ഫെഡറല്‍ തത്വങ്ങള്‍ 'തൊഴുത്തില്‍ കെട്ടി' അമുലും നന്ദിനിയും

അമുലും നന്ദിനിയും ഇതരസംസ്ഥാനങ്ങളുടെ വിപണിയില്‍ പാല്‍ വില്‍ക്കുന്നത് അതത് സംസ്ഥാനങ്ങളിലെ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും
ഫെഡറല്‍ തത്വങ്ങള്‍ 'തൊഴുത്തില്‍ കെട്ടി' അമുലും നന്ദിനിയും

പ്രാദേശിക പാല്‍ വിപണിയിലേക്ക് ഗുജറാത്തിന്റെ അമുല്‍ കടന്നുകയറുന്നുവെന്ന പരാതി കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയവിഷയമായി തന്നെ ഉയര്‍ന്നുവന്നിരുന്നു. കര്‍ണാടക വിപണിയില്‍ അമുല്‍ നേരിട്ട് പാല്‍ വില്‍ക്കാന്‍ ആരംഭിച്ചതോടെ കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനും കര്‍ണ്ണാടകയിലെ ക്ഷീരകര്‍ഷകരും വലിയ നിലയിലുള്ള പ്രതിഷേധമാണ് ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ തന്നെ കോണ്‍ഗ്രസും ജെഡിഎസും ഇതൊരു രാഷ്ട്രീയവിഷയമായും ഉയര്‍ത്തിക്കാണിച്ചിരുന്നു. കന്നഡവികാരം ഉണര്‍ത്താനുള്ള ഉപാധിയെന്ന നിലയില്‍ നന്ദിനി-അമുല്‍ തര്‍ക്കം കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കപ്പെട്ടിരുന്നു. അത് തെരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിച്ചു എന്നാണ് വിലയിരുത്തേണ്ടത്.

അമുല്‍-നന്ദിനി വിഷയം രാഷ്ട്രീയ തര്‍ക്കമായ ഘട്ടത്തില്‍ മില്‍മയുടെ നിലപാട് ശ്രദ്ധേയമായിരുന്നു. ഡോ. വര്‍ഗീസ് കുര്യന്‍ ക്ഷീരസഹകരണ മേഖലയില്‍ രൂപപ്പെടുത്തിയ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ് അമുലിന്റെ കര്‍ണാടകയിലേക്കുള്ള കടന്നുവരവ് എന്നതായിരുന്നു മില്‍മയുടെ നിലപാട്. ഇത് വ്യത്യസ്ത സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണസംഘങ്ങള്‍ പാലിക്കേണ്ട ഫെഡറല്‍ തത്വത്തിന് വിരുദ്ധമാണെന്ന നിലപാടും മില്‍മ സ്വീകരിച്ചിരുന്നു. അമുല്‍ വിഷയത്തില്‍ നന്ദിനിക്ക് പിന്തുണ നല്‍കുന്നതിനൊപ്പം മറ്റു സംസ്ഥാനങ്ങളില്‍ പാലിന്റെ വിപണി തുറക്കാന്‍ നന്ദിനി നടത്തുന്ന ശ്രമങ്ങളോട് മില്‍മ വിയോജിപ്പും പ്രകടിപ്പിച്ചിരുന്നു. അമുല്‍ കര്‍ണാടകയില്‍ പാല്‍ വിപണി കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന അതേ ധാര്‍മ്മിക-നിയമ പ്രശ്നങ്ങള്‍ തന്നെയാണ് നന്ദിനി ഇതര സംസ്ഥാനങ്ങളിലെ വിപണിയില്‍ പാല്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോഴും സംഭവിക്കുന്നതെന്നായിരുന്നു മില്‍മയുടെ നിലപാട്.

