ഇലക്ട്രിക് വാഹന തരംഗത്തിലെ പുത്തന്‍ സംശയങ്ങളും മറുപടികളും

ഇലക്ട്രിക് വാഹന തരംഗത്തിലെ പുത്തന്‍ സംശയങ്ങളും മറുപടികളും

നിരത്തില്‍ സജീവമാകുമ്പോള്‍ വൈദ്യുതി വാഹനങ്ങളെക്കുറിച്ചുള്ള സംശയങ്ങളും ഉയരുന്നുണ്ട്.

രാജ്യമെമ്പാടും ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കുതിച്ചുയരുകയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെയുള്ള കണക്കുകള്‍ എടുത്ത് നോക്കിയാല്‍ 3,17,830 ഇലക്ട്രിക്ക് വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റുപോയത്. ഇതില്‍ 13,395 വാഹനങ്ങള്‍ കേരളത്തില്‍ നിന്നും വിറ്റതാണ്.

വര്‍ധിക്കുന്ന ഇന്ധനവില തന്നെയാണ് വൈദ്യുതി വാഹനങ്ങളുടെ സ്വീകാര്യതയ്ക്ക് പിന്നിലെ കാരണം. ഒരു പെട്രോള്‍ വാഹനത്തിന്റെ ഇന്ധന ചെലവിനെയപേക്ഷിച്ച് നാല് മടങ്ങ് കുറവാണ് ഇലക്ട്രിക് വാഹനത്തിന് വരുന്നത്. ഉദാഹരണത്തിന് അടുത്ത ആറ് വര്‍ഷത്തേക്ക് എല്ലാ വര്‍ഷവും 10,000 കിലോമീറ്റര്‍ കാര്‍ ഓടിക്കുന്ന ഒരു ഉപഭോക്താവിനെയെടുത്താല്‍, വൈദ്യുതി വാഹനത്തില്‍ ഒരു ലക്ഷം രൂപയാണ് ചെലവ് വരുന്നത്. അതേ കാലയളവില്‍, ഒരു പെട്രോള്‍ കാര്‍ ഓടിക്കാനുള്ള ചെലവ് 4.8 ലക്ഷം മുതല്‍ 5.5 ലക്ഷം രൂപ വരെയാണ്.

ഡ്രൈവിംഗ് റേഞ്ച് കൂടിയ വാഹനങ്ങള്‍ നിരക്കിലിറക്കുന്നതും ചാര്‍ജിങ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിച്ചതും അറ്റകുറ്റപ്പണികളിലെയും അനുബന്ധ ചെലവുകളിലേയും ലാഭവും ഇലക്ട്രിക്ക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നുണ്ട്. നിരത്തില്‍ ഇവ സജീവമാകുമ്പോള്‍ തന്നെ മറുവശത്ത് വൈദ്യുതി വാഹനങ്ങളെക്കുറിച്ചുള്ള സംശയങ്ങളും ഉയരുന്നുണ്ട്.

ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ ഉന്നയിക്കുന്ന പ്രധാന ആകുലത ബാറ്ററിയുമായി ബന്ധപ്പെട്ടതാണ്. ഒരു വൈദ്യുതി വാഹനത്തിന്റെ പ്രധാന ഘടകം എന്നത് അതിന്റെ ബാറ്ററിയാണ്. ഇന്ത്യയിലെ പ്രമുഖ വൈദ്യുതി വാഹന ദാതാക്കളായ ഒല, ഏഥര്‍ തുടങ്ങിയവര്‍ തങ്ങളുടെ വാഹനങ്ങളുടെ ബാറ്ററിയ്ക്ക് അഞ്ച് വര്‍ഷം വരെ വാറന്റി നല്‍കുന്നുണ്ട്. എന്നാല്‍ ഈ വാറന്റി കാലയളവിന് ശേഷം ബാറ്ററി തകരാറിലായാലെന്ത് എന്ന സംശയത്തിലാണ് പലരും.

