രാജ്യസേവനം സൈന്യത്തിലൂടെ; റിക്രൂട്ട്‌മെന്റുകള്‍ എങ്ങനെ

സൈന്യത്തില്‍ ചേരാനുള്ള റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങള്‍ അതേപടി അഗ്‌നിപഥിനും തുടരും
രാജ്യസേവനം സൈന്യത്തിലൂടെ;
റിക്രൂട്ട്‌മെന്റുകള്‍ എങ്ങനെ

ഒരു രാജ്യത്തിന്റെ കെട്ടുറപ്പും പുരോഗതിയും സ്ഥിരതയും അന്താരാഷ്ട്ര ബന്ധങ്ങളുമെല്ലാം ആ രാജ്യത്തിന്റെ സൈനികശക്തിയെ കൂടി ആശ്രയിച്ചിരിക്കും. നിര്‍ദിഷ്ട യോഗ്യതകളുളള ആര്‍ക്കും സൈന്യത്തില്‍ ചേരാം. ബാഹ്യശക്തികളുടെ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് കരസേനയുടേയും നാവിക സേനയുടേയും വ്യോമസേനയുടേയും പ്രഥമ ദൗത്യം. ആഭ്യന്തര കലാപങ്ങളെ തടയിടാനും സൈന്യത്തെ ചുമതലപ്പെടുത്താറുണ്ട്. ദുരന്തനിവാരണത്തിനായും നമ്മുടെ സൈനികര്‍ മുമ്പിലുണ്ടാകാറുണ്ട്. എല്ലാ മേഖലയിലും പ്രാവീണ്യവും വൈദഗ്ധ്യവുമുളള സൈനികരാണ് നമുക്കുളളത്.  

ഇന്ത്യന്‍ കരസേന, വ്യോമസേന, നാവിക സേനയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ റിക്രൂട്ട്‌മെന്റുകള്‍ക്കായി തയ്യാറെടുക്കേണ്ടതുണ്ട്. കായികമായും മാനസികമായും ഉദ്യോഗാര്‍ത്ഥികള്‍ തയ്യാറെടുക്കണം. ആര്‍മിയിലേക്കുളള തെരഞ്ഞെടുപ്പായ ഓപ്പണ്‍ റിക്രൂട്ട്മെന്റ് റാലി വളരെ സുതാര്യമായ പ്രക്രിയയാണ്. അതുകൊണ്ട് തന്നെ വിദ്യാസമ്പന്നരായ ആയിരക്കണക്കിന് യുവതീ യുവാക്കളാണ് ഈ മേഖലയിലേക്ക് കടന്നുവരുന്നത്.

കരസേന റിക്രൂട്ട്‌മെന്റ് എങ്ങനെ

ഇന്ത്യന്‍ കരസേനയിലേക്ക് ജവാന്‍മാരെ തെരഞ്ഞെടുക്കുന്നതിന് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേകം സ്ഥാപനങ്ങളുണ്ട്. ഓരോ വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെടേണ്ടവര്‍ക്ക് ഉണ്ടായിരിക്കേണ്ട ശാരീരികവും വിദ്യാഭ്യാസപരവുമായ യോഗ്യതകളും നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവരെ ഏതു വിഭാഗത്തിലേക്കാണോ അവര്‍ തരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് അതതു വിഭാഗങ്ങളിലെ പരിശീലന കേന്ദ്രങ്ങളിലേക്കയച്ച്, പരിശീലനം കഴിഞ്ഞതിനു ശേഷം പ്രസക്ത യൂണിറ്റുകളിലേക്ക് അയക്കുന്നു.

