ഉടുക്കാന്‍ പഴത്തൊലി മുതല്‍ കോണ്ടം വരെ; 2023 ലെ ഫാഷന്‍ ട്രെൻഡുകൾ

ഫാഷന്‍ ലോകത്തെ ട്രെന്‍ഡുകള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രകടമാവുകയും മാറിമറിയുകയും ചെയ്തുകൊണ്ടിരുന്ന വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്
ഉടുക്കാന്‍ പഴത്തൊലി മുതല്‍ കോണ്ടം വരെ; 2023 ലെ ഫാഷന്‍ ട്രെൻഡുകൾ

പഴത്തൊലിയും ചാക്കും വരെ വസ്ത്രമാക്കിയ ഉര്‍ഫി ജാവേദ്, സെലിബ്രിറ്റികള്‍ പിങ്ക് നിറത്തെ ആഘോഷമാക്കിയ ബാര്‍ബികോര്‍ ഫാഷന്‍, യുഎസ് ഡിസൈനര്‍ കോണ്ടം കൊണ്ടൊരുക്കിയ ഗൗണ്‍, സേഫ്റ്റി പിന്‍ കൊണ്ടുള്ള ജീന്‍സ് ധരിച്ചെത്തിയ സാമന്ത... 2023 കടന്നുപോകുമ്പോള്‍ ഫാഷന്‍ ലോകം ചര്‍ച്ച ചെയ്ത, സാക്ഷ്യം വഹിച്ച, ട്രോളുകളേറ്റുവാങ്ങിയ ട്രെന്‍ഡുകള്‍ നിരവധിയാണ്. എന്തിനേറെപ്പറയുന്നു, പത്താന്‍ എന്ന ചിത്രത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രം വരെ രാഷ്ട്രീയ വിവാദങ്ങളിലൂടെ ശ്രദ്ധേയമായതും ഇതേ വര്‍ഷം തന്നെ. ഫാഷന്‍ ലോകത്തെ ട്രെന്‍ഡുകള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രകടമാവുകയും മാറിമറിയുകയും ചെയ്തുകൊണ്ടിരുന്ന വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്.

കാണുമ്പോള്‍ തന്നെ ആള്‍ക്കാരൊന്നു ശ്രദ്ധിക്കണം. 'ദെന്താണിത്' എന്ന മട്ടില്‍ നോക്കി നില്‍ക്കണം. അങ്ങനെ നോക്കി നിന്നുപോയ പല ട്രെന്‍ഡുകളും കണ്ടു. ചിലതൊക്കെ വലിയ സ്വീകാര്യത നേടി, ചിലതൊക്കെ പരിഹാസങ്ങളേറ്റുവാങ്ങി. ട്രെന്‍ഡി സണ്‍ ഗ്ലാസുകള്‍, ടീ-ഷര്‍ട്ടുകള്‍, ക്ലാസിക് ഷര്‍ട്ടുകള്‍, കാര്‍ഗോ പാന്റ്സ്, ബാഗി ജീന്‍സ്, ജാക്കറ്റുകള്‍, ഹൂഡികള്‍, പാദരക്ഷകള്‍, പുത്തന്‍ ഹെയര്‍ സ്‌റ്റൈലുകള്‍ എന്നിവയെല്ലാം വ്യത്യസ്തതകളാല്‍ തരംഗമായി. 'സോ ബ്യൂട്ടിഫുള്‍ സോ എലഗന്റ് ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗവ്' എന്ന് പലരും ഏറ്റു പറഞ്ഞു. പഴയ ട്രെന്‍ഡുകള്‍ ആവര്‍ത്തിച്ച കാലവും കൂടിയാണിത്.

ലോവേസ്റ്റ് ജീന്‍സൊക്കെ ഔട്ട് ഓഫ് ഫാഷനായി. ബാഗി പാന്റ്‌സ്, പ്ലസ് സൈസ് ടി ഷര്‍ട്ട് എന്നിവ ധരിച്ച 'ജെന്‍സി' ടീംസിനെ 2023 കണ്ടു. പ്രിന്റഡ് ഷര്‍ട്ടും ബാഗീ ജീന്‍സുമണിഞ്ഞ് ചുള്ളന്‍ ലുക്കില്‍ മമ്മൂക്കയെത്തിയതും ഫാഷന്‍ ലോകത്തെ ചര്‍ച്ചയായി. ആലിയ ഭട്ട്, സോനം കപൂര്‍, മാധുരി ദീക്ഷിത്, പ്രിയങ്ക ചോപ്ര, ഐശ്വര്യ റായ്, മഞ്ജു വാര്യര്‍ തുടങ്ങിയവരെല്ലാം ഫാഷന്‍ ലോകത്ത് നിറഞ്ഞു നിന്നു. ബിടിഎസ് പോലുള്ള സംഗീത ബ്രാന്‍ഡുകളുടെ ആരാധകര്‍ കൂടിയതോടെ അവരുടെ സ്‌റ്റൈലുകളും പലരും സ്വീകരിച്ചു. കൊറിയന്‍ ഡ്രസുകള്‍ വിപണി കീഴടക്കി. കൈകൊണ്ട് തുന്നിയെടുത്ത ക്രോഷേ വസ്ത്രങ്ങള്‍ കൂടുതല്‍ പേര്‍ ഏറ്റെടുത്തതും ഈ വര്‍ഷമാണ്.

സുഖകരവും അയഞ്ഞതുമായ ഈ വസ്ത്രങ്ങള്‍ ആകര്‍ഷണീയമാണ്. കൂടാതെ വേനല്‍ക്കാലത്ത് ഈ വസ്ത്രം ധരിക്കാന്‍ സുഖകരവുമാണ്. വളരെ പെട്ടെന്ന് ആളുകള്‍ക്കിടയില്‍ സ്വീകാര്യത ലഭിച്ച വസ്ത്രമാണ് കാര്‍ഗോ പാന്റ്സ്. മറ്റ് പാന്റ്സ് മോഡലുകളെ അപേക്ഷിച്ച് അയഞ്ഞതാണ് കാര്‍ഗോ മോഡല്‍. ഇതിനൊപ്പം നിറയെ പോക്കറ്റുകളുള്ളതും കാര്‍ഗോ പാന്റ്സിനെ ആകര്‍ഷണീയമാക്കുന്നു. 70-കളിലെ മാക്‌സി സ്‌കേര്‍ട്ട് ട്രെന്‍ഡും ഈ വര്‍ഷം തിരിച്ചെത്തി. ഡെനിം ക്ലോത്തുകള്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. 'സുസ്ഥിര ഫാഷന്‍' എന്ന ആശയത്തിലേക്കുള്ള ചുവടുവയ്പ്പിനും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. ലോകത്ത് മലിനീകരണത്തിനിടയാക്കുന്ന വ്യവസായങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ക്ലോത്തിങ്. അതുകൊണ്ടു തന്നെ എങ്ങനെയാണ് വസ്ത്രങ്ങളുണ്ടാകുന്നത്, അതിന്റെ വേസ്റ്റ് ഏതുരീതിയില്‍ പുറന്തള്ളപ്പെടുന്നു എന്നീ കാര്യങ്ങളെക്കുറിച്ചുള്ള അവബോധവും പ്രധാനമാണ്.

ഈ വെല്ലുവിളികള്‍ക്കുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുമിക്കുന്നതാണ് സസ്‌റ്റൈനബിള്‍ ഫാഷന്‍. അനുദിനം ട്രെന്‍ഡ് മാറാതെ, കൂടുതല്‍ കാലം നിലനില്‍ക്കുന്ന ഉത്പന്നങ്ങള്‍, അതു തയ്യാറാക്കുന്നവര്‍ക്ക് മികച്ച തൊഴില്‍ സാഹചര്യവും സുസ്ഥിരവരുമാനവും ഉറപ്പാക്കിക്കൊണ്ട് വിപണിയിലെത്തിക്കാന്‍ ഈ രംഗത്തുള്ളവര്‍ ശ്രമിക്കുന്നു. ഖാദിയും കൈത്തറിയും ലിനനും ചന്ദേരിയും ഉള്‍പ്പടെയുള്ള ഇന്ത്യയുടെ കൈത്തറി സമ്പത്തും ബാന്ദ്‌നി, അജ്‌റക്, കലംകാരി തുടങ്ങിയ പരമ്പരാഗത കരകൗശലവിദ്യകളും ഈ രീതിയില്‍ വസ്ത്രലോകത്ത് തിരിച്ചെത്തി.

വസ്ത്രങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, ഹെയര്‍ സ്‌റ്റൈല്‍, മേക്കപ്പ്, നെയില്‍ ആര്‍ട്ട്, ഹാന്‍ഡ്ബാഗ് എന്നിവയെല്ലാം ഈ വര്‍ഷം ആകര്‍ഷണീയമാം വിധം വ്യത്യസ്തത പുലര്‍ത്തി. കഞ്ചാവ് ചെടിയിൽ നിന്ന് വേർതിരിച്ചെടുത്ത ചണനാരുകൾ കൊണ്ടുണ്ടാക്കുന്ന ഹെംപ് ബാഗുകൾക്ക് പ്രചാരം ലഭിച്ചതും ഇക്കൊല്ലമാണ്. ഫാഷന്‍ എന്ന് പറയുന്നത് ട്രെന്‍ഡിന് അനുസരിച്ച് വസ്ത്രം ധരിക്കുന്നതോ ശരീരത്തിനും മുഖത്തിനും ഇണങ്ങുന്ന വസ്ത്രം തിരഞ്ഞെടുക്കുന്നതോ മാത്രമല്ല. അതിനുചേരുന്ന ആക്‌സസറികള്‍, ഹെയര്‍സ്‌റ്റൈല്‍ മുതലായവ പ്രകടമാക്കുന്നത് കൂടിയാണ്.

എപ്പോള്‍ വേണമെങ്കിലും ഒരാളുടെ സ്‌റ്റൈല്‍ മാറാമെന്നതും ഈ വര്‍ഷം കാണിച്ചു തന്നു. 2023 കഴിയുകയാണ്. പുതിയ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഫാഷന്‍ ലോകത്തെ ട്രെന്‍ഡുകളും മാറിമറിയുമെന്നുറപ്പ്....

Related Stories

No stories found.
logo
Reporter Live
www.reporterlive.com