കാലാവസ്ഥാ വ്യതിയാനം; ഇന്ത്യയിൽ ഈ വർഷം പൊലിഞ്ഞത് 233 ജീവനുകൾ

മാർച്ച് ഏപ്രിൽ മാസങ്ങളിൽ കാലം തെറ്റി പെയ്ത മഴ രാജ്യത്ത് വലിയ ദുരിതമാണുണ്ടാക്കിയത്. കഴിഞ്ഞ വർഷം പ്രതികൂല കാലാവസ്ഥയിലുണ്ടായ നാശനഷ്ടങ്ങളിലും ദുരന്തങ്ങളിലും പെട്ട് 3026 പേർ മരിച്ചു
കാലാവസ്ഥാ വ്യതിയാനം; ഇന്ത്യയിൽ ഈ വർഷം പൊലിഞ്ഞത് 233 ജീവനുകൾ

ലോകത്താകമാനം പതിറ്റാണ്ടുകളായി സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് കാലാവസ്ഥാ വ്യതിയാനം. കാലാവസ്ഥയിലെ മാറ്റങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളിൽ നമ്മുടെ രാജ്യത്ത് ഈ വർഷം 233 പേർക്കാണ് ജീവൻ നഷ്ടമായത്. വർഷം തോറും വ്യതിയാനങ്ങൾ കൂടി വരികയാണെന്ന് സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമന്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി മുതൽ ഏപ്രിൽ വരെയുളള ആദ്യ നാല് മാസത്തിനുള്ളിലെ കണക്കാണ് സിഎസ്ഇ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണവും ദിനംപ്രതി വർധിച്ചു വരികയാണ്.

മുൻവർഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന ദുരന്തങ്ങൾ ദിനംപ്രതിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മഴക്കാലമെന്നോ വേനൽക്കാലമെന്നോ വ്യത്യാസമില്ലാതെ പ്രകൃതി ദുരന്തങ്ങൾ ദിവസേനെ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുകയാണ്. പതിവില്ലാതെ സംഭവിക്കുന്ന പ്രളയം പോലുള്ള പല പ്രകൃതിദുരന്തങ്ങളും ഇതിന് ഉദാഹരണമാണ്.

കാലാവസ്ഥാ വ്യതിയാനത്തോടെ സംഭവിച്ച പ്രധാന കാര്യമാണ് അന്തരീക്ഷ താപനിലയിലുണ്ടായ മാറ്റം. അന്തരീക്ഷത്തിന്റെ താപനില വര്‍ധിക്കുന്നത് കടല്‍നിരപ്പുയരാനും, മഴയുടെ അളവ് കുറയാനും, ശക്തമായ മഴയും കഠിനമായ വരള്‍ച്ചയുണ്ടാകാനും, സമുദ്രജലത്തിന്റെ അമ്ലത കൂടാനും കാരണമാകുന്നുണ്ട്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ സൂര്യാഘാതം, ചുഴലിക്കാറ്റ്, വരൾച്ച തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങൾ രാജ്യത്തെ നിരവധി ആളുകളുടെ ജീവൻ അപഹരിക്കാൻ കാരണമായി എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മനുഷ്യരുടെ പ്രവൃത്തികൾ ഒരു പരിധി വരെ കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമിതമായി പെട്രോളിയം ഉൽപ്പന്നങ്ങൾ കത്തിക്കുകയും കാടുവെട്ടിത്തെളിക്കുകയും മറ്റും ചെയ്യുന്നതിലൂടെ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവു വര്‍ധിക്കുന്നു. ഹരിതഗൃഹവാതകങ്ങളുടെ അളവ് അധികമായാല്‍ അന്തരീക്ഷത്തിന്റെ ചൂടും കൂടും. ഇതാണ് കാലാവസ്ഥാ വ്യതിയാനത്തിലേക്കു നയിക്കുന്നത്. പ്രതികൂല കാലാവസ്ഥ രാജ്യത്താകമാനമാണ് ദുരിതങ്ങൾ സൃഷ്ടിക്കുന്നത്. 2022ൽ ജനുവരി മുതൽ ഏപ്രിൽ വരെ മാത്രം കാലാവസ്ഥ ദുരന്തങ്ങളിൽ 86 പേരുടെ ജീവനാണ് രാജ്യത്ത് നഷ്ടമായത്. ദശലക്ഷക്കണക്കിന് ഹെക്ടർ കൃഷിയിടം നശിക്കുകയും ചെയ്തിരുന്നു. ഈ വർഷത്തെ കണക്ക് വ്യക്തമാക്കുന്നത് ഇതിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത് എന്നാണ്.

മാർച്ച് ഏപ്രിൽ മാസങ്ങളിൽ കാലം തെറ്റി പെയ്ത മഴ രാജ്യത്ത് വലിയ ദുരിതമാണുണ്ടാക്കിയത്. കഴിഞ്ഞ വർഷം പ്രതികൂല കാലാവസ്ഥയിലുണ്ടായ നാശനഷ്ടങ്ങളിലും ദുരന്തങ്ങളിലും പെട്ട് 3026 പേർ മരിച്ചു. 1.96 ദശലക്ഷം ഹെക്ടർ കൃഷിയിടം നശിക്കുകയും ചെയ്തു. അതേസമയം യുണൈറ്റഡ് നേഷൻസിന്റെ പ്രത്യേക ഏജൻസിയായ വേൾഡ് മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുപ്രകാരം 1970 നും 2021 നും ഇടയിൽ കാലാവസ്ഥയിലെ പ്രതികൂല സാഹചര്യങ്ങൾ മൂലം ഇന്ത്യയിൽ 573 ദുരന്തങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതിലെല്ലാം കൂടി 1,38,377 ജീവനാണ് പൊലിഞ്ഞത്. കാലാവസ്ഥാ വ്യതിയാനം ഇതേ രീതിയിൽ പോയാൽ 2050 ആകുമ്പോഴേക്കും രാജ്യത്തെ 30 കോടി മനുഷ്യർ താമസിക്കുന്ന പ്രദേശങ്ങൾ സ്ഥിരം വെള്ളക്കെട്ടിനടിയിലാകും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ ചെറുത്ത് നിൽക്കാൻ മനുഷ്യന്റെ ചെറിയ പ്രയത്നം മതിയാവില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com