National

ദക്ഷിണേന്ത്യക്ക് ദാഹിക്കുന്നു; അണക്കെട്ടിലുള്ളത് 17 ശതമാനം വെള്ളം മാത്രമെന്ന് കേന്ദ്ര ജല കമ്മീഷൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: താപനിലയില്‍ വലിയ വർധനവ് നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ വക്കില്‍. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജല സംഭരണം എന്നാണ് റിപ്പോര്‍ട്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ദേശീയ ജലകമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ 17 ശതമാനം ജലം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 29 ശതമാനം ആയിരുന്നിടത്താണ് ജല ദൗര്‍ലഭ്യത്തിന്റെ രൂക്ഷത വെളിപ്പെടുന്നത്. 43 അണക്കെട്ടുകളാണ് ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായുള്ളത്.

വേനല്‍ കാലത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നത് അസാധാരണമല്ല, എന്നാല്‍ ഇത്തവണ നേരിടുന്ന കുത്തനെയുള്ള ഇടിവ് ആശങ്കയുണര്‍ത്തുന്നതാണ്. മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. മണ്‍സൂണ്‍ മഴയിലെ കുറവ് ജല സംഭരണം കുറയുന്നതിന് കാരണമായി. കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ വെള്ളം പിന്‍വലിക്കേണ്ടിവന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. വെള്ള ക്ഷാമം ഇത്തവണ രൂക്ഷമായി നേരിടുകയാണ് കര്‍ണാടക. കാവേരി നദിയിലെ ജലനിരപ്പും സംഭരണികളിലെ ജലനിരപ്പും വേനല്‍ കടുത്തതോടെ ആശങ്കപ്പെടുത്തും വിധം താഴ്ന്നത് ബെംഗളൂരു മേഖലയെ ഉള്‍പ്പെടെ ബാധിച്ചു. കാവേരി നദിയിലെ വെള്ളം ആശ്രയിച്ചാണ് ബെംഗളൂരുവിലെ ജനജീവിതം മുന്നോട്ട് പോകുന്നത്.

2023ന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ തവണ കേരളത്തില്‍ രേഖപ്പെടുത്തിയത്. ഇത് വ്യാപക കൃഷി നാശങ്ങള്‍ക്കും കുടിവെള്ള ക്ഷാമത്തിനും വഴിവച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് സൂചന. എല്‍നിനോ പ്രതിഭാസമായിരുന്നു കഴിഞ്ഞ തവണ വില്ലനായത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ആദ്യ ഘട്ട പ്രവചനം. സാധാരണഗതിയില്‍ 2018.6 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1327 മില്ലിമീറ്റര്‍ മാത്രമായിരുന്നു പെയ്തത്. അതേസമയം,ഈ വര്‍ഷം കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍ ശക്തമായ കാലവര്‍ഷം ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT