മികച്ച വിദ്യാഭ്യാസ ലോണുകള്‍ ഏതൊക്കെ; അറിയേണ്ട കാര്യങ്ങള്‍

നഴ്‌സറി മുതലുളള പഠനത്തിന് വിദ്യാഭ്യാസ വായ്പകള്‍ ലഭിക്കും. മുഴുവന്‍ സമയ കോഴ്‌സുകള്‍ക്കും പാര്‍ട് ടൈം കോഴ്‌സുകള്‍ക്കും വായ്പ ലഭിക്കും.
മികച്ച വിദ്യാഭ്യാസ ലോണുകള്‍ ഏതൊക്കെ; അറിയേണ്ട കാര്യങ്ങള്‍

ഉന്നത വിദ്യാഭ്യാസത്തിനൊരുങ്ങുന്നവര്‍ക്ക് വിദ്യാഭ്യാസ വായ്പ എടുക്കുന്നതിനുളള സൗകര്യം ഇന്ന് നമ്മുടെ ബാങ്കുകള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലുമാക്കിയിട്ടുണ്ട്. നഴ്‌സറി മുതലുളള പഠനത്തിന് വിദ്യാഭ്യാസ വായ്പകള്‍ ലഭിക്കും. മുഴുവന്‍ സമയ കോഴ്‌സുകള്‍ക്കും പാര്‍ട് ടൈം കോഴ്‌സുകള്‍ക്കും വായ്പ ലഭിക്കും. ഏതൊക്കെ കോഴ്‌സുകള്‍ക്കാണ് വിദ്യാഭ്യാസ വായ്പ നല്‍കേണ്ടതെന്ന് ബാങ്കുകള്‍ക്ക് തീരുമാനിക്കാം.

വിദ്യാഭ്യാസ വായ്പയുടെ നേട്ടങ്ങളും സവിശേഷതകളും

ഒരു കോടി രൂപ വരെയുളള ലോണുകള്‍ വിദ്യാഭ്യാസ വായ്പകള്‍ക്ക് കീഴില്‍ ലഭിക്കുന്നതാണ്. 15 വര്‍ഷം വരെയാണ് മിക്ക ബാങ്കുകളുടേയും വായ്പ തിരിച്ചടവ് കാലാവധി. ഇന്ത്യയിലും വിദേശത്തുമുള്ള പഠനത്തിനായി വിദ്യാഭ്യാസ ലോണുകള്‍ ലഭിക്കും. ചില ബാങ്കുകള്‍ വിദേശ പഠനത്തിനായുള്ള വിസയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ വായ്പ വിതരണം ചെയ്യാറുണ്ട്. വിദ്യാര്‍ത്ഥിനികള്‍ക്ക് പലിശയില്‍ ഇളവ് നല്‍കുന്ന ബാങ്കുകളുണ്ട്. അടച്ച പലിശയില്‍ എട്ട് വര്‍ഷം വരെ നികുതി ആനുകൂല്യങ്ങള്‍ നല്‍കുന്ന ബാങ്കുകളുമുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു വര്‍ഷം വരെ മൊറട്ടോറിയം കാലയളവ് മിക്ക ബാങ്കുകളിലും ലഭ്യമാണ്. ഈ കാലയളവില്‍ വായ്പയില്‍ പണം തിരിച്ചടിക്കേണ്ടതില്ല.

ഏതെല്ലാം കോഴ്‌സിന് വിദ്യാഭ്യാസ ലോണ്‍ ലഭിക്കും

അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവ നല്‍കുന്ന അംഗീകാരമുളള കോഴ്‌സുകള്‍ക്കെല്ലാം വിദ്യാഭ്യാസ വായ്പകള്‍ ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, യുജിസി, എഐസിടിഇ തുടങ്ങിയവര്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്ക് മാത്രമേ വിദ്യാഭ്യാസ വായ്പ ലഭിക്കുകയുളളൂ.

ബിരുദം, ബിരുദാനന്തര ബിരുദം, തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ തുടങ്ങിവയ്ക്ക് ഇന്ത്യയില്‍ പഠിക്കുന്നവര്‍ക്ക് പരമാവധി 75 ലക്ഷം രൂപ വരെയും വിദേശത്ത് പഠിക്കുന്നവര്‍ക്ക് ഒന്നരക്കോടി രൂപ വരെയും വായ്പ ലഭിക്കും. ഫീസുകള്‍, ഹോസ്റ്റല്‍ ചെലവുകള്‍, പഠനോപകരണങ്ങള്‍, പുസ്തകം തുടങ്ങി പഠനം പൂര്‍ത്തിയാക്കാനാവശ്യമായ ചെലവ് അടിസ്ഥാനമാക്കിയാണ് വായ്പ അനുവദിക്കുക.

