അപർണ സെൻ; ഒഴുകിയും പരന്നും ആഴങ്ങളിലേക്ക് ഊളിയിട്ടും സ്വയം തിരയുന്ന ഒരു നദി; മനോഹരം, സുധീരം

78ാമത്തെ വയസിലും ആ കഥകളുടെ ലോകത്ത് അവർ 17കാരിയായി തുടരുന്നു. അതേ ഊർജസ്വലതയോടെ കഥ പറയുന്നു, സമൂഹത്തിലിടപെടുന്നു. പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. എല്ലായ്പ്പോഴും ചലച്ചിത്രപ്രേമികളോട്, തന്റെ ആരാധകരോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു വരൂ, പോകാം, പറക്കാം, മേഘങ്ങളിൽ സവാരി ചെയ്യാം, കഥകളിൽ നീന്താം.......
അപർണ സെൻ; ഒഴുകിയും പരന്നും ആഴങ്ങളിലേക്ക് ഊളിയിട്ടും സ്വയം തിരയുന്ന ഒരു നദി; മനോഹരം, സുധീരം

1960ലാണ്. കൊൽക്കത്തയിലെ ഒരു വൈകുന്നേരം. ഒരു പതിനാലുകാരി ചുവന്ന സാരിയുടുത്ത് തന്റെ വീടിന്റെ ടെറസിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. കാതുകളിൽ പച്ചനിറത്തിലുള്ള കമ്മൽ, മൂക്കിൽ ഒട്ടിച്ചുവച്ച ഒരു മൂക്കുത്തി. ഫോട്ടോ​ഗ്രാഫറുടെ നിർദേശപ്രകാരം സഹായി ഒരു കാൻ നിറയെ വെള്ളം മുകളിൽ നിന്ന് അവളുടെ മേലേക്ക് ഒഴിച്ചു. അങ്ങനെ അവൾ മഴ നനയുന്ന, മഴ ആസ്വദിക്കുന്ന പെൺകുട്ടിയായി ഫ്രെയിമിൽ പതിഞ്ഞു. ആ ചിത്രം അധികം വൈകാതെ ലോകപ്രശസ്തമായി.

അപർണ സെൻ എന്ന ചലച്ചിത്രകാരിയുടെ തുടക്കം അതായിരുന്നു. അന്ന് ക്യാമറയ്ക്ക് പിന്നിലുണ്ടായിരുന്നത് പ്രശസ്ത ഫോട്ടോ​ഗ്രാഫർ ബ്രെയാൻ ബ്രെയ്ക്. അദ്ദേഹത്തിന്റെ മൺസൂൺ ഫോട്ടോ സീരിസിന്റെ ഭാ​ഗമായിരുന്നു ആ ഫോട്ടോഷൂട്ട്. അന്ന് പക്ഷേ, ആ 14കാരിക്ക് അത് അത്ര ഇഷ്ടപ്പെ‌ട്ടൊന്നുമില്ല. "ചുവന്ന സാരിക്ക് ചുവന്ന കമ്മലിടാമെന്ന് ഞാൻ പറഞ്ഞതാണ്. അദ്ദേഹം സമ്മതിച്ചില്ല. മൂക്കിൽ പശയൊട്ടിച്ച് വച്ച മൂക്കൂത്തി എന്നെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഫോട്ടോ കണ്ടപ്പോഴും എനിക്കത്ര ഇഷ്ടപ്പെട്ടില്ല, 14 കാരിയായ എന്നെ കണ്ടാൽ 28കാരിയെ പോലെയുണ്ടായിരുന്നു!" അപർണ സെൻ പിന്നീട് പറഞ്ഞിട്ടുണ്ട്. ‌

