യൂറോപ്പിലെ പരമ്പരാഗത 'പവര്‍ഹൗസുകള്‍' സാമ്പത്തിക മാന്ദ്യത്തിലേക്ക്?

യൂറോപ്പിലെ പരമ്പരാഗത വ്യാവസായിക ശക്തികളായ ജര്‍മ്മനിയും ബ്രിട്ടനും സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്നാണ് പ്രവചനം
യൂറോപ്പിലെ പരമ്പരാഗത 'പവര്‍ഹൗസുകള്‍' സാമ്പത്തിക മാന്ദ്യത്തിലേക്ക്?

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന സൂചനകള്‍ ശക്തമാകുന്നു. യൂറോപ്പിലെ പരമ്പരാഗത വ്യാവസായിക ശക്തികളായ ജര്‍മ്മനിയും ബ്രിട്ടനും സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കും എന്നുതന്നെയാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ജി7 രാജ്യങ്ങളില്‍ ബ്രിട്ടന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമെന്ന് തന്നെയാണ് ഐഎംഎഫിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് ഉറപ്പിക്കുന്നത്. ജി7 രാജ്യങ്ങളുടെ വാര്‍ഷിക ജിഡിപി വളര്‍ച്ചയില്‍ ബ്രിട്ടന്റേത് നെഗറ്റീവ് വളര്‍ച്ചയാണ്. -0.6%മാണ് ബ്രിട്ടന്റെ വളര്‍ച്ച. 0.1%ന്റെ നേരിയ വളര്‍ച്ച മാത്രമാണ് ജര്‍മ്മനിയുടെ വാര്‍ഷിക ജിഡിപി വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നത്. 1.8% വാര്‍ഷിക ജിഡിപി വളര്‍ച്ചയോടെ ജി7 രാജ്യങ്ങളുടെ പട്ടികയില്‍ ജപ്പാനാണ് ഒന്നാമത്. 1.5% വളര്‍ച്ചയോടെ കാനഡ രണ്ടാമതും, 1.4% വളര്‍ച്ചയോടെ അമേരിക്ക മൂന്നാമതും, 0.7% വളര്‍ച്ചയോടെ ഫ്രാന്‍സ് നാലാമതുമാണ്. 0.6% വളര്‍ച്ചയോടെ ഇറ്റലിയാണ് അഞ്ചാമത്. യൂറോപ്പിലെ സാമ്പത്തിക പവര്‍ഹൗസും ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയുമായ ജര്‍മ്മനിയും സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന സൂചനകളെ ആശങ്കയോടെയാണ് ലോകം കാണുന്നത്.

ബ്ലൂംബര്‍ഗും ലോകസാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകള്‍ പ്രവചിക്കുന്നുണ്ട്. സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകാന്‍ സാധ്യതയുള്ള 7 രാജ്യങ്ങളുടെ പട്ടികയാണ് ബ്ലൂംബര്‍ഗ് പുറത്തുവിട്ടിരിക്കുന്നത്. 2023 ഏപ്രിലില്‍ പുറത്തുവിട്ട പട്ടിക പ്രകാരം സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാന്‍ ഏറ്റവും സാധ്യതയുള്ള രാജ്യം ബ്രിട്ടനാണ്. ബ്രിട്ടന്‍ മാന്ദ്യത്തിലേക്ക് പോകാന്‍ 75% സാധ്യതയുണ്ടെന്നാണ് ബ്ലൂംബര്‍ഗിന്റെ പ്രവചനം. ന്യൂസിലാന്‍ഡ് സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകാനുള്ള സാധ്യത 70%മാണ്. യുഎസ്എ മാന്ദ്യത്തിലേക്ക് പോകാനുള്ള സാധ്യത 65%മാണ്. ജര്‍മ്മനി, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങള്‍ മാന്ദ്യത്തിലേക്ക് പോകാനുള്ള സാധ്യത 60%മാണ്. ഫ്രാന്‍സ് മാന്ദ്യത്തിലേക്ക് പോകാനുള്ള സാധ്യത 50%മാണ്.

യുക്രെയ്ന്‍ യുദ്ധം, വിലക്കയറ്റം, ഉയര്‍ന്ന പലിശ നിരക്ക് എന്നിവയാണ് സാമ്പത്തിക മാന്ദ്യത്തിന്റെ കാരണമായി പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലോക സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊന്ന് മാന്ദ്യത്തിലായിരിക്കുമെന്നാണ് ഐഎംഎഫിന്റെ മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ വ്യക്തമാക്കുന്നത്. ലോകത്തെ ആദ്യ രണ്ടു സാമ്പത്തിക ശക്തികളായ അമേരിക്കയും ചൈനയും സാമ്പത്തിക വളര്‍ച്ചയില്‍ പിന്നാക്കം പോകുമെന്ന ഐഎംഎഫ് വിലയിരുത്തലിന് പിന്നാലെയാണ് നാലാമത്തെ സാമ്പത്തിക ശക്തിയായ ജര്‍മ്മനിയും പ്രതിസന്ധിയിലാകുമെന്ന് വിലയിരുത്തപ്പെടുന്നത്.

