National

രാജ്യസഭാ കാലാവധി കഴിഞ്ഞ ഏഴ് കേന്ദ്രമന്ത്രിമാരെ വീണ്ടും മത്സരിപ്പിക്കാതെ ബിജെപി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂർൽഹി: ഏപ്രിലിൽ രാജ്യസഭാ കാലാവധി അവസാനിക്കുന്ന ഏഴ് കേന്ദ്രമന്ത്രിമാരെ വീണ്ടും രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യാതെ ബിജെപി. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇവരെ രാജ്യസഭയിലേയ്ക്ക് വീണ്ടും നാമനിർദ്ദേശം ചെയ്യാത്തതെന്നാണ് റിപ്പോർട്ട്. ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ അംഗമായ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ, മധ്യപ്രദേശിനെ പ്രതിനിധീകരിക്കുന്ന വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, കർണാടകയിൽ നിന്നും രാജ്യസഭയിലെത്തിയ ജൂനിയർ ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്, ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല, മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി നാരായൺ റാണെ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവരെ ബിജെപി വീണ്ടും രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തിട്ടില്ല.

നിലവിൽ രാജ്യസഭയിലേയ്ക്ക് വീണ്ടും നാമനിർദ്ദേശം ചെയ്യാത്ത ഏഴ് പേരെയും വിവിധ സംസ്ഥാനങ്ങളിലെ ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്ന് മത്സരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ധർമ്മേന്ദ്ര പ്രധാൻ സ്വന്തം സംസ്ഥാനമായ ഒഡീഷയിലെ സംബൽപൂരിൽ നിന്നോ ധേക്നാലിൽ നിന്നോ മത്സരിച്ചേക്കുമെന്നാണ് സൂചന. ഭൂപേന്ദ്ര യാദവ് രാജസ്ഥാനിലെ അൽവാറിൽ നിന്നോ മഹേന്ദ്രഗഡിൽ നിന്നോ മത്സരിച്ചേക്കും, രാജീവ് ചന്ദ്രശേഖറിനെ ബെംഗളൂരുവിലെ നാല് സീറ്റുകളിലൊന്നിൽ മത്സരിപ്പിക്കുമെന്നാണ് സൂചന. കേരളത്തിൽ തിരുവനന്തപുരത്ത് നിന്നും രാജീവ് ചന്ദ്രശേഖറിനെ മത്സരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മൻസുഖ് മാണ്ഡവ്യ ഗുജറാത്തിലെ ഭാവ്‌നഗറിൽ നിന്നോ സൂററ്റിൽ നിന്നോ മത്സരിച്ചേക്കും. പർഷോത്തം രൂപാലയ്ക്ക് ഗുജറാത്തിലെ രാജ്‌കോട്ടിൽ നിന്ന് അവസരം ലഭിച്ചേക്കാം. വി മുരളീധരൻ സ്വന്തം സംസ്ഥാനമായ കേരളത്തിലെ ആറ്റിങ്ങലിൽ നിന്നും മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

രണ്ട് കേന്ദ്രമന്ത്രിമാർക്ക് മാത്രമാണ് രാജ്യസഭയിലേയ്ക്ക് വീണ്ടും മത്സരിക്കാൻ നിലവിൽ അവസരം നൽകിയിരിക്കുന്നത്. ഒഡീഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മധ്യപ്രദേശിനെ രാജ്യസഭയിൽ പ്രതിനിധീകരിക്കുന്ന ഫിഷറീസ് സഹമന്ത്രി എൽ മുരുകൻ എന്നിവർക്കാണ് രണ്ടാമൂഴം ലഭിച്ചത്. രണ്ടോ അതിലധികമോ തവണ സേവനമനുഷ്ഠിച്ച ഒരു എംപിയ്ക്കും ബിജെപി വീണ്ടും മത്സരിക്കാൻ അവസരം നൽകിയിട്ടില്ല. പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയ്ക്ക് മാത്രമാണ് ഇതിൽ ഇളവ് ലഭിച്ചിരിക്കുന്നത്. ഹിമാചലിൽ നിന്നുള്ള രാജ്യസഭാ എം പിയായ നദ്ദയെ ഇത്തവണ ഗുജറാത്തില്‍ നിന്നാണ് മത്സരിക്കുന്നത്.

കേന്ദ്രമന്ത്രിമാർ അടക്കം നിലവിൽ കാലാവധി കഴിഞ്ഞ 28 രാജ്യസഭാ എംപിമാരിൽ നാല് പേർക്ക് മാത്രമാണ് ബിജെപി വീണ്ടും മത്സരിക്കാണ അവസരം നൽകിയിരിക്കുന്നത്. ബാക്കിയുള്ള 24 പേരോടും ലോക്‌സഭാ സീറ്റുകളിൽ മത്സരിപ്പിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്.

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

SCROLL FOR NEXT