റിലയൻസ് ജിയോ ഇൻഫോകോം തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ആരംഭിച്ചതായി അറിയിച്ചു. ആഗോളതലത്തില്‍ നെറ്റ്ഫ്ലിക്സിന്റെ ആദ്യ പ്രീപെയ്ഡ് ബണ്ടില്‍ പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 40 കോടിയിലധികം പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഇതിലൂടെ സബ്സ്ക്രിപ്ഷൻ നേടാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും.
'ജിയോയുമായുള്ള ബന്ധം വിപുലീകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. വർഷങ്ങളായി, ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകർ ഇഷ്ടപ്പെടുന്ന വൈവിധ്യമാർന്ന പ്രാദേശിക ഷോകളും ഡോക്യുമെന്ററികളും സിനിമകളും ഞങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ജിയോയ്ക്കൊപ്പമുള്ള ഞങ്ങളുടെ പുതിയ പങ്കാളിത്തം കൂടുതൽ ഉപയോക്താക്കൾക്ക് ഇന്ത്യൻ കണ്ടന്റുകളും അന്താരാഷ്ട്ര കണ്ടന്റുകളും എളുപ്പത്തിൽ ലഭ്യമാകാൻ സഹായിക്കും,' നെറ്റ്ഫ്ലിക്സ് വക്താക്കൾ പറഞ്ഞു.
'ഉപയോക്താക്കൾക്ക് ലോകോത്തര സേവനങ്ങൾ എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നെറ്റ്ഫ്ലിക്സുമായുള്ള ഞങ്ങളുടെ പങ്കാളിത്തം എല്ലാവര്ക്കും മാതൃകയാവുകയാണ്,' ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ സിഇഒ കിരണ്‍ തോമസ് പറഞ്ഞു.
നിലവിൽ രണ്ട് പാക്കേജുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 1099 രൂപയുടെ പ്ലാനിൽ മൊബൈൽ പ്ലാറ്റ്ഫോമുകളിൽ നെറ്റ്ഫ്ലിക്സിലേക്ക് ആക്സസ് നൽകും. കൂടാതെ അൺലിമിറ്റഡ് 5ജി ഡേറ്റയും ദിവസേന 2 ജിബി 4ജി ഡേറ്റയും ലഭിക്കും. 1499 രൂപയുടെ പ്ലാനിൽ വലിയ സ്ക്രീനുകളിലേക്ക് നെറ്റ്ഫ്ലിക്സിലേക്ക് ആക്സസ് ലഭിക്കും. അതോടൊപ്പം അൺലിമിറ്റഡ് 5ജി ഡേറ്റയും ദിവസേന 3 ജിബി 4ജി ഡേറ്റയും ലഭിക്കുമെന്ന് ജിയോ വക്താക്കൾ അറിയിച്ചു. 84 ദിവസം വരെയാണ് ഈ രണ്ട് പ്ലാനുകളുടേയും കാലാവധി.