National

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണമില്ല, മത്സരിക്കുന്നില്ല: നിര്‍മ്മല സീതാറാം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യമായ ഫണ്ട് തൻ്റെ പക്കലില്ലെന്ന് ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ബിജെപി മുന്നോട്ടുവെച്ച അവസരം നിരസിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കാനുള്ള അവസരമാണ് ജെപി നദ്ദ തനിക്ക് നല്‍കിയതെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.

'പത്ത് ദിവസമോ ഒരാഴ്ചയോ ആലോചിച്ച ശേഷമാണ് മറുപടി നൽകിയത്. മത്സരിക്കില്ലെന്നായിരുന്നു മറുപടി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് എന്റെ കയ്യിൽ അത്ര പണമില്ല, മാത്രമല്ല, അന്ധ്രാപ്രദേശായാലും തമിഴ്നാടായാലും എനിക്ക് പ്രശ്നമുണ്ട്. സമുദായം,മതം എന്നിവയാണ് അവിടെ വിജയിക്കുന്നതിനായി ഉപയോ​ഗിക്കുന്ന മാനദണ്ഡങ്ങൾ. എനിക്ക് അത് താല്പര്യമില്ല , അതുകൊണ്ട് മത്സരിക്കുന്നില്ല', നിർമ്മല സീതാരാമൻ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും തന്‍റെ അഭിപ്രായം പാര്‍ട്ടി അംഗീകരിച്ചതിൽ നന്ദിയുണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. രാജ്യത്തെ ധനമന്ത്രിക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ മതിയായ ഫണ്ട് ഇല്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് 'കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ എൻ്റേതല്ല. എൻ്റെ ശമ്പളം, എൻ്റെ വരുമാനം, എൻ്റെ സമ്പാദ്യം എന്നിവ എൻ്റേതാണ്, ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടല്ല' എന്നായിരുന്നു നിർമ്മല സീതാരാമന്റെ മറുപടി.

ഏപ്രിൽ 19-ന് ആരംഭിക്കുന്ന വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിലവിലുള്ള നിരവധി രാജ്യസഭാംഗങ്ങളെ ഭരണകക്ഷിയായ ബിജെപി മത്സരിപ്പിച്ചു. ഇതിൽ പിയൂഷ് ഗോയൽ, ഭൂപേന്ദർ യാദവ്, രാജീവ് ചന്ദ്രശേഖർ, മൻസുഖ് മാണ്ഡവ്യ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ഉൾപ്പെടുന്നു. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ് നിർമ്മലാ സീതാരാമൻ.

അതേസമയം മറ്റ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഒരുപാട് മാധ്യമ പരിപാടികളിൽ പങ്കെടുക്കുകയും സ്ഥാനാർത്ഥികൾക്കൊപ്പം പോകുകയും ചെയ്യും. നാളെ രാജീവ് ചന്ദ്രശേഖറിൻ്റെ പ്രചാരണത്തിന് പോകും. താൻ പ്രചാരണ പാതയിലുണ്ടാകുമെന്നും നിർമ്മല സീതീരാമൻ പറഞ്ഞു.

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

SCROLL FOR NEXT