ഇന്ത്യയിലെ അതിസമ്പന്നര്‍ നാടുവിടുന്നു; ഒഴുക്ക് എങ്ങോട്ട്, എന്തിന്?

സമ്പന്ന കുടുംബങ്ങള്‍ എല്ലാം അങ്ങേയറ്റം ചലനാത്മകമാണ്. അവരുടെ അന്തര്‍ദേശീയ ചലനങ്ങള്‍ക്ക് ഒരു രാജ്യത്തിന്റെ സാമ്പത്തിക കാഴ്ചപ്പാടിനെയും ഭാവിയെയും സ്വാധീനിക്കാനുള്ള ശക്തിയുണ്ട്
ഇന്ത്യയിലെ അതിസമ്പന്നര്‍ നാടുവിടുന്നു; ഒഴുക്ക് എങ്ങോട്ട്, എന്തിന്?

ഇന്ത്യയില്‍ നിന്ന് അതിസമ്പന്നരായ 6,500 പേര്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് റിപ്പോര്‍ട്ട്. ഹെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണക്ക്. 8.2 ലക്ഷം രൂപ നിക്ഷേപിക്കാന്‍ ആസ്തിയുള്ളവര്‍ ഇന്ത്യ വിടുമെന്നാണ് റിപ്പോര്‍ട്ടിലെ കണക്ക്.

എന്തുകൊണ്ടാണ് ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ രാജ്യം വിടുന്നത്? ഇവര്‍ എവിടേക്കാണ് പോകുന്നത്?

അതിസങ്കീര്‍ണമായ നിയമങ്ങള്‍, നിരോധിത നികുതി നിയമ നിര്‍മാണം എന്നിങ്ങനെയുള്ള നൂലാമാലകള്‍ നിക്ഷേപ കുടിയേറ്റത്തിന്റെ കാരണങ്ങളിലൊന്നാണ്. ഇതിന് പുറമെ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ക്രിപ്റ്റോയെ അനുകൂലമായി കാണുന്ന സര്‍ക്കാരുകള്‍ എന്നിവയെല്ലാം ഇതില്‍ ഘടകങ്ങളാകുന്നു. രാജ്യത്തെ സമ്പന്നര്‍ ഇങ്ങനെ നാടുവിടുന്നത് അധികാരികള്‍ക്ക് ഒരു മുന്നറിയിപ്പാണ്.

സമ്പന്ന കുടുംബങ്ങള്‍ എല്ലാം അങ്ങേയറ്റം ചലനാത്മകമാണ്. അവരുടെ അന്തര്‍ദേശീയ ചലനങ്ങള്‍ക്ക് ഒരു രാജ്യത്തിന്റെ സാമ്പത്തിക കാഴ്ചപ്പാടിനെയും ഭാവിയെയും സ്വാധീനിക്കാനുള്ള ശക്തിയുണ്ട്. ചൈന അതിന് ഉദാഹരണമാണ്. അതിസമ്പന്നര്‍ ഏറ്റവും കൂടുതല്‍ നാടുവിടുന്നത് ചൈനയില്‍ നിന്നാണ്. 2000 മുതല്‍ 2017 വരെ ചൈനയുടെ സാമ്പത്തിക മേഖലയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. എന്നാല്‍ ഇതിന് ശേഷം സമ്പത്തിന്റെയും കോടീശ്വരന്മാരുടെയും വളര്‍ച്ച നിന്നു. ഈ വര്‍ഷം മാത്രം 13,500 അതിസമ്പന്നര്‍ ചൈനയില്‍ നിന്ന് നാടുവിടുമെന്നാണ് പ്രവചനം. രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. യുകെയില്‍ നിന്നും റഷ്യയില്‍ നിന്നും ഇത്തരത്തില്‍ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ നാടുവിടുന്നുണ്ട്.

ഇന്ത്യയില്‍ നിന്ന് പോകുന്ന ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടെ ഇഷ്ടരാജ്യങ്ങള്‍ ദുബായിയും സിംഗപ്പൂരുമാണ്. ദുബായിയുടെ ഗോള്‍ഡന്‍ വിസ പദ്ധതി, നികുതി നിയമങ്ങള്‍, വാണിജ്യ രംഗത്തെ പ്രവര്‍ത്തനം എന്നിവയാണ് ഇന്ത്യയിലെ പണക്കാരെ അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത് എന്നും പഠനങ്ങള്‍ പറയുന്നു.

ഏതെല്ലാം രാജ്യങ്ങള്‍ക്കാണ് ഇത് ഗുണകരം?

ഏറ്റവും കൂടുതല്‍ ഉന്നത ആസ്തിയുള്ള വ്യക്തികള്‍ ഇനി ചേക്കാറാന്‍ സാധ്യതയുള്ള രാജ്യം ഓസ്ട്രേലിയയാണ്. 2023-ല്‍ 5,200 സമ്പന്നര്‍ ഓസ്ട്രേലിയയില്‍ എത്തുമെന്നാണ് കണക്ക്. 4,500 അതിസമ്പന്നര്‍ യുഎഇയിലേക്ക് എത്തുമെന്നും കരുതുന്നു. സിംഗപ്പൂരില്‍ 3,200-ഉം യുഎസില്‍ 2,100-ഉം ധനികര്‍ കുടിയേറി എത്താനും സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ധനികരുടെ നാടുവിടലിന്റെ ഗുണഭോക്താക്കളായ മറ്റ് രാജ്യങ്ങള്‍ സ്വിറ്റ്സര്‍ലാന്‍ഡ് കാനഡ, ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളാണ്.

സാമ്പത്തിക പാരമ്പര്യ നികുതികള്‍ കുറച്ചും അനുകൂലമായ കോര്‍പ്പറേറ്റ് നികുതികള്‍ പ്രാവര്‍ത്തികമാക്കിയും ഈ രാജ്യങ്ങള്‍ ധനികരെ മാടി വിളിക്കുന്നു. ഇതോടെ അധികാരപരിധികളില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുന്ന വളരെ ആകര്‍ഷകമായ ബിസിനസ് കേന്ദ്രങ്ങളായി ഈ സ്ഥലങ്ങള്‍ മാറിയിരിക്കുന്നു.

നാം ആശങ്കപ്പെടേണ്ടതുണ്ടോ?

ഇക്കാര്യത്തില്‍ നമ്മുടെ രാജ്യം അതിയായി ആശങ്കപ്പടേണ്ട എന്നാണ് വിദഗ്ധര്‍ പറയുന്നത്. കുടിയേറ്റം മൂലം നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ പുതിയ കോടീശ്വരന്മാരെ ഇന്ത്യ സൃഷ്ടിക്കും. മാത്രമല്ല നിലവില്‍ രാജ്യത്ത് 357,000 ഉയര്‍ന്ന ആസ്തിയുള്ളവര്‍ ബാക്കിയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com