Special

താരങ്ങൾ തോൽക്കുമ്പോൾ; സാക്ഷി വിരാമമിട്ടത് ​ഗുസ്തിയെ അടയാളപ്പെടുത്തിയ കരിയർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ദേശീയ ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ സിംഗിന്‍റെ പാനല്‍ ആധികാരിക വിജയം നേടി. പിന്നാലെ ​ഗുസ്തി താരങ്ങളുടെ വാർത്താ സമ്മേളനത്തിൽ വികാരഭരിത നിമിഷങ്ങളാണ് കണ്ടത്. ഇനി രാജ്യത്തിനായി ​മത്സരിക്കാനില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് സാക്ഷി മാലിക് പ്രഖ്യാപിച്ചു. ​ഗുസ്തി ഫെഡറേഷനെതിരായ സമരം തലമുറകളോളം തുടരുമെന്നും സാക്ഷി വ്യക്തമാക്കി.

‌‌ഹരിയാനയിലെ മോഖ്‌റ സ്വദേശിനിയാണ് സാക്ഷി മാലിക്. ​ഗുസ്തി താരമായ മുത്തച്ഛനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെങ്കിലും 12-ാം വയസിലാണ് സാക്ഷി ​ഗോദയിൽ ഇറങ്ങിയത്. 'കായിക വിനോദങ്ങളും ​ഗുസ്തിയും പെൺകുട്ടികൾക്കുള്ളതല്ല' ആദ്യ കാലത്ത് സാക്ഷി നേരിട്ടത് ഇത്തരം വിമർശനങ്ങളായിരുന്നു. എന്നാൽ മാതാപിതാക്കൾ പിന്തുണ നൽകിയതോടെ സാക്ഷി ​ഗുസ്തി കരിയറാക്കി.

2010ൽ ലോക ജൂനിയർ ​ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി. 2014ൽ ഡേവ് ഷുൾട്സ് ​ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി അന്താരാഷ്ട്ര തലത്തിൽ വരവറിയിച്ചു. 2014 മുതൽ തുടർച്ചയായി മൂന്ന് കോമൺ‌വെൽ‌ത്ത് ​ഗെയിംസിൽ സാക്ഷി മെഡൽ നേട്ടം ആവർത്തിച്ചു. അതിൽ 2022ൽ നേടിയത് സുവർണത്തിളക്കമായിരുന്നു. 2016ലെ റിയോ ഒളിംപിക്സിൽ വെങ്കല ജേതാവായി. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ വനിത ഒളിംപിക്സ് ​ഗുസ്തിയിൽ മെഡൽ നേട്ടം സ്വന്തമാക്കുന്നത്.

പെൺകുട്ടികൾക്ക് സ്ഥാനമില്ലെന്ന് പറഞ്ഞിടത്തു നിന്ന് ഒളിംപിക് മെഡൽ നേട്ടത്തിലേക്ക് സാക്ഷി കുതിച്ചെത്തി. അടുത്ത വർഷത്തെ പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുമായിരുന്നു സാക്ഷി. പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞത് ഈ വർഷത്തിന്റെ തുടക്കം മുതലാണ്. ജനുവരി 18ന് ജന്തർ മന്തറിൽ ​ഗുസ്തി താരങ്ങൾ സമരം ആരംഭിച്ചു. വർഷങ്ങളായി ബ്രിജ്ഭുഷൺ പീഡിപ്പിക്കുന്നതായും ഫെഡറേഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കണമെന്നും ആവശ്യം ഉന്നയിച്ചു. പ്രായപൂർത്തിയാകാത്ത ഒരാളുൾപ്പെടെ ഏഴ് താരങ്ങൾ ബ്രിജ്ഭൂഷണെതിരെ പൊലീസിൽ പരാതി നൽകി. പ്രക്ഷോഭം രാജ്യവ്യാപക ചര്‍ച്ചയായതോടെ കേന്ദ്ര കായിക മന്ത്രാലയത്തിന് വിഷയത്തില്‍ ഇടപെടേണ്ടി വന്നു. മന്ത്രാലയം ഇടപെട്ട് ഗുസ്തി ഫെഡറേഷനിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ബ്രിജ്ഭൂഷൺ തിരഞ്ഞെടുപ്പിൽ നിന്നു മാറി നിൽക്കുന്നതായി പ്രഖ്യാപിച്ചു. പക്ഷേ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു കായിക താരങ്ങളുടെ ആവശ്യം.