ഓരോ സംസ്ഥാന ഫെഡറേഷനുകളും അതത് സംസ്ഥാനപരിധിയില്‍ നിന്ന് പാല്‍ ശേഖരിക്കുകയും വിപണനം ചെയ്യുകയും ചെയ്യുക എന്നതായിരുന്നു വര്‍ഗീസ് കുര്യന്‍ വിഭാവനം ചെയ്ത ക്ഷീരമേഖലയിലെ സഹകരണ ഫെഡറേഷനുകളുടെ ഇക്കോ സിസ്റ്റം. രാജ്യം ക്ഷീരമേഖലയില്‍ സ്വയം പര്യാപ്തതയിലേക്ക് ഉയര്‍ന്നത് ഈ തത്വം മുറുകെ പിടിച്ച് ഓരോ സംസ്ഥാനത്തെയും ക്ഷീരോദ്പാദക സഹകരണ ഫെഡറേഷനുകള്‍ പ്രവര്‍ത്തിച്ചതിനാലാണ്. പിന്നീട് പാലിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ അമുല്‍ അടക്കമുള്ള സഹകരണ ഫെഡറേഷനുകള്‍ വിപണിയില്‍ എത്തിച്ചിരുന്നു. ഇത്തരത്തില്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് ഈ ഇക്കോസിസ്റ്റം തടസമായതുമില്ല. പാലിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ക്ക് മള്‍ട്ടിസ്റ്റേറ്റ് വിപണി ഒരുഘട്ടത്തിലും തടസമായിട്ടില്ല. പക്ഷേ അപ്പോഴും പാല്‍ ശേഖരണവും പാലിന്റെ വിപണനവും അതത് സംസ്ഥാനങ്ങള്‍ക്കുള്ളില്‍ തന്നെയാവണം എന്ന ഫെഡറല്‍ തത്വം കര്‍ശനമായി പാലിക്കപ്പെടുകയും ചെയ്തു. ദൗര്‍ഭാഗ്യവശാല്‍ ഇത്തരമൊരു ധാരണ ലംഘിക്കാന്‍ തുടങ്ങിയത് അമുല്‍ തന്നെയാണ്. ഇപ്പോഴത്തെ വിഷയങ്ങള്‍ ചര്‍ച്ചയാകുന്നതിനു മുമ്പു തന്നെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ സംഭരിക്കാനും വിപണനം ചെയ്യാനും അമുല്‍ തുടക്കം കുറിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് അമുല്‍ കര്‍ണാടകയുടെ ക്ഷീരവിപണിയിലേക്കും പ്രവേശിച്ചത്.

കര്‍ണാടകയില്‍ അമുല്‍ കടന്നുവന്നതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ ആരംഭിക്കുന്നതിനും മുന്‍പ് നന്ദിനി കേരളത്തില്‍ പാല്‍ വില്‍പ്പന ആരംഭിച്ചിരുന്നു. കാസര്‍കോട് അതിര്‍ത്തി പ്രദേശങ്ങളില്‍ നന്ദിനി പാല്‍ വില്‍പ്പന തുടങ്ങിയതിനെതിരെ മില്‍മ കഴിഞ്ഞ ഡിസംബറില്‍ അവര്‍ക്ക് കത്തയിച്ചിരുന്നു. ഏജന്റുമാര്‍ സ്വന്തം നിലയില്‍ അതിര്‍ത്തി കടന്ന് വില്‍പ്പന നടത്തുന്നതാണ് എന്നായിരുന്നു ഈ ഘട്ടത്തില്‍ കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ ഔദ്യോഗികമായ നിലപാട്. പക്ഷേ അപ്പോഴും കേരളത്തില്‍ നന്ദിനി അവരുടെ പാല്‍ വില്‍ക്കുന്നുണ്ടായിരുന്നു എന്നതാണ് വസ്തുത. അതിനെക്കുറിച്ച് ബോധ്യമുള്ളതിനാലാവും നന്ദിനി-അമുല്‍ തര്‍ക്കം രൂക്ഷമായപ്പോള്‍ അമുല്‍ ചെയ്യുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്, അതുപോലെ ചെയ്യാതിരിക്കാനുള്ള ധാര്‍മ്മികബാധ്യതയും മൂല്യബോധവും നന്ദിനിയും പാലിക്കണമെന്ന് മില്‍മ പരസ്യമായി പറഞ്ഞത്.

മിൽമ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന നിലപാടിലേക്ക് ഏറ്റവും ഒടുവിലായി കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ എത്തിയിട്ടുണ്ട്. കേരളത്തിൽ ഔട്ട്ലെറ്റുകൾ വ്യാപിപ്പിക്കുമെന്ന തീരുമാനം അതുവരെ നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന സൂചനയും ഇവർ നൽകുന്നുണ്ട്. ഈ വിഷയത്തിൽ മിൽമയും നന്ദിനിയും തമ്മിൽ നടക്കാനിരിക്കുന്ന ചർച്ച അതിനാൽ തന്നെ നിർണ്ണായകമാണ്.