കൊൽക്കത്തയിലെ ഒരു ബം​ഗാളി വൈദ്യ കുടുംബത്തിൽ 1945 ഒക്ടോബർ 25നാണ് അപർണയുടെ ജനനം. പ്രശസ്ത സിനിമാ നിരൂപകനായ ചിദാനന്ദ ദാസ്​ഗുപ്തയുടെയും വസ്ത്രാലങ്കാര വിദ​ഗ്ധയായ സുപ്രിയാ ദാസ്​ഗുപ്തയുടെയും മകളായ അപർണയ്ക്ക് സിനിമ രക്തത്തിലലിഞ്ഞു ചേർന്ന ഒന്നായിരുന്നെന്ന് പറയാം. ചിദാനന്ദ ദാസ്​ഗുപ്തയുടെ അടുത്ത സുഹൃത്തായിരുന്നു സത്യജിത് റേ. അദ്ദേഹത്തിന്റെ ചിത്രത്തിലൂടെയാണ് അപർണ അഭിനയരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. 1961ൽ 15ാമത്തെ വയസിൽ തീൻ കന്യാ എന്ന ചിത്രത്തിൽ മൃൺമയി ആയി അപർണ വെള്ളിത്തിരയിലെത്തി. റേയുടെ മറ്റ് നാല് ചിത്രങ്ങളിലും അപർണ അഭിനയിച്ചിട്ടുണ്ട്. 1965 മുതൽ അഭിനയരം​ഗത്ത് സജീവമായ അപർണ ക്രമേണ ബം​ഗാളി സിനിമയുടെ അവിഭാജ്യഘടകമായി മാറി. ബസന്ത ബിലാപ്, മേം സാഹബ്, അന്താഹീൻ തുടങ്ങി ബസു പരിവാർ (2019) വരെയുള്ള നിരവധി ബം​ഗാളി ചിത്രങ്ങളുടെ ഭാ​ഗമായി. വിവിധ ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുള്ള അപർണ രജനികാന്തിനൊപ്പം തീ എന്ന തമിഴ്സിനിമയുടെ ഭാ​ഗമായി.

"ഞാനൊരു സിനിമാക്കാരിയാകുമെന്ന് 10 വയസിലേ ഉറപ്പിച്ചിരുന്നു. അതെപ്പോഴും എന്റെ ഉള്ളിലുണ്ടായിരുന്നു. അങ്ങനെയൊരു ദിവസം രാവിലെ പല്ലുതേച്ചുകൊണ്ടിരുന്നതിനിടയിലാണ് ഞാൻ വീട്ടിൽ പ്രഖ്യാപിച്ചത്, ഞാനൊരു സിനിമാക്കാരി തന്നെയാകും". അപർണ പറഞ്ഞിട്ടുണ്ട്. ‌

സത്യജിത് റേയ്ക്കൊപ്പം
സത്യജിത് റേയ്ക്കൊപ്പം

‌1981ലാണ് അപർണ സെൻ ആദ്യ ചിത്രം സംവിധാനം ചെയ്തത്. 36 ചൗരംഗി ലെയിന്‍ തനിച്ചായി പോയ ഒരു ആം​ഗ്ലോ ഇന്ത്യൻ വനിതയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു. ശശി കപൂർ നിർമ്മിച്ച ചിത്രം മികച്ച സംവിധായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം അപർണയ്ക്ക് നേടിക്കൊടുത്തു. അങ്ങനെ സംവിധാനത്തിനുള്ള ദേശീയ പുരസ്കാരം നേടുന്ന ആദ്യ വനിതയുമായി അവർ. ചിത്രം മനില അന്താരാഷ്ട്ര ചലിച്ചിത്രോത്സവത്തില്‍ ‘ഗ്രാന്റ് പ്രിക്‌സ്’ അവാര്‍ഡും നേടി.

മകള്‍ കൊങ്കണയ്ക്കൊപ്പം
മകള്‍ കൊങ്കണയ്ക്കൊപ്പം

പരാമ (1084), സതി (1984), പരോമിതാർ ഏക് ദിൻ (2000), മിസ്റ്റർ ആന്റ് മിസിസ് അയ്യർ (2002), ദ ജാപ്പനീസ് വൈഫ് (2010), ദ റേപിസ്റ്റ് (2021) തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അപർണയുടെ സംവിധാന മികവിൽ പ്രേക്ഷകരിലേക്കെത്തി. നടി, സംവിധായിക എന്നതിനൊപ്പം മികച്ച തിരക്കഥാകൃത്തു കൂടിയാണ് അവർ. ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍’ എന്ന ചിത്രത്തിലൂടെ 2003ലെ ഏറ്റവും മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം അപർണയെ തേടിയെത്തി. ഇതേ ചിത്രത്തിലൂടെ മകൾ കൊങ്കണ സെൻ മികച്ച അഭിനേത്രിയുമായി. ദ റേപിസ്റ്റിന് 2021ൽ ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കിം ജിസൂക്ക് പുരസ്കാരവും 2022ൽ മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, സംവിധായിക, നടി എന്നീ പുരസ്കാരങ്ങളും ലഭിച്ചു.

ഒമ്പത് തവണ ദേശീയ പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. പത്മശ്രീ പുരസ്കാരം, സിനിമാലോകത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ‘സത്യജിത്‌റേ അവാര്‍ഡ്’ തുടങ്ങിയവയും അപര്‍ണയെ തേടിയെത്തിയിട്ടുണ്ട്.

