക്കും. അതേസമയം കൂടുതല്‍ കൊഴുപ്പും ഷുഗറും കലോറിയും കൂടിയതായിരിക്കും.

കംഫര്‍ട്ട് ഫുഡ് മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് എങ്ങനെ?

മാനസികമായി നമുക്ക് സുഖം പകരുന്നതിനോടൊപ്പം തന്നെ ഇത്തരം ഭക്ഷണങ്ങള്‍ക്ക് ആളുകളില്‍ ഗൃഹാതുരത്വവും വൈകാരികവുമായ ബന്ധവും ഉണ്ടാകുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ഉദാഹരണത്തിന് ഒരാളുടെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട ഭക്ഷണമോ പ്രത്യേക വ്യക്തികളുമായോ സ്ഥലങ്ങളുമായോ സമയങ്ങളുമായോ ബന്ധപ്പെട്ട ഭക്ഷണങ്ങളായിരിക്കും ഒറ്റപ്പെട്ട് ഇരിക്കുമ്പോഴോ അല്ലെങ്കില്‍ മാനസികമായി തളര്‍ന്നിരിക്കുമ്പോഴോ നമ്മള്‍ കഴിക്കാനാഗ്രഹിക്കുന്നത്. മാത്രമല്ല ഇത്തരം ഭക്ഷണങ്ങള്‍ സെറോടോണിന്‍ പോലുള്ള സന്തോഷം നല്‍കുന്ന ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് കാരണം അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സമ്മര്‍ദ്ദം ഒരു പരിധി വരെ കുറയുകയും ഉന്മേഷം ലഭിക്കുകയും ചെയ്യുന്നു.

കംഫര്‍ട്ട് ഫുഡ് ഒരു നല്ല പരിഹാരമാണോ?

കംഫര്‍ട്ട് ഫുഡ് കഴിക്കുന്നതിലൂടെ ശരീരഭാരം കൂടുന്നു. പിന്നെ എങ്ങനെയാണ് മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കുന്നതിനുള്ള നല്ലൊരു പരിഹാരമാര്‍ഗമായി കംഫര്‍ട്ട് ഫുഡിനെ കണക്കാക്കുക?

കൊഴുപ്പ് അധികം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പെട്ടെന്ന് ഊര്‍ജം ലഭിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഇടക്ക് മാത്രം കംഫര്‍ട്ട് ഫുഡ് കഴിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് ചില ഗവേഷകരുടെ അഭിപ്രായം. അതേസമയം അമിതമായി കംഫര്‍ട്ട് ഫുഡ് കഴിക്കുന്നത് മദ്യപിക്കുന്നതിന് സമാനം തന്നെയാണെന്ന് ചില ഗവേഷകര്‍ വാദിക്കുന്നുണ്ട്. വളരെ ചുരുങ്ങിയ ഘട്ടങ്ങളില്‍ മാത്രം കംഫര്‍ട്ട് ഫുഡ് കഴിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ അമിത അളവില്‍ കംഫര്‍ട്ട് ഫുഡ് കഴിക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും വഴിവെക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com