Opinion

ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്ന കാലത്തെ ഭരണഘടനാ ദിനം

വീണാ ചന്ദ്

'നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ, മതനിരപേക്ഷ, ജനാധിപത്യ, റിപ്പബ്ലിക്കാക്കി മാറ്റുന്നു....'

ഇങ്ങനെയാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. നവംബര്‍ 26 ഭരണഘടനാ ദിനമാണ്. 1949ല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മയിലാണ് രാജ്യം, ഈ ദിവസം, ഭരണഘടനാ ദിനമായി ആചരിക്കുന്നത്. ജനാധിപത്യവും മതേതരത്വും സാഹോദര്യവുമടക്കമുള്ള ഭരണഘടനാ മൂല്യങ്ങള്‍ പരസ്യമായി ഹനിക്കപ്പെടുന്നതിൻ്റെ പേരിൽ ഭരണകൂടങ്ങള്‍ തന്നെ വിചാരണ ചെയ്യപ്പെടുന്ന കാലത്ത്, ഇന്ത്യന്‍ ഭരണഘടനയെ കൂടുതല്‍ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ കടമയായി മാറുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന മുന്‍കാല വിശേഷണങ്ങളില്‍ നിന്ന് മാറി മനുഷ്യാവകാശങ്ങള്‍ക്ക് വില കല്‍പിക്കാത്ത രാജ്യമമെന്ന നിലയിലേക്ക് ലോകഭൂപടത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന മുന്‍കാല വിശേഷണങ്ങളില്‍ നിന്ന് മാറി മനുഷ്യാവകാശങ്ങള്‍ക്ക് വില കല്‍പിക്കാത്ത രാജ്യമമെന്ന നിലയിലേക്ക് ലോകഭൂപടത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ഇന്ത്യന്‍ ജനാധിപത്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ശോഷണങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ തന്നെ ആശങ്കകളുയരുന്നുണ്ട്.

2021 മാര്‍ച്ചില്‍ സ്വീഡന്‍ ആസ്ഥാനമായുള്ള വറൈറ്റീസ് ഓഫ് ഡമോക്രസി (V Dem) ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ ജനാധിപത്യം ഇലക്ടറല്‍ സ്വേച്ഛാധിപത്യത്തിലേക്ക് മാറി എന്നാണ് വിലയിരുത്തിയത്. 2020 ല്‍ ദ എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പ്രസിദ്ധീകരിച്ച ജനാധിപത്യ സൂചികയില്‍ ഇന്ത്യയിലെ സാഹചര്യങ്ങളെ വിശേഷിപ്പിച്ചത് വികലമായ ജനാധിപത്യമെന്നാണ്.

ഹ്യൂമന്‍ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷണല്‍, റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡ്ഴ്സ്, കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ്, ഫ്രണ്ട് ലൈന്‍ ഡിഫന്‍ഡേഴ്സ്, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്സ്, ഇന്റര്‍നാഷണല്‍ സര്‍വീസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ഏഷ്യന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ആൻ്റ് ഡെവലപ്മെന്റ് തുടങ്ങി പത്തോളം അന്താരാഷ്ട്ര സംഘടനകള്‍ ചേര്‍ന്ന് 2023 സെപ്തംബര്‍ 29 ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ മനുഷ്യാവകാശ നിഷേധങ്ങള്‍ കൃത്യമായി ക്രോഡീകരിക്കുകയും അപകടകരമായ നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

2022 നവംബര്‍ ആദ്യവാരത്തില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിൻ്റെ ആനുകാലിക അവലോകന യോഗത്തില്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ട വേളയിലും ഇന്ത്യ ലോകത്തിന് മുന്നില്‍ തല കുനിക്കേണ്ടി വരികയായിരുന്നു. കൗണ്‍സിലില്‍ ഓരോ അംഗരാജ്യങ്ങളിലെയും മനുഷ്യാവകാശ സാഹചര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതും അതിന്‍മേല്‍ കൂട്ടായ അവലോകനങ്ങള്‍ നടക്കുന്നതും പതിവാണ്. നിലവില്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നായി 47 രാജ്യങ്ങളാണ് യുഎന്നിന്റെ മനുഷ്യാവകാശ കൗണ്‍സിലിലുള്ളത്.

