National

പൊന്നും വിലയുള്ള തക്കാളി മോഷണം പോയി, ഒന്നര ലക്ഷത്തോളം രൂപ നഷ്ടമെന്ന് കർഷകൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെം​ഗളുരു: വില കുത്തനെ കൂടിയിരിക്കെ തക്കാളി ലോക്കറിൽ സൂക്ഷിക്കേണ്ട അവസ്ഥയിലാണ് ക‍ർണാടകയിലെ ക‍ർ‌ഷകർ. ഒന്നര ലക്ഷം രൂപയുടെ തക്കാളിയാണ് കഴിഞ്ഞ ദിവസം ഹാസൻ ജില്ലയിലെ സോമനഹള്ളി ഗ്രാമത്തിൽ നിന്ന് മോഷണം പോയത്. സോമശേഖർ എന്ന കർഷകൻ 60ഓളം ചാക്കുകളിലായി സൂക്ഷിച്ച ഒന്നര ലക്ഷം രൂപ വിലവരുന്ന തക്കാളിയാണ് മോഷണം പോയത്. കഴിഞ്ഞ മൂന്ന് വർഷമായി സോമശേഖർ തന്റെ കൃഷിയിടത്തിൽ തക്കാളി കൃഷി ചെയ്തുവരികയാണ്. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്.

ബുധനാഴ്ച രാവിലെ സോമശേഖറിന്റെ മകൻ ധരണി ഫാമിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വിളവെടുത്ത തക്കാളിയുടെ പകുതിയും മോഷണം പോയെന്ന് സോമശേഖറിന്റെ ഭാര്യ പാർവതമ്മ പറഞ്ഞു. 'ഞങ്ങൾക്ക് രണ്ടേക്കർ കൃഷിഭൂമിയാണുള്ളത്. കനത്ത മഴയും, കാലാവസ്ഥാ മാറ്റവും, രോഗബാധയും കാരണം കഴിഞ്ഞ മൂന്ന് വർഷമായി ഒന്നും വിളവെടുക്കാൻ കഴിഞ്ഞിരുന്നില്ല', അവർ പറഞ്ഞു.

സോമശേഖറിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഗ്രാമവാസികളിൽ നിന്ന് ശേഖരിച്ചുവെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും ലേബീഡു പൊലീസ് ഇൻസ്പെക്ടർ ശിവന ഗൗഡ പാട്ടീൽ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 379 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലുടനീളം തക്കാളി വില കുതിച്ചുയരുന്ന സമയത്താണ് തക്കാളി മോഷണം പോയത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ, തക്കാളി കിലോഗ്രാമിന് 100-120 രൂപയാണ് വില.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT