ജര്‍മ്മനിയെ തളര്‍ത്തി യുക്രെയ്ന്‍ യുദ്ധം

യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ്ജ പ്രതിസന്ധിയാണ് ജര്‍മ്മനിയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്നായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്
ജര്‍മ്മനിയെ തളര്‍ത്തി യുക്രെയ്ന്‍ യുദ്ധം

യൂറോപ്പിലെ പമ്പരാഗത വ്യാവസായിക ശക്തികളായ ജര്‍മ്മനിയെയും ബ്രിട്ടനെയും ബാധിച്ചിരിക്കുന്ന പ്രതിസന്ധി ലോകസമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നത് പ്രധാനമാണ്. ജര്‍മ്മനിയെയും ബ്രിട്ടനെയും ആശ്രയിച്ചുള്ള കയറ്റുമതിയും ഇറക്കുമതിയുമെല്ലാം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കും. ഇതില്‍ ജര്‍മ്മനി സാമ്പത്തികമാന്ദ്യത്തിലേക്കെന്ന സൂചനയാണ് ഗൗരവത്തില്‍ വിലയിരുത്തപ്പെടേണ്ടത്.

ജര്‍മ്മനിയെ സംബന്ധിച്ച് ലഭ്യമാകുന്ന സാമ്പത്തിക സൂചകങ്ങള്‍ പ്രതീക്ഷ നല്‍കുന്നതല്ല. 2023ന്റെ ആദ്യ പാദത്തില്‍ ജര്‍മ്മനിയുടെ സാമ്പത്തിക ഉദ്പാദനം 0.3% ഇടിഞ്ഞിട്ടുണ്ട്. 2022ന്റെ അവസാന പാദത്തില്‍ 0.5% ആയിരുന്നു ഇടിവ്. ഗാര്‍ഹിക അന്തിമ ഉപഭോഗ ചെലവ് 2023ന്റെ ആദ്യപാദത്തില്‍ 1.2%മായി കുറഞ്ഞതും ശുഭകരമല്ല. ജര്‍മ്മനിയുടെ ജിഡിപി വളര്‍ച്ച 2022ലെ 1.8%ത്തില്‍ നിന്നും 2023ല്‍ 0.2%ലേക്ക് താഴുമെന്നാണ് സൂചന. 2024ല്‍ ഇത് 1.4%മായി വര്‍ദ്ധിക്കുമെന്ന് സൂചനകളുണ്ട്. അപ്പോഴും നടപ്പ് വര്‍ഷം ജര്‍മ്മനിയുടെ അവസ്ഥ ശുഭകരമല്ല എന്ന് തന്നെയാണ് കണക്കാക്കേണ്ടത്. പണപ്പെരുപ്പത്തിന് 2022നെ അപേക്ഷിച്ച് 2023ല്‍ കുറവ് വരുമെന്ന് സൂചനകളുണ്ട്. 2022ല്‍ 8.7% ആയിരുന്ന പണപ്പെരുപ്പം 2023ല്‍ 6.8% ആകുമെന്നാണ് കണക്കാക്കുന്നത്. 2024ല്‍ ഇത് 2.7%ലേക്ക് താഴുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തൊഴിലില്ലായ്മയും 2023ല്‍ വര്‍ദ്ധിച്ച നിലയിലായിരിക്കും. 2022ല്‍ 3.1% ആയിരുന്ന തൊഴിലില്ലായ്മ 2023ല്‍ 3.2%ത്തിലേക്ക് മാറും. 2024ല്‍ ഇത് 3.1%മായി കുറയും.

പൊതുസര്‍ക്കാര്‍ ബാലന്‍സ് 2022ല്‍ ജിഡിപിയുടെ 2.6%മായിരുന്നു. 2023ല്‍ ഇത് 2.3% ആകുമെന്നും, 2024ല്‍ -1.2% ആകുമെന്നുമാണ് കണക്ക്. പൊതുകടം 2022ല്‍ ജിഡിപിയുടെ 66.3%മാനമായിരുന്നു. 2023ല്‍ ഇത് 65.2%വും 2024ല്‍ 64.1% ആയിരിക്കുമെന്നാണ് കണക്കുകള്‍. കറണ്ട് അക്കൗണ്ട് ബാലന്‍സ് 2022ല്‍ ജിഡിപിയുടെ 4.0%വും 2023ല്‍ 5.8%വും 2024ല്‍ 5.6%വുമായിരിക്കുമെന്നാണ് കണക്കുകള്‍.

യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ്ജ പ്രതിസന്ധിയാണ് ജര്‍മ്മനിയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്നായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ജര്‍മ്മനിയുടെ വ്യാവസായിക-ഗാര്‍ഹിക ആവശ്യത്തിനുള്ള ഊര്‍ജ്ജത്തിന്റെ പ്രധാന ശ്രോതസ് റഷ്യയായിരുന്നു. യുക്രെയ്ന്‍ യുദ്ധത്തിന് മുമ്പുള്ള കണക്ക് പ്രകാരം ജര്‍മ്മനിയില്‍ ഉപയോഗിക്കുന്ന ഗ്യാസിന്റെ 55%വും റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതായിരുന്നു. കല്‍ക്കരി, പെട്രോള്‍ തുടങ്ങിയ ജര്‍മ്മനിയുടെ ഊര്‍ജ്ജ ശ്രോതസുകളുടെയും ആശ്രയകേന്ദ്രം റഷ്യയായിരുന്നു. യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതോടെ ഊര്‍ജ്ജ ലഭ്യതയുടെ കുറവും വിലവര്‍ദ്ധനവും ജര്‍മ്മനിയുടെ സാമ്പത്തിക പ്രതിസന്ധിയുടെ ആക്കം കൂട്ടി. റഷ്യയെ ആശ്രയിച്ചുള്ള ഊര്‍ജ്ജ ഉപഭോഗമാണ് ജര്‍മ്മനിയുടെ വ്യാവസായിക ഉദ്പാദനത്തിന്റെ ആണിക്കല്ല്. യുക്രെയ്ന്‍ യുദ്ധം ആ നിലയില്‍ ജര്‍മ്മനിയുടെ വ്യാവസായിക ഉദ്പാദനത്തെയും പ്രതികൂലമായി ബാധിച്ചു. ജര്‍മ്മനി അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ മൂലകാരണങ്ങളിലൊന്ന് അനിശ്ചിതമായി നീളുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധമാണ്. യുദ്ധം നീളുന്ന സാഹചര്യം പ്രതിസന്ധിയുടെ ആഴം കൂട്ടുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

ജര്‍മ്മനി അഭിമുഖീകരിക്കുന്ന പ്രതിസന്ധി അവരുടെ കയറ്റുമതി-ഇറക്കുമതി മേഖലകളിലും പ്രതിഫലിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഇന്ത്യയെയും ബാധിച്ചിട്ടുണ്ട്. 2022-23 കാലത്ത് ഇന്ത്യയില്‍ നിന്നും 10.2 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ജര്‍മ്മനിയിലേക്ക് നടത്തിയത്. ഇറക്കുമതി കുറഞ്ഞതോടെ തുകല്‍ ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, ലൈറ്റ് എഞ്ചിനീയറിംഗ്, വാഹനഘടകങ്ങള്‍ തുടങ്ങിയവയുടെ ഇന്ത്യയില്‍ നിന്നും ജര്‍മ്മനിയിലേക്കുള്ള കയറ്റുമതിയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com