ഇത്തവണത്തെ അവലോകന യോഗത്തില്‍ ഇന്ത്യയില്‍ തുടര്‍ച്ചയായി വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍, മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണങ്ങള്‍, ദളിത് പീഡനങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, ഹിജാബ് നിരോധനം, ഇന്റര്‍നെറ്റ് നിരോധനം തുടങ്ങി വിവിധങ്ങളായ പ്രശ്നങ്ങളെ സംബന്ധിച്ച് മറ്റ് അംഗരാജ്യങ്ങള്‍ ഗൗരവമേറിയ ആശങ്കകളുന്നയിക്കുകയുണ്ടായി. ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത രാജ്യത്തിന്റെ അവകാശവാദങ്ങള്‍ വിശദീകരിച്ചെങ്കിലും അതിനെ നിരസിച്ചുകൊണ്ടായിരുന്നു മറ്റ് അംഗരാജ്യങ്ങളുടെ പ്രതികരണങ്ങള്‍.

2022 ഒക്ടോബറില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഐക്യരാഷ്ട്ര സഭാ മേധാവി, അന്റോണിയോ ഗുട്ടെറസ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാന കാല സാഹചര്യങ്ങളെക്കുറിച്ച് അങ്ങേയറ്റത്തെ ഖേദത്തോടെയാണ് പ്രതികരിച്ചത്. മുംബൈയില്‍ വെച്ച് ഐഐടി വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടെ അദ്ദേഹം ഇന്ത്യന്‍ ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ചു.

2022 ഒക്ടോബറില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഐക്യരാഷ്ട്ര സഭാ മേധാവി, അന്റോണിയോ ഗുട്ടെറസ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാന കാല സാഹചര്യങ്ങളെക്കുറിച്ച് അങ്ങേയറ്റത്തെ ഖേദത്തോടെയാണ് പ്രതികരിച്ചത്.

'മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വിമര്‍ശകരെയും മാധ്യമപ്രവര്‍ത്തകരെയും പീഡിപ്പിക്കുന്നതും അവസാനിപ്പിക്കണം. വൈവിധ്യമാണ് രാജ്യത്തിന്റെ സമ്പത്ത്. അത് പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും പുതുക്കുകയും വേണം. മാധ്യമ പ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും അക്കാദമിക് വിദഗ്ധരുടെയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കപ്പെടുന്നതോടൊപ്പം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉറപ്പാക്കണം' യുഎന്‍ മേധാവി ഇന്ത്യയെ ഓര്‍മ്മിപ്പിച്ചു. ആഗോളതലത്തില്‍ ഇന്ത്യയുടെ വാക്കുകള്‍ക്ക് വിശ്വാസ്യത നേടാനാകുന്നത് സ്വദേശത്തെ മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണെന്നും ഗുട്ടെറസ് അന്ന് ഇന്ത്യയെ ഓര്‍മ്മിപ്പിച്ചിരുന്നു.

പൗരന്മാര്‍ക്ക് നീതിയും, തുല്യതയും, സ്വാതന്ത്ര്യവും ഉറപ്പുവരുത്താന്‍ ആഹ്വാനം ചെയ്യുന്ന ഒന്നാണ് നമ്മുടെ ഭരണഘടന. എന്നാല്‍ ഇന്നത്തെ ഇന്ത്യയില്‍ ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുന്നുണ്ട് എന്ന ചോദ്യമാണ് ഭരണഘടനാ ദിനത്തെ കൂടുതല്‍ പ്രസക്തമാക്കുന്നത്. സ്ഥിതി സമത്വ, മതനിരപേക്ഷ, ജനാധിപത്യ, റിപ്പബ്ലിക്കാണോ ഇന്ത്യ എന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയരുന്നു.

മതനിരപേക്ഷ രാജ്യം എന്ന പേര് നിലനില്‍ക്കുമ്പോഴും മതപ്രീണനവും വര്‍ഗീയ ചേരിതിരിവുകളും രാജ്യത്ത് കൂടുതല്‍ പ്രകടമാവുകയാണ്. ഭക്ഷണത്തിലും വസ്ത്രധാരണത്തിലും വരെ അടിച്ചമര്‍ത്തലുകളും നിരോധനങ്ങളും. മൗലികാവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമെന്ന് പഴി കേള്‍ക്കുന്ന എത്രയോ നടപടികള്‍ക്കാണ് ഇന്ത്യ ദിവസവും സാക്ഷിയാകുന്നത്.