ഇത്തരത്തില്‍ സംസ്ഥാന ഫെഡറേഷനുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും പരസ്പര ധാരണയ്ക്കും വേണ്ടിയാണ് ദേശീയ കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്‍ വര്‍ഗീസ് കുര്യന്‍ വിഭാവനം ചെയ്തത്. സംസ്ഥാന ഫെഡറേഷനുകള്‍ അംഗങ്ങളായ ഈ സംവിധാനത്തെ നിയന്ത്രിക്കുന്നത് വിവിധ സംസ്ഥാന യൂണിയനുകളെ പ്രതിനിധീകരിക്കുന്ന ഡയറക്ടര്‍ ബോര്‍ഡാണ്. ചില സംസ്ഥാന ഫെഡറേഷനുകള്‍ സംസ്ഥാനങ്ങള്‍ക്ക് പുറത്ത് പാല്‍വില്‍ക്കുന്ന വിഷയം കേരളം ദേശീയ ഫെഡറേഷനില്‍ ഉന്നയിച്ചിരുന്നു. സംസ്ഥാന ഫെഡറേഷനുകള്‍ അടിസ്ഥാന സഹകരണ മൂല്യം പാലിക്കണമെന്നും ഫെഡറല്‍ തത്വങ്ങള്‍ അംഗീകരിക്കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചയാകാമെന്ന നിലപാട് ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്‍മാന്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച യോഗം ഇതുവരെ നടന്നിട്ടില്ല. അമുല്‍ കര്‍ണ്ണാടകയില്‍ പാല്‍ വില്‍ക്കുന്നതു പോലെ തന്നെയാണ് നന്ദിനി കേരളത്തില്‍ വിപണി കണ്ടെത്താന്‍ ശ്രമിക്കുന്നതെന്ന മില്‍മയുടെ നിലപാടിന് ദേശീയ തലത്തില്‍ സ്വീകാര്യതയുണ്ട്. തമിഴ്നാട്ടിലേക്ക് വരാനുള്ള അമുലിന്റെ നീക്കങ്ങള്‍ക്കെതിരെ തമിഴ്നാട് ഫെഡറേഷനും രംഗത്തുണ്ട്. ഈ വിഷയങ്ങള്‍ സഹോദര ഫെഡറേഷനുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് രമ്യമായി പരിഹരിക്കുമെന്ന നിലപാടാണ് മില്‍മ ചെയര്‍മാന്റേത്. രാജ്യത്തെ സഹകരണ ക്ഷീര ഫെഡറേഷനുകള്‍ തമ്മില്‍ മത്സരമുണ്ടായാൽ ക്ഷീരവിപണി മറ്റുള്ളവർ കൈയ്യടക്കിയേക്കാമെന്നും മില്‍മ ചെയര്‍മാന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ വിപണനം നടത്താമെന്ന സൂചന നേരത്തെ കേന്ദ്രസഹകരണ വകുപ്പ് മന്ത്രി അമിത് ഷാ നല്‍കിയിരുന്നു. അമുലിനെ അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് ഒരു മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവാക്കി മാറ്റുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഗാംഗ്ടോക്കിലെ നോര്‍ത്ത് ഈസ്റ്റേണ്‍ കോ-ഓപ്പറേറ്റീവ് ഡയറി കോണ്‍ക്ലേവില്‍ സംസാരിക്കവെ അമിത് ഷാ വ്യക്തമാക്കിയിരുന്നു. മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സെസൈറ്റികളുടെ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുമ്പായിരുന്നു അമിത് ഷാ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട ഭേദഗതി ബില്‍ സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലെ കടന്നുകയറാനുള്ള ശ്രമമാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ സംഭവവികാസങ്ങളുടെയെല്ലാം ചുവട് പിടിച്ചുവേണം കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും പാല്‍വിപണയില്‍ പ്രവേശിക്കാനുള്ള അമുലിന്റെ നീക്കത്തെ കാണാന്‍. ഇതിന്റെ തനിയാവര്‍ത്തനമെന്ന നിലയില്‍ വേണം കേരളം ഉള്‍പ്പടെയുള്ള അയല്‍സംസ്ഥാനങ്ങളുടെ വിപണിയില്‍ പാല്‍ വില്‍ക്കാനുള്ള നന്ദിനിയുടെ തീരുമാനത്തെയും വിലയിരുത്താന്‍.

