'ഷുഗര്‍ ഫ്ലീ' ശരിക്കും ഷുഗര്‍ ഫ്ലീയോ?

രുചിയില്‍ വിട്ടുവീഴ്ച്ചയില്ലാതെ ആരോഗ്യകരമായി ഇഷ്ടമുളളത് കഴിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളുപ്പോള്‍ പിന്നെ പ്രമേഹത്തെയും കൊളസ്‌ട്രോളിനെയും ഭയപ്പെടേണ്ടതില്ലെന്ന മനോഭാവമാണ് ഭൂരിപക്ഷത്തിനും
'ഷുഗര്‍ ഫ്ലീ' ശരിക്കും ഷുഗര്‍ ഫ്ലീയോ?

ഉറക്കം വെടിയാന്‍ ബെഡ് കോഫി, ബ്രേക്ക് ഫാസ്റ്റിനൊപ്പം കടുപ്പത്തില്‍ ചായ, പതിനൊന്ന് മണിക്ക് ലൈറ്റ് ബ്ലാക്ക് ടീ. വൈകീട്ട് നാല് മണിക്ക് മറ്റൊരു ചായ. ശേഷം ജോലിഭാരം ഇറക്കിവെയ്ക്കാനൊരു സ്‌ട്രോങ് കൊഫി. ഇതിനിടയില്‍ മധുര പലഹാരങ്ങളും എണ്ണ പലഹാരങ്ങളും വേറെ. ഒരു ദിവസം ചായയില്‍ നിന്ന് തുടങ്ങുന്ന പഞ്ചസാരയുമായുള്ള മനുഷ്യന്റെ അഭേദ്യ ബന്ധം രാത്രിയിലെ അത്താഴത്തിന് ശേഷമുള്ള സ്വീറ്റ്‌സില്‍ വരെ നീണ്ടു നില്‍ക്കുന്നു എന്നത് അപൂര്‍വ സംഗതിയൊന്നുമല്ല. എന്നിരുന്നാലും മധുരവും കൊളസ്‌ട്രോള്‍ ഭക്ഷണങ്ങളും ഒഴിവാക്കാന്‍ സാധിക്കാത്തവര്‍ക്കായി കുറച്ച് കാലം മുന്‍പ് ഇറങ്ങിയ പകരക്കാരനാണ് ഷുഗര്‍ ഫ്രീ ഉല്‍പ്പന്നങ്ങള്‍.

രുചിയില്‍ വിട്ടുവീഴ്ച്ചയില്ലാതെ ആരോഗ്യകരമായി ഇഷ്ടമുളളത് കഴിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളുപ്പോള്‍ പിന്നെ പ്രമേഹത്തെയും കൊളസ്‌ട്രോളിനെയും ഭയപ്പെടേണ്ടതില്ലെന്ന മനോഭാവമാണ് ഭൂരിപക്ഷത്തിനും. ജീവിതശൈലി രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും ശരീരഭാരം കുറയ്ക്കാനും ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ടി പരിശ്രമിക്കുന്നവര്‍ക്കും ഇത്തരം പഞ്ചസാര രഹിത ഉല്‍പ്പന്നങ്ങള്‍ ഒരനുഗ്രമാണ്. എന്നാല്‍ കഴിക്കുന്ന എല്ലാം ഗുണനിലവാരമുള്ളതും വിശ്വസിച്ച് കഴിക്കാനാകുന്നതും തന്നെയാണോ? എറണാകുളം ഡോ. കെ എം ചെറിയാന്‍ മെമ്മോറിയല്‍ ആശുപത്രിയിലെ ഡയബറ്റോളജിസ്റ്റായ ഡോ. അനുപമ നായര്‍ പറയുന്നതിങ്ങനെ...

