Women

എനിക്ക് ഈ സ്ഥാപനത്തിലെ സ്ത്രീ ജീവനക്കാർക്കുവേണ്ടി എന്തെങ്കിലും ചെയ്യണം;ആദിയും ചില വനിതാദിന ചിന്തകളും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തങ്കം പോലൊരു പുരുഷനൊപ്പമാവാം ഈ വർഷത്തെ വനിതാദിനചിന്തകള്‍. ആള് മറ്റാരുമല്ല സ്ത്രീപക്ഷവാദിയായ സർവജന സമ്മതനായ ആദി. സംശയിക്കേണ്ട, ആള് അത് തന്നെ, ​ഗിരീഷ് എ ഡിയുടെ ആദി. സച്ചിന്റെ ശത്രു. ഓഫീസിലെ സ്ത്രീകൾക്കായി എന്തെങ്കിലും ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്ന, സ്ത്രീകളെ തല്ലാന്‍ ഒരിക്കലും ആ​ഗ്രഹിക്കാത്ത, സഹപ്രവർത്തകരെ ഒരു കുടുംബം പോലെ കാണുന്ന നല്ലവനായ ആദി. ഇനിയിപ്പോ പറഞ്ഞ് വരുമ്പോള്‍ തങ്കം ഉരഞ്ഞ് അല്പം ചെമ്പ് തെളിഞ്ഞാലും അത്ര കാര്യമാക്കേണ്ട, ആദി ഒരു മാന്യനാണ്. ആദിയുടെ പെരുമാറ്റത്തിലും വർത്തമാനത്തിലുമുണ്ട് ആ മാന്യത. ജെ. കേ!!! ജസ്റ്റ് കിഡിങ്. അല്ലെങ്കില്‍ തന്നെ ആദിമാരില്ലാത്ത, ഒരു ആദിയെങ്കിലും ഇല്ലാത്ത ഓഫീസുകളുണ്ടാകുമോ?. ആദി എന്ന പേരല്ല കേട്ടോ ഉദ്ദേശിച്ചത്, ഒരു പേരില്‍ എന്തിരിക്കുന്നു, സ്വഭാവം. അതല്ലേ മെയ്ന്‍.....!

ശരിയാണ് ഒരു പുരുഷന്‍ പറഞ്ഞിട്ട് തീരുമാനം എടുക്കേണ്ടവളല്ല സ്ത്രീ, Of course its your choice, പക്ഷേ...

ഈ പക്ഷേയ്ക്ക് ശേഷം സ്ത്രീകളോടുള്ള ആദിയുടെ ആ കരുതല്‍ കൂടുതല്‍ വ്യക്തമാകും. ഈ ട്രിപ്പിന്‍റെ ലീഡര്‍ എന്ന നിലയ്ക്ക് നിങ്ങളുടെ സേഫ്റ്റി ഞാന്‍ അത്രയുമേ ഉദ്ദേശിച്ചിട്ടുള്ളു. ഇത് വെറും ജെ കേ അല്ല കെട്ടോ, ആദി നല്ലൊരു ലീഡ് കൂടിയാണ്. ലീഡ് എന്നു കേട്ടപ്പോളാ ഓർത്തേ ചിമമാണ്ട എൻഗോസി അടിച്ചി (We Should All Be Feminists, Chimamanda Ngozi Adichie) പണ്ടൊരിക്കല്‍ താനൊരു ക്ലാസ് ലീഡര്‍ ആകാന്‍ ശ്രമിച്ചതിന്‍റെ കഥ പറഞ്ഞിട്ടുണ്ട്. പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലം. അടിച്ചിയുടെ ടീച്ചര്‍ ഒരു ദിവസം ക്ലാസില്‍ വന്ന് പറഞ്ഞു. താനൊരു ക്ലാസ് പരീക്ഷ നടത്തും. ആ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാർക്ക് നേടുന്ന ആളായിരിക്കും ക്ലാസ് ലീഡര്‍. ക്ലാസ് ലീഡര്‍ എന്നത് ഒരു അധികാരമുള്ള സ്ഥാനം തന്നെ. എല്ലാ ദിവസവും വർത്തമാനം പറയുന്നവരുടെ പേരെഴുതാം. ഇതുതന്നെ ക്ലാസിലൊരു വിലയും നിലയുമൊക്കെ തരുമെന്നിരിക്കെ അടിച്ചിയുടെ ടീച്ചർ ഒരു പ്രത്യേക അധികാരം കൂടി നൽകുന്നുണ്ട്. ചൂരലും പിടിച്ച് ക്ലാസിന് വട്ടം ​ഗമയ്ക്ക് ചുറ്റിനടന്ന് നിരീക്ഷിക്കാനുള്ള അവസരം. ചൂരൽ ഉപയോ​ഗിക്കാനുള്ള അധികാരം ഇല്ല. വേണ്ട, ചൂരൽ പ്രയോ​ഗിക്കാതെ തന്നെ ലീഡർ ലീഡറാണ്. ലീഡറാകണം. അടിച്ചി നന്നായി പഠിച്ചു. പരീക്ഷയുടെ ഫലം വന്നു. അടിച്ചി ഒന്നാമത്.

