National

'മാലദ്വീപിൽ സിനിമാ ഷൂട്ടിംഗ് വേണ്ട'; ഓൾ ഇന്ത്യാ സിനി വർക്കേഴ്സ് അസോസിയേഷന്റെ ആഹ്വാനം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: സിനിമാ ഷൂട്ടിങ്ങുകളിൽ നിന്ന് മാലദ്വീപിനെ ഒഴിവാക്കാൻ ഓൾ ഇന്ത്യാ സിനി വർക്കേഴ്സ് അസോസിയേഷന്റെ ആഹ്വാനം. ലക്ഷദ്വീപിനെക്കുറിച്ച് മാലദ്വീപ് മന്ത്രി നടത്തിയ വിവാദ ട്വീറ്റിൽ പ്രതിഷേധം തുടരവെയാണ് കടുത്ത തീരുമാനങ്ങൾ എടുക്കാൻ അസോസിയേഷൻ ആവശ്യപ്പെടുന്നത്. മാർച്ച് 15നകം ഇന്ത്യൻ സൈന്യത്തെ തങ്ങളുടെ ദ്വീപുകളിൽ നിന്ന് പിൻവലിക്കണമെന്ന് മാലദ്വീപ് സർക്കാർ ഇന്ത്യയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അഭ്യർത്ഥന.

അവധിക്കാലം ആഘോഷിക്കാൻ മാലദ്വീപിലേയ്ക്ക് പോകരുതെന്നും പകരം ഇന്ത്യൻ ദ്വീപുകളിലെ ടൂറിസം പ്രോത്സാഹിപ്പിക്കാനും സിനി വർക്കേഴ്‌സ് അസോസിയേഷൻ മഹാരാഷ്ട്ര പ്രസിഡന്റ് സുരേഷ് ശ്യാംലാൽ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു.

'മാർച്ച് 15നകം ഇന്ത്യൻ സൈന്യത്തെ ദ്വീപുകളിൽ നിന്ന് പിൻവലിക്കണമെന്ന് മാലദ്വീപ് സർക്കാർ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ദിവസങ്ങൾക്ക് മുമ്പ് ചില മാലദ്വീപ് മന്ത്രിമാർ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെറ്റായ വാക്കുകൾ ഉപയോഗിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യയിൽ 'ബോയ്കോട്ട് മാലദ്വീപ്' ട്രെൻ്റ് ആരംഭിച്ചത്. ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ മാലദ്വീപിൽ സിനിമകൾ ചിത്രീകരിക്കരുതെന്നും ആരും അവധിക്കാലം ആഘോഷിക്കാൻ മാലദ്വീപിലേക്ക് പോകരുതെന്നും ഇന്ത്യൻ സിനിമാ വ്യവസായത്തോട് ഞാൻ അഭ്യർത്ഥിക്കുകയാണ്,' സുരേഷ് ശ്യാംലാൽ പറഞ്ഞു.

മാലദ്വീപുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് ഒഴിവാക്കാനും വീഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്. രാജ്യത്തിനെതിരായി ആര് നിൽക്കുന്നോ അവർക്കെതിരാണ് തങ്ങളെന്നും സുരേഷ് ശ്യാംലാൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിനെതിരെയായിരുന്നു മാലദ്വീപ് മന്ത്രി അബ്‍ദുള്ള മഹ്‌സൂം മജീദിന്റെ ട്വീറ്റ്. ലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തുന്നതിനായി ഇന്ത്യ മാലദ്വീപിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്നാണ് അബ്‍ദുള്ള മഹ്‌സൂം മജീദ് പറഞ്ഞത്. ബീച്ച് ടൂറിസത്തിൽ മാലദ്വീപുമായി മത്സരിക്കുന്നതിൽ ഇന്ത്യ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും മജീദ് അഭിപ്രായപ്പെട്ടു. പിന്നാലെ ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിലൂടെ 'ബോയ്ക്കോട്ട് മാൽഡീവ്സ്' ഹാഷ് ടാഗ് ക്യാംപെയ്ൻ ആരംഭിച്ചു. നിരവധി ബോളിവുഡ് താരങ്ങൾ ഇതിന് പിന്തുണ നൽകിയിട്ടുണ്ട്.

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

'ഇന്‍ഡ്യ' മുന്നണി വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റായിരിക്കും; മോദി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

SCROLL FOR NEXT