National

ലക്ഷ്യം 2035ഓടെ ബഹിരാകാശ നിലയം സ്ഥാപിക്കൽ; ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഇന്ത്യയുടെ ലക്ഷ്യം 2035ഓടെ ബഹിരാകാശ നിലയം സ്ഥാപിക്കലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ഇതിന് മുന്നോടിയാണ് മനുഷ്യനെ ബഹിരാകാശത്തിലെത്തിക്കുന്ന ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എസ് സോമനാഥ്.

ഗഗന്‍യാന്‍ ദൗത്യം വലിയൊരു തുടക്കമാണ്. ഇന്ത്യക്കാരനെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ച് സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതാണ് ഈ ദൗത്യം. അതിനുള്ള തുടക്കമെന്ന നിലയില്‍ ആദ്യത്തെ പടിയാണ് കഴിഞ്ഞ ദിവസം നടന്ന പരീക്ഷണ ദൗത്യമെന്നും സോമനാഥ് വ്യക്തമാക്കി.

ഏതെങ്കിലും വിധത്തില്‍ റോക്കറ്റിന് അപകടമുണ്ടായാല്‍ സഞ്ചാരികളെ രക്ഷിക്കാനുള്ള മിഷനായ അബോര്‍ട്ട് മിഷൻ്റെ പരീക്ഷണമാണ് ഇപ്പോള്‍ നടന്നത്. അത് വിജയകരമായിരുന്നു. ഗഗന്‍യാനില്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളെല്ലാം സജ്ജീകരിച്ച ടെസ്റ്റ് വെഹിക്കിള്‍ റോക്കറ്റാണ് അബോര്‍ട്ട് മിഷനില്‍ വിക്ഷേപിച്ചത്. ഇനി ഇത്തരത്തിലുള്ള നാലുഘട്ട പരീക്ഷണങ്ങളുണ്ട്. പലഘട്ടങ്ങളില്‍ അപകടം ഉണ്ടായാല്‍ സഞ്ചാരികളെ എങ്ങനെ രക്ഷിക്കാം എന്നതിനാണ് ഈ പരീക്ഷണങ്ങള്‍ നടത്തുന്നത്. ആളില്ലാത്ത പരീക്ഷണങ്ങളും നടക്കാനുണ്ട്. അതിനെല്ലാം ശേഷം മാത്രമേ ബഹിരാകാശത്തേയ്ക്ക് ആളെ കൊണ്ടുപോകാന്‍ കഴിയൂവെന്നും സോമനാഥ് പറഞ്ഞു.

സ്ത്രീ ഹ്യുമിനോയ്ഡ് ആയ വ്യോമമിത്ര ആളില്ലാതെ പോകുന്ന ആദ്യപരീക്ഷണത്തില്‍ ഉണ്ടാകുമെന്ന് ചോദ്യത്തിന് മറുപടിയായി എസ് സോമനാഥ് പറഞ്ഞു. സഞ്ചാരികളുടെ കൂട്ടത്തില്‍ ഒരു വനിതാ പ്രാതിനിധ്യം ആണ് ആഗ്രഹിക്കുന്നത്. വനിതകള്‍ ഉണ്ടാകുമോയെന്ന് തനിക്ക് പറയാനാവില്ല. അത് എയര്‍ഫോഴ്‌സിനേ പറയാന്‍ സാധിക്കൂവെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു. രാജ്യത്ത് സയന്‍സ് സാങ്കേതിക രംഗങ്ങളില്‍ വനിതകളുടെ പ്രാതിനിധ്യം നമ്മള്‍ പ്രതിഫലിപ്പിക്കേണ്ടതുണ്ട്. ചന്ദ്രയാന്‍ 3-ൻ്റെ പിന്നില്‍ എത്രയോ വനിതകളാണ് പ്രവര്‍ത്തിച്ചത്, അദ്ദേഹം പറഞ്ഞു.

2035-ല്‍ ബഹിരാകാശത്ത് സ്‌പെയ്‌സ് സ്റ്റേഷന്‍ നിര്‍മ്മിക്കണമെന്നാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായാണ് മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്. മനുഷ്യന് അവിടെ പോയി സ്‌പെയ്‌സ് സ്റ്റേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ശേഷിയുണ്ടാക്കണം. ഒരു ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍ ബഹിരാകാശത്ത് ഉണ്ടാക്കാന്‍ കഴിയണമെന്നാണ് പ്രതീക്ഷയെന്നും എസ് സോമനാഥ് പറഞ്ഞു.

നാക്കിലെ കെട്ട് ശ്രദ്ധയില്‍പ്പെട്ടു, ഡോക്ടര്‍ അതിന് പ്രാധാന്യം നല്‍കി: ന്യായീകരണവുമായി കെജിഎംസിടിഎ

ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം

ഉത്തരേന്ത്യയിൽ ബിജെപിക്ക് കാലിടറും, 80 മുതൽ 95 സിറ്റിങ്ങ് സീറ്റുകൾ വരെ നഷ്ടമാകും: പരകാല പ്രഭാകർ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്: കേസെടുത്ത് പൊലീസ്

വികസന ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഭൂമിയേറ്റെടുക്കല്‍; മാര്‍ഗനിര്‍ദ്ദേശവുമായി സുപ്രീം കോടതി

SCROLL FOR NEXT