അപർണ സെൻ സംവിധാനം ചെയ്ത സിനിമകളിലെ സ്ത്രീകൾ ഒരിക്കലും ആധുനികതയുടെയോ പുരോഗമനത്തിന്റെയോ പ്രത്യയശാസ്ത്ര മണ്ഡലത്തിൽ നിന്ന് കഥ പറയുന്നവരായിരുന്നില്ല. പകരം, പിന്തിരിപ്പൻ പാട്രിയാർക്കൽ സമൂഹത്തിന്റെ എല്ലാ അതിർവരമ്പുകളും തകർത്ത് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മുന്നേറുന്നവരാണ്. “ഞാൻ പരീക്ഷണ സിനിമകളോ ഫോർമുല സിനിമകളോ അല്ല നിർമ്മിക്കുന്നത്. പകരം, എന്റെ കലാപരമായ കാഴ്ചപ്പാടിന് അനുസൃതമായ സിനിമകളാണ് നിർമ്മിക്കുന്നത്," അപർണ സെൻ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

സ്ത്രീജീവിതങ്ങളുടെ സങ്കീർണതകളെയും നിസ്സഹായതകളെയുമൊക്കെ യാഥാർത്ഥ്യം ഒട്ടും ചോരാതെ അവതരിപ്പിക്കുന്നവരാണ് അപർണ സെന്നിന്റെ സ്ത്രീകൾ. 36 ചൗരംഗി ലെയിനിലെ വയലറ്റ് സ്റ്റോൺഹാം ആയാലും പരോമിതാർ ഏക് ദിനിലെ പരോമിതയും സനകയും മിസ്റ്റർ ആന്റ് മിസിസ് അയ്യറിലെ മീനാക്ഷിയും ദ റേപിസ്റ്റിലെ നൈനയുമെല്ലാം അങ്ങനെതന്നെ. 'എനിക്ക് ഫെമിനിസമെന്നാൽ മനുഷ്യത്വം തന്നെയാ'ണെന്ന് അപർണ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സ്ത്രീ കേന്ദ്രീകൃത സിനിമകളായതുകൊണ്ടാണോ പ്രൊഡ്യൂസർമാരെ കിട്ടാൻ പ്രയാസം എന്ന ചോദ്യം ഒരിക്കൽ അപർണ നേരിട്ടിട്ടുണ്ട്. അന്ന് അവർ പറഞ്ഞത് 'എന്റെ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ സ്ത്രീകളായതുകൊണ്ടല്ല, കഥയുടെ പ്രത്യേകത കൊണ്ടാണ് പ്രൊഡ്യൂസർമാരെ കിട്ടാൻ പ്രയാസം' എന്നാണ്. പുരുഷമേധാവിത്തം നിറഞ്ഞ സിനിമാ മേഖലയിൽ സംവിധായികയായി ഉയർന്നുവരാൻ നേരിട്ട പ്രതിസന്ധികളേറെയാണെന്ന് അവർ പല ഘട്ടങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്തൊക്കെ പ്രതിബന്ധങ്ങൾ നേരിട്ടാലും സ്വപ്നത്തിൽ നിന്ന് പിന്നോട്ട് പോവരുതെന്നാണ് അവർ പുതിയ സംവിധായികമാരോട് പറയാറുള്ളത്. തനിക്കെന്തെങ്കിലും പറയാനുള്ളപ്പോൾ മാത്രമാണ് താൻ സിനിമകൾ ചെയ്യാറുള്ളത് എന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

