Opinion

ഇറാൻ-ഇസ്രയേല്‍ പോരിൽ ഹോർമുസ് കടലിടുക്കിൻ്റെ പ്രാധാന്യം

തസ്നി ടിഎ

ഏപ്രില്‍ ഒന്നിന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഡമാസ്‌കസിലെ ഒരു ഇറാനിയന്‍ നയതന്ത്ര കെട്ടിടം ഇടിച്ചുനിരത്തുകയും രണ്ട് ജനറല്‍മാര്‍ ഉള്‍പ്പെടെ ഏഴ് മുതിർന്ന റവല്യൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെടുകയും ചെയ്തതാണ് മധ്യപൂർവ്വേഷ്യയിലെ സംഘർഷത്തിൻ്റെ ആസന്നമായ കാരണം. ഡമാസ്കസ് ആക്രമണത്തിന് പിന്നാലെ പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തു. എന്തുവന്നാലും ഇസ്രയേലിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു. 48 മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രയേലിനെതിരെ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഹോർമുസ് കടലിടുക്കിനടുത്ത് വെച്ച് ഇസ്രയേൽ കപ്പലായ 'എം എസ് സി കപ്പൽ' ഇറാന്റെ റവല്യൂഷണറി ഗാർഡ്‌സ് പിടിച്ചെടുത്തത്. വേണ്ടി വന്നാല്‍ ഹോര്‍മുസ് കടലിടുക്ക് പാത അടയ്ക്കുമെന്ന് ഇറാന്‍ സൈന്യത്തിന്റെ നാവിക സേനാ മേധാവി അലി റസാ തങ്‌സിരി ഭീഷണിമുഴക്കുകയും ചെയ്തിരുന്നു.

'ഞങ്ങൾക്ക് ഹോർമുസ് കടലിടുക്ക് അടയ്ക്കാം, പക്ഷേ അങ്ങനെ ചെയ്യുന്നില്ല. എന്നിരുന്നാലും ശത്രു ഞങ്ങളെ തടസ്സപ്പെടുത്താൻ വന്നാൽ, ഞങ്ങൾ ഞങ്ങളുടെ നയം പുനരവലോകനം ചെയ്യുമെന്ന്', അലിരേസ താങ്‌സിരി പറഞ്ഞിരുന്നു. ലോകത്തിലെ മൊത്തം എണ്ണ ഉപഭോഗത്തിൻ്റെ അഞ്ചിലൊന്ന് ദിവസവും കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. പേർഷ്യൻ ​ഗൾഫിനും ഒമാൻ ഉൾക്കടലിനുമിടയിലുള്ള കടലിടുക്കാണ് ഹോർമുസ്. ഹോര്‍മുസ് കടലിടുക്കിന് സമീപത്തുവെച്ചായിരുന്നു ഇസ്രയേലിന്റെ ചരക്കുകപ്പലായ എംഎസ്‌സി ഏരീസ് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുകള്‍ പിടിച്ചെടുത്തത്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ സൈന്യത്തിന് ഉപരോധിക്കാന്‍ സാധിക്കുന്ന പ്രദേശമാണ്. ഈ കടലിടുക്കിൻ്റെ വടക്കൻ തീരത്ത് ഇറാനും തെക്കൻ തീരത്ത് ഐക്യ അറബ് എമിറേറ്റും ഒമാന്റെ ഭാഗമായ മുസന്ധവുമാണ്‌. ലോകത്തെ സമുദ്ര ചരക്കുപാതയില്‍ പ്രധാനപ്പെട്ടതാണ് ഹോര്‍മുസ് കടലിടുക്ക്. ഈ പാത തടഞ്ഞാല്‍ ലോകത്തെ ചരക്കു ഗതാഗതത്തിൻ്റെ വലിയൊരു തോത് നിലയ്ക്കും. നേരത്തെ ചെങ്കടല്‍ പാത യമനിലെ ഹൂതികള്‍ ഉപരോധിച്ചിരുന്നു. ഇസ്രയേലിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകള്‍ ഇവര്‍ ആക്രമിച്ചതോടെ ഇസ്രയേല്‍ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ ഹോർമുസ് കടലിടുക്ക് തടഞ്ഞാൽ അറബ് രാജ്യങ്ങൾ ഉൾപ്പടെ പ്രതിസന്ധി നേരിടും. ഏഷ്യയിലേക്കുള്ള ചരക്ക് കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴിയാണ് പോകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ചെക്ക് പോയിന്റായാണ് ഈ കടലിടുക്കിനെ കണക്കാക്കുന്നത്. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ പ്രകാരം 2022ല്‍ പ്രതിദിനം ശരാശരി 21 മില്യണ്‍ ബാരല്‍ എണ്ണയാണ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നത്. ആഗോള പെട്രോളിയം വ്യാപാരത്തിൻ്റെ 21 ശതമാനമാണിത്. ഹോര്‍മുസ് കടലിടുക്കിനെ മറികടക്കുന്നതിനായുള്ള പൈപ്പുകള്‍ സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും മാത്രമാണുള്ളത്. ഹോർമുസ് കടലിടുക്കിൻ്റെ സുരക്ഷ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമാണ്.

