National

ലക്ഷദ്വീപിൽ സ്കൂൾ യൂണിഫോമിൽ നിന്ന് ഹിജാബ് 'പുറത്ത്'; പ്രതിഷേധം, കുട്ടികൾ ക്ലാസ് ബഹിഷ്കരിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കവരത്തി: ലക്ഷദ്വീപിൽ സ്കൂൾ യൂണിഫോമിൽ സമ​ഗ്ര മാറ്റം വരുത്തിയുള്ള ഉത്തരവ് വിവാദത്തിൽ. വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവനുസരിച്ച് പെൺകുട്ടികൾക്ക് പാവാടയും ഷോർട് സ്ലീവ് ഷർട്ടുമാണ് ഏകീകൃത യൂണിഫോം. ബെൽറ്റ്, ടൈ, ഷൂസ് എന്നിവയെക്കുറിച്ചൊക്കെ കൃത്യമായി പ്രതിപാദിക്കുന്ന ഉത്തരവിൽ ഹിജാബിനെക്കുറിച്ച് പരാമർശമില്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് യൂണിഫോമിൽ വരുത്തിയിരിക്കുന്ന ഈ മാറ്റം കൃത്യമായ അജണ്ടയോടെയാണെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ആരോപിച്ചു.

"ഷാളിനെക്കുറിച്ചോ ഹിജാബിനെക്കുറിച്ചോ ഉത്തരവിൽ പരാമർശമില്ല. ഇത് പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്. ഞങ്ങളിതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും". മുഹമ്മദ് ഫൈസൽ പറഞ്ഞു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാണെന്നും അവകാശം നേടും വരെ കുട്ടികൾ ക്ലാസുകൾ ബഹിഷ്കരിക്കുമെന്നും എം പി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്നലെയാണ് ഉത്തരവിറക്കിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലുള്ള എല്ലാ സ്കൂളുകളിലെയും പ്രധാനാധ്യാപകർക്ക് ഉത്തരവ് അയച്ചിട്ടുണ്ട്. പുതിയ തീരുമാനം വിദ്യാർത്ഥികളിൽ ഐക്യം കൊണ്ടുവരുമെന്നും അച്ചടക്കം വർധിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു. ഉത്തരവിൽ പറഞ്ഞതിൻ പ്രകാരമല്ലാത്തവ ധരിക്കുന്നത് കുട്ടികൾക്കിടയിലെ ഏകത്വം ഇല്ലാതാക്കും. സ്കൂളുകളിൽ കുട്ടികൾ ഉത്തരവിൻപ്രകാരം തന്നെ യൂണിഫോം ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനാധ്യാപകരും പ്രിൻസിപ്പാൾമാരുമാണെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

SCROLL FOR NEXT