ഭരണം നിശ്ചയിക്കുന്നതിൽ നിർണ്ണായകമായി ആ 16 സീറ്റുകൾ, ചന്ദ്രബാബു നായിഡു എന്ന 'കിങ്ങ് മേക്കർ'

543 അം​ഗ ലോക്സഭയിൽ കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകൾ വേണം. അതുകൊണ്ടുതന്നെ ചന്ദ്രബാബു നായിഡുവിന്റെ തീരുമാനങ്ങൾക്കും ഉപാധികൾക്കും ബിജെപി വഴങ്ങേണ്ടി വരുമെന്ന് തീർച്ചയാണ്
ഭരണം നിശ്ചയിക്കുന്നതിൽ നിർണ്ണായകമായി ആ 16 സീറ്റുകൾ, ചന്ദ്രബാബു നായിഡു എന്ന 'കിങ്ങ് മേക്കർ'

രാജ്യം ആര് ഭരിക്കണമെന്നതിൽ നിർണ്ണായകമായ 16 സീറ്റുകളാണ് തെലുങ്ക് ദേശം പാർട്ടിയുടെ അതികായൻ ചന്ദ്രബാബു നായിഡുവിൻ്റെ അക്കൗണ്ടിലുള്ളത്. ആന്ധ്രയുടെ വിശാലതാൽപ്പര്യം മുൻനിർത്തിയാവും ഈ 16 സീറ്റുകൾ നായിഡു വിനിയോഗിക്കുക എന്നതും നിശ്ചയമാണ്. ചന്ദ്രബാബു നായിഡുവിൻ്റെ തിരിച്ചുവരവ് 2024ലെ പൊതുതിരഞ്ഞെടുപ്പിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവാണ്. ചന്ദ്രബാബുവിനും തെലുങ്കുദേശത്തിനും ഈ തിരിച്ച് വരവ് അതിനാൽ തന്നെ നിർണ്ണായകമാണ്.

എട്ട് മാസങ്ങൾക്ക് മുമ്പ് അഴമിതി കേസിൽ ജയിലിലടയ്ക്കപ്പെട്ടതോടെ ചന്ദ്രബാബു നായിഡുവിന്റെ 50 വർഷം നീണ്ട രാഷ്ട്രീയ ജീവിതത്തിന്റെയും ടിഡിപിയുടെയും അസ്തമയമായെന്ന് കരുതിയവരുണ്ട്. എന്നാൽ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പാഠമാണ് ആന്ധ്ര ഈ തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും സീറ്റുകൾ തൂത്തുവാരിയാണ് നായിഡുവിന്റെ തിരിച്ചുവരവ്.

നിയമസഭാ സീറ്റുകൾ തൂത്തുവാരിയതിന് പുറമെ രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതിനുള്ള നിർണ്ണായക ശക്തികൂടിയായിരിക്കുകയാണ് ചന്ദ്രബാബു നായിഡു. 240 സീറ്റ് നേടിയെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ഇല്ലെന്നിരിക്കെ ഇനി എൻഡിഎയിലെ സഖ്യകക്ഷികളുടെ തീരുമാനമായിരിക്കും ബിജെപിക്ക് നിർണ്ണായകം. 543 അം​ഗ ലോക്സഭയിൽ കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകൾ വേണം. അതുകൊണ്ടുതന്നെ ചന്ദ്രബാബു നായിഡുവിന്റെ തീരുമാനങ്ങൾക്കും ഉപാധികൾക്കും ബിജെപി വഴങ്ങേണ്ടി വരുമെന്ന് തീർച്ചയാണ്.