വായ്പ ലഭിക്കുമെന്ന കാരണത്താല്‍ ഏതെങ്കിലും കോഴ്‌സ് തെരഞ്ഞെടുക്കരുത്. അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. പഠന ശേഷം ജോലി ലഭിക്കാനോ, സ്വയം തൊഴില്‍ ചെയ്ത് വരുമാനം ഉറപ്പാക്കാനോ ഉളള സാധ്യതയാണ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

വിവിധ ബാങ്കുകള്‍ നല്‍കുന്ന വിദ്യാഭ്യാസ വായ്പകള്‍

വിദ്യാര്‍ത്ഥികളുടെ അക്കാദമിക് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇന്ത്യയിലെ പ്രമുഖ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നുണ്ട്. 15 വര്‍ഷം വരെയുള്ള വായ്പാ തിരിച്ചടവ് കാലാവധിയില്‍ 6.75 ശതമാനം മുതലാണ് ഇത്തരം വായ്പകളുടെ പലിശ നിരക്ക് ആരംഭിക്കുന്നത്.

1.പഞ്ചാബ് നാഷണല്‍ ബാങ്ക്

ഇന്ത്യക്കാര്‍ക്കും, ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്ത് ജനിച്ച മക്കള്‍ക്കും (ഒസിഐ, പിഐഒ), ഇന്ത്യയില്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമാണ് ലോണുകള്‍ വാഗ്ദാനം ചെയ്യുന്നത്. കോഴ്സ് പൂര്‍ത്തിയായതിന് ശേഷമുള്ള ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ളത് മോറട്ടോറിയം കാലയളവ് ആയിരിക്കും.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 15 വര്‍ഷമാണ് പരമാവധി കാലാവധി. അപേക്ഷകന്റെ ആവശ്യത്തിനനുസരിച്ചുളള ലോണ്‍ തുക നല്‍കുന്നു. 7.5 ലക്ഷം രൂപ വരെയാണ് ഈട് ഇല്ലാതെ വായ്പ ലഭിക്കുക. നാല് ലക്ഷം രൂപ വരെയാണ് മാര്‍ജിന്‍.

2.എസ്ബിഐ വിദ്യാഭ്യാസ ലോണ്‍

15 വര്‍ഷം വരെയാണ് എസ്ബിഐ വിദ്യാഭ്യാസ ലോണിന്റെ പരമാവധി കാലാവധി. 7.5 ലക്ഷം വരെയാണ് ഈടില്ലാതെ വായ്പ ലഭിക്കുക. നാല് ലക്ഷം രൂപ വരെയാണ് മാര്‍ജിന്‍. കോഴ്സ് പൂര്‍ത്തിയാക്കിയതിനു ശേഷം 12 മാസത്തെ മോറട്ടോറിയം കാലയളവാണുള്ളത്. ഉപരിപഠനം പൂര്‍ത്തിയാക്കിയാല്‍ രണ്ടാമത്തെ ലോണ്‍ ലഭിക്കും.

3.ആക്‌സിസ് ബാങ്ക് വിദ്യാഭ്യാസ ലോണ്‍

ലോണ്‍ അപേക്ഷ ബാങ്കിന് ലഭിച്ച തിയതി മുതല്‍ 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ ലോണ്‍ വിതരണം ചെയ്യും. ഒരു കോടി രൂപ വരെയാണ് പരമാവധി ലോണ്‍ തുക. 15 വര്‍ഷം വരെയാണ് ലോണ്‍ തിരിച്ചടവ് കാലാവധി. നാല് ലക്ഷം വരെയാണ് മാര്‍ജിന്‍. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് 20 ലക്ഷം രൂപ വരെ ആക്‌സിസ് ബാങ്ക് വായ്പ നല്‍കും.

4.ബാങ്ക് ഓഫ് ബറോഡ വിദ്യാഭ്യാസ ലോണ്‍

നഴ്സറി മുതലുള്ള വിദ്യാഭ്യാസത്തിനായി ബാങ്ക് ഓഫ് ബറോഡയില്‍ ലോണുകള്‍ ലഭ്യമാണ്. 80 ലക്ഷം രൂപ വരെയാണ് പരമാവധി ലോണ്‍ തുക.