അപ്പോഴാണ് ടീച്ചർ പറയുന്നത് ക്ലാസ് ലീഡർ ഒരു ആൺകുട്ടി ആയിരിക്കണം. ഇത് ആദ്യം ടീച്ചർ പറഞ്ഞിരുന്നില്ല. അല്ലേലും അത് അങ്ങനെയാണല്ലോ, പ്രത്യേകിച്ച് എടുത്ത് പറയേണ്ട കാര്യമില്ലെന്ന് ടീച്ചർ കരുതി. അങ്ങനെ പരീക്ഷയില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ആൺകുട്ടി ക്ലാസ് ലീഡറായി. രസകരമായ കാര്യമെന്തെന്നാല്‍ ചൂരുലുമായി നടന്ന് ക്ലാസിനെ നിയന്ത്രിക്കാനൊന്നും ആ ആൺകുട്ടിക്ക് വലിയ താൽപര്യമുണ്ടായിരുന്നില്ല. അടിച്ചിയാവട്ടെ അതിനായി അതിയായി ആ​ഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തു. എന്നാല്‍ പെൺകുട്ടി എന്ന ഒറ്റ കാരണം കൊണ്ട് തള്ളപ്പെടുകയും ചെയ്തു. ജീവിതത്തിലൊരിക്കലും ഈ സംഭവം മറക്കാന്‍ കഴിയില്ലെന്ന് അടിച്ചി പറയുന്നു.

പലവട്ടം ആവർത്തിച്ച് തുടരുന്നതൊക്കെ പതിയെ പതിയെ സാധാരണമായി മാറുന്നു. പല കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും ടീം ലീഡ് മുതൽ ട്രിപ്പ് ലീഡ് വരെയുള്ളവരിൽ എണ്ണത്തിൽ കൂടുതൽ ആദിമാരാവുമ്പോഴും അതിലൊരു അസ്വാഭാവികത തോന്നാത്തതിനും കാരണം ഇതുതന്നെ. ഇനി എണ്ണത്തില്‍ കുറവില്ലാത്ത വിധം തലപ്പത്ത് ചൂണ്ടികാണിക്കാന്‍ പെണ്ണുങ്ങൾ ഉള്ള ഇടം ആണെങ്കിലോ? അത് ഇത്തരം പുരോ​ഗമന ചിന്തക്കാരായ ആദിമാർ ചേർന്ന് ഒരുക്കികൊടുക്കുന്ന ഇടമാണ്. സ്ത്രീകൾ ലീഡ് സ്ഥാനത്ത് വേണമെന്ന തീരുമാനം ഉൾപ്പടെ മറ്റെല്ലാ നിർണായക തീരുമാനങ്ങളും അവർ തന്നെ അങ്ങ് എടുത്തോളും. ആണുങ്ങളുടെ മദ്യപാന സമയത്തോ സി​ഗരറ്റ് വലി സമയത്തോ, ചായ സമയത്തോ ഒക്കെയായി ആ തീരുമാനം ഉണ്ടാകും. പിന്നെയൊരു മീറ്റിങ് കൂടി അതങ്ങ് നടപ്പിലാക്കേണ്ട കാര്യമേ ഉള്ളൂ... സംശയമുണ്ടോ? കേരം തിങ്ങും കേരളനാട് കെ ആർ ​ഗൗരി ഭരിച്ചീടും എന്നു പറഞ്ഞ് തിരഞ്ഞെടുപ്പ് ജയിച്ചിട്ടും കെ ആര്‍ ​ഗൗരിയമ്മ കേരളത്തിന്‍റെ മുഖ്യമന്ത്രിയാകാത്തത് എന്തുകൊണ്ടാവും? ഒന്നാം പിണറായി മന്ത്രിസഭയില്‍ ആ​രോ​ഗ്യമന്ത്രിയായി മികച്ച പ്രകടനം കാഴ്ചവെച്ച കെ കെ ശൈലജ എന്തുകൊണ്ടാവും രണ്ടാം പിണറായി മന്ത്രിസഭയിൽ ഇല്ലാതെ പോയത്?

ആദി പക്ഷേ അങ്ങനൊന്നുമല്ല കെട്ടോ, ട്രിപ്പിന്‍റെ ലീഡര്‍ എന്ന നിലയ്ക്ക് ടീം അം​ഗങ്ങളുടെ സേഫ്റ്റി, അത്രയുമേ ഉദ്ദേശിച്ചിട്ടുള്ളു. ലൈവ് ലൊക്കേഷന്‍ ഷെയർ ചെയ്യണം. ഓരോ മണിക്കൂറും എവിടെയെത്തി എന്ന് മെസേജ് അയച്ച് അപ്ഡേറ്റ് ചെയ്യണം. അല്ലേലും രണ്ട് പെൺപിള്ളേരെ ഒറ്റയ്ക്ക് ഒരുവഴിക്ക് വിടുമ്പോൾ ഇത്രയെങ്കിലും ചെയ്യേണ്ടതല്ലേ?

എനിക്ക് ഈ സ്ഥാപനത്തിലെ സ്ത്രീ ജീവനക്കാർക്കുവേണ്ടി എന്തെങ്കിലും ചെയ്യണം

കുറെ നാളായി ഞാൻ ചിന്തിക്കുന്നു, ഈ സ്ഥാപനത്തിലെ സ്ത്രീ ജീവനക്കാർക്കായ എന്തെങ്കിലും ചെയ്യണം. ആദി പറയുന്നു, എല്ലാവർക്കും ഒരോ പെപ്പർ സ്പ്രേ.... എന്തു നല്ല മനുഷ്യൻ. ആദി ഒരു നല്ല മനുഷ്യൻ മാത്രമല്ല ഫെമിനിസ്റ്റ് കൂടി ആണ് കെട്ടോ. ജെ കേ - ജസ്റ്റ് കിഡിങ്. അല്ലെങ്കിലും അറിഞ്ഞും കണ്ടും സ്ത്രീകളെ സഹായിക്കുന്നതിൽ എന്താണ് ഒരു തെറ്റ്? തെറ്റില്ലെന്നു മാത്രമല്ല അതാണ് ചെയ്യേണ്ടതും. പിന്നെ ഒരു പ്രശ്നമുള്ളത് എന്താന്ന് വെച്ചാൽ, അവിടെയുള്ള ആബാലവൃദ്ധം സ്ത്രീജനങ്ങളെയും ഈ മനുഷ്യസ്നേഹികള്‍ ഓരോ നിമിഷവും ഓർമിപ്പിച്ചുകൊണ്ടിരിക്കും, നിങ്ങള്‍ ഒരു പെണ്ണാണ്. നിങ്ങൾക്ക് വേണ്ട എല്ലാ സഹായവും ഞങ്ങൾ ചെയ്തു തരും. ഇനിയൊന്ന് ആലോചിച്ചു നോക്കിക്കെ, ലിം​ഗഭേദം തൊഴിലിനെ ബാധിക്കാത്ത, ബൗദ്ധിക അധ്വാനം മാത്രം ആവശ്യമുള്ള തൊഴിലിടങ്ങളില്‍ എന്തിനാവണം ഇത്തരത്തിലൊരു സഹായം? സംശയം വേണ്ട, ഒരു സ്ത്രീ ഒറ്റയ്ക്ക് കൂട്ടിയാൽ ഇത് കൂടൂല്ലന്നേ... ആ പൊതുബോധം തന്നെ. എത്രമേല്‍ മനോഹരമായി ഒരു സ്ത്രീക്ക് അവളുടെ ഉത്തരവാദിത്തം പൂർത്തിയാക്കാന്‍ കഴിഞ്ഞാലും അതിലൊരു കൈ സഹായം ഞങ്ങളുടേത് ഉണ്ടാവണം. അത്ര തന്നെ.

അതായത് അവളുടെ തൊഴില്‍, അവളുടെ ഇടം, അവൾക്ക് ലഭിക്കുന്ന അവസരങ്ങള്‍ ഒക്കെ മറ്റൊരാളുടെ ഇടപെടലുകളിലൂടെ അനുവദിച്ച് നല്‍കപ്പെടേണ്ടതല്ല, മറിച്ച് ഏറ്റവും സ്വാഭാവികമായി ഒരു തൊഴിലിടത്തിൽ രൂപപ്പെട്ട് വരേണ്ടതാണെന്ന് സാരം. അതായത് ആദിമാർക്ക് നിങ്ങളുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം സ്ത്രീകൾക്കുവേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാതിരിക്കുക എന്നതാണ്. ജെ.കേ. ജസ്റ്റ് കിഡിങ്... നിങ്ങൾക്ക് കഴിയുന്നതൊക്കെ അവർക്കും കഴിയുമെന്നേ, അവരുടെ വർക്കില്‍ നിങ്ങൾക്കുള്ള കോൺഫിഡന്‍സ് ഇല്ലായ്മയൊന്നും അവർക്ക് ഇല്ലന്നേ.

ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്

സംസ്ഥാനത്ത്‌ അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, എട്ട് ജില്ലകളിൽ യെല്ലോ

നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസം പാസായി; പ്രസിഡന്‍റ് സിപിഐഎം വിട്ടു

റിപ്പോര്‍ട്ടര്‍ തുടര്‍ച്ചയായി ഒന്നാമത്; പിന്തുണയുമായി ഒപ്പം നിന്ന പ്രേക്ഷകര്‍ക്ക് നന്ദി

SCROLL FOR NEXT