ജയിൽവാസത്തിന് മുമ്പ് വരെ ബിജെപി-ചന്ദ്രബാബു നായിഡു ബന്ധം അത്ര സുഖകരമായിരുന്നില്ല. മുന്നണിയിൽ ഉണ്ടായിരുന്നപ്പോഴും നായിഡു അസ്വസ്ഥനായിരുന്നു. എന്നാൽ എൻഡിഎ സഖ്യത്തിലേക്ക് നായിഡുവിനെ നയിച്ചതിൽ പ്രധാന പങ്ക് ജനസേനയുടെ തലവൻ പവൻ കല്യാണിനാണ്. ഒരു സൂപ്പർ ഹീറോയെപ്പോലെ ജയിലിൽ ചന്ദ്രാബാബു നായിഡുവിന് മുന്നിൽ പ്രത്യക്ഷപ്പെട്ട പവൻ വരുന്ന തിരഞ്ഞെടുപ്പിൽ ജഗൻ മോഹൻ റെഡ്ഡിയെ താഴെയിറക്കാൻ ചന്ദ്രബാബു നായിഡുവിനൊപ്പം മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. നായിഡുവിനുള്ള ലൈഫ് ലൈനായാണ് അന്ന് പവൻ കല്യാണിന്റെ ഈ നീക്കത്തെ എല്ലാവരും നോക്കിക്കണ്ടത്. എന്തായാലും ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തെലുങ്ക് ദേശത്തിൻ്റെ നേതൃത്വത്തിൽ വിശാലമായ എൻഡിഎ സഖ്യം ആന്ധ്രയിൽ നിലവിൽ വന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ടിഡിപി 16, ബിജെപി മൂന്ന്, ജനസേനാ പാർട്ടി രണ്ട് എന്നിങ്ങനെയായിരുന്നു സഖ്യത്തിൻ്റെ സീറ്റ് നില. പ്രധാന എതിരാളികളായ വൈഎസ്ആർ കോൺ​ഗ്രസിനെ നാലു സീറ്റിലേയ്ക്ക് ഒതുക്കാനും ടിഡിപി സഖ്യത്തിന് സാധിച്ചിരുന്നു.

ചന്ദ്രബാബു നായിഡുവിൻ്റെ തിരിച്ചുവരവ്

തുടക്കം മുതലേ നരേന്ദ്രമോദിക്കെതിരെ ശബ്ദമുയർത്തിയിരുന്ന നായിഡുവിനോട് ഡൽഹിയിലെ ബിജെപി നേതൃത്വത്തിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. ഗോധ്ര കലാപത്തിന്റെ പശ്ചാത്തലത്തിൽ 2002 ൽ ​നരേന്ദ്രമോദിയെ കടന്നാക്രമിക്കുകയും രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത നേതാവിയിരുന്നു നായിഡു. മറ്റൊരിക്കൽ 2018 ൽ ആന്ധ്രക്ക് പ്രത്യേക പദവി നൽകുന്നില്ലെന്ന് ആരോപിച്ച് നായിഡു എൻഡിഎ മുന്നണി വിടുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വീണ്ടുമൊരു എൻഡിഎ സഖ്യം എളുപ്പമായിരുന്നില്ല. എന്നാൽ പവൻ കല്യാണിന്റെ നിരന്തരമായ ശ്രമഫലമായാണ് എൻഡിഎയിൽ നായിഡുവിന് നിലനിൽപ്പുണ്ടായതും മോദിക്കും അമിത് ഷായ്ക്കുമൊപ്പം നിൽക്കാൻ അവസരമുണ്ടായതും. തന്റെ പാർട്ടിയുടെ സീറ്റുകൾ പോലും പവൻ കല്യാൺ ഇതിനുവേണ്ടി വിട്ടുകൊടുത്തിരുന്നു. ബിജെപി ആറ് സീറ്റിൽ മത്സരിച്ചപ്പോൾ രണ്ട് സീറ്റിൽ മാത്രമാണ് ജെഎസ്പി മത്സരിച്ചത്.

കോൺഗ്രസിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച ചന്ദ്രബാബു നാായിഡു എൻ ടി രാമറാവുവിന്റെ മകളെ വിവാഹം ചെയ്തതോടെയാണ് ടിഡിപിയിൽ എത്തിയത്. 1980 ൽ 28-ാം വയസ്സിൽ എംഎൽഎയും മന്ത്രിയുമായി. രാമറാവുവിൻ്റെ മരണശേഷം ടിഡിപിയുടെ നേതൃത്വം കൈപ്പിടിയിലൊതുക്കിയ ചന്ദ്രബാബു നായിഡു 45-ാം വയസ്സിൽ ആന്ധ്രയുടെ മുഖ്യമന്ത്രിയായി. 2004 വരെ രണ്ട് തവണ മുഖ്യമന്ത്രി പദത്തിലിരുന്നു. എച്ച് ഡി ദേവ​ഗൗഡയും പിന്നീട് ഐ കെ ​ഗുജ്റാളും നയിച്ച ഐക്യമുന്നണിയുടെ കൺവീനറായാണ് നായിഡു ദേശീയ രാഷ്ട്രീയത്തിലേക്കെത്തുന്നത്. 1999ൽ എൻഡിഎയിൽ ടിഡിപി രണ്ടാമത്തെ ഒറ്റകക്ഷിയായി. അന്ന് 29 സീറ്റാണ് ടിഡിപിക്ക് ലോക്സഭയിൽ ഉണ്ടായിരുന്നത്.

എന്നാൽ ഇത്തവണ കൂടുതൽ കരുത്തോടെയാണ് ചന്ദ്രബാബു നായിഡുവിൻ്റെ തിരിച്ചുവരവ്. ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും അവസരം നൽകാതെ ദേശീയ തലത്തില്‍ കിങ്ങ് മേക്കറാവുകയാവും നായിഡുവിന്റെ ലക്ഷ്യം. എൻഡിഎയ്ക്കും ഇൻഡ്യ മുന്നണിക്കും തൻ്റെ പിന്തുണ നിർണ്ണായകമാണെന്നറിയുന്ന നായിഡു ഈ അവസരം നഷ്ടപ്പെടുത്താൻ സാധ്യതയില്ല. ഒരിക്കൽ നിഷേധിക്കപ്പെട്ട ആന്ധ്രയ്ക്കുള്ള പ്രത്യേക പദവി എന്ന ഉപാധിയാകും ലോക്സഭയിലെ പിന്തുണയ്ക്ക് പകരം നായിഡു ചോദിക്കുക. എന്‍ഡിഎയ്‌ക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് പറയുന്നതിനൊപ്പം നായിഡു സ്പീക്കർ പദവിയും ചോദിച്ചിട്ടുണ്ടെന്നാണ് വാർത്തകൾ. കേന്ദ്ര മന്ത്രിസഭയിൽ നിർണ്ണായക പ്രാതിനിധ്യമെന്ന ആവശ്യവും ടിഡിപി മുന്നോട്ട് വെച്ചേക്കും.

നിയമസഭയിലെ വിജയം ടിഡിപിക്ക് നൽകുന്ന ആത്മവിശ്വാസം വലുതാണ്. 2019 ൽ 23 സീറ്റ് നേടിയിടത്തുനിന്ന് 135 സീറ്റെന്ന വമ്പൻ വിജയമാണ് ടിഡിപി നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയത്. 112 സീറ്റുകളാണ് ഒറ്റയടിക്ക് അവർ കൂടുതലായി പിടിച്ചെടുത്തത്. അപ്പുറത്ത് ഭരണകക്ഷിയായിരുന്ന വൈഎസ്ആർ കോൺഗ്രസ് വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തി. ജനസേനാ പാർട്ടിക്കും താഴെയാണ് ഇന്ന് വൈഎസ്ആ‍ർ കോൺ​ഗ്രസിന്റെ ആന്ധ്രയിലെ സ്ഥാനം. 21 സീറ്റ് ജെഎൻപി നേടിയപ്പോൾ 11 സീറ്റ് മാത്രമാണ് വൈഎസ്ആർസിപിക്ക് ലഭിച്ചത്. ഒരു സീറ്റുപോലും ഇൻഡ്യ മുന്നണിക്ക് ആന്ധ്രയിൽ നേടാനായില്ലെന്നതും ശ്രദ്ധേയമായി. നിർണായക ശക്തിയാകുമെന്ന് കരുതിയ വൈ എസ് ശർമ്മിളയ്ക്കും ഇവിടെ സ്വാധീനം ചെലുത്താനിയില്ല. കടപ്പയിൽ നിന്ന് ലോക്സഭായിലേയ്ക്ക് മത്സരിച്ചെങ്കിലും ശർമ്മിളയ്ക്ക് വിജയിക്കാനായിരുന്നില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com