News

'മലയാളി വിദ്വേഷത്തെകുറിച്ചും വംശീയവെറിയെ കുറിച്ചും ഇവിടെ ആർക്കും അഭിപ്രായമില്ല'; ഹരീഷ് പേരടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സിന്റെ പശ്ചാത്തലത്തിൽ മലയാളികൾക്കെതിരെ തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ നടത്തിയ അധിക്ഷേപം ചർച്ചയാകുകയാണ്. ജയമോഹനെതിരെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ കടുത്ത ഭാഷയിൽ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്. ഇപ്പോഴിതാ നടൻ ഹരീഷ് പേരടി ജയമോഹന്റെ പരാമർശത്തിന് മറുപടിയുമായതിയിരിക്കുകയാണ്.

'ഇന്നലെയും ഷൂട്ടിങ്ങുമായി ചെന്നൈയിൽ ആയിരുന്നു. അവിടെയാരും ജയമോഹനന്റെ മലയാളി വിദ്വേഷത്തെകുറിച്ചും വംശീയവെറിയെ കുറിച്ചും ഒന്നും പറഞ്ഞില്ല. പക്ഷെ എല്ലാ സിനിമക്കാരും സാധാരണ മനുഷ്യരും മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു.അതിലെ ഒരോ നടൻമാരെയും പേരെടുത്ത് ചോദിച്ചു. അവരെയൊക്കെ"ചേട്ടാ" നേരിട്ട് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. എല്ലാം എന്റെ അനിയൻമാരാണെന്ന് ഞാൻ അഭിമാനത്തോടെ പറഞ്ഞു. അല്ലെങ്കിൽ അവിടെ പിടിച്ചുനിൽക്കാൻ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി. അടുത്തതവണ ചെന്നൈയിൽ പോകുന്നതിനുമുൻപ് എനിക്ക് മഞ്ഞുമ്മൽ ബോയ്സ് കാണണം. അല്ലെങ്കിൽ അവരെന്നോട് എന്ത് പറയും എന്ന് എനിക്ക് ഏകദേശ ധാരണയുണ്ട്. അങ്ങിനെ തമിഴന്റെ സ്നേഹത്തിനുവേണ്ടി ഞാൻ ഒരു മലയാളസിനിമ ഉടനെ കാണും. മഞ്ഞുമ്മൽ ബോയ്സ്' എന്നാണ് ഹരീഷ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്.

കഴിഞ്ഞ ദിവസം തന്റെ ബ്ലോഗിലൂടെയാണ് ജയമോഹൻ മലയാളികൾക്കെതിരെ അധിക്ഷേപം നടത്തിയത്. ‘മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന തലക്കെട്ടോടെയാണ് ജയമോഹന്റെ ബ്ലോഗ്. സാധാരണക്കാരെ ആഘോഷിക്കുന്നെന്ന പേരിൽ 'പൊറുക്കികളെ' സാമാന്യവല്‍ക്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് ചെയ്തതെന്നും മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവല്‍ക്കരിക്കുന്ന സിനിമകള്‍ എടുക്കുന്ന സംവിധായകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ജയമോഹന്‍ ബ്ലോഗിൽ പറഞ്ഞിരുന്നു.

മഞ്ഞുമ്മല്‍ ബോയ്സ് എന്നെ അലോസരപ്പെടുത്തിയ ഒരു സിനിമയാണ്. അതിന് കാരണം അത് കെട്ടുകഥയല്ല എന്നത് തന്നെയാണ്. തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന മലയാളികളുടെ യഥാര്‍ഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്. മദ്യപിക്കാനും ഛര്‍ദ്ദിക്കാനും സ്ഥലങ്ങളിൽ അതിക്രമിച്ച് കയറാനും വീഴാനുമല്ലാത മറ്റൊന്നും മലയാളികൾക്ക് അറിയില്ല. ഊട്ടി, കൊടൈക്കനാല്‍, കുറ്റാലം ഭാഗങ്ങളില്‍ മദ്യപാനികള്‍ റോഡില്‍ വീണു കിടക്കുന്നത് കണ്ടിട്ടുണ്ട്. അവരൊക്കെ അത് അഭിമാനത്തോടെയാണ് സിനിമയില്‍ കാണിക്കുന്നതെന്നും ജയമോഹൻ അഭിപ്രായപ്പെട്ടു.

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

SCROLL FOR NEXT