Kerala

മാസപ്പടി കേസ്: ശശിധരന്‍ കര്‍ത്തയെ വീട്ടിലെത്തി ചോദ്യം ചെയ്ത് ഇഡി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യല്‍. ഉച്ചയ്ക്ക് ഒന്നരയോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം കര്‍ത്തയുടെ വീട്ടിലെത്തിയത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നേരത്തെ ശശിധരൻ കർത്തയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ചാണ് ശശിധരന്‍ കര്‍ത്ത ഹാജരാകാതിരുന്നത്.

നേരത്തെ സിഎംആര്‍എല്ലിലെ മൂന്ന് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ 24 മണിക്കൂറോളം നീണ്ടിരുന്നു. ഒരു വനിത ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലാണ് നീണ്ടത്. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനെത്തിയ ഇവര്‍ ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് മടങ്ങിയത്. കൂടുതല്‍ സിഎംആര്‍എല്‍ ജീവനക്കാര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു.

സിഎംആര്‍എല്ലും എക്സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. എക്സാലോജിക്കിന് സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി ലഭിച്ചു എന്ന കണ്ടെത്തലായിരുന്നു കേസിന്റെ ആധാരം. ഐടി സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് ഈ പണം നല്‍കിയത് എന്നാണു വാദം. എന്നാല്‍ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് പണം നല്‍കിയത് എന്ന പരാതികളെ തുടര്‍ന്ന് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് ഇഡിയും കേസില്‍ അന്വേഷണം ആരംഭിച്ചത്. സിഎംആര്‍എല്ലില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ഈ കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെ ഇഡി ചോദ്യം ചെയ്യുക.

അമീബിക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

SCROLL FOR NEXT