ഷുഗര്‍ ഫ്രീയിലെ ഷുഗര്‍ എങ്ങനെയുണ്ടാക്കുന്നു

ഷുഗര്‍ ഫ്രീ ഉല്‍പ്പന്നങ്ങളില്‍ പഞ്ചസാര ഇല്ല എന്നതുകൊണ്ട് തന്നെ കലോറിയുടെ അളവും കുറവായിരിക്കും. പ്രകൃതിദത്ത ഉല്‍പന്നങ്ങളില്‍ നിന്നാണ് ഷുഗര്‍ ഫ്രീ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നത്. ഇതുമൂലം പ്രമേഹം, ശരീരഭാരം, ഹൃദ്രോഗം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറവാണ്. സ്റ്റീവിയ എന്ന ശാസ്ത്രീയ നാമമുള്ള ചെടിയായ മധുര തുളസിയില്‍ നിന്നാണ് ഷുഗര്‍ ഫ്രീയ്ക്കുള്ള മധുരം നിര്‍മ്മിക്കുന്നത്. എന്നാല്‍ ഷുഗര്‍ ഫ്രീ എന്ന പേരില്‍ വരുന്ന പാനീയങ്ങളും ഭക്ഷണ പദാര്‍ത്ഥങ്ങളും എത്രകണ്ട് ഗുണമേന്മയുള്ളതാണെന്ന് പലപ്പോഴും തിരിച്ചറിയാതെ പോകുന്നുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ പഞ്ചസാര കഴിക്കുന്നതിനേക്കാള്‍ അപകടകരമാണ്. അതുകൊണ്ടുതന്നെ ഷുഗര്‍ ഫ്രീ എന്ന പേരില്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന എല്ലാത്തിന്റെയും ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.

ഷുഗര്‍ ഫ്രീ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത് ഡയബറ്റിക്ക് ആയിട്ടുള്ളവര്‍ക്കാണ്. കൂടാതെ, ഒരു കുടുംബത്തിലെ പ്രമേഹ പ്രശ്‌നങ്ങളുള്ളവര്‍ക്കും ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍ ഗുണമുള്ളതുപോലെ ദോഷവും ഇത്തരം പ്രോഡക്ടുകള്‍ക്കുണ്ട്. മിതമായ അളവില്‍ വേണം ഷുഗര്‍ ഫ്രീ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍. അമിതമായാല്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും. പ്രമേഹ രോഗികളായിട്ടുള്ളവരും പ്രമേഹം വരാന്‍ സാധ്യതയുള്ളവരും മാത്രം ഇതുപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലാത്തവര്‍ കഴിവതും ഒഴിവാക്കുക.

കൃത്രിമ പ്രമേഹ രഹിത ഉല്‍പ്പന്നങ്ങള്‍

ഉയര്‍ന്ന കമ്പനികളുടേതെന്ന പേരില്‍ പുറത്തിറങ്ങുന്ന എല്ലാ ഉല്‍പ്പന്നങ്ങളും കണ്ണടച്ചുപയോഗിക്കാന്‍ വരട്ടെ. പല തരത്തിലുള്ള ബിസ്‌ക്കറ്റുകളും പാനീയങ്ങളും വിശ്വസിച്ച് കഴിക്കാന്‍ ഇന്ന് കഴിയില്ല. അത്തരം വസ്തുക്കളില്‍ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നതെന്നു പോലും കണ്ടെത്താന്‍ പ്രയാസമാണ്. എത്രത്തോളം കെമിക്കല്‍ ചേര്‍ന്നതാണെന്ന് പറയാന്‍ കഴിയില്ല. അത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പഞ്ചസാരയേക്കാള്‍ വിഷവും അപകടകരവുമാണ് എന്നോര്‍ക്കുക. അമിതമായുള്ള എന്തുപയോഗവും ആപത്ത് തന്നെ. ഡോ. അനുപമ നായര്‍ പറഞ്ഞുവെയ്ക്കുന്നു.

ഒരു ദിവസം ഏത് അളവില്‍ ഷുഗര്‍ ഫ്രീ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം എന്നത് ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം നിശ്ചയിക്കുന്നതാണ് ഉചിതമെന്ന് വിദ്ഗധര്‍ പറയുന്നു. ഇത് ഷുഗര്‍ ഫ്രീ ഉല്‍പ്പന്നങ്ങളുടെ മാത്രം കാര്യമല്ല. ഫാറ്റ് ഫ്രീ, കൊളസ്‌ട്രോള്‍ ഫ്രീ എന്നിങ്ങനെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ വിപണിയിലുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ഗുണത്തോടൊപ്പം ഒരു ചെറിയ ശതമാനമെങ്കിലും ദോഷം ചെയ്യുമെന്നത് ഓര്‍മ്മയില്‍ വെയ്ക്കാം. '

Related Stories

No stories found.
logo
Reporter Live
www.reporterlive.com