എഫ്ഐആർ ഇടാതെയും ബ്രിജ്ഭൂഷന്റെ അറസ്റ്റ് വൈകിച്ചും ഡൽഹി പൊലീസ് പരമാവധി സഹായിച്ചു. സൂപ്രീം കോടതി ഇടപെടലിന് പിന്നാലെ എഫ്ഐആർ‌ ഇട്ടു. എന്നിട്ടും ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ പൊലീസിന് തെളിവുണ്ടായില്ല. ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംപിയെന്ന ബ്രിജ്ഭൂഷന്റെ മേൽവിലാസം പ്രതിഷേധത്തിന് രാഷ്ട്രീയ നിറം നൽകി. ആറ് തവണ എം പി, അതിൽ അഞ്ച് തവണയും ബിജെപി ടിക്കറ്റിൽ എം പിയായ ബ്രിജ്ഭൂഷണെ തൊടാൻ കേന്ദ്ര സർക്കാർ ഭയന്നു. ഒരു എം പിക്കും അപ്പുറത്ത് ശക്തനായ രാഷ്ട്രീയ നേതാവുമാണ് ബ്രിജ്ഭൂഷൺ.

മെയ് 28ന് പുതിയ പാർലമെന്റ് ഉദ്ഘാടന ദിവസം ഇന്ത്യാ ഗേറ്റിലേക്ക് ഗുസ്തി താരങ്ങളുടെ പ്രതിഷേധ മാർച്ച് നടത്തി. കർഷക, വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെ പിന്തുണയോടെ ആയിരങ്ങൾ ഇന്ത്യാ ഗേറ്റിലേക്ക് ഒഴുകിയെത്തി. മാർച്ച് പൊലീസ് തടഞ്ഞു. രാജ്യത്തിന് അഭിമാനമായ താരങ്ങൾ തെരുവിൽ പൊലീസ് ആക്രമണത്തിന് ഇരയായി. മെയ് 30ന് രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗയിലൊഴുക്കി പ്രതിഷേധിക്കാൻ താരങ്ങൾ തീരുമാനിച്ചു. കർ‌ഷക സംഘടനകളുടെ അനുനയ നീക്കത്തിനൊടുവിൽ തീരുമാനം പിൻവലിച്ചു.

സാക്ഷിയുടെ തീരുമാനം പാരിസിൽ ഒളിംപിക്സിലടക്കം ത്രിവർണ പതാക ഉയരുമെന്ന പ്രതീക്ഷയാണ് ഇല്ലാതാക്കിയത്. ഇനി പോരാട്ടമാണ്. ഇരുട്ടിലേക്ക് പോകുമെന്ന ഇന്ത്യൻ ​ഗുസ്തിയുടെ ഭാവിയെ വെളിച്ചത്തിലേക്ക് എത്തിക്കുവാനുള്ള പോരാട്ടം.

വിഷ്ണുപ്രിയ കൊലക്കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

പൊന്നാനി ബോട്ട് അപകടം; മൃതദേഹങ്ങൾ സംസ്കരിച്ചു

അനിശ്ചിതത്വങ്ങൾക്ക് അവസാനം, ഡ്രൈവിംഗ് ടെസ്റ്റ് നടത്തി എംവിഡി; പ്രതിഷേധം, കൂക്കി വിളി, പരാതി

അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യും, ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ പ്രതിഭാസത്തിലും ജാ​ഗ്രത വേണം

'ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഐഎം ജില്ലാ സെക്രട്ടറി' ; ആരോപണവുമായി വി ഡി സതീശൻ

SCROLL FOR NEXT