National

മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞിട്ടും ഫലമില്ല; ഭോങ്കിർ ലോക്‌സഭാ മണ്ഡലത്തിൽ സിപിഐഎം ഉറച്ച് തന്നെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹൈദരാബാദ്: തെലങ്കാനയിലെ ഭോങ്കിർ ലോക്‌സഭാ മണ്ഡലത്തിൽ സിപിഐഎം തന്നെ മത്സരിക്കും. ഭോങ്കിർ മണ്ഡലത്തിൽ ശക്തമായ മത്സരം മുന്നിൽ കണ്ട് മണ്ഡലം കോൺഗ്രസിന് വിട്ട് നൽകാൻ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി സിപിഐഎമ്മിൻ്റെ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാൽ, ഭോങ്കിറിൽ മത്സരത്തിൽ തുടരാൻ തീരുമാനിച്ചതായി യോഗത്തിന് ശേഷം സിപിഐഎം സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം പറഞ്ഞു. തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡൻ്റ് കൂടിയായ രേവന്ത് റെഡ്ഡി സിപിഐഎമ്മിന്റെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ ചില രാഷ്ട്രീയ നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരുന്നു. എന്നാൽ സിപിഐഎം സംസ്ഥാന നേതൃത്വം ഇതിൽ തൃപ്തരായില്ല. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് രണ്ട് സീറ്റ് കോൺഗ്രസ് വാഗ്‌ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് സീറ്റ് നൽകിയില്ലെന്നും അത് കൊണ്ട് കേന്ദ്രനേതൃത്വവുമായി കൂടി ആലോചിച്ച ശേഷം മാത്രമേ തീരുമാനമുണ്ടാകൂ എന്നും നിലവിൽ മണ്ഡലത്തിൽ ഉറച്ച് നിൽക്കാനാണ് തീരുമാനമെന്നും വീരഭദ്രം പറഞ്ഞു.

എഐസിസി അധ്യക്ഷൻ്റെ നിർദേശ പ്രകാരം സിപിഐഎം നേതാക്കളെ കണ്ട് ചില നിർദേശങ്ങൾ മുന്നോട്ടുവച്ചതായും ബിജെപിയെ പരാജയപ്പെടുത്താൻ ഇൻഡ്യ സഖ്യത്തിന് പിന്തുണ അഭ്യർത്ഥിച്ചതായും രേവന്ത് റെഡ്ഡി നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ചില സംഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും വരും ദിവസങ്ങളിൽ പൂർണ ധാരണയാകുമെന്നും രേവന്ത് റെഡ്ഢി പറഞ്ഞു. ജുലകാന്തി രംഗ റെഡ്ഡി, സീതാരാമുലു വീരയ്യ, മറ്റ് സിപിഐഎം നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ഏപ്രിൽ 19ന് ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമർക്ക സിപിഐഎം നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

സംസ്ഥാനത്തെ 17 ലോക്‌സഭാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഐഎം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഭോങ്കിർ സീറ്റിൽ മാത്രമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സിപിഐഎം മുഹമ്മദ് ജഹാംഗീറിനെ മണ്ഡലത്തിൽ മത്സരിപ്പിച്ചപ്പോൾ കോൺഗ്രസ് ചമല കിരൺ കുമാർ റെഡ്ഡിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. 2023 നവംബറിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികളുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ശ്രമം നടത്തിയിരുന്നു. സിപിഐക്കും സിപിഐഎമ്മിനും കോൺഗ്രസ് ഒരു നിയമസഭാ സീറ്റ് മാത്രം വാഗ്ദാനം ചെയ്തതിനെത്തുടർന്ന് സിപിഐഎം സഖ്യം നിരസിച്ചതിനാൽ സിപിഐയുമായി മാത്രമേ സഖ്യമുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞുള്ളൂ. സിപിഐ സ്വീകരിച്ച ഒറ്റ സീറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്‌തപ്പോൾ സിപിഐഎം 14 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാനായിരുന്നില്ല.

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'

'രക്തസാക്ഷികള്‍ തന്നെ, ചെറ്റക്കണ്ടിയില്‍ അനുസ്മരണ പരിപാടി തുടരും': ന്യായീകരിച്ച് പി ജയരാജന്‍

'ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ കയറ്റുമെന്ന് ഭീഷണിപ്പെടുത്തി'; ആരോപണവുമായി രാഹുല്‍

LIVE BLOG:അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്, വിധിയെഴുതി 49 മണ്ഡലങ്ങൾ; കുതിച്ച് ബംഗാൾ, കിതച്ച് മഹാരാഷ്ട്ര

SCROLL FOR NEXT