നിലവില്‍ നന്ദിനിയുടെ കേരളത്തിലെ ഇടപെടല്‍ മില്‍മയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. മില്‍യുടെ വില്‍പ്പനയില്‍ ഇതുവരെ ഇടിവുവന്നിട്ടില്ല. കഴിഞ്ഞ മാസങ്ങളിലെ കണക്ക് പരിശോധിച്ചാൽ മിൽമയുടെ പാൽ വിൽപ്പനയിൽ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നന്ദിനി മിൽമയെക്കാൾ വിലകുറച്ച് കേരളത്തിൽ പാൽ വിൽക്കുന്നു എന്ന മാധ്യമവാർത്തകൾക്കും സാധൂകരണമില്ല. മാത്രമല്ല രാജ്യത്തെ തന്നെ ഏറ്റവും ഗുണനിലവാരമുള്ള പാൽ എന്ന കീർത്തിയുള്ള മിൽമയോട് ആ നിലയിൽ മത്സരിക്കാനും നിലവിൽ നന്ദിനിക്ക് സാധിക്കില്ല. ഗുണനിലവാരത്തിന് പ്രധാന്യം കൊടുക്കുന്ന കേരളത്തിലെ പാൽ ഉപഭോക്താക്കളെ ആകർഷിക്കണമെങ്കിൽ ആ നിലയിലും നന്ദിനി ഉയർന്ന നിലവാരം പുലർത്തേണ്ടതുണ്ട്.

നിലവിൽ കേരളത്തിലേക്കുള്ള നന്ദിനിയുടെ വരവ് കേരളത്തിലെ സ്വകാര്യ ഉത്പാദകര്‍ക്കാണ് വെല്ലുവിളി ഉയര്‍ത്തുന്നതെന്ന് വേണം കണക്കാക്കാന്‍. മിൽമയോട് മത്സരിക്കാനല്ല കേരളത്തിൽ പാൽ വിൽക്കുന്നതെന്ന ന്യായമാണ് കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ ഉന്നയിക്കുന്നത്. മിൽമ ഉദ്പാദിപ്പിക്കുന്നതിലും കൂടുതൽ പാൽ കേരളത്തിൽ ആവശ്യമുണ്ട്. നിലവിൽ സ്വകാര്യ ഉദ്പാദകരാണ് ഈ കുറവ് നികത്തുന്നത്. ഈ വിപണിയിൽ സഹകരണ മേഖലയ്ക്ക് ഇടമുണ്ടാക്കാനാണ് നന്ദിനി കേരളത്തിൽ പാൽ വിപണനം ചെയ്യാൻ തീരുമാനിച്ചതെന്നും കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ വ്യക്തമാക്കിയിരുന്നു.

കേട്ടാൽ യുക്തിസഹമെന്ന് തോന്നിപ്പിക്കുന്നതാണ് കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ്റെ വാദം. എന്നാൽ കേരളത്തിലെ പ്രാദേശിക പാൽ വിപണിയിൽ നല്ല നിലയിൽ ഇടപെടുന്ന സ്വകാര്യ ഉദ്പാപാദകരുണ്ട്. വലിയ നിലയിൽ മുതൽ മുടക്ക് നടത്തി വിപണിയിൽ ഇടപെടുന്ന ഇത്തരം സ്വകാര്യ സംരംഭകരെ തകർക്കുക എന്ന സമീപനം നാളിതുവരെ മിൽമ സ്വീകരിച്ചിട്ടില്ല. സ്വന്തം വിശ്വാസ്യതയും ഗുണനിലവാരവും പരിരക്ഷിച്ചു കൊണ്ട് പാൽ വിപണിയിൽ സ്വന്തമായൊരു ഇടം ഉറപ്പിക്കാനാണ് നാളിതുവരെ മിൽമ പരിശ്രമിച്ചത്. അതിനാൽ തന്നെ കേരളത്തിലെ പ്രാദേശിക സ്വകാര്യപാൽ ഉദ്പാദകരുടെ വിപണി കൈയ്യടക്കാൻ നന്ദിനി കേരളത്തിലേക്ക് വരുന്നു എന്ന വാദവും കേരളത്തെ സംബന്ധിച്ച് ശുഭകരമല്ല.