യൂണിയന്‍ പ്ലബിക്ക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ് സി), സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) എന്നിവയിലൂടെയാണ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നത്. ഇതിലേക്കായി പൊതുവിഭാഗത്തില്‍ നിന്നു നേരിട്ടും പൊളിറ്റിക്കല്‍ ഇന്ത്യന്‍ മിലിട്ടറി കോളേജില്‍ നിന്നും, നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ നിന്നും, നാഷണല്‍ കേഡറ്റ് കോറില്‍ (NCC) നിന്നും തെരഞ്ഞെടുപ്പുകള്‍ നടത്തുന്നു. ഏറ്റവും സമര്‍ഥരായ നോണ്‍-കമ്മീഷന്‍ഡ് വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ക്ക് സ്‌പെഷ്യല്‍ ലിസ്റ്റ് കമ്മീഷന്‍ (SL Commission) വഴിയും ഓഫീസര്‍ റാങ്കില്‍ വരാവുന്നതാണ്.

ഇന്ത്യന്‍ കരസേനയില്‍ കമ്മീഷന്‍ കിട്ടുന്ന യുവാക്കള്‍ക്ക് ഡെറാഡൂണിലുള്ള ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ പ്രത്യേക പരിശീലനങ്ങള്‍ കൊടുത്ത് അതില്‍ വിജയികളാവുന്നവര്‍ക്കാണ് ഓഫീസര്‍ പദവി നല്‍കുന്നത്. പിന്നീട് അവരെ കരസേനയുടെ വിവിധ യൂണിറ്റുകളിലേക്ക് നിയോഗിക്കുകയും ചെയ്യുന്നു. അതിനു ശേഷം അവര്‍ക്കോരുത്തര്‍ക്കും അവരുടെ യൂണിറ്റ് ട്രെയിനിങ് സെന്ററുകളില്‍ പ്രത്യേക പരിശീലനങ്ങള്‍ നല്‍കുന്നു. തുടര്‍ന്നുള്ള സേവനകാലത്തും വിവിധ വിഷയങ്ങളെയും യുദ്ധ മുറകളെയും പറ്റിയുള്ള പരിശീലനങ്ങള്‍ നല്‍കും. ഉദാഹരണമായി യങ് ഓഫീസേഴ്‌സ് കോഴ്‌സ്, കമാന്‍ഡോ കോഴ്‌സ്, ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് കോഴ്‌സ്, സിഗ്‌നല്‍ കോഴ്‌സ്, സര്‍വേ കോഴ്‌സ്, ലോങ്ങ് ഗണ്ണറി സ്റ്റാഫ് കോളേജ് കോഴ്‌സ് തുടങ്ങിയവക്കെല്ലാം വ്യത്യസ്ത പരിശീലനരീതികളാണുള്ളത്. ഇതിനെല്ലാം പുറമേ വെല്ലിംഗ്ടണിലുള്ള സ്റ്റാഫ് കോളേജിലും ഡല്‍ഹിയിലുള്ള പൊളിറ്റിക്കല്‍ ഇന്ത്യന്‍ മിലിട്ടറി കോളേജിലും വച്ച് അവര്‍ക്ക് പരിശീലനങ്ങള്‍ കൊടുത്തുവരുന്നു.

റെഗുലര്‍ ആര്‍മി സര്‍വീസിനു പുറമേ എമര്‍ജന്‍സി കമ്മീഷന്‍ (EC), ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (SSC) തുടങ്ങിയവ വഴി തെരഞ്ഞെടുപ്പു നടത്തി മദ്രാസിലുള്ള ഓഫീസേഴ്‌സ് ട്രെയിനിംഗ് സ്‌കൂളില്‍ (OTS) പരിശീലനം കൊടുത്ത് ചുരുങ്ങിയ കാലത്തെ സേവനത്തിനു നിയമിക്കുന്ന രീതിയും നിലവിലുണ്ട്. പ്രശസ്ത സേവനം പരിഗണിച്ച് സര്‍വീസില്‍ നിന്ന് പിരിഞ്ഞു പോകുന്ന സുബേദാര്‍, സുബേദാര്‍ മേജര്‍ തുടങ്ങിയ റാങ്കുകള്‍ക്ക് ഓണററി ലഫ്റ്റനന്റ്, ഓണററി ക്യാപ്റ്റന്‍ തുടങ്ങിയ പദവികള്‍ നല്‍കുന്ന ഒരു സമ്പ്രദായം നിലവിലുണ്ട്. ഇത് എല്ലാ വര്‍ഷവും റിപ്പബ്ലിക്ക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും നല്‍കപ്പെടുന്നു.