ഹോർമൂസ് കടലിടുക്കിന്റെ വീതി 54 കിലോ മീറ്റ‍ർ (29 നോട്ടിക്കൽ മൈൽ) ആണ്. പേർഷ്യൻ ഗൾഫിലുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങൾക്ക് സമുദ്രത്തിലേക്ക് വഴിതുറക്കുന്ന ഏക കടൽമാർഗ്ഗമാണിത്. ലോകത്തിലെ ദ്രവീകൃത പ്രകൃതി വാതകത്തിൻ്റെ മൂന്നിലൊന്ന് ഭാഗവും മൊത്തം ആഗോള എണ്ണ ഉപഭോഗത്തിൻ്റെ ഏതാണ്ട് 25 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. അന്താരാഷ്ട്ര വ്യാപാരത്തിന് വളരെ പ്രധാനപ്പെട്ട തന്ത്രപ്രധാനമായ സ്ഥലമായാണ് കടലിടുക്കിനെ കണക്കാക്കുന്നത്.

അമേരിക്കൻ ഐക്യനാടുകളുടെ എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ കണക്ക് പ്രകാരം ശരാശരി 15 ടാങ്കറുകൾ 16.5 മുതൽ 17 വരെ മില്യൻ ബാരൽ അസംസ്കൃത എണ്ണ ഓരോദിവസവും ഈ പാതയിലൂടെ കൊണ്ടു പോകുന്നുണ്ട്. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കടലിടുക്കായി ഹോർമൂസിനെ കണക്കാക്കുന്നതിന് പിന്നിലെ കാരണം ഇതാണ്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന യുഎസ് നാവികസേന ഉൾപ്പെടെയുള്ള സമുദ്ര ഗതാഗതം ഇറാനിയൻ നാവികസേനയുമായി സമ്പർക്കം പുലർത്തുന്നുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോൾ ഹോർമൂസ് കടലിടുക്കിന് മേൽ ഇറാന് ചെലുത്താൻ കഴിയുന്ന സവിശേഷ സ്വാധീനം വളരെ പ്രധാനമാണ്. സംഘർഷ മുനമ്പായി ഹോർമൂസ് കടലിടുക്ക് മാറിയാൽ അത് ലോകത്തെ എണ്ണവ്യാപാരത്തെയും അതുവഴി ലോക സമ്പദ്ഘടനയെയും ഏതുനിലയിൽ ബാധിക്കുമെന്ന് പരിഗണിക്കാതെ ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള ലോകരാഷ്ട്രങ്ങൾക്ക് കണ്ണിചേരാനാവില്ല. ഇറാൻ്റെ മുന്നിലുള്ള തരുപ്പ് ചീട്ടും അതിനാൽ ഹോർമൂസ് കടലിടുക്കിൻ്റെ മേലുള്ള തന്ത്രപ്രധാനമായ സ്വാധീനമാണെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല.

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട്

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

SCROLL FOR NEXT