News

OSCAR 2024; ആക്ഷേപഹാസ്യവും ഒപ്പം ഫാമിലി ഡ്രാമയും, ഒരു ഫീൽ ഗുഡ് 'അമേരിക്കൻ ഫിക്ഷൻ'

അജയ് ബെന്നി

കറുത്ത സംസ്കാരത്തെയും അതുമായി ബന്ധപ്പെട്ട ക്ലീഷേ അവസ്ഥകളെയും വിമർശിക്കുകയും മോഡേൺ സാംസ്കാരിക കാപട്യത്തെ പല രീതിയിൽ തുറന്നുകാട്ടുകയും ചെയ്യുന്ന ചിത്രമാണ് 'അമേരിക്കൻ ഫിക്ഷൻ'. പരാജിതനായ ഒരു എഴുത്തുകാരന്റെ ജീവിതത്തിലൂടെയാണ് കഥയുടെ സഞ്ചാരം. മോങ്ക് എന്ന് വിളിക്കുന്ന എല്ലിസൺ ലോസ് ആഞ്ചെലെസിലെ ബ്ലാക്ക് ഹ്യുമാനിറ്റീസ് അധ്യാപകൻ ആണ്. അതിലുപരി ക്ലാസ്സിക്കൽ മിത്തിനെ അടിസ്ഥാനമാക്കി എന്നാൽ വാണിജ്യപരമായി പരാജയമായ നിരവധി നോവലുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. കരിയറിൽ ധാരാളം പ്രശ്നങ്ങൾ അനുഭവിക്കുന്ന ഇദ്ദേഹത്തിന്റെ അമ്മയ്ക്ക് അൽഷിമേഴ്സ് രോഗം ബാധിക്കുന്നതോടെ കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാവുന്നു. ഒടുവിൽ സിന്റാരാ ഗോൾഡൻ എന്ന കറുത്തവർഗ്ഗക്കാരിയായ എഴുത്തുകാരിയുടെ നോവൽ മാർക്കറ്റിൽ ഗംഭീര പ്രതികരണം നേടുന്നതോടെ മോങ്കിനും പുതിയ നോവൽ എഴുതാനുള്ള പ്രേരണ ഉണ്ടാകുന്നു. ഒരു സ്പൂഫ്-വയലൻസ് നോവൽ എന്ന രീതിയിൽ മോങ്ക് 'മൈ പാഫോളജി' എഴുതുന്നു. കറുപ്പിനെയും വെളുപ്പിനേയും കുറിച്ച് പറയുന്ന ആക്ഷേപഹാസ്യ നോവൽ മോങ്ക് ഒരു വ്യാജ പേരിൽ എഴുതി ഏജന്റിന് അയച്ചു കൊടുക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിൽ.

നവാഗത സംവിധായകൻ കോർഡ് ജെഫേഴ്സണിൽ നിന്നും ഈ വർഷം ലഭിച്ച ഏറ്റവും രസകരമായ ചിത്രമാണ്' അമേരിക്കൻ ഫിക്ഷൻ'. ഒറ്റ ഇരിപ്പിൽ കണ്ട് തീർക്കാവുന്ന ചിത്രം സിംപിൾ ആയി തോന്നുമെങ്കിലും ഈ ചിത്രത്തിന് ഉള്ളിൽ സംവിധായകൻ വരച്ചുവെച്ചിരിക്കുന്നത് കറുപ്പിന്റെയും വെളുപ്പിന്റെയും രാഷ്ട്രീയമാണ്. വളരെ സീരിയസ് ആയ രംഗങ്ങളിൽ സാഹചര്യത്തിന് അനുസരിച്ച് കോമഡി ഉണ്ടാവുന്നതല്ലാതെ ഒരു മുഴുനീള ഹാസ്യചിത്രമായിട്ടല്ല കോർഡ് ഇതിനെ ഒരുക്കിയിരിക്കുന്നത്. കൂടാതെ, 2001ൽ പുറത്തിറങ്ങിയ പെർസിവൽ എവററ്റ് എന്ന എഴുത്തുകാരന്റെ 'ഏറഷുർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