ഇന്ത്യന്‍ കരസേനയുടെ വിഭാഗങ്ങളായി ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മി, റെഗുലര്‍ ആര്‍മി, റിസര്‍വ്, നാഷണല്‍ കേഡറ്റ് കോര്‍ (N.C.C.) തുടങ്ങിയവയുമുണ്ട്. പത്താം ക്ലാസ് പാസായ ഏതൊരാള്‍ക്കും കരസേനയില്‍ ജോലിക്ക് അപേക്ഷിക്കാം. 17 മുതല്‍ 21 വയസ്സു വരെയാണ് പ്രായ പരിധി. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.joinindianarmy.nic.in

പരിശീലന കേന്ദ്രങ്ങള്‍

1. ഇന്ത്യന്‍ മിലിട്ടറി അക്കാഡമി (IMA), ഡെറാഡൂണ്‍

2. നാഷണല്‍ ഡിഫന്‍സ് അക്കാഡമി (NDA) ഖടക്ക്വാസ്ല

3. കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ആന്‍ഡ് ജംഗിള്‍ വാര്‍ഫെയര്‍, വെയ്രംഗ്‌തെ (Vairengte), മിസോറം

4. രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്, ഡെറാഡൂണ്‍

5. ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജ്, വെല്ലിംഗ്ടണ്‍

6. ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ

7. ആര്‍മി കേഡറ്റ് കോളജ്, ഡെറാഡൂണ്‍

8. ആംഡ് ഫൊഴ്‌സസ് മെഡിക്കല്‍ കോളജ്, പൂനെ

9. ആംഡ് ഫോഴ്‌സസ് നഴ്‌സിങ് കോളജ്, പൂനെ

10. സ്‌കൂള്‍ ഒഫ് ആര്‍ട്ടിലറി, ദേവലാലി

11. ഇന്‍ഫെന്ററി സ്‌കൂള്‍, മൗ (Mhow)

12. ഇന്റലിജന്റ് സ്‌കൂള്‍, പൂനെ

13. മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് (MCTE), മൗ (Mhow)

14. കോളജ് ഓഫ് ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ആന്‍ഡ് എന്‍ജിനീയറിങ് (CEME), കിര്‍ക്കി

15. ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ ട്രയിനിങ് , (AIPT), പൂനെ

16. സ്‌നോ വാര്‍ഫേര്‍ സ്‌കൂള്‍, ശ്രീനഗര്‍

17. നാഷണല്‍ ഡിഫന്‍സ് കോളജ് (NDC), ഡല്‍ഹി

18. ആംഡ് കോര്‍ സെന്റര്‍ ആന്‍ഡ് സ്‌കൂള്‍, അഹമ്മദ്‌നഗര്‍

19. എ എസ് സി സ്‌കൂള്‍ (ASC School),ബംഗളൂരു

20. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍മമെന്റ് ടെക്‌നോളജി, പൂനെ

21. മിലിട്ടറി പൊലീസ് സെന്റര്‍ ആന്‍ഡ് സ്‌കൂള്‍, ബംഗളൂരു

22. എ ഇ സി ട്രെയിനിങ് കോളേജ് (Army Educational Corps Training College), പച്ച്മഡി

നേവിയില്‍ ഓഫീസറാകാം, പരിശീലനം ഏഴിമലയില്‍

ഏഴിമലയിലെ നാവിക അക്കാദമിയില്‍ നിന്നാണ് ഇന്ത്യന്‍ നേവിയിലേക്കുളള സൈനികരെ തെരഞ്ഞെടുക്കുന്നത്. സേനയിലെ കേഡറ്റുകള്‍ക്കുളള  പരിശീലനത്തോടപ്പം നാവികരംഗത്തെ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും അക്കാദമി നേതൃത്വം നല്‍കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലുതും ഇന്ത്യയിലെ ഒരേയൊരു നാവിക അക്കാദമിയും കൂടിയാണ് ഏഴിമല നാവിക അക്കാദമി.

