Special

ക്യാപ്റ്റന് വിട; തമിഴ് സിനിമയുടെ 1980-90കളെ അടയാളപ്പെടുത്തിയ വിജയകാന്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തമിഴ് ചലച്ചിത്ര വ്യവസായത്തെയും നടിഗർ സംഘത്തെയും ദേശീയ തലത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച നടനാണ് വിജയകാന്ത്. നാരായണൻ വിജയരാജ് അളകസ്വാമി എന്നാണ് യഥാർത്ഥ പേര്. തമിഴ് സിനിമയിൽ 40 സുവർണ്ണ വർഷങ്ങൾ പൂർത്തിയാക്കിയാണ് താരം വിടവാങ്ങുന്നത്.

ആക്ഷനും പ്രണയവും വൈകാരിക രംഗങ്ങളും അനായാസേന കൈകാര്യം ചെയ്ത അദ്ദേഹം 152 സിനിമകളിലാണ് അഭിനയിച്ചത്. വിജയകാന്ത് നായകനായ നിരവധി ചിത്രങ്ങളാണ് മറ്റ് ഇന്ത്യൻ ഭാഷകളിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത്. രജനികാന്തും കമൽഹാസനും ആധിപത്യം പുലർത്തിയ കാലഘട്ടത്തിൽ തന്നെ തമിഴ് വ്യവസായത്തിൽ സ്വന്തമായൊരു ഇടവും ആരാധക വൃന്ദത്തെയും നേടാൻ അദ്ദേഹത്തിനായിരുന്നു. 1980കളിലും 1990കളിലും തമിഴ് സിനിമയെ അടക്കി വാണത് മൂവരും ചേർന്നാണ്.

1979ൽ എം എ കാജയുടെ 'ഇനിക്കും ഇളമൈ' എന്ന ചിത്രത്തിലൂടെയാണ് വിജയകാന്തിൻ്റെ അരങ്ങേറ്റം. പ്രതിനായക വേഷത്തിലായിരുന്നു തുടക്കം. ആദ്യ സിനിമകളിൽ പരാജയങ്ങൾ രുചിച്ചെങ്കിലും കഥാപാത്രങ്ങളുടെ വ്യത്യസ്തതത അദ്ദേഹത്തെ വേറിട്ട് നിർത്തി. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയുടെ ഭാഗമായ 'ദൂരത്തു ഇടി മുഴക്കം' (1980) അദ്ദേഹത്തെ മുൻനിരയിലെത്തിച്ചു. എസ്‌എ ചന്ദ്രശേഖറിന്റെ 'സട്ടം ഒരു ഇരുട്ടറൈ'യിലൂടെ തമിഴ് സിനിമയിൽ ശക്തമായ സാന്നിധ്യമായി.

വിജയകാന്തിൻ്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വർഷമായിരുന്നു 1984. 18 റിലീസുകളാണ് ആ വർഷം താരത്തിനുണ്ടായിരുന്നത്. ടൈഗർ പ്രഭാകറിനൊപ്പം തമിഴ് സിനിമയിലെ ആദ്യത്തെ 3D ചിത്രമായ 'അന്നൈ ഭൂമി'യിൽ വിജയകാന്ത് നായകനായി. നിരവധി ഫിലിംഫെയർ അവാർഡുകളും വ്യത്യസ്തമായ കഥാപാത്രങ്ങളും പ്രേക്ഷക പ്രീതിയും അദ്ദേഹത്തിന്റെ കരിയറിനെ സമ്പന്നമാക്കി. കലൈമാമണി പുരസ്കാരം നൽകി തമിഴ്‌നാട് സർക്കാർ ആദരിച്ചിട്ടുണ്ട്.

1990-കളിൽ ദേശസ്‌നേഹം പ്രമേയമായുള്ള നിരവധി സിനിമകളിൽ വിജയകാന്ത് അഭിനയിച്ചു. ആ ചിത്രങ്ങളത്രയും സാമ്പത്തിക വിജയങ്ങളുമായി. രാഷ്ട്രീയത്തിലേയ്ക്കുള്ള ചുവടുമാറ്റത്തിന്റെ തുടക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കരിയറിൽ ഉടനീളം നഗര-ഗ്രാമീണ പ്രേക്ഷകരെ ഒരുപോലെ ആകർഷിക്കുന്ന ദേശഭക്തിയും ഗ്രാമീണ പശ്ചാത്തലമുള്ള കഥാപാത്രങ്ങളും വിജയകാന്ത് സിനിമകളുടെ പ്രത്യേകതയായിരുന്നു.

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

പ്രാദേശിക വിഷയം; സ്മാരകം താന്‍ ഉദ്ഘാടനം ചെയ്യുമോയെന്ന് പാര്‍ട്ടി തീരുമാനിക്കും: എം വി ഗോവിന്ദന്‍

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

SCROLL FOR NEXT