കാല്‍നടയാത്രക്കാര്‍ക്കായി ഏഴ് പുതിയ പാലങ്ങള്‍, സുരക്ഷിതം ദുബായ്

ഗതാഗത സുരക്ഷയുടെ കാര്യത്തില്‍ നഗരത്തെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി മാറ്റുക എന്നതാണ് പുതിയ പരിഷ്കരണങ്ങളുടെ ലക്ഷ്യം.
കാല്‍നടയാത്രക്കാര്‍ക്കായി ഏഴ് പുതിയ പാലങ്ങള്‍, സുരക്ഷിതം ദുബായ്

ദുബായിലെ കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ഇനി വാഹനങ്ങളുടെ വേഗതയെ ഭയപ്പെടേണ്ട. ഏഴ് പുതിയ നടപ്പാലങ്ങള്‍ പ്രഖ്യാപിച്ച് ആര്‍ടിഎ. ദുബായ് ഹോസ്പിറ്റലിന് സമീപമുള്ള ഒമര്‍ ബിന്‍ ഖത്താബ് സ്ട്രീറ്റിനും അബൂബക്കര്‍ അല്‍ സിദ്ദിഖ് സ്ട്രീറ്റിനും ഇടയില്‍ അല്‍ ഖലീജ് സ്ട്രീറ്റിനെ ബന്ധിപ്പിക്കുന്ന പാലം പുതിയ നടപ്പാലങ്ങളില്‍ ഒന്നാണ്. കൂടാതെ ദുബായില്‍ 888 മീറ്റര്‍ നീളമുള്ള ആറ് നടപ്പാലങ്ങള്‍ കൂടി നിർമ്മിക്കും.

കാഴ്ചയ്ക്ക് മനോഹരമായ നൂതന ഘടകങ്ങള്‍, ഹൈടെക് ഇലക്ട്രോ മെക്കാനിക്കല്‍ സംവിധാനങ്ങള്‍, അലാറങ്ങള്‍, അഗ്‌നിശമന സംവിധാനം, വിദൂര നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. പ്രത്യേക ബൈക്ക് ട്രാക്കുകളും റാക്കുകളും പാലങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗതാഗത സുരക്ഷയുടെ കാര്യത്തില്‍ നഗരത്തെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി മാറ്റുക എന്നതാണ് പുതിയ പരിഷ്കരണങ്ങളുടെ ലക്ഷ്യം. ദുബായിയുടെ ട്രാഫിക് സുരക്ഷാ തന്ത്രത്തിന് അനുസൃതമായാണ് നടപ്പാലങ്ങളുടെ നിര്‍മ്മാണം നടക്കുന്നതെന്ന് ആര്‍ടിഎ എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതർ അല്‍ തായാര്‍ പറഞ്ഞു.

നിരന്തരമായി ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ കുറക്കാനായിട്ടാണ് ഈ ആശയം ആര്‍ടിഎ മുന്നോട്ട് വച്ചത്. രാജ്യത്തെ തിരക്കേറിയ മേഖലകളെ കേന്ദ്രീകരിച്ചാണ് പാലങ്ങള്‍ സ്ഥാപിക്കുന്നത്. പ്രധാനമായും നിരന്തരമായി വാഹനാപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍, ട്രാഫിക്ക് കൂടുതലുള്ള സ്ഥലങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവ പരിഗണിച്ചാണ് പാലങ്ങള്‍ സ്ഥാപിക്കുന്നത്. വാഹനമോടിക്കുന്നവര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ നടപടികളും നല്‍കികൊണ്ട് റണ്‍ ഓവര്‍ അപകടങ്ങളില്‍ നിന്നുള്ള മരണനിരക്ക് പൂജ്യമായി കുറയ്ക്കുക എന്ന ഉദ്ദേശത്തോടുകൂടിയുമാണ് നടപടി.

കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കിടെ പാലങ്ങളുടെ എണ്ണത്തില്‍ പതിമടങ്ങ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2006 ല്‍ 13 പാലങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ അത് 129 ആയി വര്‍ധിച്ചു. 2021-2026 കാലയളവിനുള്ളില്‍ 36 നടപ്പാലങ്ങള്‍ കൂടി നിര്‍മ്മിക്കാനാണ് ആര്‍ടിഎ ഉദ്ദേശിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ കാല്‍നടപ്പാലത്തിന്റെ എണ്ണം 165 ആയി ഉയരുമെന്ന് അല്‍ തായാര്‍ പറഞ്ഞു. രാജ്യത്തെ വിവിധ പ്രധാന മേഖലകളിലായി നിലവില്‍ ആറ് നടപ്പാലങ്ങളാണ് നിര്‍മ്മാണത്തിലുള്ളതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അല്‍ സഖറിനും അല്‍ മിന ഇന്റര്‍ സെക്ഷനുമിടയില്‍ അല്‍ മിന സ്ട്രീറ്റിലാണ് ഒരു പാലം. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിനും ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് സ്ട്രീറ്റിലാണ് മറ്റൊരു പാലം. രണ്ട് പാലങ്ങളിലും എലിവേറ്ററുകള്‍, പടികള്‍, അലാറം, അഗ്‌നിശമന സംവിധാനങ്ങള്‍, വിദൂര നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഇലക്ട്രോ മെക്കാനിക്കല്‍ സംവിധാനങ്ങള്‍ക്കുള്ള മുറി എന്നിവ സജ്ജീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ക്രീക്ക് ഹാര്‍ബറിനെയും റാസല്‍ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയെയും ബന്ധിപ്പിക്കുന്ന മൂന്നാമത്തെ നടപ്പാലം റാസല്‍ഖോര്‍ റോഡില്‍ നിര്‍മ്മിക്കും. സൈക്കിള്‍ യാത്രക്കാര്‍ക്കായി 1.9 മീറ്റര്‍ വീതിയുള്ള 120 മീറ്റര്‍ നീളമുള്ള രണ്ട് റാമ്പുകളും ഉണ്ടാകും. നാലാമത്തെ പാലം റാസല്‍ ഖോര്‍ റോഡില്‍ മര്‍ഹബ മാളിനും നദ്ദ് അല്‍ ഹമറിലെ വാസല്‍ കോംപ്ലക്സിനും കുറുകെ ആയാകും നിര്‍മ്മിക്കുക. അല്‍ഖൂസ് ക്രിയേറ്റീവ് റോഡിലെ അല്‍ മനാറ റോഡില്‍ അഞ്ചാമത്തെ പാലവും അറേബ്യന്‍ സെന്ററിന് എതിര്‍വശത്തുള്ള അല്‍ ഖവാനീജ് സ്ട്രീറ്റിലായിരിക്കും ആറാമത്തെ പാലം നിര്‍മിക്കുന്നത്.

റോഡുകള്‍ മുറിച്ച് കിടക്കുമ്പോള്‍ ദുബായ് സന്ദര്‍ശിക്കുന്ന പൗരന്മാരോടും താമസക്കാരോടും വിനോദസഞ്ചാരികളോടും ഫുട്ബ്രിഡ്ജുകളും സബ് വേകളും ഉപയോഗിക്കാന്‍ അല്‍ തായാര്‍ അഭ്യര്‍ത്ഥിച്ചു. അടുത്ത കാലത്തായി കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ പ്രാപ്തമാക്കുന്നതിന് സുരക്ഷിതമായ മൊബിലിറ്റി മാര്‍ഗങ്ങള്‍ നല്‍കുന്നതിന് ലക്ഷ്യമിട്ടുള്ള നടപ്പാലങ്ങള്‍ ആര്‍ടിഒ ഉദ്ഘാടനം ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com