Kerala

രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല; നിലപാട് ആവർത്തിച്ച് പി വി അൻവർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് പി വി അൻവർ എംഎൽഎ. നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ജനങ്ങൾ ആലോചിക്കേണ്ട വിഷയമെന്നും അൻവർ ചൂണ്ടിക്കാണിച്ചു. അത് ജനങ്ങൾ കൃത്യമായി ആലോചിക്കും. രാഹുൽ ഗാന്ധിയെ നെഹ്റു കുടുംബത്തോട് കൂട്ടിചേർത്ത് പറയാനുള്ള അർഹതയില്ല. പ്രതിപക്ഷ നേതാക്കളെ രാജ്യവ്യാപകമായി ഇ ഡി വേട്ടയാടുമ്പോഴാണ് മുഖ്യമന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്യാത്തതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാകുന്നതെന്നും അൻവർ ചൂണ്ടിക്കാണിച്ചു.

ഡിഎന്‍എ പരിശോധിച്ച് രാഹുലിൻ്റെ പാരമ്പര്യം ഉറപ്പാക്കണമെന്നായിരുന്നു പി വി അന്‍വറിന്റെ പരാമര്‍ശം. ഗാന്ധി എന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍ ഗാന്ധി എന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. 'നെഹ്‌റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാവുമോ? നെഹ്‌റു കുടുംബത്തിന്റെ ജനറ്റിക്‌സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് ആ കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍' എന്നായിരുന്നു പാലക്കാട് മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുമ്പോൾ അൻവർ പറഞ്ഞത്. രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റ് ആണോയെന്ന് സംശയിക്കണമെന്നും അൻവർ പറഞ്ഞിരുന്നു. കെ സി വേണുഗോപാൽ എന്ന ഏഴാം കൂലിയുടെ കയ്യിലാണ് കോണ്‍ഗ്രസിനെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും പി വി അന്‍വര്‍ പരിഹസിച്ചിരുന്നു.

രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസ്സൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണമെന്നും ഹസ്സൻ ആവശ്യപ്പെട്ടിരുന്നു.

പി വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ. ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നത്. രാഹുൽഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അൻവറിനെക്കൊണ്ട് പറയിച്ചതാണെന്നും ഹസ്സൻ ആരോപിച്ചിരുന്നു.

രാഹുല്‍ഗാന്ധിക്കെതിരായ പി വി അന്‍വറിൻ്റെ പരാമർശത്തിനെതിരെ കെ സി വേണുഗോപാലും രംഗത്തെത്തിയിരുന്നു. പരാമര്‍ശം ഞെട്ടിക്കുന്നതെന്നായിരുന്നു കെ സി വേണുഗോപാലിൻ്റെ പ്രതികരണം. രാഹുലിനെ അല്ല രാജ്യത്തിനുവേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് അന്‍വര്‍ അപമാനിച്ചതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കേരള നിയമസഭയിലെ ഒരു എംഎല്‍എയാണ് ഇത് പറയുന്നത് എന്നതാണ് ഏറെ ഞെട്ടല്‍ ഉളവാക്കുന്ന കാര്യം. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കേരളം ലജ്ജിച്ച് തല താഴ്‌ത്തേണ്ട പ്രസ്താവനയാണ്. മുഖ്യമന്ത്രി ആണ് ആദ്യം രാഹുലിനെ അപമാനിക്കാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുളള ലൈസന്‍സ് കൊടുക്കുന്നത്. ആ കുടുംബത്തെ അധിക്ഷേപിക്കാന്‍ ലൈസന്‍സ് നല്‍കുകയാണ്. മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരം പറയേണ്ടത്. ഇതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകും. തന്നെ എന്തും പറഞ്ഞോട്ടെ. അതുപോലെയല്ല രാജീവ് ഗാന്ധിയെ പറയുന്നത്. ഈ രാജ്യത്തിനുവേണ്ടി ജീവന്‍ അര്‍പ്പിച്ച രക്തസാക്ഷിയാണ് രാജീവ് ഗാന്ധി. അതിനോട് ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT