News

ചലച്ചിത്ര നയം; കമ്മിറ്റിയിൽ നിന്ന് പിന്മാറി രാജീവ് രവിയും മഞ്ജു വാര്യരും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചലച്ചിത്ര നയരൂപീകരണ കമ്മറ്റിയിൽ നിന്ന് രണ്ടുപേർ പിന്മാറി. സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവി, നടി മഞ്ജു വാര്യർ എന്നിവരാണ് പിന്മാറിയത്. കേരള സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാനുള്ള കമ്മിറ്റി രൂപീകരണം വിവാദത്തിലായതിന് പിന്നാലെയാണ് പിന്മാറ്റം.

കമ്മിറ്റി രൂപീകരിച്ച രീതിക്കെതിരെ ഫിലിം ചേംബറും മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവും എതിർപ്പ് അറിയിച്ച് രംഗത്തെത്തിയിരുന്നു. സിനിമാ സംഘടനകളുമായി കൂടിയാലോചിക്കാതെയാണ് ഷാജി എൻ കരുൺ കമ്മിറ്റി രൂപീകരിച്ചതെന്നാണ് ഫിലിം ചേംബർ ആരോപണം. ഇത് സംബന്ധിച്ച് ഫിലിം ചേംബർ സംസ്ഥാന സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റിക്ക് ജോലി സ്ഥലത്ത് വേരൂന്നിയ പ്രശ്‌നങ്ങൾക്ക് പ്രായോഗിക പരിഹാരം വാഗ്ദാനം ചെയ്യാൻ സാധിക്കില്ലെന്ന് ഡബ്യൂസിസിയും അഭിപ്രായപ്പെട്ടിരുന്നു.

കമ്മിറ്റിയിലെ അംഗങ്ങളെ അവരുടെ അറിവോടും സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു ഗൗരവപ്പെട്ട കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു എന്നും തിരഞ്ഞെടുപ്പിലെ മാനദണ്ഡം/യോഗ്യത എന്താണെന്നതിൽ വ്യക്തതയില്ലെന്നുമുള്ള ആശങ്കയാണ് ഡബ്യൂസിസി പങ്കുവെച്ചത്. വിഷയത്തിൽ പ്രതികരിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിലവിലെ തീരുമാനം അന്തിമമല്ലെന്നും ലൈറ്റ് ബോയ് മുതൽ മെഗാസ്റ്റാർ വരെ പങ്കെടുക്കുന്ന മെഗാ കോൺക്ലേവിലായിരിക്കും അന്തിമ തീരുമാനമുണ്ടാകുക എന്നറിയിക്കുകയും ചെയ്തു.

സംസ്ഥാനത്ത് സിനിമാ നയം തയാറാക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് സാംസ്കാരിക വകുപ്പാണ് ഉത്തരവ് ഇറക്കിയത്. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനിലെ ഷാജി എൻ കരുൺ ആണ് കമ്മിറ്റിയുടെ ചെയർമാൻ. സംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കൺവീനർ.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT