National

കപ്പലിലേത് 'ആണവ ചരക്ക്' അല്ല 'വാണിജ്യ ചരക്ക്'; അവകാശ വാദവുമായി പാകിസ്താൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: മുംബൈയിൽ‌ ഇന്ത്യൻ ഏജൻസികൾ പിടിച്ചെടുത്ത കറാച്ചിയിലേക്കുള്ള കപ്പലിൽ നിന്ന് പിടിച്ചെടുത്തത് ആണവ പദ്ധതിക്കുള്ള യന്ത്രങ്ങളല്ല, വാണിജ്യപരമായ ചരക്കുകളായിരുന്നുവെന്ന് അവകാശപ്പെട്ട് പാകിസ്താൻ. ഇന്ത്യൻ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത കപ്പലിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് അവകാശവാദവുമായി പാകിസ്താൻ രം​ഗത്തെത്തിയത്. വസ്‌തുതകളെ തെറ്റായി വ്യാഖാനിക്കുന്നതെന്നാണ് റിപ്പോർട്ടുകളെന്ന് പാകിസ്ഥാൻ വിദേശകാര്യ ഓഫീസ് അറിയിച്ചു.

ജനുവരി 23 നാണ് ചൈനയിൽ നിന്ന് പാകിസ്താനിലേക്ക് പോവുകയായിരുന്ന സിഎംഎ സിജിഎം ആറ്റില എന്ന കപ്പൽ തടഞ്ഞത്. മുംബൈയിലെ നവ ഷെവ തുറമുഖത്ത് വെച്ചാണ് കപ്പൽ തടഞ്ഞു നിർത്തിയത്. കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ചരക്ക് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ്റെ (ഡിആർഡിഒ) സംഘം പരിശോധിച്ചിരുന്നു. ന്യൂമറിക്കൽ കൺട്രോൾ (CNC) യന്ത്രം എന്നിവ പിടിച്ചെടുത്തിരുന്നു.

അന്യായമായ പിടിച്ചെടുക്കൽ എന്നാണ് പാകിസ്താൻ ഉദ്യോ​ഗസ്ഥർ ഇതിനെ കുറിച്ച് പറഞ്ഞത്. അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്നും ഉദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു. വ്യാവസായിക വസ്തുക്കൾ പിടിച്ചെടുത്ത നീക്കത്തെ അപലപിക്കുന്നതായും പാകിസ്താൻ അപലപിച്ചു.

പാകിസ്താനിലെ ഓട്ടോമൊബൈൽ വ്യവസായത്തിന് യന്ത്രഭാഗങ്ങള്‍ വിതരണം ചെയ്യുന്ന കറാച്ചി ആസ്ഥാനമായുള്ള ഒരു വാണിജ്യ സ്ഥാപനത്തിലേക്കുള്ള മെഷീനാണ് കപ്പലിലുണ്ടായിരുന്നത്. പൂർണ്ണമായും വാണിജ്യപരമായ ഉപയോഗത്തിനുള്ളതാണിത്. ഇടപാട് സുതാര്യമായ ബാങ്കിംഗ് വഴികളിലൂടെയാണ് നടന്നതെന്നും പാകിസ്താൻ പ്രസ്താവനയിൽ പറയുന്നു.

ആണവ, ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിൽ ഉപയോഗിക്കാന്‍ കഴിയുന്ന 'ഇരട്ട ഉപയോഗ ചരക്ക്' ഉണ്ടെന്ന സംശയത്തെ തുടർന്ന് ഇന്റലിജന്‍സ് നല്‍കിയ വിവരം അനുസരിച്ച് ഇന്ത്യൻ സുരക്ഷാ ഏജൻസികളാണ് കപ്പൽ തടഞ്ഞത്. ലോഡിംഗിൻ്റെ ബില്ലുകളിൽ ഷാങ്ഹായ് ജെഎക്സ്ഇ ഗ്ലോബൽ ലോജിസ്റ്റിക്സ് കോ ലിമിറ്റഡ് എന്നും ചരക്ക് എത്തിക്കേണ്ടത് പാകിസ്താന്‍ വിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്കാണെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ 22,180 കിലോഗ്രാം ഭാരമുള്ള ചരക്കാണ് കപ്പലില്‍ കയറ്റി അയച്ചിരിക്കുന്നത്. ചരക്ക് കയറ്റി അയച്ചിരിക്കുന്നത് തായ്‍വാൻ മൈനിംഗ് ഇംപോർട്ട് ആൻഡ് എക്‌സ്‌പോർട്ട് കോ ലിമിറ്റഡ് ആണെന്നും ഇത് പാകിസ്താനിലെ കോസ്‌മോസ് എഞ്ചിനീയറിംഗിന് വേണ്ടിയുള്ളതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തുറമുഖ ഉദ്യോഗസ്ഥർ, പ്രത്യേക രഹസ്യാന്വേഷണ വിഭാഗം, ഇന്ത്യൻ പ്രതിരോധ അധികാരികൾ എന്നിവര്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് കനത്ത പരിശോധന നടത്തി സംശയങ്ങൾ റിപ്പോർട്ട് ചെയ്യുകയും അതിനുശേഷം ചരക്ക് പിടിച്ചെടുക്കുകയുമായിരുന്നു.

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

SCROLL FOR NEXT