സൊണാറ്റ എന്ന ചിത്രത്തില്‍ നിന്ന്
സൊണാറ്റ എന്ന ചിത്രത്തില്‍ നിന്ന്

സിനിമയിൽ മാത്രമല്ല ജീവിതത്തിലും വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ തുറന്നുകാട്ടാറുള്ള വ്യക്തിയാണ് അപർണ. ആൾക്കൂട്ട കൊലപാതകങ്ങൾ വലിയ കോളിളക്കം സൃഷ്ടിച്ച 2018ൽ വിയോജിപ്പറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച പ്രമുഖരുടെ കൂട്ടത്തിൽ അപർണയുമുണ്ടായിരുന്നു. രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച വേളയിൽ അവർ പറഞ്ഞു. "ഇന്ത്യ സാവധാനത്തിൽ, എന്നാൽ ഉറപ്പായും ഫാസിസത്തിലേക്ക് നീങ്ങുകയാണ്. അതാണ് എന്റെ ആശങ്ക. എങ്കിലും ഇന്ത്യൻ ജനാധിപത്യത്തിൽ എനിക്ക് ഇപ്പോഴും വിശ്വാസമുണ്ട്. ഇന്ത്യയിലെ ജനങ്ങൾ, തെറ്റായ ദേശീയതയിലേക്ക് നിരന്തരം നോക്കുന്നതിനുപകരം, സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ, ആളുകൾക്ക് ജോലി ലഭിക്കുന്നുണ്ടോ എന്ന കാര്യം, സർക്കാരിന്റെ ആനുകൂല്യങ്ങൾ പരമാവധി ആളുകളിലേക്ക് എത്തുന്നുണ്ടോ എന്ന കാര്യം ഒക്കെയാണ് ശ്രദ്ധിക്കേണ്ടത്. ചൈനയുടെയും പാകിസ്ഥാന്റെയും വീഴ്ചകളെക്കുറിച്ച് നിരന്തരം ചിന്തിക്കുന്നതിനുപകരം നാം ഇവയിലൊക്കെയാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. സൈന്യത്തെ ശ്രദ്ധിക്കേണ്ടതുണ്ട്, വേണ്ട എന്നല്ല. പക്ഷേ നമ്മുടെ ആളുകളുടെ ക്ഷേമം അന്വേഷിക്കേണ്ടതിന്റെ ആവശ്യകതയും ഉണ്ട്".

ഋതുപര്‍ണ ഘോഷിനൊപ്പം
ഋതുപര്‍ണ ഘോഷിനൊപ്പം

ദേശീയത ഓരോരുത്തരിലും അടിച്ചേൽപ്പിക്കേണ്ടുന്ന ഒന്നല്ലെന്ന് അവർ നിരന്തരം വാദിക്കാറുണ്ട്. മണിപ്പൂർ കലാപത്തിലും വ്യക്തമായ അഭിപ്രായ പ്രകടനവുമായി അവർ രം​ഗത്തെത്തിയിരുന്നു. പശ്ചിബബം​ഗാളിലെ തിരഞ്ഞെടുപ്പ് സമയത്തെ അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനർജിക്ക് അപർണ സെൻ കത്തയച്ചതും വാർത്തയായിരുന്നു.

മറ്റുള്ളവരോട് ഊഷ്മളതയും ആർദ്രതയും സഹാനുഭൂതിയും നിലനിർത്തിക്കൊണ്ട് ഒരു സ്ത്രീക്ക് എങ്ങനെ എല്ലായ്‌പ്പോഴും ജീവിതത്തെക്കുറിച്ച് ധീരമായ പ്രസ്താവനകൾ നടത്താമെന്നതിന്റെ ഉദാഹരണമാണ് അപർണ സെൻ. വ്യക്തിയെന്ന നിലയിലായാലും പ്രൊഫഷണലെന്ന നിലയിലായാലും മറ്റൊരാളുടെ കാഴ്ച്ചപ്പാട് തന്നിലൂടെ അവതരിപ്പിക്കാൻ അവർ തയ്യാറല്ല. അതുതന്നെയാണ് അഭിനയത്തിൽ നിന്ന് തിരക്കഥാ രചനയിലേക്കും സംവിധാനത്തിലേക്കുമുള്ള അവരുടെ സഞ്ചാരങ്ങളുടെ കാതലും. അവർക്ക് പറയാൻ സ്വന്തം കഥകളുണ്ട്, കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ ആ കഥകളൊക്കെ, ഇഴയകലങ്ങളൊന്നും അവശേഷിപ്പിക്കാതെ വളരെ രസകരമായി അവർ പറയുന്നു. അതിൽ അസാധാരണത്വമോ അതിഭാവുകത്വമോ ഉണ്ടാവില്ല. 78ാമത്തെ വയസിലും ആ കഥകളുടെ ലോകത്ത് അവർ 17കാരിയായി തുടരുന്നു. അതേ ഊർജസ്വലതയോടെ കഥ പറയുന്നു, സമൂഹത്തിലിടപെടുന്നു. പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. എല്ലായ്പ്പോഴും ചലച്ചിത്രപ്രേമികളോട്, തന്റെ ആരാധകരോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു വരൂ, പോകാം, പറക്കാം, മേഘങ്ങളിൽ സവാരി ചെയ്യാം, കഥകളിൽ നീന്താം.......!

Related Stories

No stories found.
logo
Reporter Live
www.reporterlive.com