ഇന്ന് ലിഥിയം അയോണ്‍ ബാറ്ററികളാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. മുമ്പ് റീചാര്‍ജബിള്‍ ബാറ്ററികളായി ഉപയോഗിച്ചിരുന്നത് നിക്കല്‍ കാഡ്മിയം ബാറ്ററികളും നിക്കല്‍ ലോഹ ഹൈഡ്രൈഡ് ബാറ്ററികളും ആയിരുന്നു. ഇവയ്ക്ക് പകരമാണ് ലിഥിയം അയോണ്‍ ബാറ്ററികള്‍ രംഗത്തെത്തുന്നത്. നിക്കല്‍ ബാറ്ററികളെക്കാള്‍ ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് വില കൂടുതലാണ്. അതിനാല്‍ വാഹനത്തിന്റെ ബാറ്ററി തകരാറിലായാല്‍ വലിയ ചെലവ് തന്നെ അത് പരിഹരിക്കാനായി നല്‍കേണ്ടി വരും. എന്നത് ഒരു പ്രശ്‌നമായി പലരും കണക്കാക്കുന്നുണ്ട്. ഇവികളുടെ ബാറ്ററി വാറന്റി കാലയളവില്‍ വാഹനത്തിന്റെ ബാറ്ററിയുടെ കപ്പാസിറ്റിയില്‍ സാവകാശം ഇടിവ് സംഭവിച്ചാല്‍ അത് വാഹനനിര്‍മ്മാതാക്കള്‍ വാറന്റിയില്‍പ്പെടുത്തുമോ എന്നും പലര്‍ക്കും സംശയമുണ്ട്.

എന്നാല്‍ ഏഥര്‍ ഉള്‍പ്പടെയുള്ള പ്രമുഖ വാഹനനിര്‍മ്മാതാക്കളുടെ പക്കല്‍ ഇത്തരം സംശയങ്ങള്‍ക്ക് മറുപടിയുമുണ്ട്. വാഹനങ്ങളുടെ ബാറ്ററി ലൈഫിന്റെ കാര്യത്തില്‍ ഉപഭോക്താക്കള്‍ ആകുലപ്പെടേണ്ടതില്ല. മികച്ച ബാറ്ററി ലൈഫ് ഉണ്ടെന്നതിനാലാണ് തങ്ങളുടെ വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തോളം വാറന്റി നല്‍കുന്നത് എന്നാണ് വാഹനനിര്‍മ്മാതാക്കള്‍ പറയുന്നത്. അതുപോലെ ഈ അഞ്ച് വര്‍ഷത്തിനിടയില്‍ വാഹനത്തിന്റെ ബാറ്ററി കപ്പാസിറ്റിയില്‍ 70 ശതമാനത്തോളം ഇടിവ് സംഭവിക്കുകയാണെങ്കില്‍ അതും തങ്ങള്‍ തന്നെ പരിഹരിക്കുമെന്ന് കമ്പനികള്‍ ഉറപ്പ് നല്‍കുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്സിഡി ആയിരുന്നു ഈ വാഹനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ ഒരു കാരണം. എന്നാല്‍ ഈ സബ്‌സിഡി സര്‍ക്കാര്‍ കുറയ്ക്കുന്നതോടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കൂടുകയും ചെയ്യും. ഈ നീക്കം മൂലം ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില 30,000 രൂപ വരെ വര്‍ദ്ധിക്കും. ഇതോടെ ഒരു പെട്രോള്‍ വാഹനത്തേക്കാള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കൂടുമെന്നതും ഉപഭോക്താക്കള്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ഇന്ധന വിലയില്‍ വരുന്ന ലാഭം കണക്കിലെടുത്താല്‍ വലിയ കാലയളവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പെട്രോള്‍ വാഹനങ്ങളെക്കാള്‍ ലാഭകരമാകുമെന്നാണ് മറുവാദം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com