നാവിക അക്കാദമിയിലെ പഠനം സൗജന്യമാണ്. ധാര്‍മികതയുള്ള, മാനസികമായും ശാരീരികമായും മികച്ച ഓഫീസര്‍മാരെ വാര്‍ത്തെടുക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം. കടലില്‍ നിന്നും കരയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്ത് തീരുമാനങ്ങള്‍ എടുക്കേണ്ടത് ഓരോ ഓഫീസറുടേയും ചുമതലയാണ്. അതിനാല്‍ തെരഞ്ഞെടുപ്പും പരിശീലനവും അത്ര എളുപ്പമല്ല. എന്നാല്‍ ആത്മവിശ്വാസത്തോടെ നേരിട്ടാല്‍ നേവിയില്‍ ഓഫീസറാകാം.

വിദ്യാര്‍ഥിയുടെ ശാരീരിക, മാനസിക മേഖലകള്‍ പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് പ്രവേശനം. യുപിഎസ്സി പരീക്ഷയുടെയും സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

അക്കാദമിയില്‍ എത്തിയാല്‍ എല്ലാവരും കേഡറ്റുകളാണ്. ചെലവുകളെല്ലാം സേന വഹിക്കും. കൂടാതെ സ്റ്റൈപ്പെന്‍ഡും ലഭിക്കും. 1,200 കേഡറ്റുകളാണ് ഒരേ സമയം പരിശീലനം നേടുന്നത്. പ്രൊഫഷണല്‍ മിലിട്ടറി എജ്യുക്കേഷനാണ് അക്കാദമിയില്‍നിന്ന് കേഡറ്റുകള്‍ നേടുന്നത്.

സിലബസ് തയ്യാറാക്കുന്നതും പരിഷ്‌കരിക്കുന്നതും സേനയിലെ വിദഗ്ധരടങ്ങുന്ന സമിതിയാണ്. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട എല്ലാ പുതിയ കാര്യങ്ങളും ആദ്യം അക്കാദമിയിലെത്തും. അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാകുന്നതോടെ സേനയിലെ വിവിധ കേഡറുകളില്‍ സബ് ലഫ്റ്റനന്റ് റാങ്കില്‍ മികച്ച വേതനത്തില്‍ നിയമനം ലഭിക്കും. നാവികസേനയെ കൂടാതെ തീരസംരക്ഷണ സേനയിലെ കേഡറ്റുകള്‍ക്കും വിദേശ രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ഇവിടെ പരിശീലനം നല്‍കുന്നുണ്ട്.

ലോകനിലവാരത്തിലുള്ള പഠനസൗകര്യങ്ങള്‍ അക്കാദമിയിലുണ്ട്. ലേണിങ് മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ (എല്‍എംഎസ്) ഉപയോഗിച്ച് കേഡറ്റുകള്‍ക്ക് പഠനസാമഗ്രികള്‍ ലഭിക്കും. ബോംബെ, മദ്രാസ് ഐഐടികളുമായും ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി അടക്കമുള്ള ഉന്നത ഗവേഷണസ്ഥാപനങ്ങളുമായി ധാരാണപത്രം ഒപ്പുവച്ചിട്ടുണ്ട്.

