പ്രകൃതി ദുരന്തങ്ങളിൽപ്പെട്ടാൽ നഷ്ടപരിഹാരം എങ്ങനെ ലഭിക്കും?

പ്രകൃതി ദുരന്തങ്ങളിൽപ്പെട്ടാൽ നഷ്ടപരിഹാരം എങ്ങനെ ലഭിക്കും?

കേരളത്തിലുടനീളം പ്രകൃതി ദുരന്തങ്ങളിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത്. മഴക്കാലമായതോടെ സംസ്ഥാനത്തിന്റെ പല ഭാഗത്തും ജനങ്ങൾ ആശങ്കയിലുമാണ്. മഴക്കാല ദുരിതങ്ങളിൽപ്പെട്ട് പല സ്ഥലങ്ങളിലും വെള്ളം കയറി വീടുകളും വസ്തു വകകളും കൃഷി സ്ഥലങ്ങളും നശിക്കുന്നു. ഹൈറേഞ്ച് മേഖലകളിൽ ഉരുൾപ്പൊട്ടൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു. കവളപ്പാറയിലേയും പീരുമേട്ടിലേയും പുത്തുമലയിലേയുമൊക്കെ സംഭവങ്ങൾ അതിനുദാഹരണമാണ്. അതുപോലെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കടലാക്രമണം പോലുള്ള ദുരന്തങ്ങൾ നേരിടേണ്ടി വരുന്നു. മഹാമാരികളും പകർച്ചവ്യാധികളും നിരവധി മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുത്തുന്നു. ഇത്തരത്തിൽ പല പ്രശ്നങ്ങളും പ്രകൃതി ദുരന്തത്തിൽ സംഭവിക്കുന്നുണ്ട്. പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് എന്ത് നാശനഷ്ടങ്ങളുണ്ടായാലും സഹായിക്കാൻ സർക്കാർ സന്നദ്ധമാണ്.

എന്നാൽ പലപ്പോഴും സാധാരണ ജനങ്ങൾ നഷ്ടപരിഹാര തുക എങ്ങനെ ലഭ്യമാകും എന്ന കാര്യത്തിൽ ഏതൊക്കെ മാർഗങ്ങൾ സ്വീകരിക്കണമെന്ന് അഞ്ജരായിരിക്കും. ജനങ്ങളിലേക്ക് അതിനുള്ള കൃത്യമായ മാർഗനിർദേശങ്ങളും ചിലപ്പോൾ അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചില്ലെന്ന് വരാം. ഇത്തരം സാഹചര്യത്തിൽ വിവിധ പ്രകൃതി ദുരന്തങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ഏതെല്ലാം മാർഗങ്ങളിലൂടെയാണ് നഷ്ടപരിഹാര തുക ലഭിക്കുകയെന്നും ഏതൊക്കെ ദുരന്തങ്ങളിൽ പെട്ടവർക്കാണ് സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ കമ്മറ്റിയുടെ ധനസഹായം ലഭിക്കുന്നത് എന്നും അറിഞ്ഞിരിക്കാം.

കേരളത്തിൽ രണ്ട് തരത്തിലുള്ള മാർഗങ്ങളിലൂടെയാണ് ധനസഹായം ദുരന്തത്തിൽപ്പെട്ടവർക്ക് ലഭ്യമാവുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെയും സംസ്ഥാന ദുരന്തനിവാരണ ദുരിതാശ്വാസ നിധിയിലൂടെയുമാണ് ഈ തുക ലഭിക്കുന്നത്. സംസ്ഥാന ദുരന്ത പ്രതികരണ നിധി ,സംസ്ഥാന ദുരന്ത ലഘൂകരണ നിധി എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ ദുരന്തനിവാരണ ദുരിതാശ്വാസ നിധിക്കുണ്ട്. ദേശീയ ദുരന്ത നിവാരണ കമ്മറ്റിയുടെ കീഴിൽ ധനസഹായം ലഭ്യമാകാൻ സാധ്യമായ അംഗീകൃത ദുരന്തങ്ങൾ വെള്ളപ്പൊക്കം, വരൾച്ച, ഭൂകമ്പം, കൊടുങ്കാറ്റ്, തീപിടിത്തം, മഞ്ഞുവീഴ്ച്ച, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ്, മേഘ വിസ്ഫോടനം, സുനാമി, കീടങ്ങളുടെ ആക്രമണം, ഹിമപാതം ,കൊവിഡ് 19 എന്നിവയാണ്. ഇവയെ കൂടാതെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ച പ്രത്യേക ദുരന്തങ്ങൾ തീരദേശ മണ്ണൊലിപ്പ്, മിന്നൽ, ശക്തമായ കാറ്റ്, സൂര്യാഘാതം എന്നിവയാണ്.

