Kerala

ഇതാണ് യഥാർത്ഥ കേരള സ്റ്റോറി; കേരളം മാതൃകയാണ്, അഭിമാനമാണ് ഈ മനുഷ്യർ: വി ഡി സതീശന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദിയിലെ ജയിലില്‍ കഴിയുന്ന അബ്ദു റഹീമിനെ മോചിപ്പിക്കാൻ 34 കോടി സമാഹരിച്ചതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. കേരളം മാതൃകയാണ്. അഭിമാനമാണ് ഈ മനുഷ്യരെന്നും വി ഡി സതീശൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.

വെറുപ്പും വിഭജനവും വിതച്ച് വർഗീയതയിൽ നിന്നും രാഷ്ട്രീയം കൊയ്യാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയാണ് റഹീമിൻ്റെ മോചനത്തിനായി മലയാളികൾ രണ്ട് ദിവസം കൊണ്ട് സമാഹരിച്ച 34 കോടി രൂപയെന്ന് വി ഡി സതീശൻ പറഞ്ഞു. 18 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിനാണ് കേരളം ഒറ്റക്കെട്ടായി സ്വാതന്ത്ര്യത്തിൻ്റെ വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. റഹീമിനെ മോചിപ്പിക്കാൻ 34 കോടി സമാഹരിച്ച കേരളത്തിന്റെ നല്ല മനസ്സിനെ മുഖ്യമന്ത്രി പ്രകീർത്തിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കേരളത്തിലെ മുഴുവൻ ആളുകൾക്കും മുഖ്യമന്ത്രി നന്ദി പറഞ്ഞത്.

വെറുപ്പിൻ്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടേയും മനുഷ്യസ്നേഹത്തിൻ്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി ലോകമാകെയുള്ള മലയാളികൾ കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്. ഒരു മനുഷ്യജീവൻ കാക്കാൻ, ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി അവർ സൃഷ്ടിച്ചത് മനുഷ്യസ്നേഹത്തിൻ്റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

'വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിൻ്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിത്. ലോകത്തിനു മുന്നിൽ കേരളത്തിൻ്റെ അഭിമാനമുയർത്തിയ ഈ ലക്ഷ്യത്തിനായി ഒത്തൊരുമിച്ച എല്ലാ സുമനസ്സുകളേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. പ്രവാസി മലയാളികൾ ഈ ഉദ്യമത്തിനു പിന്നിൽ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഈ ഐക്യത്തിന് കൂടുതൽ കരുത്തേകി ഒരു മനസ്സോടെ നമുക്കു മുന്നോട്ടു പോകാം', മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്.

ഇന്ന് വൈകുന്നേരത്തോടെയാണ് അബ്ദു റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടത്. തുടര്‍ന്ന് ഇനി പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കരുതെന്ന് സഹായസമിതി അറിയിക്കുകയായിരുന്നു. അബ്ദു റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയാണ് പണസമാഹരണം നടത്തിയത്. ഈ പണം ഇന്ത്യന്‍ എംബസി മുഖേന സൗദി കുടുംബത്തിന് കൈമാറും.

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

SCROLL FOR NEXT