ഐഐടികളിലും എന്‍ഐടികളിലും നടക്കുന്ന ക്ലാസുകളിൽ അക്കാദമിയിലിരുന്ന് ഓണ്‍ലൈനായി  കേഡറ്റുകള്‍ക്ക് പങ്കെടുക്കാം. 50 ലാബുകളും വര്‍ക്ക്ഷോപ്പുകളും അക്കാദമിയിലുണ്ട്. കേഡറ്റുകളുടെ പരിശീലനത്തിനായി നാവിക സേനയുടെ കപ്പലുകളുടെ ഗ്യാസ് ടര്‍ബൈനുകളും, ബ്രഹ്‌മോസ്, പി 21, ധനുഷ് മിസൈലുകളുടെ മാതൃകകളും സജ്ജമാണ്. കൂടാതെ നാവിക, യുദ്ധമേഖലകളിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകളും ചര്‍ച്ചകളും നടക്കുന്നു. അക്കാദമിയിലെ മറ്റൊരു ആകര്‍ഷകമായ സ്ഥലം സംസ്‌കൃത വൈയാകരണന്‍ പാണിനിയുടെ പേരിലുള്ള ലൈബ്രറിയാണ്.

നാവിക സേനയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ പ്രധാനമായി പെര്‍മനന്റ് കമ്മിഷന്‍ (പി.സി), ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (എസ്.എസ്.സി) എന്നിവയെ കുറിച്ച് അറിഞ്ഞിരിക്കണം. പ്ലസ് ടു/ബിരുദ യോഗ്യത അനുസരിച്ച് ഈ രണ്ട് കമ്മിഷനുകളില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം.

പെര്‍മനന്റ് കമ്മിഷന്‍: 20 വര്‍ഷം നിര്‍ബന്ധ സര്‍വീസ്. ശേഷം വേണമെങ്കില്‍ 60 വയസ് വരെ തുടരാം.

ഷോര്‍ട്ട് സര്‍വീസ്: 10 വര്‍ഷം നിര്‍ബന്ധ സര്‍വീസ്. പിന്നീട് ഓഫീസറുടെ താല്‍പര്യവും സേനയ്ക്ക് ആവശ്യമെന്ന് തോന്നുകയാണെങ്കിലും നാല് വര്‍ഷം (2+2) കൂടി സര്‍വീസ് ലഭിക്കും.

ബിടെക്, എം.എസ്.സി, നേവല്‍ ഓറിയന്റേഷന്‍ കോഴ്സ് (എന്‍.ഒ.സി) എന്നിങ്ങനെയാണ് അക്കാദമിയിലെ കോഴ്സുകള്‍. ആറ് മാസത്തില്‍ ഇടവിട്ട് യുപിഎസ്സി നടത്തുന്ന പരീക്ഷകളിലൂടെയും എസ്എസ്ബി അഭിമുഖത്തിലൂടെയും തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അക്കാദമിയില്‍ പരിശീലനം നല്‍കുന്നത്.

ഇന്ത്യന്‍ നേവി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്: www.joinindiannavy.gov.in

വ്യോമസേന റിക്രൂട്‌മെന്റ് അഗ്‌നിപഥിലൂടെ

17.5 വയസിനും 23 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഗ്‌നിപഥിലൂടെ വ്യോമസേനയിലേക്ക് അപേക്ഷിക്കാം. അഗ്‌നിപഥിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കള്‍ക്ക് നാല് വര്‍ഷം വ്യോമസേനയില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കും. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ തുക നല്‍കും. ഇതിന് പുറമെ അഗ്‌നിവീര്‍ നൈപുണ്യ സര്‍ട്ടിഫിക്കറ്റും നല്‍കും. സേനാംഗങ്ങള്‍ക്ക് എല്ലാ വര്‍ഷവും 30 ദിവസത്തെ അവധിയും അനുവദിക്കും. ഇതുകൂടാതെ മെഡിക്കല്‍ അവധിയും ലഭിക്കും.

കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയില്‍ കുറഞ്ഞത് 50% മാര്‍ക്കോടെ 12-ാം ക്ലാസ് പാസായിരിക്കണം. അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ എന്‍ജിനീയറിംഗ് ഡിപ്ലോമ. ഫിസിക്സ്, കണക്ക് എന്നിവയുമായി രണ്ട് വര്‍ഷത്തെ പ്രൊഫഷണല്‍ കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. എഴുത്തുപരീക്ഷ, ഫിസികല്‍ ഫിറ്റ്‌നസ് ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് പ്രക്രിയകളില്‍ വിജയിക്കുന്നവരെയാണ് വ്യോമസേനയിലേക്ക് തിരഞ്ഞെടുക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍: agnipathvayu.cdac.in

അഗ്‌നിപഥിലൂടെ അഗ്‌നിവീരന്മാര്‍

ആറ് തസ്തികകളിലേക്കാണ് അഗ്നിപഥ് പ്രകാരം റിക്രൂട്ട്‌മെന്റ് നടത്തുക. 17.5 മുതല്‍ 23 വരെ പ്രായക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവാക്കളെ നാല് വര്‍ഷത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. നാല് വര്‍ഷത്തിന് ശേഷം 75 ശതമാനം പേരെ തിരിച്ച് അക്കുകയും 25 ശതമാനം ആളുകളെ 15 വര്‍ഷത്തേക്ക് കൂടി നിലനിര്‍ത്തുകയും ചെയ്യും.

തിരിച്ചയക്കുന്നവര്‍ക്ക് 11.71 ലക്ഷം രൂപയുടെ പാക്കേജ് ലഭിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. 17.5 മുതല്‍ 21 വയസ് വരെയുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ എന്നതായിരുന്നു ആദ്യത്തെ വ്യവസ്ഥ. എന്നാല്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ ആദ്യ ബാച്ചിന് കേന്ദ്ര സര്‍ക്കാര്‍ വയസില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് അല്ലെങ്കില്‍ മെട്രിക്കുലേഷന്‍ പാസായ സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ 10+2 അല്ലെങ്കില്‍ തത്തുല്യമായ മാര്‍ക്ക് ഷീറ്റ് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ അവസാന വര്‍ഷ മാര്‍ക്ക് ഷീറ്റ്, മെട്രിക്കുലേഷന്‍ മാര്‍ക്ക് ഷീറ്റ് അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സ് മാര്‍ക്ക് ഷീറ്റ്, നോണ്‍-വൊക്കേഷണല്‍ മാര്‍ക്ക് ഷീറ്റ് എന്നിവ ഉണ്ടായിരിക്കണം. അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റില്‍ വനിതകള്‍ക്കും അവസരമുണ്ട്.

നിലവില്‍ സൈന്യത്തില്‍ ചേരാനുള്ള റിക്രൂട്ട്‌മെന്റ് മാനദണ്ഡങ്ങള്‍ അതേപടി അഗ്‌നിപഥിനും തുടരും. ഉദ്യോഗാര്‍ഥികളുടെ പൊതു പ്രവേശന പരീക്ഷ ആദ്യം നടത്തും. തുടര്‍ ഘട്ടങ്ങളിലാണ് ശാരീരിക ക്ഷമത പരീക്ഷയും വൈദ്യ പരിശോധനയും നടത്തുക.

റാലികളിലൂടെ വര്‍ഷത്തില്‍ രണ്ടുതവണ റിക്രൂട്ട്‌മെന്റ് നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ പരിശീലനവും തുടര്‍ന്ന് മൂന്നര വര്‍ഷത്തെ നിയമനവുമാണു നല്‍കുക. തുടക്കത്തില്‍ 30,000 രൂപയുള്ള ശമ്പളം സേവനത്തിന്റെ അവസാനത്തില്‍ 40,000 രൂപയായി വര്‍ധിക്കും. ശമ്പളത്തിന്റെ 30 ശതമാനം സേവാ നിധി പ്രോഗാമിലേക്കു മാറ്റും. നാല് വര്‍ഷം ഇങ്ങനെ മാറ്റിവെക്കുന്ന തുക കൂടി ചേര്‍ത്ത് സേവന കാലയളവ് അവസാനിക്കുമ്പോള്‍ ഓരോ സൈനികനും 11.71 ലക്ഷം രൂപ ലഭിക്കും.

ഔദ്യോഗിക വെബ്‌സൈറ്റായ careerindianairforce.cdac.in വഴി നേരിട്ട് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com