National

അസമയത്ത് സ്ത്രീ മാത്രമുള്ള വീട്ടിൽ നാരങ്ങ ചോദിച്ച് വരുന്നത് അപഹാസ്യമാണ്; കോടതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: അസമയത്ത് നാരങ്ങ ചോദിച്ച് അയൽവാസിയുടെ വാതിലിൽ മുട്ടിയതിന് സിഐഎസ്എഫ് കോൺസ്റ്റബിളിനെതിരെ ചുമത്തിയ കേസ് റദ്ദാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. സഹപ്രവർത്തകയും ആറ് വയസ്സുള്ള മകളും മാത്രം താമസിക്കുന്ന വീട്ടിലെത്തിയ സിഐഎസ്എഫ് കോൺസ്റ്റബിൾ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി.

2021 ഏപ്രിൽ 19 നായിരുന്നു സംഭവം. അർദ്ധരാത്രിയിൽ കോൺസ്റ്റബിൾ വീടിൻ്റെ വാതിലിൽ മുട്ടുകയും തനിച്ചായിരുന്ന സ്ത്രീ അസമയത്ത് കോൺസ്റ്റബിൾ അരവിന്ദ് കുമാറിനെ കണ്ട് ഭയന്നുവെന്നും താക്കീത് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ഇയാൾ തിരികെ പോയതെന്നും പരാതിയിൽ പറയുന്നു.

തുടർന്ന് യുവതി പരാതി നൽകിയതോടെ ഉന്നത ഉദ്യോഗസ്ഥൻ വകുപ്പുതല അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തിൻ്റെ പ്രത്യേക വസ്തുതകളും സാഹചര്യങ്ങളും പരിശോധിക്കുമ്പോൾ ഇത് പീഡനത്തിന് തുല്യമാണെന്നും വളരെ മോശം പെരുമാറ്റമാണെന്നും സേനയുടെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേൽപ്പിക്കുന്നതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവം നടക്കുന്ന സമയം കോൺസ്റ്റബിൾ മദ്യം കഴിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ശിക്ഷയായി കുമാറിൻ്റെ ശമ്പളം മൂന്ന് വർഷത്തേക്ക് കുറച്ചിരിക്കുകയാണ്. ഈ കാലയളവിൽ അയാൾക്ക് ഇൻക്രിമെൻ്റും ലഭിക്കില്ല. എന്നാൽ താൻ നാരങ്ങ ചോദിക്കാൻ വേണ്ടി മാത്രമാണ് വാതിലിൽ മുട്ടിയതെന്നായിരുന്നു കുമാറിന്റെ ന്യായീകരണം. 2021-ൽ കേസില്‍ കീഴ് കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സിഐഎസ്എഫ് കോൺസ്റ്റബിൾ അരവിന്ദ് കുമാർ മുബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വയറുവേദനയ്ക്ക് മരുന്നുണ്ടാക്കാനെന്ന കാരണം പറഞ്ഞ് നാരങ്ങ ആവിശ്യപ്പെട്ടുകൊണ്ട് ഒരു സ്ത്രീ മാത്രമുള്ള വീട്ടിൽ അസമയത്ത് പോകുന്നത് അസംബന്ധമാണെന്നാണ് ജസ്റ്റിസുമാരായ നിതിൻ ജംദാർ, എംഎം സതയെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പറഞ്ഞത്. ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന് ചേരാത്ത പ്രവർത്തിയാണിതെന്നും തൻ്റെ സഹപ്രവർത്തകൻ പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരുന്നുവെന്ന് ഇയാൾക്ക് അറിയാമായിരുന്നിട്ടും ഈ പ്രവൃത്തി ചെയ്തതിനെ കോടതി വിമർശിച്ചു.

കുമാറിൻ്റെ പെരുമാറ്റം സിഐഎസ്എഫ് പോലുള്ള സേനയിലെ ഉദ്യോഗസ്ഥർക്ക് യോജിച്ചതല്ല. കുമാറിൻ്റെ ഉദ്ദേശം ശരിയാണെന്ന് കണ്ടെത്താനായില്ല. സംഭവം ആരോപിക്കപ്പെടുന്ന സമയത്ത് ഡ്യൂട്ടിയിൽ ഇയാൾ ഇല്ലാതിരുന്നതിനാൽ നടന്നത് തെറ്റായ പെരുമാറ്റമല്ലെന്ന കുമാറിൻ്റെ വാദം അംഗീകരിക്കാനും ബെഞ്ച് വിസമ്മതിച്ചു. കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങൾ പ്രകാരം അദ്ദേഹം സത്യസന്ധത പാലിക്കണമെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥന് ചേരാത്ത പ്രവർത്തി ചെയ്യരുതെന്നും ബെഞ്ച് വ്യക്തമാക്കി.

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സമസ്തയുമായുള്ള ഭിന്നത ചര്‍ച്ചയാകും; മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം നാളെ

SCROLL FOR NEXT