National

എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാൻ പാക് കള്ളക്കടത്തുകാരൻ ഹാജി സലീം; ലക്ഷ്യം ലഹരിക്കടത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: കുപ്രസിദ്ധ ലഹരിക്ക‌ടത്ത് സംഘത്തിന്റെ തലവനും പാകിസ്താൻ സ്വദേശിയുമായ ഹാജി സലീം ​എൽടിടിഇയെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നതായി ഇന്ത്യൻ ഏജൻസികളുടെ കണ്ടെത്തൽ. ഹാജി സലീം ​ഗ്രൂപ്പിന് അധോലോക ​​ഗുണ്ടാ നേതാവ് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ട്. ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും വലിയ തോതിൽ ലഹരി കട‌ത്തുന്നതിന് സഹായകരമാകാനാണ് എൽടിടിഇയെ കൂട്ടുപിടിക്കുന്നതെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ സമുദ്രത്തിലൂടെയുളള ദശലക്ഷക്കണക്കിന് ഡോളറിന്റെ ലഹരിക്കടത്തിന് ചുക്കാൻ പിടിക്കുന്നത് ഹാജി സലീം ആണ്. ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലുളള വീ‌ട്ടിൽ പലപ്പോഴായി ഹാജി സലീം സന്ദർശകനാണ്. പാകിസ്താൻ ചാരസംഘടനയായ ഐസ്ഐയുടെ പിന്തുണയോടെ ഇരുവരും കള്ളക്കടത്തിന് പരസ്പരം വിഭവങ്ങൾ ഉപയോഗിക്കുന്നതായി സംശയിക്കുന്നുവെന്ന് പേര് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത ഒരു ഉദ്യോ​ഗസ്ഥൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഹാജി സലീമുമായും ദാവൂദ് ഇബ്രാഹിമുമായും ബന്ധമുളളവരെ കണ്ടെത്തുന്നതിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും, എൻഐഎയും, റവന്യൂ ഡയറക്ടറേറ്റ് ആൻഡ് ഇന്റലിജൻസും സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്. രാജ്യത്തെ മുഴുവൻ ക്രിമിനൽ ശൃംഖലകളേയും തകർക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ മാസം എൻസിബിയും നാവികസേനയും നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഇന്ത്യൻ മഹാസമുദ്രത്തി‌ൽ നിന്ന് 12,000 കോടി വിലമതിക്കുന്ന 2,500 കിലോ​ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്തിരുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ മക്രാൻ തീരത്ത് നിന്നാണ് കപ്പൽ പുറപ്പെട്ടതെന്നും ഏജൻസികൾ കണ്ടെത്തിയിരുന്നു.

എൽടിടിഇയെ പുനരുജ്ജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 13 പേർക്കെതിരെ എൻഐഎ ചാർജ് ഷീറ്റ് ഫയൽ ചെയ്തിരുന്നു. ശ്രീലങ്കയിലെ ലഹരിക്ക‌ടത്ത് സംഘങ്ങൾ സലീമിൽ നിന്ന് ലഹരി വാങ്ങുന്നുണ്ട്. ഈ രഹസ്യ വ്യാപാരത്തിനായി വിവിധ വാട്സ്ആപ്പ് നമ്പറുകളാണ് സംഘം ഉപയോ​ഗിക്കുന്നതെന്നും എൻഐഎ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ 40 കിലോ​ഗ്രാം ഹെറോയിനും പിസ്റ്റളുകളും കടത്തിയ കേസിലും ഹാജി സലീം പ്രതിയാണ്. കൊച്ചി പുറംകടലിൽ നിന്ന് പിടിച്ചെടുത്ത 2525 കിലോ മെത്താഫിറ്റമിനും ഹാജി സലീം ​ഗ്രൂപ്പിന്റേതാണെന്ന് എൻസിബി കണ്ടെത്തിയിരുന്നു. സലീമിന് ഐഎസ്ഐയുമായും ലഷ്കർ-ഇ-ത്വയ്ബയുമായും ബന്ധമുണ്ട്. ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, ​ഗൾഫ് രാജ്യങ്ങളിലേക്കും സലീം ലഹര കടത്തുന്നുണ്ടെന്നും ഹിന്ദുസ്ഥാൻ ടൈംസ് ഏപ്രിൽ 30ന് റിപ്പോർട്ട് ചെയ്തിരുന്നു.

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

SCROLL FOR NEXT