Kerala

ഭിന്നിപ്പിന്റെ പ്രസ്താവനകൾ പ്രധാനമന്ത്രി അവസാനിപ്പിക്കണം; കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: രാജസ്ഥാനിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തില്‍ പ്രതികരണവുമായി ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. തിരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിനാൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ ആത്യന്തികമായി ദോഷം ചെയ്യുക രാജ്യത്തിനു തന്നെയാകും. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ പ്രവൃത്തിയിലും പ്രസ്താവനകളിലും പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണം. തിരഞ്ഞെടുപ്പിൽ ജയിച്ചു കയറാൻ വർഗീയതയെ ആയുധമാക്കുന്നവർ രാഷ്ട്രശരീരത്തിൽ ഏല്പിക്കുന്ന മുറിവുകൾ ആഴമേറിയതാകും. ചികിത്സിച്ചു ഭേദമാക്കാനാകാത്ത വ്രണമായി അത് നമ്മുടെ രാജ്യത്തെ രോഗാതുരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ പോലൊരാൾ അത്തരത്തിൽ പ്രസ്താവന നടത്തരുതായിരുന്നു. മുസ്‌ലിം മനസ്സുകളിൽ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താൻ അദ്ദേഹം തയ്യാറാകണം. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും കാന്തപുരം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മോദിയുടെ വിവാദ പ്രസംഗം. കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാവുമോ എന്ന മോദിയുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു വിവാദ പരാമര്‍ശം.

'അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില്‍ മുസ്ലീങ്ങള്‍ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

ഈ സ്വത്തുക്കളെല്ലാം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കു നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?' എന്നായിരുന്നു രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദിയുടെ പരാമര്‍ശം.

നരേന്ദ്രമോദിയുടെ ന്യൂനപക്ഷത്തിനെതിരായ പരാമർശത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. രാജ്യത്തെ മുഖ്യ പ്രധാന കക്ഷികളായ സിപിഐഎമ്മും കോൺഗ്രസുമെല്ലാം വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല.

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

SCROLL FOR NEXT