രാജ്യത്തെ അതിദരിദ്രരില്‍ ഏറെയും ഉള്ളത് ദളിതരോ ആദിവാസികളോ ആയി ഇനിയും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത പിന്നാക്ക വിഭാഗത്തിലാണ്. അവരുടെ ജനസംഖ്യ എത്രയെന്ന് പോലും തിട്ടപ്പെടുത്താനാവുന്നില്ല. അര്‍ഹതപ്പെട്ടതിലും എത്രയോ കുറവാണ് ഇവര്‍ക്ക് ലഭിക്കുന്ന ജീവിത സാഹചര്യങ്ങള്‍

സ്ത്രീകളും കുട്ടികളും ദലിതരും ആദിവാസികളും മതന്യൂനപക്ഷങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങളും അടക്കമുള്ള എല്ലാ വിഭാഗം ജനങ്ങള്‍ക്കും കൃത്യമായ പ്രാധാന്യം നല്‍കിക്കൊണ്ടാണ് അംബേദ്കര്‍ ഭരണഘടന തയ്യാറാക്കിയത്. എന്നാല്‍, സ്വാതന്ത്ര്യാനന്തരം ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോഴും ഈ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് കുറവ് വന്നിട്ടില്ല.

ഈയവസരത്തിലാണ് ജാതി സെന്‍സസിനെക്കുറിച്ചും ഓര്‍ക്കേണ്ടത്. രാജ്യത്തെ അതിദരിദ്രരില്‍ ഏറെയും ഉള്ളത് ദലിതരോ ആദിവാസികളോ ആയി ഇനിയും രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത പിന്നാക്ക വിഭാഗത്തിലാണ്. അവരുടെ ജനസംഖ്യ എത്രയെന്ന് പോലും തിട്ടപ്പെടുത്താനാവുന്നില്ല. അര്‍ഹതപ്പെട്ടതിലും എത്രയോ കുറവാണ് ഇവര്‍ക്ക് ലഭിക്കുന്ന ജീവിത സാഹചര്യങ്ങള്‍. ജാതി, മത, വര്‍ഗ, വര്‍ണ, ലിംഗ വിവേചനമില്ലാതെ രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യതയും സമത്വവുമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഇപ്പോഴും ഇത് പൂര്‍ണമായി സമൂഹത്തില്‍ നടപ്പാകുന്നില്ല.

ജനാധിപത്യ രാഷ്ട്രം എന്ന വിശേഷണം പേരിനുപോലും അവശേഷിക്കുന്നില്ലെന്ന് വിമര്‍ശിക്കുന്നവരും കുറവല്ല. ഫാസിസ്റ്റ് ആശയങ്ങളുടെ കടന്നാക്രമണം രാജ്യത്തെ തകര്‍ക്കുകയാണ് എന്ന വിമര്‍ശനങ്ങള്‍ക്കു നടുവിലാണ് 2023ലെ ഭരണഘടനാ ദിനം കടന്നുപോകുന്നത്. ഭരണഘടന മുമ്പെങ്ങുമില്ലാത്ത വിധം വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് ഓര്‍ക്കുക, അത് കേവലമൊരു പുസ്തകമല്ല!

'ആകാശ പണിമുടക്കില്‍' വലഞ്ഞ് യാത്രക്കാര്‍; കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി

തേഞ്ഞിപ്പാലം പോക്‌സോ കേസ്: പൊലീസിനും പ്രോസിക്യൂഷനുമെതിരെ ഇരയുടെ മാതാവ്

പൊതുജനങ്ങളേയും കമ്പനിയുടെ സത്പേരിനേയും ബാധിച്ചു; ജീവനക്കാർക്കെതിരെ നടപടിയുമായി എയർ ഇന്ത്യ എക്സ്പ്രസ്

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലപ്രഖ്യാപനം ഇന്ന്

വൈദ്യുതി പ്രതിസന്ധി; മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല അവലോകനയോഗം

SCROLL FOR NEXT