നിരവധിയായ സ്വകാര്യസംരഭകരാണ് ഡയറിഫാമുകൾ ഒരു തൊഴിലായി കണക്കാക്കി സമീപകാലങ്ങളിൽ ക്ഷീരകൃഷി മേഖലയുടെ ഭാഗമായിരിക്കുന്നത്. ഇവരിൽ തന്നെ ചെറിയൊരു വിഭാഗം പാലിനും പാലിൻ്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കും പ്രാദേശികമായി സ്വന്തമായൊരു വിപണി കണ്ടെത്തിയവരാണ്. ഇത്തരം ചെറുകിട പാൽ ഉദ്പാദകരെ അടക്കം തകർക്കാനാണ് ഞങ്ങൾ കേരളത്തിലേക്ക് വരുന്നതെന്നാണ് കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ പറയാതെ പറയുന്നത്. മിൽമ പോലും കേരളത്തിലെ പാൽ വിപണിയെ ഇത്തരത്തിൽ മത്സരാധിഷ്ഠിതമായി കാണേണ്ടതില്ല എന്ന നിലപാട് സ്വീകരിക്കുമ്പോഴാണ് കർണാടകയിൽ നിന്നും ഇത്തരമൊരു വെല്ലുവിളി കേരളത്തിലെ സ്വകാര്യ ഉദ്പാപാദകരെ തേടിയെത്തുന്നത്.

കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ്റെ ന്യായവാദത്തിന് മറ്റൊരു അപകടവുമുണ്ട്. സംസ്ഥാന തലത്തിൽ പാൽ ഉത്പാദനവും വിപണവും പരിമിതപ്പെടുത്തുമെന്ന ഫെഡറൽ ബോധ്യത്തിൽ പ്രവർത്തിക്കുന്ന കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ ആ നിലപാടിൽ നിന്നും പിന്നാക്കം പോകുന്നു എന്നതാണ് ഈ നിലപാടിലെ അപകടം. നന്ദിനി ഒരു പാൻ ഇൻഡ്യൻ ബ്രാൻഡാണ്, കാശ്മീർ മുതൽ കന്യാകുമാരി വരെ പാൽ ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട് എന്ന നിലപാട് കെഎംഎഫിൻ്റെ മാനേജിംഗ് ഡയറക്ടർ ബി സി സതീഷ് വ്യക്തമാക്കിയിരുന്നു. നിലവിൽ മുംബൈ, നാഗ്പൂർ, പൂനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നന്ദിനി പാൽ വിൽക്കുന്നുണ്ടെന്നും സതീഷ് സൂചിപ്പിച്ചിരുന്നു. നന്ദിനി കേരളത്തിൽ ഔട്ട്ലെറ്റ് തുറക്കുന്നതിൻ്റെ ലക്ഷ്യം കൂടിയാണ് ഇവിടെ വ്യക്തമാകുന്നത്. വിറ്റുവരവ് വരുമാനത്തിൽ അമുലിന് പിന്നിൽ രണ്ടാമതാണ് നന്ദിനിയുടെ സ്ഥാനം. അതിനാൽ തന്നെ മത്സരാടിസ്ഥാനത്തിൽ നന്ദിനി കേരളത്തിൽ ഇടപെടുന്നത് ദീർഘകാലാടിസ്ഥാനത്തിൽ മിൽമക്ക് തിരിച്ചടിയാണ്.

കര്‍ണാടക സര്‍ക്കാര്‍ നന്ദിനിക്ക് 5 മുതല്‍ 6 രൂപവരെ നിലവില്‍ ഇന്‍സെന്റീവ് നല്‍കുന്നുണ്ട്. ഭാവിയില്‍ കേരള വിപണിയില്‍ മില്‍മയെക്കാള്‍ വിലകുറച്ച് പാല്‍ വില്‍ക്കണമെന്ന് തീരുമാനിച്ചാല്‍ നഷ്ടമില്ലാതെ അത് ചെയ്യാനുള്ള സാഹചര്യം നന്ദിനിക്കുണ്ട്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ അത് മില്‍മക്ക് വെല്ലുവിളിയായേക്കും.