മുഖ്യകഥാപാത്രമായ എല്ലിസൺ മോങ്ക് ആയി പ്രേക്ഷകരിലേക്ക് എത്തിയത് ജെഫ്രി റൈറ്റാണ്. ഏറെ സെൻസിറ്റീവ് ആയ എന്നാൽ കുടുംബത്തെ വളരെയധികം സ്നേഹിക്കുന്ന കഥാപാത്രമാണ് മോങ്ക്. എഴുത്തിന്റെ ലോകത്ത് എന്തെങ്കിലും മഹാത്ഭുതം സൃഷ്ടിക്കണമെന്ന് ആഗ്രഹമുള്ള ഒരു സാധാരണക്കാരൻ. അമ്മയും ഒരു സഹോദരിയും സഹോദരനും അടങ്ങുന്നതാണ് മോങ്കിന്റെ കുടുംബം. സഹോദരനായി അഭിനയിച്ച സ്റ്റെർലിങ് കെ ബ്രൗൺ അസാധ്യ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്. ക്ലിഫ് എന്ന കഥാപാത്രം 'അമേരിക്കൻ ഫിക്ഷൻ' കണ്ട് കഴിഞ്ഞാലും മറക്കാൻ സാധ്യതയില്ലാത്ത ഒരാളാണ്. സിനിമയിൽ വന്ന് പോകുന്ന ഏതൊരു കഥാപാത്രത്തിനും ഒരു പ്രത്യേകത നൽകാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട് അതിൽ വിജയിക്കുകയും ചെയ്തുവെന്ന് തന്നെ പറയാം.

ചിത്രത്തിന്റെ തുടക്കം വളരെ സ്ലോ മൂഡിൽ പോകുന്നതാണെങ്കിലും കുറച്ച് പിടിച്ചിരുന്നാൽ പ്രേക്ഷകന് കണക്ട് ചെയ്യാൻ സാധ്യതയുണ്ട്. പകുതിയോട് അടുക്കുമ്പോൾ മോങ്കിന് ഒരു കാമുകിയെ ലഭിക്കുന്നു, അവരുടെ പ്രണയവും ചിത്രത്തിൽ വളരെ മികച്ച രീതിയിൽ തന്നെ പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള നർമ്മവും ഉൾക്കാഴ്ചയുള്ളതുമായ സിനിമകൾ ഹോളിവുഡിൽ അപൂർവ്വമാണ്, അലക്സാണ്ടർ പെയ്ൻ സംവിധാനം ചെയ്ത ഈ വർഷത്തെ ഓസ്‌കാർ പുരസ്‌കാരത്തിനായി മത്സരിക്കുന്ന 'ദ ഹോൾഡോവേഴ്‌സ്' എന്ന ചിത്രവും ഇത്തരമൊരു ഡ്രാമയാണ്.

മുഴുവൻ സിനിമയും ഇത്രയും ഗംഭീരമായി കൈകാര്യം ചെയ്ത നവാഗത സംവിധായകൻ കോർഡ് ജെഫേഴ്സണാണ് കൈയ്യടി, മോങ്കിൻ്റെ പ്രൊഫഷണലും വ്യക്തിപരവുമായ മേഖലകളെ സമർത്ഥമായി ബാലൻസ് ചെയ്തിട്ടുണ്ട്. വളരെ സീരിയസ് ആയ വിഷയം നർമ മുഹൂർത്തങ്ങൾ കൊണ്ടും അൽപം ശോക രംഗങ്ങൾകൊണ്ടും സംവിധായകൻ സിമ്പിളായി പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. ഇനിയും ഭാവിയിൽ ഇത്തരം സിനിമകൾ നിർമ്മിക്കാനുള്ള ഒരു ഊർജം മറ്റുള്ളവർക്ക് നൽകുന്നുമുണ്ട്. ചിത്രം കണ്ട് വരുമ്പോൾ ഇത് ഇപ്പോഴൊന്നും കഴിയേരുതേ എന്ന അവസ്ഥയാണ് പ്രേക്ഷകർക്ക്. തീർച്ചയായും അമേരിക്കൻ ഫിക്ഷൻ ഒരു മികച്ച സിനിമാറ്റിക് അനുഭവം തന്നെയാണ്, ഒരിക്കലും മിസ് ചെയ്യരുത്.

ഇത്തവണത്തെ ഓസ്കറിൽ മികച്ച ചിത്രം, മികച്ച ഒറിജിനൽ സ്കോർ, മികച്ച നടൻ, മികച്ച സഹനടൻ, മികച്ച അഡാപ്റ്റഡ് തിരക്കഥ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലേക്ക് ആണ് അമേരിക്കൻ ഫിക്ഷൻ മത്സരിക്കുന്നത്. അഡാപ്റ്റേഷൻ എന്ന നിലയിൽ നോവലിനോട് പൂ‍ർണമായും നീതി പുല‍ർത്താൻ അമേരിക്കൻ ഫിക്ഷന് സാധിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. സംവിധാന മികവ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ചിത്രത്തിന് നല്ല അംഗീകാരം ഓസ്കറിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT