ഔട്ട്പാസ് ലഭിച്ച ഉടനെ നാട് വിടണം; കര്‍ശന നി‍‍ർദേശവുമായി യുഎഇ

വിസയ്ക്കായി സമർപ്പിക്കുന്ന രേഖകൾ കൃത്യമല്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ റദ്ദാക്കപ്പെടുമെന്നും അധികൃത‍‍ർ അറിയിച്ചു.
ഔട്ട്പാസ് ലഭിച്ച ഉടനെ നാട് വിടണം; കര്‍ശന നി‍‍ർദേശവുമായി യുഎഇ

യുഎഇയിൽ നിയമവിരുദ്ധമായി താമസിക്കുന്നവ‍ർക്ക് ഔട്ട് പാസ് ലഭിച്ചാൽ ഉടൻ രാജ്യം വിടണമെന്ന് മുന്നറിയിപ്പ് നൽകി ഐഡന്‍റിറ്റി ആൻഡ് സിറ്റിസന്‍ഷിപ് കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി. ഐസിപി വെബ്‌സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ അല്ലെങ്കിൽ ഓഫീസ് വഴിയോ പിഴയടച്ചാൽ ഏഴ് ദിവസത്തെ പെർമിറ്റ് ലഭിക്കും. ഈ കാലയളവിനുള്ളിൽ ആ വ്യക്തി രാജ്യം വിടണമെന്നാണ് നിയമം‌. അതേസമയം നിയമം ലംഘിച്ച് രാജ്യത്ത് തുടരുകയാണെങ്കിൽ ശിക്ഷയായി പ്രതിദിനം 100 ദി‍ർഹം പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.

കാലവധി തീർന്ന വിസയുമായി രാജ്യത്ത് തുടരുന്നവ‍ർ നിശ്ചിത പിഴ അടച്ചാൽ ഔട്ട് പാസ് ലഭിക്കുമെന്നും അധികൃത‍ർ അറിയിച്ചു. യുഎഇയിൽ വെച്ച് ജനിച്ച കുട്ടികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യണമെങ്കിൽ വിസ ആവശ്യമാണ്. അതുകൊണ്ട് തന്നെ നവജാത ശിശുവിന്‍റെ വിസ നടപടികൾ പൂർത്തിയായില്ലെങ്കിൽ ഔട് പാസിന് അപേക്ഷിക്കാം. ഇതിനായി അധികൃതർ നിർദേശിച്ചത് പ്രകാരമുള്ള രേഖകളും പൂരിപ്പിച്ച അപേക്ഷയും നിശ്ചയിച്ച ഫീസും അടച്ചാൽ കുട്ടിയുടെ മാതാപിതാക്കളുടെ ഈ മെയിലേക്ക് ഔട്ട് പാസ് അയച്ചു നൽകും. കുട്ടികളുടെ വിസയ്ക്കായി നൽകുന്ന അപേക്ഷക്കാണ് കൂടുതൽ പരിഗണന ലഭിക്കുക.

വിസയ്ക്കായി സമർപ്പിക്കുന്ന രേഖകൾ കൃത്യമല്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ റദ്ദാക്കപ്പെടുമെന്നും അധികൃത‍‍ർ അറിയിച്ചു. ഒരിക്കൽ റദ്ദായ അപേക്ഷ രണ്ട് തവണ കൂടി അപേക്ഷിക്കാവുന്നതാണ്. വീണ്ടും റദ്ദായാൽ പിന്നീട് ഫീസ് അടച്ച് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു. സാധാരണ ഗതിയിൽ ഔട് പാസിനുള്ള നടപടികൾ പൂ‍ർത്തീകരിക്കുന്നതിന് ആറ് മാസമാണ് കാലാവധി. വ്യവസ്ഥകൾ കൃത്യമായി പാലിച്ചവ‍ർക്ക് അപേക്ഷയോടൊപ്പം അടച്ച തുക പിന്നീട് തിരിച്ചു ലഭിക്കും. ബാങ്ക് ചെക്കായും രാജ്യത്തിനകത്തുള്ള ധനവിനിമയ സ്ഥാപനങ്ങളിലേക്കും തുക കൈമാറും. വിദേശത്തുള്ള സ്ഥാപനങ്ങളിലേക്കാണെങ്കിൽ ഈ സൗകര്യം ലഭ്യമായിരിക്കില്ല.

കഴിഞ്ഞ വർഷം 10,000ത്തിലധികം അനധികൃത താമസക്കാരെയാണ് യുഎഇയിൽ നിന്നും പിടികൂടിയതെന്നാണ് അധികൃത‍ർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയവര്‍, നിയമ വിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചവര്‍, വ്യാജമായി റെസിഡൻസ് പെര്‍മിറ്റോ വിസയോ ഉണ്ടാക്കി തുടര്‍ന്നിരുന്നവര്‍, ഔദ്യോഗികാനുമതിയില്ലാതെ തൊഴില്‍ ചെയ്തിരുന്നവര്‍, വിസിറ്റ് വിസയിലെത്തി തൊഴില്‍ ചെയ്തിരുന്നവര്‍ എന്നിങ്ങനെയുള്ള വിഭാഗത്തില്‍ പെട്ടവരാണ് പിടിയിലായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com