10 മുതല്‍ 15 വര്‍ഷം വരെയാണ് ലോണ്‍ തിരിച്ചടവ് കാലാവധി. 100 ശതമാനം സുരക്ഷ നല്‍കുന്നു. ബാങ്ക് ഓഫ് ബറോഡ വിദ്യാര്‍ത്ഥിനികള്‍ക്ക് പലിശയില്‍ ഇളവ് നല്‍കുന്നുണ്ട്. തെരഞ്ഞെടുത്ത വിദ്യാഭ്യാസ ലോണ്‍ പദ്ധതികളില്‍ സൗജന്യ ഡെബിറ്റ് കാര്‍ഡും വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമാക്കാം.

5.എച്ച്ഡിഎഫ്‌സി ബാങ്ക് വിദ്യാഭ്യാസ ലോണ്‍

ഇന്ത്യയില്‍ 20 ലക്ഷം വരെയാണ് എച്ച്ഡിഎഫ്‌സി വാഗ്ദാനം ചെയ്യുന്ന ലോണ്‍ തുക. വിദേശ പഠനത്തിന് 35 ലക്ഷം രൂപ വരെ വായ്പ നല്‍കും. മികച്ച റാങ്കുകളുള്ള കോളേജുകളിലേയും സര്‍വകലാശാലകളിലേയും പ്രവേശനത്തിനായി മുന്‍ഗണനാ നിരക്ക് വാഗ്ദാനം ചെയ്യുന്നു. വിദേശ വിദ്യാഭ്യാസ വായ്പയും വാഗ്ദാനം ചെയ്യുന്നുണ്ട്. 36 രാജ്യങ്ങളിലായി 950ല്‍ അധികം കോഴ്സുകള്‍ക്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വായ്പ വാഗ്ദാനം ചെയ്യുന്നത്. 15 വര്‍ഷമാണ് പരമാവധി ലോണ്‍ തിരിച്ചടവ് കാലാവധി. 7.5 ലക്ഷം വരെ ഈട് ഇല്ലാതെ വായ്പ ലഭിക്കും.

ബാങ്കുകളില്‍ നിന്നല്ലാതെ ലഭിക്കുന്ന വിദ്യാഭ്യാസ വായ്പകള്‍

ബാങ്കുകളില്‍ നിന്നല്ലാതെയും വിദ്യാഭ്യാസ വായ്പകള്‍ ലഭിക്കും. ബാങ്കുകളില്‍ നിന്നുളള വിദ്യാഭ്യാസ വായ്പ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുളള കാലതാമസം പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന ബാങ്കിതര സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ ലോണുകള്‍ അനുവദിക്കുന്നത്. രേഖകളെല്ലാം കൃത്യമെങ്കില്‍ ബാങ്കിതര ഫിനാന്‍സ് കമ്പനികള്‍ എളുപ്പത്തില്‍ വിദ്യാഭ്യാസ വായ്പകള്‍ അനുവദിച്ചു നല്‍കുന്നു. ബാങ്കിതര ഫിനാന്‍സ് കമ്പനികളില്‍ പലിശ കൂടുതലായി നല്‍കേണ്ടി വരും. പരമാവധി പലിശ കുറഞ്ഞ സ്ഥാപനങ്ങള്‍ ഏതൊക്കെയെന്ന് താരതമ്യം ചെയ്ത് ലോണിന് അപേക്ഷിക്കാം. പലിശ സബ്‌സിഡി, വായ്പ ഗാരന്റി എന്നിവ വാണിജ്യ ബാങ്കുകളില്‍ മാത്രമേ ലഭിക്കുകയുളളു.

വിദ്യാഭ്യാസ വായ്പകള്‍ എടുക്കുന്നതിനുളള യോഗ്യതകള്‍

ദേശീയത- ഇന്ത്യന്‍ പൗരന്മാര്‍, ഇന്ത്യക്കാരല്ലാത്തവര്‍ (എന്‍ആര്‍ഐ), ഇന്ത്യന്‍ ഓവര്‍സീസ് പൗരന്മാര്‍(ഒ സി ഐ), ഇന്ത്യന്‍ വംശജരായ വ്യക്തികള്‍ (പി ഐ ഒ), ഇന്ത്യയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദേശത്തുള്ള ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച വിദ്യാര്‍ത്ഥികള്‍

കോഴ്‌സുകള്‍- ബിരുദം, ബിരുദാനന്തര പ്രോഗ്രാമുകള്‍, ഡോക്ടറല്‍ പ്രോഗ്രാമുകള്‍, പിഎച്ച്ഡി, ആറ് മാസമോ അതില്‍ കൂടുതലോ ദൈര്‍ഘ്യം ഉളള കോഴ്‌സുകള്‍, തൊഴിലധിഷ്ഠിത കോഴ്‌സുകള്‍, ഡിപ്ലോമ/ സാങ്കേതിക/ പ്രൊഫഷണല്‍ കോഴ്‌സുകള്‍.