ഈ ദുരന്തങ്ങൾക്കെല്ലാം നഷ്ടപരിഹാരം അവകാശപ്പെടാനായി സാധിക്കുന്നതാണ്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങളനുസരിച്ച് നാശനഷ്ടങ്ങൾ സംഭവിച്ചതിന്റെ തീവ്രത അനുസരിച്ചും രീതി അനുസരിച്ചും വിവിധങ്ങളായ സഹായങ്ങളാണ് ലഭിക്കുക. പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. മാനദണ്ഡങ്ങൾ കേന്ദ്ര സർക്കാർ പുതുക്കിയിട്ടുണ്ട്. നഷ്ടപരിഹാര തുകയിൽ വർധന ഉണ്ടായിട്ടുണ്ട്. പുതുക്കിയ മാനദണ്ഡങ്ങൾ കേരളത്തിൽ ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല.

എന്താണ് ചെയ്യേണ്ടത്?

പ്രകൃതി ദുരന്തത്തിൽ നാശ നഷ്ടങ്ങൾ സംഭവിച്ചവർക്ക് എസ്ഡിആർഎഫിൽ നിന്നും ധനസഹായം ലഭിക്കാൻ വില്ലേജ് ഓഫീസുകളെയാണ് സമീപിക്കേണ്ടത്. ദുരന്തത്തിലുണ്ടായ പ്രശ്നങ്ങൾ വിശദീകരിച്ച് അപേക്ഷയിൽ രേഖപ്പെടുത്തി വേണം സമർപ്പിക്കാൻ. വീട് തകർന്നവർ ആണെങ്കിൽ തകർന്ന വീടിന്റെ ഫോട്ടോയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും റേഷൻ കാർഡും സമർപ്പിക്കണം. ദുരന്തത്തിൽ മരണം സംഭവിച്ചതാണെങ്കിൽ എഫ്ഐആറിന്റേയും പോസ്റ്റ്മോർട്ടത്തിന്റേയും റിപ്പോർട്ട്, അപേക്ഷ സമർപ്പിക്കാൻ വന്നയാളും മരണപ്പെട്ടയാളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ എന്നിവ സമർപ്പിക്കണം.

വില്ലേജ് ഓഫീസിൽ നിന്നും മറ്റ് നടപടിക്രമങ്ങൾ ഓൺലൈൻ വഴിയായിരിക്കും ചെയ്യുക. ലഭിക്കുന്ന അപേക്ഷകൾ വില്ലേജ് ഓഫീസർ താലൂക്ക് ഓഫീസിലേക്ക് ഓൺലൈനായി കൈമാറും. അപേക്ഷ സ്ഥിരീകരിച്ചതിന് ശേഷം തഹസിൽദാർ ജില്ലാ കളക്ടറേറ്റിലുള്ള ദുരന്ത നിവാരണ അതോറിറ്റിക്കാണ് ഇവ കൈമാറുന്നത്. പരിശോധനക്കുശേഷം കളക്ടറുടെ അനുമതി ലഭിച്ചാലാണ് ധനസഹായം അപേക്ഷകന് ലഭ്യമാകുക. സാധാരണ ഗതിയിൽ കാലതാമസമില്ലാതെ തന്നെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാറുണ്ട്. കൊവിഡ് സമയത്ത് മരണം സംഭവിച്ചവരുടെ ആശ്രിതർക്ക് 50 ദിവസത്തിനുളളിൽ തന്നെ സഹായത്തുക ലഭ്യമാകാനുള്ള നടപടിക്രമങ്ങൾ ഉണ്ടായിരുന്നു. അതേ സമയം വലിയ രീതിയിലുളള ദുരന്തങ്ങൾ സംഭവിച്ചാൽ അടിയന്തര ധനസഹായങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. നഷ്ടപരിഹാര തുക എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കുമെന്നാണ് സർക്കാർ പറയുന്നത്.

വിവരങ്ങൾക്ക് കടപ്പാട് : ഫഹദ് മർസൂക്ക്, ഹസാർഡ് അനലിസ്റ്റ്, കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com