National

ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ മാധ്യമത്തിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് 'എക്‌സ്'

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: 'ന്യൂസ് ക്ലിക്ക്' ഓണ്‍ലൈന്‍ മാധ്യമത്തിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ് (ട്വിറ്റര്‍). നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് ലഭിച്ചെന്ന ആരോപണത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് സൂചന.

ചൈനീസ് പ്രൊപ്പഗാണ്ട നടപ്പിലാക്കാന്‍ ന്യൂസ് ക്ലിക്ക് പണം വാങ്ങിയെന്ന വാര്‍ത്ത ന്യൂ യോര്‍ക്ക് ടൈംസ് ആണ് പുറത്ത് വിട്ടത്. ന്യൂസ് ക്ലിക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്കാന്‍ ന്യൂസ് ക്ലിക്കിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ ചൈനീസ് ഫണ്ട് വാങ്ങി വ്യാജവാര്‍ത്തകളിലൂടെ രാജ്യവിരുദ്ധ അജണ്ട പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിരമിച്ച ജഡ്ജിമാര്‍ അടക്കമുള്ള 225 പ്രമുഖ വ്യക്തികൾ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനും കത്തയച്ചു. മുന്‍ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ ശ്രീധര്‍ റാവു അടക്കമുള്ള നിരവധി ജഡ്ജിമാരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

നേരത്തെ ന്യൂസ് ക്ലിക്ക് പോര്‍ട്ടലുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് പ്രകാശ് കാരാട്ടിനെതിരെ ഇഡി അന്വേഷണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വിദേശവ്യവസായി നെവില്‍ റോയ് സിംഘവുമായി പ്രകാശ് കാരാട്ട് നടത്തിയ ഇ-മെയില്‍ ആശയവിനിമയം ഇഡി പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രകാശ് കാരാട്ടിന് പുറമെ രാഹുല്‍ ഗാന്ധിയുടെയും ടീസ്ത സെതല്‍വാദിന്റെയും പേരുകള്‍ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടാണ് ആരോപണം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ ലോക്‌സഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സ്മൃതി ഇറാനിയും നിഷികാന്ത് ദുബെയും അടക്കമുള്ള ബിജെപി നേതാക്കള്‍ ന്യൂസ് ക്ലിക്ക് വിഷയം ഉയര്‍ത്തിയിരുന്നു.

ചൈനീസ് അനുകൂല വാര്‍ത്തകള്‍ക്കായി നെവില്‍ റോയ്‌യില്‍ നിന്നും ന്യൂസ് ക്ലിക്ക് പണം കൈപറ്റിയെന്നാണ് ആരോപണം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയപ്രചാരണത്തിനായി ലോകവ്യാപകമായി പണം ചെലവഴിക്കുന്ന വ്യക്തിയാണ് നെവില്‍ എന്നാണ് റിപ്പോര്‍ട്ട്. നെവില്‍ മുഖേന ന്യൂസ് ക്ലിക്ക് വഴി ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പണം ലഭിച്ചത് ഇഡി പരിശോധിക്കുന്നതായാണ് റിപ്പോര്‍ട്ടുകളുണ്ട്.

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

SCROLL FOR NEXT