സ്ഥാപനങ്ങള്‍- അംഗീകൃത സ്ഥാപനങ്ങളും സര്‍ക്കാര്‍ കോളേജുകളും, സര്‍ക്കാര്‍ സഹായത്തോടെയുള്ള സ്വകാര്യ സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍, അന്താരാഷ്ട്ര കോളേജുകളും സര്‍വകലാശാലകളും

ഈട്- എല്ലാ വിദ്യാഭ്യാസ വായ്പകള്‍ക്കും ഈട് വേണ്ട. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ വായപ ഗാരന്റി സ്‌കീം വഴി സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഏഴര ലക്ഷം രൂപ വരെയുളള വായ്പകള്‍ ഈടില്ലാതെ നല്‍കും. വസ്തു പണയം, ആള്‍ ജാമ്യം എന്നിവ ആവശ്യമില്ല. തെരഞ്ഞെടുത്ത വായ്പക്കാരില്‍ നിന്ന് തെരഞ്ഞെടുത്ത കോഴ്സുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും 40 ലക്ഷം രൂപ വരെ ഈടോട് കൂടിയും വായ്പകള്‍ ലഭിക്കും.

വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കാന്‍ വേണ്ട രേഖകള്‍

  • വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള അഡ്മിഷന്‍ ലെറ്റര്‍

  • മാര്‍ക് ഷീറ്റുകള്‍

  • വയസ്സ് തെളിയിക്കുന്ന രേഖകള്‍

  • ഐഡന്റിറ്റി രേഖകള്‍

  • വിലാസം തെളിയിക്കുന്ന രേഖകള്‍

  • ഒപ്പ്

  • സാലറി സ്ലിപ്പ്

  • ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്

  • വരുമാനം കണക്കാക്കുന്ന ഐടിആര്‍

  • ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ്

  • ബാങ്ക് സ്റ്റേറ്റ്മെന്റ്

  • വിറ്റുവരവിന്റെ തെളിവ് (സേവന നികുതി റിട്ടേണ്‍/ വില്‍പ്പന രസീത്)

  • ഒപ്പ് സഹിതമുള്ള ആപ്ലിക്കേഷന്‍

  • പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ

  • വിദേശ പഠനത്തിന് അനുയോജ്യമായ വിസ

ജാമ്യമില്ലാതെ വായ്പ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ജാമ്യമില്ലാതെ വായ്പ എടുക്കുമ്പോള്‍ പരമാവധി തുക വിദ്യാഭ്യാസ വായ്പയായി എടുക്കുന്നത് കുറയ്ക്കണം. തുക കൂടിയാല്‍ വലിയ കാലാവധി വരെ നിങ്ങളെ അത് കടക്കാരനാക്കിയേക്കാം. പഠനം പൂര്‍ത്തിയാക്കിയാല്‍ ജോലിയില്‍ നിന്നോ സ്വയം തൊഴിലില്‍ നിന്നോ ലഭിക്കുന്ന വരുമാനത്തിന്റെ 30 ശതമാനത്തില്‍ താഴെ വരുന്ന തുക മാത്രം തിരിച്ചടവ് വരാവുന്ന തുകയായിരിക്കണം വായ്പയായി എടുക്കേണ്ടത്.

വിദ്യാഭ്യാസ വായ്പകളില്‍ നല്‍കുന്ന മൊറട്ടോറിയം

വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കുന്നതിന് നല്‍കുന്ന സാവകാശമാണ് മൊറട്ടോറിയം. പഠന കാലാവധി പൂര്‍ത്തിയാക്കിയ ശേഷമേ എല്ലാ വിദ്യാഭ്യാസ വായ്പകളുടേയും തിരിച്ചടവ് ആരംഭിക്കുകയുളളു. കോഴ്‌സ് പൂര്‍ത്തിയാക്കി 12 മാസമോ ജോലി കിട്ടി ആറു മാസമോ ഇതില്‍ ഏതാണ് ആദ്യം വരുന്നത് എന്ന് കണക്കാക്കിയാണ് വായ്പ തിരിച്ചടവ് തുടങ്ങേണ്ടത്. മൊറട്ടോറിയം കാലഘട്ടത്തില്‍ വായ്പയ്ക്ക് പലിശ നല്‍കണമെങ്കിലും കൂട്ടുപലിശ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ ചട്ടം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com