ഫ്രാന്‍സ് കയ്യാലപ്പുറത്ത്

യൂറോപ്പിലെ പരമ്പരാഗത വ്യാവസായിക ശക്തികളില്‍ പ്രതിസന്ധിയിലേക്ക് ആഴ്ന്ന് പോയില്ലെന്ന് ആശ്വസിക്കാവുന്നത് ഫ്രാന്‍സിനാണ്. സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകാനുള്ള ബ്രിട്ടന്റെ സാധ്യത 75%വും ജര്‍മ്മനിയുടേത് 60%വുമാണ്. എന്നാല്‍ ഫ്രാന്‍സ് യൂറോപ്യന്‍ ശക്തികളില്‍ ആശ്വാസകരമായ അവസ്ഥയിലാണ്. 50%മാണ് സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകാനുള്ള ഫ്രാന്‍സിന്റെ സാധ്യത. 2022ല്‍ ജര്‍മ്മനിയെയും ബ്രിട്ടനെയും അപേക്ഷിച്ച് ഫ്രാന്‍സിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വളര്‍ച്ചയുണ്ടായി. സാമ്പത്തിക സൂചകങ്ങളില്‍ താരതമ്യേന മെച്ചപ്പെട്ട നിലയാണ് ഫ്രാന്‍സ്. ബ്രക്സിറ്റിന് ശേഷം ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ഫ്രാന്‍സ് പിടിച്ചു നിന്നു. ജര്‍മ്മനിയെ ബാധിച്ചത് പോലുള്ള ഊര്‍ജ്ജ പ്രതിസന്ധി ഫ്രാന്‍സിനെ ബാധിച്ചില്ല. ജര്‍മ്മനിയെപ്പോലെ ഊര്‍ജ്ജാവശ്യത്തിന് റഷ്യയെ അമിതമായി ആശ്രയിക്കുന്നില്ല എന്നതും ഫ്രാന്‍സിന് തുണയായി. കുടുംബങ്ങളെ ബാധിക്കാത്ത വിധത്തില്‍ ഊര്‍ജ്ജ മേഖലയിലെ ചാഞ്ചാട്ടങ്ങളെ ക്രമപ്പെടുത്താന്‍ ഫ്രാന്‍സിന് സാധിച്ചിരുന്നു. ഊര്‍ജ്ജ ബില്ലുകളില്‍ സബ്സിഡി ഏര്‍പ്പെടുത്തിയതും വൈദ്യുതി വിലവര്‍ദ്ധന 0.4% ആയി പരിമിതപ്പെടുത്തിയതും പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഫ്രാന്‍സിന് തുണയായി. നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ 2022ല്‍ ഫ്രാന്‍സില്‍ 3% വളര്‍ച്ചയുണ്ടായി. ബ്രിട്ടനുമായും ജര്‍മ്മനിയുമായും താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വളരെ ഉയര്‍ന്നതായിരുന്നു. 2022ല്‍ ഫ്രാന്‍സില്‍ 1259 പദ്ധതികളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം ഉണ്ടായി. ബ്രിട്ടനില്‍ 929 പദ്ധതികളിലും ജര്‍മ്മനിയില്‍ ഇക്കാലയളവില്‍ 832 പദ്ധതികളിലുമാണ് നേരിട്ടുള്ള വിദേശനിക്ഷേപം ഉണ്ടായത്.

2023ലെ പ്രവചനങ്ങള്‍ പക്ഷെ ഫ്രാന്‍സിനും അനുകൂലമല്ല. 2023ല്‍ ഫ്രാന്‍സില്‍ പണപ്പെരുപ്പത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പണപ്പെരുപ്പം 5.7%ത്തിലേക്ക് വളരുമെന്നാണ് പ്രവചനം. ഫ്രഞ്ച് ജനസംഖ്യയില്‍ 36% കഴിഞ്ഞ വര്‍ഷത്തെക്കാള്‍ സാമ്പത്തികമായി മോശമായ അവസ്ഥയിയാണെന്ന് പഠനങ്ങളുണ്ട്. ഊര്‍ജ്ജ ദാതാക്കള്‍ക്ക് 15%വരെ വില വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന പുതിയനയം 2023ല്‍ കുടുംബ ചെലവ് വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് ഊര്‍ജ്ജ വിലവര്‍ദ്ധനവിനെ മറികടക്കാന്‍ ഫ്രാന്‍സ് ഇതുവരെ സ്വീകരിച്ച മുന്‍കരുതലുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യൂറോപ്പിലെ പരമ്പരാഗത സാമ്പത്തിക ശക്തികള്‍ നേരിട്ടുള്ള വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ പരാജയപ്പെടുമ്പോള്‍ തെക്ക്-കിഴക്കന്‍ യൂറോപ്പ് നേരിട്ടുള്ള വിദേശനിക്ഷപം ആകര്‍ഷിക്കുന്നതില്‍ മുന്നണിയിലെത്തുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ ഇറ്റലിയില്‍ 17%ന്റെ വളര്‍ച്ചയാണ് കണക്കാക്കപ്പെടുന്നത്. പോളണ്ടില്‍ 23%ന്റെ വളര്‍ച്ചയും പോര്‍ച്ചുഗലില്‍ 24%ന്റെ വളര്‍ച്ചയും റുമാനിയയില്‍ 86%ന്റെ വളര്‍ച്ചയും തുര്‍ക്കിയില്‍ 22%ന്റെ വളര്‍ച്ചയുമാണ് രേഖപ്പെടുത്തുന്നത്.

TAGS: Britain

Related Stories

No stories found.
logo
Reporter Live
www.reporterlive.com