നിലവില്‍ മില്‍മ അവരുടെ മേഖലാ സഹകരണ യൂണിയനുകള്‍ക്ക് പ്രവര്‍ത്തന പരിധി നിശ്ചയിച്ചിട്ടുണ്ട്. മലബാര്‍ മേഖലാ യൂണിയന്റെ കീഴില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നിങ്ങനെ ആറു ജില്ലകളാണ് ഉള്‍പ്പെടുന്നത്. മലബാര്‍ മേഖലാ യൂണിയന് ഈ ആറ് ജില്ലകളില്‍ മാത്രമാണ് പാല്‍ സംഭരണവും വിതരണവും നടത്താന്‍ അനുമതിയുള്ളത്. എറണാകുളം മേഖലയുടെ കീഴില്‍ തൃശൂര്‍, എറണാകുളം, കോട്ടയം ഇടുക്കി ജില്ലകളാണ് ഉള്‍പ്പെടുന്നത്. തിരുവനന്തപുരം മേഖലാ യൂണിയനില്‍ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ ഉള്‍പ്പെടുന്നു. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ കൃത്യമായ പ്രവര്‍ത്തന മേഖലകള്‍ നിശ്ചയിച്ചാണ് മില്‍മ പ്രവര്‍ത്തിക്കുന്നത്. ക്ഷീരകര്‍ഷകരുടെ എണ്ണം കൂടി പരിഗണിച്ചാണ് കേരള മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ മേഖല യൂണിയനുകള്‍ക്ക് കൃത്യമായ പ്രവര്‍ത്തന മേഖല നിശ്ചയിച്ച് നല്‍കിയിരിക്കുന്നത്.

ദേശീയ തലത്തിലുള്ള ഫെഡറല്‍തത്വം മാനിച്ച് മില്‍മ അതിന്റെ പ്രവര്‍ത്തന പരിധി കേരളത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ വിറ്റുവരവുള്ള അമുലും രണ്ടാമത് നില്‍ക്കുന്ന നന്ദിനിയും ഫെഡറല്‍ തത്വങ്ങളെ മറികടന്ന് ഇതരസംസ്ഥാനങ്ങളുടെ വിപണിയില്‍ പാല്‍ വില്‍ക്കുന്നത് അതത് സംസ്ഥാനങ്ങളിലെ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് തീര്‍ച്ചയാണ്.

വര്‍ഗീസ് കുര്യന്‍ വിഭാവനം ചെയ്ത സഹകരണ ഫെഡറേഷനുകളുടെ സ്വഭാവത്തില്‍ നിന്ന് അമുല്‍ വ്യതിചലിക്കുന്നത് രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണെന്ന് വിമര്‍ശനമുണ്ട്. നന്ദിനിയെയും സമാനമായ രാഷ്ട്രീയ താല്‍പ്പര്യം സ്വാധീനിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. രാജ്യത്തേക്ക് പാലും പാല്‍ ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനെതിരെ ശക്തമായ നിലപാട് എടുത്തവരാണ് അമുല്‍. രാജ്യത്തെ ക്ഷീര സഹകരണ മേഖലയെ ഈ നീക്കം തകര്‍ക്കുമെന്ന നിലപാടായിരുന്നു ഈ വിഷയത്തില്‍ അമുല്‍ സ്വീകരിച്ചത്. അമുല്‍ കര്‍ണാടകയില്‍ പാല്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കര്‍ണാടകയിലെ ക്ഷീരമേഖലയെ അത് ബാധിക്കുമെന്ന നിലപാടാണ് നന്ദിനിക്കുള്ളത്. ഇത്തരത്തില്‍ അവരവരുടെ പ്രവര്‍ത്തന മേഖലയെ ബാധിക്കുന്ന ഇടപെടലുകള്‍ക്കെതിരെ നിലപാട് സ്വീകരിച്ച അമുലും നന്ദിനിയും മറ്റു സംസ്ഥാന വിപണികളിലേക്ക് കടന്നുകയറുന്നത് വിരോധാഭാസമാണ്.

മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വലിയ നിലയിലുള്ള പ്രധാന്യം കൊടുക്കുന്ന ഘട്ടത്തിലാണ് അമുലും നന്ദിനിയും മറ്റു സംസ്ഥാനങ്ങളുടെ വിപണി ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവുകളായി മാറാതെ തന്നെ അമുലും നന്ദിനിയും സഹകരണ ഫെഡറേഷനുകളുടെ സ്വഭാവത്തില്‍ നിന്നും വ്യതിചലിക്കുന്നു എന്നതാണ് ഗൗരവമായിട്ടുള്ളത്. ദേശീയ കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്‍ ഇത്തരം വിഷയങ്ങളില്‍ അടിയന്തരമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ സഹകരണ ഫെഡറേഷനുകളിലൂടെ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയ ക്ഷീര മുന്നേറ്റം തകര്‍ന്നു പോയേക്കുമെന്ന ആശങ്ക ശക്തമാണ്. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്തെ ക്ഷീരവിപണന മേഖലയില്‍ ഇടപെടാനും ലാഭം കൊയ്യാനും സ്വകാര്യ കുത്തകകള്‍ക്ക് അവസരം തെളിഞ്ഞേക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com