National

ഇലക്ടറൽ ബോണ്ടിലൂടെ രാഷ്ട്രീയപാർട്ടികൾ നേടിയത് എത്ര കോടികൾ? എസ്ബിഐയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: തിരഞ്ഞെടുപ്പ് ബോണ്ട് കേസിലെ വിധിയനുസരിച്ച് വിവരങ്ങള്‍ കൈമാറിയെന്ന് സുപ്രീം കോടതിയില്‍ എസ്ബിഐ ചെയര്‍മാൻ ഇന്നലെ സത്യവാങ്മൂലം നൽകിയിരുന്നു. ബോണ്ട് വാങ്ങിയവരുടെയും ബോണ്ട് പണമാക്കിമാറ്റിയ രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവരങ്ങള്‍ ഇതിലുള്‍പ്പെടും. ആകെ 22,030 ബോണ്ടുകളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കി മാറ്റിയതെന്നുമാണ് എസ്ബിഐയുടെ സത്യവാങ്മൂലം.

തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ രണ്ട് പെന്‍ ഡ്രൈവുകളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് യഥാസമയം കൈമാറിയെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. ബോണ്ട് വാങ്ങിയവരുടെയും തീയതിയും തുകയും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആദ്യ പെന്‍ ഡ്രൈവ്. ബോണ്ട് പണമാക്കി മാറ്റിയ രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരങ്ങളാണ് രണ്ടാം പെന്‍ഡ്രൈവില്‍ ഉള്‍പ്പെടുത്തിയത്. രണ്ടും പിഡിഎഫ് ഫയലുകളാണ്. രണ്ട് ഫയലുകളും പാസ്‌വേഡാല്‍ സുരക്ഷിതമാണ്. പാസ്‌വേഡ് പ്രത്യേകം കവറില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

2019 ഏപ്രില്‍ ഒന്ന് മുതല്‍ 2024 ഫെബ്രുവരി 15 വരെയുള്ള തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ കണക്കാണ് എസ്ബിഐ നല്‍കിയത്. അതായത് തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ നടപ്പാക്കിയത് മുതല്‍ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കുന്നതുവരെയുള്ളവ. എസ്ബിഐയില്‍ നിന്ന് സംഭാവന ദാതാക്കള്‍ 22,217 ബോണ്ടുകള്‍ വാങ്ങി. ഇതില്‍ 22,030 ബോണ്ടുകള്‍ ബിജെപി ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കി മാറ്റി. ഭരണഘടനാ ബെഞ്ചിന്റെ വിധി വന്ന ശേഷം പണമാക്കി മാറ്റാന്‍ കഴിയാതെ പോയത് 187 തിരഞ്ഞെടുപ്പ് ബോണ്ടുകളെന്നും എസ്ബിഐ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

വെള്ളിയാഴ്ച വെെകീട്ട് അഞ്ചിനകം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ വഴി ആര് ഏത് പാര്‍ട്ടിക്ക് നല്‍കിയെന്നതില്‍ തല്‍ക്കാലം വ്യക്തത വരില്ല. എസ്ബിഐ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച ശേഷം പുറത്തുവിടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സമസ്തയുമായുള്ള ഭിന്നത ചര്‍ച്ചയാകും; മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം നാളെ

SCROLL FOR NEXT