Special

അബ്ദു റഹീമിൻ്റെ ജീവിതത്തിലെ ട്വിസ്റ്റും ടേണും ഉദ്വേഗവും; ഓർമ്മയിൽ പെയ്ത് പെരുമഴക്കാലവും ബ്ലഡ് മണിയും

ജോയേല്‍ സ്റ്റാലിന്‍

ലോകമെമ്പാടുമുള്ള ഓരോ മലയാളിക്കും എന്നും അഭിമാനത്തോടെ ഓർക്കാൻ കഴിയുന്ന ദിവസമാണിന്ന്. സൗദി അറേബ്യയിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന അബ്ദു റഹീമിനെ മോചിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്തപ്പോൾ ലഭിച്ചത് 34 കോടി രൂപയാണ്. ശരിക്കും ഒരു സിനിമ പോലെ തീർത്തും സംഭവബഹുലമായിരുന്നു അബ്ദുറഹീമിൻ്റെ വധശിക്ഷയ്ക്ക് നയിച്ച സംഭവങ്ങൾ. വധശിക്ഷയിൽ നിന്നും അബ്ദു റഹീമിനെ രക്ഷപെടുത്താനായി ദയാധനം സമാഹരിക്കുന്നതിന് വേണ്ടി നടന്ന നീക്കങ്ങളിലും സിനിമാറ്റിക്കായി ട്വിസ്റ്റും ടേണും ഉദ്വേഗവും നിറഞ്ഞ് നിന്നിരുന്നു. മാനവികതയുടെ തുരുത്താണ് കേരളം എന്ന പ്രതീക്ഷയെ വാനോളം ഉയർത്തിപ്പിടിച്ചാണ് മലയാളികൾ തോളോട് തോൾ ചേർന്ന് നിന്ന് 34 കോടി സമാഹരിച്ചിരിക്കുന്നത്. മലയാളിയെ സംബന്ധിച്ച് ബ്ലഡ് മണിയുടെ ആകാംക്ഷകൾ ചില സിനിമകളെക്കൂടി ഓർമ്മിയിലേയ്ക്ക് കൊണ്ടുവരുന്നുണ്ട്. റഹീമിനെ വധശിക്ഷയിലേയ്ക്ക് നയിച്ച സൗദിയിലെ സംഭവവികാസങ്ങളും തുടർന്ന നടന്ന ദയാധന സമാഹരണവും ഒരു സിനിമ പോലെ കൺമുന്നിൽ തെളിയുമ്പോൾ 'ബ്ലഡ് മണി'യെക്കുറിച്ച് സംസാരിച്ച ചില സിനിമകളെ ഓർമ്മിച്ച് പോകാതിരിക്കാനാവില്ല.

പെരുമഴക്കാലം

ടി എ റസാഖിന്റെ രചനയിൽ കമൽ സംവിധാനം ചെയ്ത ചെയ്ത ചിത്രമായിരുന്നു പെരുമഴക്കാലം. രഘു രാമ അയ്യരുടെ അവിചാരിതമായ മരണവും അതുമൂലം വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന അക്ബർ എന്ന വ്യക്തിയുടെ സംഘർഷങ്ങളുമാണ് സിനിമ ആരംഭിക്കുന്നത്. എന്നാൽ അക്ബറിനെയോ രഘു രാമ അയ്യരേയോ കുറിച്ചല്ല, അവരുടെ കുടുംബങ്ങളുടെ വേദനകളെക്കുറിച്ചാണ് സിനിമ സംസാരിച്ചത്. അക്ബറിനെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കാനുള്ള ഏക മാർഗം രഘുവിൻ്റെ ഭാര്യ ഗംഗയിൽ നിന്ന് ക്ഷമിച്ചു എന്ന കത്ത് വാങ്ങുക എന്നതാണ്. അക്ബറിനെ രക്ഷിക്കുക എന്നതാണ് അയാളുടെ ഭാര്യ റസിയയുടെ പ്രാർത്ഥനയെങ്കിൽ രഘു രാമ അയ്യരുടെ ഭാര്യ ഗംഗയ്ക്ക് അത് നഷ്ടങ്ങളുടെ നോവാണ്. ആ സ്ത്രീകളുടെ ദുഖങ്ങളിലൂടെ പെയ്തിറങ്ങുന്ന പെരുമഴ ഒടുവിൽ പ്രത്യാശയുടെ പുതുകിരണങ്ങളിലേക്കാണ് അലിഞ്ഞു ചേരുന്നത്. ഒരു ദേശീയ പുരസ്കാരവും അഞ്ച് സംസ്ഥാന പുരസ്കാരങ്ങളുമാണ് ജീവിത ഗന്ധിയായ ഈ സിനിമ നേടിയതും.

ബ്ലഡ് മണി

വധശിക്ഷ വിധിക്കപ്പെട്ട് കുവൈത്ത് ജയിലിൽ കഴിയുന്ന രണ്ട് തമിഴരുടെ കഥ പറഞ്ഞ ചിത്രമാണ് ബ്ലഡ് മണി. പ്രിയ ഭവാനി ശങ്കർ, കിഷോർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ജയിലിൽ കഴിയുന്നവരെ രക്ഷിക്കാനുള്ള ഒരു ജേണലിസ്റ്റിന്റെ ശ്രമങ്ങളിലൂടെയാണ് പോകുന്നത്. ചിത്രത്തിലെ ഒരു രംഗത്തിൽ മുസ്​ലിം ലീഗ് നേതാവ്​ മുനവ്വറലി ശിഹാബ് തങ്ങളെയും പിതാവ് മുഹമ്മദലി ശിഹാബ് തങ്ങളെയും കുറിച്ചുള്ള സംഭാഷണ ശകലം കേരളത്തിൽ ഏറെ ചർച്ചയായിരുന്നു. വധശിക്ഷ ഒഴിവാക്കാനുള്ള മോചനദ്രവ്യം നൽകിയ സംഭവങ്ങളെ മുൻനിർത്തിയാണ് കഥ പുരോഗമിക്കുന്നത്. അക്കൂട്ടത്തിലാണ് മുനവ്വറലി ശിഹാബ് തങ്ങൾ തമിഴ്നാട് സ്വദേശിയുടെ ജീവൻ കാക്കാൻ ഇടപെട്ട സംഭവം വിശദീകരിക്കുന്നത്. ചിത്രം സീ 5 പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

SCROLL FOR NEXT